Flash News

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെറ്റു തിരുത്തല്‍ സാംസ്കാരിക രംഗത്തും വരുത്തുമോ?

August 26, 2019 , കാരൂര്‍ സോമന്‍

CPIM rallyകമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.എം) സര്‍വ്വ മത മര്‍മ്മ തൈലവുമായി അമ്പലപള്ളികളില്‍ ദര്‍ശനങ്ങള്‍ നടത്താന്‍ അണികളെ അനുവദിച്ചിരിക്കുന്നു. ജനങ്ങളെ ആകര്‍ഷിക്കപ്പെടുകയും അധീനപ്പെടുത്തുകയും ചെയ്യുന്നവര്‍ ലോക ശക്തികള്‍ മാത്രമല്ല അനന്തതയില്‍ ജീവിക്കുന്ന ദൈവ ശക്തികളുമുണ്ടെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. ഈ ദൈവങ്ങളെ സമ്പന്ന രാഷ്ടങ്ങള്‍ ദരിദ്ര രാഷ്ടങ്ങള്‍ക്ക് ദാനമായി നല്‍കിയതാണ്. ഇന്നിവര്‍ക്ക് ഈ ദൈവങ്ങളുടെ ആവശ്യമില്ല. ഇപ്പോള്‍ നടക്കുന്നത് ആരാധനയെക്കാള്‍ ആചാരങ്ങളാണ്. കയ്യില്‍ കിട്ടിയ ദൈവങ്ങളെ മതങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വീതിച്ചെടുത്തു. ഏറ്റവും കൂടുതല്‍ സമ്പത്തു0 ആള്‍പെരുപ്പവുമുള്ള ദൈവങ്ങള്‍ വലിയ മതമായും, അത്ര വലുപ്പമില്ലാത്ത ദേവിദേവഗുരുക്കന്മാര്‍ കൊച്ചുമതങ്ങളായും മണിമന്ദിരങ്ങള്‍ കെട്ടിപൊക്കി ആരാധനകള്‍ നടത്തുന്നു. ആദ്യകാലത്തു ഈ ദൈവങ്ങളെ ഒപ്പം കൂട്ടിയത് ചക്രവര്‍ത്തിമാരും രാജാക്കന്മാരുമായിരുന്നെങ്കില്‍ ഇന്ന് അവരുടെ അവകാശികള്‍ ദരിദ്ര രാജ്യങ്ങളിലെ ജനാധിപത്യ വിശ്വാസികളാണ്. ഭൂമിയില്‍ ശാന്തി വേണോ അതോ അരാജകത്വം വിതക്കണോയെന്നു തീരുമാനിക്കുന്നത് ഈ ദൈവങ്ങളാണ്. ഇതിനിടയില്‍ ദൈവം വലിച്ചെറിഞ്ഞ കുറെ പിശാചുക്കളും പാവങ്ങളുടെ ജീവനെടുക്കാന്‍ ചാവേറുകളായി മണ്ണില്‍ കാണപ്പെട്ടു. ഇസ്രായേല്‍ പോലും അമേരിക്കന്‍ പ്രസിഡന്റ്‌നെ വിളിക്കുന്നത് ദൈവമെന്നാണ്. ഈ ദൈവങ്ങളുടെ നാട്ടില്‍ സി.പി.എം.പിന്നോക്കം പോകാന്‍ തയ്യാറല്ല. ഇടിഞ്ഞുപൊളിഞ്ഞുകൊണ്ടിരിക്കുന്ന പാര്‍ട്ടിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത് ആശാവഹമായ കാര്യമാണ്. കഴിഞ്ഞ കാല തെറ്റുകള്‍ ഈ കാലം തിരുത്തുന്നു. ആ കാഴ്ചപ്പാട് ആരും അംഗീകരിക്കും. ആ തിരുത്തല്‍ മനുഷ്യ മാനസ്സിന് സംതൃപ്തി നല്‍കുന്നതിനൊപ്പം സമൂഹത്തിന് ബോധ്യപ്പെടുക കുടി വേണമെന്നു മാത്രം. എഴുത്തച്ഛന്‍ മലയാള ഭാഷയുടെ പിതാവായത് ഭാഷാസിദ്ധി കൊണ്ടു മാത്രമല്ല ത്യാഗഭാവശുദ്ധികൊണ്ടുകൂടിയാണ്. ഇത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാതൃകയാക്കാം. നീതിനിഷേധങ്ങള്‍ പൊലീസില്‍ മാത്രമല്ല. പലയിടത്തും നടക്കുന്നുണ്ട്. അതിലൊന്ന് സര്‍ക്കാര്‍ പുസ്തകശാലകളില്‍ നീണ്ട വര്ഷങ്ങളായി കോണ്‍ട്രാക്ട് സൈന്‍ ചെയ്ത പുസ്തകങ്ങള്‍ പുറത്തിറക്കാതെ പൊടി പിടിച്ചുകിടന്നിട്ടും സ്ഥാപിതതാല്പര്യക്കാരുടെ പുസ്തകങ്ങള്‍ പെട്ടെന്ന് പുറത്തിറക്കുന്നു. സി.പി.എം. ആശങ്കപ്പെടുന്നത് കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗ്ഗിയതയും ന്യൂനപക്ഷ വര്‍ഗ്ഗിയതയും വളരുന്നുവെന്നാണ്. അങ്ങനെയെങ്കില്‍ ഈ സ്ഥാപനങ്ങളില്‍ വളരുന്നത് വര്‍ഗ്ഗിയതയാണോ? അതോ വര്‍ഗ്ഗ വാഴ്ചയോ?

നല്ല ഭരണാധിപന്മാര്‍ മാനുഷത്വമുള്ളവരും വിവേകികളുമായി മാറുന്നത് ജീര്‍ണ്ണതയുടെ പടുകുഴിയില്‍ നിന്നും, അനീതി അക്രമങ്ങളില്‍ നിന്നും ജനത്തെ വിടുവിച്ചു അഭയവും ആശ്വാസവും നല്‍കുമ്പോഴാണ്. ജനസേവകര്‍ വര്‍ഗ്ഗ താല്പര്യത്തേക്കാള്‍ സാമുഹ്യ താല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നതുകൊണ്ടാണ് ജനപ്രിയരാകുന്നത്. അവര്‍ക്ക് ശത്രുക്കളുണ്ടെങ്കിലും ഒപ്പം മിത്രങ്ങളുമുണ്ട്. സാഹിത്യ ലോകത്തും ഈ ശത്രുത കാണാറുണ്ട്. അസൂയക്കാരെ മാറ്റിനിര്‍ത്തിയാല്‍ അത് എഴുത്തുകാരനും നിരൂപകനും തമ്മിലുള്ള ശത്രുതയാണ്. ഒരു പുസ്തകത്തിന്റ കുറവുകളെ ചുണ്ടി കാട്ടുന്ന നിരൂപകന്‍ ഒരിക്കലും സാഹിത്യകാരന്റ ശത്രുവല്ല. അതുപോലെ ഭരണകൂടങ്ങള്‍ ഒരു തുറന്ന പുസ്തകമാണ്. അതിലെ താളുകള്‍ മറിച്ചു നോക്കി തെറ്റുകുറ്റങ്ങള്‍ സൂഷ്മമായി പരിശോധിച്ചു തുറന്നു പറഞ്ഞാല്‍ അത് സമൂഹത്തിന്റ സാംസ്കാരിക കാലവറയായി മാറുക മാത്രമല്ല അഹന്താധിഷ്ഠിതമായ സങ്കിര്‍ണ്ണതകളില്‍ നിന്നും വിടുതല്‍ പ്രാപിച്ചു് ശിരസ്സുയര്‍ത്തി ആഹഌദം ശത്രുക്കളുമായി പങ്കിടാനും സഹായിക്കും. തെറ്റ് തിരുത്തല്‍ രേഖയില്‍ ഇതുകൂടി ഉള്‍പ്പെടുത്തണം. “നേതാക്കന്മാര്‍ പരിസരബോധമില്ലാതെ പ്രസംഗിക്കരുത്. ജനങ്ങളുടെ ഭാഷ സംസാരിക്കണ0″. ചിലരുടെ മുഖം കണ്ടാല്‍ രക്തദാഹികളെപോലെയാണ് നോക്കുന്നത്”. അധികാരത്തില്‍ വന്നതിന്റ ധാര്‍ഷ്ട്യാമാണോയെന്നു തോന്നാം. വോട്ടിനു യാചന നടത്തിയപ്പോള്‍ സ്‌നേഹ ചാരുതകള്‍ നിറഞ്ഞൊരു മുഖമായിരുന്നു ജനങ്ങള്‍ കണ്ടത്. വന്ന കാറിന്റ ഡോര്‍ ആരും തുറന്നുകൊടുത്തും കണ്ടില്ല. അധികാരിയായപ്പോള്‍ രാജാവായതുപോലെ എത്രയോ സേവകര്‍. ഇതായിരിക്കാം ജനങ്ങള്‍ അഹന്ത, അഹംങ്കാരം, ധൂര്‍ത്തു, ദാര്‍ഷ്ട്യം എന്നൊക്കെ വിളിക്കുന്നത്. എന്തായാലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ഓര്‍ത്തെങ്കിലും ഒന്ന് പുഞ്ചിരിക്കണമെന്ന് ജ്ഞാന വിവേകമുള്ള എം.എ. ബേബി, ബിനോയ് വിശ്വം, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ഡോ.തോമസ് ഐസക്ക്, ശൈലജ ടീച്ചര്‍ ആരെങ്കിലുമൊന്ന് ധരിപ്പിക്കുന്നത് നല്ലതാണ്. മറ്റ് പാര്‍ട്ടികളിലും ഇതുപോലെ ആകാശത്തു നിന്നും പൊട്ടിവീണ വിദ്വാന്മാരുണ്ട്. ഇതിനൊന്നും മാറ്റം വരില്ലെങ്കില്‍ നുണക്കഥകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ അതില്‍ മത്സരം നടത്തി വേതാളപാട്ടുകള്‍ പാടി നടക്കും.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കഴിഞ്ഞ കാല നയനിലപാടുകളില്‍ വന്ന മാറ്റം അണികളില്‍പോലും ആശയകുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പണവും സ്വാധിനവും, തൊഴിലാളി മുതലാളിയാകുന്നു തുടങ്ങിയ ആശങ്കകളുയരുന്നു. ഭരണത്തില്‍ തിരിച്ചടികളും തിരിച്ചുവരവും നടത്തിയിട്ടുള്ള പാര്‍ട്ടി കാറല്‍മര്കസിന്റ പുസ്തകങ്ങള്‍ വായിച്ചു വളര്‍ന്ന ലോകം കണ്ട മഹാ പ്രതിഭയും, വിപ്ലവകാരിയും, എഴുത്തുകാരനും റഷ്യയുടെ പിതാവുമായിരുന്ന ലെനിനെ ഓര്‍ക്കുന്നത് നല്ലതാണ്. തൊഴിലാളി നേതാവായ അദ്ദേഹം വെറുമൊരു തൊഴിലാളിയെപോലെയാണ് ജീവിച്ചു മരിച്ചത്. അന്ന് നൂറുകണക്കിന് തൊഴിലെടുക്കുന്ന ഫാക്ടറികളും മുതലാളിമാരുമുണ്ടായിരുന്നു. അവര്‍ക്കൊപ്പം ചേര്‍ന്നിരുന്നെങ്കില്‍ ഒരു വന്‍ കിട മുതലാളിയായി മാറാമായിരിന്നു. കുടുംബം സമ്പന്നര്‍ക്കൊപ്പം പാര്‍ക്കുമായിരുന്നു. ധീരന്മാരയ ആദര്‍ശശാലികള്‍ ഒരിക്കലും ആ വഴി ചിന്തിക്കില്ല. അതിന് നമ്മുടെ ഗാന്ധിജി, സര്‍ദാര്‍ പട്ടേല്‍, എ.കെ.ജി, ഇ.എം.എസ്, ആര്‍.ശങ്കര്‍, ജോസഫ് മുണ്ടശേരി അങ്ങനെ എത്രയോ മഹത്‌വ്യക്തികള്‍. ഇപ്പോഴ്രും ഈ പാര്‍ട്ടിയില്‍ ദരിദ്ര നേതാക്കന്മാരുണ്ട്. ലെനിന്‍ സോവിയറ്റ് റഷ്യയുടെ പരമാധികാരിയായി ജീവിച്ചപ്പോഴു0 സ്വാജനപക്ഷപാത0 നടത്തിയില്ല. സ്വന്തമായി മണി മാളികകള്‍ തീര്‍ത്തില്ല. കള്ളപ്പണകച്ചവടക്കാരുമായി കുട്ടു കൃഷി നടത്തിയില്ല. വിനയം, അറിവ്, ഇച്ഛാശക്തി, ദൃഢനിഞ്ചങ്ങള്‍, സത്യസന്ധത ഇതെല്ലം അദ്ദേഹത്തിന്റ മുഖമുദ്രകളായിരുന്നു. എതിര്‍ത്തവരെപ്പോലും ഹ്ര്യദയവിലോലതയോട് കണ്ട മനുഷ്യ സ്‌നേഹി. മരണകിടക്കയില്‍ പോലും ശത്രുത പുലര്‍ത്തിയവര്‍ അദ്ദേഹത്തിന്റ നിത്യ സന്ദര്‍ശകരായിരുന്നു. ആശയ സംഘട്ടനങ്ങളെ മാത്രമല്ല തനിക്കതിരെ എഴുതുന്നവരെപ്പോലും നിരുത്സാഹപ്പെടുത്തിയില്ല. റഷ്യന്‍ മാധ്യമങ്ങള്‍ ലെനിനെ പാടിപുകഴ്ത്തിയപ്പോള്‍ അവരെ ശാസിച്ചു. അദ്ദേഹം മാധ്യമ ശ്രദ്ധക്കും പ്രശസ്തിക്കുമല്ല അരനൂറ്റാണ്ടിലധികം ജനത്തിനായി ത്യാഗങ്ങള്‍ സഹിച്ചത്. സ്വന്തമായി പത്രം നടത്തിയപ്പോഴു0 റഷ്യയിലെ പാവങ്ങളുടെ പുരോഗതിക്കായി എഴുതുക മാത്രമല്ല സര്‍ ചക്രവര്‍ത്തിമാരുടെ ദുര്‍ഭരണവും തകര്‍ത്തു. അടിമ ദരിദ്ര ജീവിത0 അവസാനിപ്പിച്ചു. രോഗികളുടെ പഴുത്ത വ്രണങ്ങള്‍ ഉണക്കി. തൊഴിലാളികള്‍ക്കൊപ്പം പണിചെയ്തു. ലെനിന്റ മരണശേഷമല്ല മുതലകണ്ണീരൊഴുക്കി മഹാനായ ലെനിനെന്നു വാഴ്ത്തപ്പെട്ടത്. അദ്ദേഹം ജീവിച്ചരിക്കുമ്പോള്‍ തന്നെയാണ് റഷ്യന്‍ ജനതയുടെ ദൈവമായത്. നന്മകള്‍, പുണ്യപ്രവര്‍ത്തികള്‍ ആര് ചെയ്താലും അവരെല്ലാം മണ്ണിലെ കാണപ്പെട്ട ദൈവങ്ങളാണ്.

സി.പി.എം തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ ആ പാര്‍ട്ടിയുടെ അടിത്തറ ബംഗാള്‍, ത്രിപുരപോലെ ഇളകുമെന്ന് ആര്‍ക്കുമറിയാം. പാര്‍ട്ടിയുടെ തിരുത്തല്‍ രേഖയില്‍ ആദ്യം തിരുത്തേണ്ടത് അണികളല്ല മുകള്‍ത്തട്ടിലുള്ളവരാണ്. ആ കുട്ടത്തില്‍ ഓരോ കേസുകളിലും എറിഞ്ഞവനെ പിടിക്കാതെ എറിഞ്ഞത് കിട്ടിയതുകൊണ്ടു നടക്കുന്ന പൊലീസിനെ കുടി തിരുത്താന്‍ ശ്രമിക്കണം. ഈ പൊലീസ് ഒന്നാം റാങ്കില്‍പ്പെട്ട മിടുക്കരോ അതറിയില്ല. ഏത് പാര്‍ട്ടി ഭരിച്ചാലും അന്വഷണ ഏജന്‍സികള്‍ പാര്‍ട്ടികളുടെ ചട്ടുകങ്ങളാണ്. . സര്‍ക്കാരുകള്‍ കൂടുതല്‍ വിമര്‍ശനകൂരമ്പുകള്‍ ഏല്‍ക്കാതിരിക്കണമെങ്കില്‍ അടിയന്തര ചികിത്സ വേണ്ടത് അന്വഷണ എജന്‍സികള്‍ക്കാണ്. എല്ലും തൊലിയുമായ നമ്മുടെ ഭരണഘടന പൊളിച്ചെഴുതണം. തെറ്റ് തിരുത്തല്‍, പൊളിച്ചെഴുത്തോ നടന്നില്ലെങ്കില്‍ പൂച്ച എലിയെ കളിപ്പിക്കുംപോലെ സര്‍ക്കാരുകളും, പൊലീസും പാവങ്ങളെ തട്ടിക്കളിച്ചുകൊണ്ടരിക്കും. അവിടെയാണ് നീതിനിഷേധങ്ങള്‍ നടമാടുന്നത്, യാഥാര്‍ഥ്യങ്ങള്‍ തമസ്കരിക്കപ്പെടുന്നത്.

കേരളത്തെ പ്രളയ ഭൂമികയാക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ക്ക് പങ്കില്ലെന്ന് പറയാന്‍ പറ്റുമോ? ഒരു നേതാവിന്റ അറിവില്ലാതെ പാറമല തുടങ്ങുമോ? കുന്നിടിക്കുമോ? മണല്‍ മാഫിയ, ഗുണ്ട മാഫിയ വളരുമോ? അനധികൃത കെട്ടിടനിര്‍മ്മാണങ്ങള്‍ നടക്കുമോ? വനഭൂമി കയ്യേറുമോ? ഭക്ഷണങ്ങളില്‍ മായം ചേര്‍ക്കുമോ? അഴിമതി നടത്തുന്നതില്‍ ഇവരുടെ പങ്ക് ആരെങ്കിലും അന്യഷിക്കാറുണ്ടോ? ഒരാപത്തു വന്നാല്‍, അനീതി നടത്തിയാല്‍ അത് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ചു രക്ഷപ്പെടുക എല്ലാ പാര്‍ട്ടികളും ചെയ്യാറുണ്ട്. അതിപ്പോള്‍ എത്തിനില്‍കുന്നത് പ്രക്ര്‍തി വിഭവങ്ങള്‍ ആഴത്തില്‍ കുഴിച്ചെടുക്കുന്നതിലാണ്. മനുഷ്യനായി ഭൂമിദേവി പലതും സംഭാവന ചെയ്തിട്ടുണ്ട്. അതൊക്കെ ചൂക്ഷണം ചെയ്താല്‍ ഭൂമി പ്രളയഭൂമിയല്ല പ്രേതഭൂമിയായി മാറും. പൊലീസ് നയം മാറേണ്ടതുപോലെ പരിസ്ഥിതി നയവും മാറ്റേണ്ടതാണ്. ശാസ്ത്രജ്ഞര്‍ തന്ന റിപ്പോര്‍ട്ടുകള്‍ എവിടെ? അത് മുക്കി രാഷ്ട്രീയക്കാരെ സമ്പന്നരാക്കുന്ന സല്‍പ്രവര്‍ത്തി അവസാനിപ്പിക്കണം. മനുഷനെ ദുഃഖ ദുരിതത്തിലേക്ക് തള്ളിവിടുന്ന സമ്പന്നര്‍ക്ക് കൂട്ടുനില്‍ക്കുന്ന വികസന പദ്ധതികള്‍ വരുത്തുന്ന അത്യാപത്തുകള്‍ സര്‍ക്കാര്‍ കണ്ണുമടച്ചു കണ്ടിരിക്കരുത്. ഇതൊക്കെ കണ്ടും കേട്ടും ഒരക്ഷരം പറയാതെ ഇങ്കിലാബ് വിളിക്കുന്ന മതഅധികാര ദൈവങ്ങള്‍ക്ക് പുറകെ പോകുന്ന ജനം ഇന്നും അന്ധന്മാരാണ്. ഭരണ വിരുദ്ധ വികാരങ്ങള്‍ പാര്‍ട്ടിയുടെ സമീപനങ്ങളുമായി തുലനം ചെയ്യേണ്ടതാണ്. ഇച്ഛാശക്തിയുള്ള സര്‍ക്കാരിനെ ആരും പ്രതിക്കൂട്ടിലാക്കുമെന്ന് കരുതുന്നില്ല. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും നല്ലത് ചെയ്താല്‍ അവരെ പ്രശംസിക്കണം.

ഇടത്തു പക്ഷ ദൈവങ്ങള്‍ തെരഞ്ഞെടുപ്പില്‍ ആരാധന നടത്തുമ്പോള്‍ ആകാശത്തു വെള്ളിവെളിച്ചമായിരിന്നു. ആരാധകര്‍ ഇടത്തു ദൈവങ്ങളുടെ ചെവിട്ടത്തടിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഇടതുപക്ഷ ദൈവങ്ങളെല്ലാം പ്രവചിച്ചതാണ് ഇരുപതില്‍ പത്തൊന്‍മ്പത് സീറ്റ് കിട്ടുമെന്ന്. ചുരുക്കത്തില്‍ ഗണപതിക്ക് വച്ചത് കാക്ക കൊണ്ടുപോയതുപോലെ വലതുപക്ഷ ദൈവങ്ങള്‍ ഇടത്തു ദൈവങ്ങളെ നീലാകാശത്തിലാക്കി വെള്ളിവെളിച്ചത്തിലൂടെ പറന്ന് പറന്നു ഡല്‍ഹിയില്‍ പ്രതിഷ്ട നടത്തി ആരാധന തുടങ്ങി. പാര്‍ട്ടിക്കുള്ളിലെ നയനിലപാടുകളില്‍, സമുഹത്തില്‍ കാട്ടികൂട്ടികൊണ്ടിരിക്കുന്ന വെറുപ്പും അറപ്പും നിറഞ്ഞ പ്രവര്‍ത്തനശൈലിയില്‍ ഇടത്തു ദൈവങ്ങള്‍ തലകുത്തി വീണു. ഒരാപത്തു വന്നാല്‍, അനീതി നടത്തിയാല്‍ അത് മറ്റുള്ളതിന്റ് തലയില്‍ കെട്ടിവെച്ചു രക്ഷപ്പെടുക എല്ലാ പാര്‍ട്ടികളും ചെയ്യാറുണ്ട്. അത് വിവാദത്തിന് കളമൊരുക്കുന്നു. ജനം ആഗ്രഹിക്കുന്നത് സത്യം പറയുന്നവരും ഹ്ര്യദയ വിശാലതയുള്ളവരെയുമാണ്. എന്തിനാണ് പ്രളയം മഴയുടെ, ആഗോളതാപനത്തിന്റ മണ്ടയില്‍ കെട്ടിവെക്കുന്നത്? എല്ലാം വര്‍ഷവും കുറച്ചും കുടുതലുമായി മഴ പെയ്യുന്നു. നദികള്‍ കവിഞ്ഞൊഴുകുന്നു. ഇനിയും ഒരു പ്രളയം വന്നാല്‍ എങ്ങനെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാം, ഇതൊക്കെ എന്തുകൊണ്ടുണ്ടാകുന്നു അതിനല്ലേ മുന്‍ഗണന കൊടുക്കേണ്ടത്. മറ്റൊന്ന് തെരെഞ്ഞെടുപ്പ് പരാജയം ശബരിമല അയ്യപ്പ സന്നിധിയില്‍ കെട്ടിവെച്ചു. അവിടെ മാത്രമല്ലല്ലോ വോട്ടു കുറഞ്ഞത്. അത് പല കാരണങ്ങളില്‍ ഒന്നുമാത്രം. കോടതി വിധി ഭരണഘടനപരമായ ഉത്തരവാദിത്വം സര്‍ക്കാര്‍ ചെയ്തു. വിശ്വാസ വിഷയമായതിനാല്‍ പ്രതിപക്ഷ0 ചോദിച്ചത് എത്രയോ സുപ്രിം കോടതി വിധികള്‍ മുന്നിലുണ്ട്. ഇതുമാത്രം നടപ്പാക്കാന്‍ എന്താണീ തിടുക്കം?

ഇടതുപക്ഷത്തിന്റ ഉത്തരവാദിത്വം വളരെ വലുതാണ്. അവിടെ രാഷ്ട്രീയം നോക്കാതെ നിലപാടുകള്‍, തുല്യ നീതി നടപ്പാക്കാനുള്ള ആര്‍ജ്ജവമാണ് വേണ്ടത്. രാഷ്ട്രീയ ഫാസിസം പോലെ സാംസ്കാരിക ഫാസിസവും വളരുന്നുണ്ട്. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പോലെ സാഹിത്യസാംസ്കാരിക രംഗത്തും തെറ്റ് തിരുത്തല്‍ രേഖ ആവശ്യമാണ്. അധികാര ഫാസിസം പൊലീസിലേതുപോലെ സാഹിത്യ സാംസ്കാരിക രംഗത്തു പലരെയും കുത്തിനിറച്ചിട്ടുണ്ട്. അത് സ്വാദേശവിദേശങ്ങളിലും തെളിഞ്ഞു കാണാം. സാഹിത്യത്തിന് രാഷ്ട്രീയമില്ല, മതമില്ല. അവരുടെ രാഷ്ട്രീയം മധുര മലയാള ഭാഷയാണ്. അതിനപ്പുറം നടക്കുന്നതെല്ലാം സ്വാര്‍ത്ഥ താല്പര്യങ്ങളും വഴിവിട്ട മാര്‍ഗ്ഗങ്ങളുമാണ്. ഈ അടുത്ത ദിവസങ്ങളില്‍ എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞത് സമൂഹത്തിന് വേണ്ടി എഴുതാത്തവര്‍ എഴുത്തുകാര്‍ അല്ലെന്നുള്ളതാണ്. മണ്മറഞ്ഞ എഴുത്തുകാര്‍ ആ ഗണത്തില്‍പെട്ടവരായിരിന്നു. സര്‍ക്കാരിന്റ അപ്പക്കഷണങ്ങള്‍ ഭക്ഷിച്ചു സസുഖം വാഴുന്നവര്‍ പോലും അനീതികളെ ചോദ്യം ചെയ്യുന്നില്ല. പാര്‍ട്ടി ചെയ്യുന്ന നല്ല കാര്യങ്ങള്‍പോലും എഴുതുന്നില്ല. സഖാവ് എന്നാല്‍ നല്ലൊരു സുകൃത്തു എന്നാണ്? വിത്യസ്ത ആശയങ്ങള്‍ തമ്മില്‍ പോരാടുമ്പോഴും ഏത് പാര്‍ട്ടിയിലുള്ളവരായാലും അവര്‍ സുകൃത്തുക്കളെന്നു ഈ പാര്‍ട്ടിയുടെ ഗുണഭോക്താക്കള്‍ എന്താണ് മനസ്സിലാക്കാത്തത്?


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top