ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡ് വില കൊടുത്തു വാങ്ങി യുഎസിന്റെ ഭാഗമാക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമം. കാനഡയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ദ്വീപാണ് ഗ്രീന്‍ലാന്‍ഡ്. ഡെന്മാര്ക്കിന് കീഴില്‍ സ്വതന്ത്ര പരമാധികാരമുള്ള ഭൂപ്രദേശമാണിത്. ട്രംപിന്റെ നീക്കം സംബന്ധിച്ച സൂചനകള്‍ ലഭിച്ചതിനു പിന്നാലെ തന്നെ വില്‍പ്പനയ്ക്കില്ലെന്ന് ഡെന്മാര്ക്ക് അധികൃതര്‍ വ്യക്തമാക്കി കഴിഞ്ഞു.
ഭൂരിഭാഗം മേഖലയും മഞ്ഞുമൂടിക്കിടക്കുന്ന ഗ്രീന്‍ലാന്‍ഡിന്റെ പ്രകൃതിവിഭവങ്ങളും ഭൂമിശാസ്ത്രപരമായ പ്രാധാന്യവുമാണ് മുന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് കൂടിയായ ഡോണള്‍ഡ് ട്രംപിനെ ആകര്‍ഷിക്കുന്നത്. അമേരിക്കയുടെ സൈനിക താവളമായ തുലേ എയര്‍ബേസ് നിലവില്‍ ഗ്രീന്‍ലാന്‍ഡില്‍ സ്ഥിതിചെയ്യുന്നുണ്ട്. 85 ശതമാനം ഭൂപ്രദേശവും മൂന്ന് കിലോമീറ്റര്‍ കട്ടിയില്‍ മഞ്ഞ് പുതഞ്ഞുകിടക്കുന്ന ഗ്രീന്‍ലാന്‍ഡില്‍ 57,000 മാത്രമാണ് ജനസംഖ്യ.
അതേസമയം, ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വൈറ്റ് ഹൗസ് നടത്തിയിട്ടില്ല. ഗ്രീന്‍ലാന്‍ഡിനെ കൂട്ടിച്ചേര്‍ക്കുന്നത് യുഎസിന് മുതല്‍ക്കൂട്ടാണെന്ന് ട്രംപിന്റെ ഉപദേശകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്പോള്‍ മറ്റു ചിലര്‍ ഇതൊരു വ്യാമോഹം മാത്രമാണെന്ന അഭിപ്രായക്കാരാണ്.
തങ്ങളുടെ രാജ്യത്തിനു കീഴിലെ ഭൂപ്രദേശത്തെ സ്വന്തമാക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നതായ വാര്‍ത്തയോട് ഡാനിഷ് ജനപ്രതിനിധികള്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ഇത് ഏപ്രില്‍ ഫൂള്‍ തമാശയാണെന്നും സാഹചര്യത്തിന് അനുയോജ്യമല്ലെന്നും ഡെന്മാര്ക്ക് മുന്‍ പ്രധാനമന്ത്രി ലാര്‍സ് ലോക്ക് റസ്മുസ്സെന്‍. മറ്റൊരു രാജ്യത്തിന്റെ ഭൂപ്രദേശത്തെ സ്വന്തമാക്കാന്‍ ട്രംപ് ചിന്തിച്ചുവെന്നത് യാഥാര്‍ഥ്യമാണെങ്കില്‍ അദ്ദേഹത്തിന്റെ തലക്ക് വെളിവില്ലാതാവുകയാണെന്ന് ഡാനിഷ് പീപിള്‍സ് പാര്‍ട്ടി വക്താവ് പറഞ്ഞു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply