Flash News

സഞ്ജീവ് ലക്ഷങ്ങള്‍ നേടുന്ന ഇന്ത്യക്കാരനായ പൂ കച്ചവടക്കാരന്‍     

August 17, 2019 , ജോസ് കുന്പിളുവേലില്‍

കൊളോണ്‍: സന്ധ്യമയങ്ങും നേരത്തും രാത്രിയുടെ ഇരുളിലും റോസ പൂക്കള്‍ വിറ്റ് ലക്ഷങ്ങള്‍ നേടുന്ന കൊളോണിലെ ഇന്ത്യക്കാരനായ സഞ്ജീവ് ശര്‍മ്മ തന്റെ വിജയകരമായ ബിസിനസിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്‌പോള്‍ ബിസിനസില്‍ ബിരുദാനന്തര ബിരും ഉള്ളവര്‍ പോലും ചിലപ്പോള്‍ നെറ്റിചുളിക്കും. കാരണം സഞ്ജീവ് എന്ന നാല്‍പ്പത്തിനാലുകാരന്റെ ഒറ്റയാള്‍ പോരാട്ടമാണ് ലക്ഷങ്ങള്‍ പോക്കറ്റില്‍ എത്തിക്കുന്നത്. പ്രഫഷണല്‍ കച്ചവടക്കാരെപ്പോലും പിന്നിലാക്കുന്ന സഞ്ജീവിന്റെ റോസാപ്പൂ വില്പന പ്രതിവര്‍ഷം ഒരു ലക്ഷം യൂറോയ്ക്കും മുകളിലാണ്.

നഗരത്തിലെ പ്രധാന റസ്റ്ററന്റുകളില്‍ കയറിയിറങ്ങിയാണ് സഞ്ജീവിന്റെ റോസാപ്പൂ വില്‍പന. റസ്റ്ററന്റില്‍ നിന്ന് റസ്റ്ററന്റിലേക്ക് ഒരു തീര്‍ഥാടനമെന്നപോലെ സന്ധ്യ മുതലുള്ള കച്ചവടം അര്‍ഥരാത്രി വരെ തുടരും.  പൂക്കളുടെ ബോബി എന്ന വിശേഷണത്തില്‍ ജര്‍മന്‍കാര്‍ക്കിടയില്‍ അറിയപ്പെടുന്ന സഞ്ജീവ് കൊളോണ്‍ നഗരത്തില്‍ സുപരിചിതനാണ്. പ്രത്യേകിച്ച് പുരുഷന്മാര്‍ക്കിടയില്‍ സഞ്ജീവ് നിത്യസന്ദര്‍ശകനാണ്. ഒരു ദണ്ഡ് പൂവിന് മൂന്നു മുതല്‍ അഞ്ചുവരെ യൂറോയാണ് വില. പ്രായഭേദമെന്യേ റോസാ പൂക്കള്‍ വാങ്ങുന്നവരാണ് അധികവും. വൈകുന്നേരങ്ങളില്‍ പ്രണയിതാക്കളും സ്ത്രീപുരുഷ സ്‌നേഹിതരും റസ്റ്ററന്റുകളില്‍ ഒത്തുകൂടി സൊറ പറയാനും പ്രണയം അരക്കിട്ടുറപ്പിയ്ക്കാനുമായി ഭക്ഷണമേശയ്ക്ക് ഇരുവശത്തുമിരുന്ന് പരസ്പരം സ്‌നേഹം പങ്കു വയ്ക്കുന്‌പോഴായിരിയ്ക്കും ഒരുകൈകൊണ്ട് മാറില്‍ അടക്കിപ്പിടിച്ച പൂക്കെട്ടും മറുകൈയ്യില്‍ ഹൃദയം കവരുന്ന സിംഗിള്‍ റോസാപ്പൂവുമായി സഞ്ജീവ് റസ്റ്ററന്റിലേയ്ക്കു കടന്നു വരുന്നത്. ഹൃദയരഹസ്യങ്ങള്‍ പങ്കിട്ടിരിക്കുന്ന കമിതാക്കളാവട്ടെ ആ നിമിഷം സഞ്ജീവിന്റെ ചൂണ്ടയില്‍ കുടുങ്ങിയതു തന്നെ. യുവമിഥുനങ്ങള്‍ മാത്രമല്ല നവദന്പതികളും ജന്മദിനം ആഘോഷിക്കുന്നവരും ഒക്കെ സഞ്ജീവിന്റെ കസ്റ്റമേഴ്‌സ് ആവും എന്നതാണ് വസ്തുത.

ആവശ്യക്കാരുടെ താത്പര്യപ്രകാരം ഫോട്ടോയും എടുത്തു കൊടുക്കാറുണ്ട്.  ഹോളണ്ടില്‍ നിന്നോ ചിലപ്പോള്‍ കൊളോണ്‍ നഗരത്തിലെ റോസാപ്പൂവിന്റെ മൊത്തവ്യാപാരിയില്‍ (ഗ്രോസ് മാര്‍ക്കറ്റ്) നിന്നോ ആണ് സഞ്ജീവ് പതിവായി റോസാപൂക്കള്‍ വാങ്ങുന്നത്. ഒന്നേകാല്‍ യൂറോ മുതല്‍ ഒന്നര !യൂറോ വരെ കൊടുത്തു വാങ്ങുന്ന പൂക്കളാണ് ഇരട്ടി വിലയ്‌ക്കോ അതിനു മുകളിലുള്ള വിലയ്‌ക്കോ സഞ്ജീവ് വില്‍ക്കുന്നത്. ആഴ്ചയില്‍ 500 റോസാപ്പൂക്കളാണ് വില്‍ക്കുന്നത്. പ്രതിവര്‍ഷം 25,000 റോസാ പൂക്കള്‍ വിറ്റഴിയ്ക്കുന്നതുവഴി ഒരു ലക്ഷം യൂറോയ്ക്കു മുകളില്‍ സന്പാദിക്കുന്നുണ്ടെന്നാണ് സഞ്ജീവിന്റെ പ്രതികരണം. സര്‍ക്കാര്‍ അംഗീകാരത്തോടെയുള്ള വില്പന പൊടിപൊടിക്കുന്‌പോള്‍ അതിനുള്ള നിയമാനുസൃതമായ നികുതിയും നല്‍കുന്നുണ്ടെന്നും സഞ്ജീവ് സാക്ഷ്യപ്പെടുത്തുന്നു. എല്ലാ നികുതികളും ചെലവുകളും കിഴിച്ചാലും പ്രതിവര്‍ഷം 25,000 യൂറോയുടെ ലാഭം നേടാന്‍ കഴിയുമെന്ന് സഞ്ജീവ് സാക്ഷ്യപ്പെടുത്തുന്നു.

1994 ല്‍ ജര്‍മനിയില്‍ അഭയാര്‍ഥിയായി എത്തിയ സഞ്ജീവ് ജീവിതോപാധിയായി തുടങ്ങിയതാണ് റോസാപ്പൂ വില്‍പ്പന. അന്ന് നഗര കാര്യാലയത്തിന്റെ അനുമതിയോടെ തുടങ്ങിയ പൂക്കച്ചവടത്തിലൂടെ നേടിയ സന്പാദ്യംകൊണ്ട് കഴിഞ്ഞ കൊല്ലം കൊളോണ്‍ നഗരത്തില്‍ ഒരു ലഘു ഭക്ഷണശാലയും (ഇംബിസ്) സ്വന്തമാക്കി. ഭാര്യയെ കൂടാതെ മുന്നു തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നു. മൂന്നു മക്കളാണ് ഇദ്ദേഹത്തിന്.   രണ്ടര പതിറ്റാണ്ടിനോടടുത്ത കൊളോണിലെ ജീവിതത്തിനിടയില്‍ ജര്‍മന്‍ പൗരത്വവും നേടി. കച്ചവടത്തിനിടയില്‍ ചിലപ്പോഴൊക്കെ ചിലയാളുകള്‍ തടസങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ഭാവിയില്‍ പൂക്കച്ചവടവടത്തിനൊപ്പം റസ്റ്ററന്റ് ബിസിനസും തുടരാണ് താല്‍പ്പര്യമെന്നും സഞ്ജീവ് പറയുന്നു.  സഞ്ജീവിനെപ്പോലെ മറ്റു രാജ്യക്കാരും പ്രത്യേകിച്ച് പാക്കിസ്ഥാനികളും അഫ്ഗാനികളും പൂക്കച്ചവടത്തിനായി കൊളോണിലെ തെരുവില്‍ നടക്കുന്നുണ്ടെങ്കിലും സഞ്ജീവിന്റെ ഒപ്പം എത്താനാവുന്നില്ല എന്നതും ശ്രദ്ധേയമാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top