2019 ഓഗസ്റ്റ് 18 ഞായര്‍ സായാഹ്നം. ന്യുയോര്‍ക്ക് കേരളാ സെന്ററില്‍ പ്രസിദ്ധ സാമൂഹ്യ നിരീക്ഷകനും സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. എം. എന്‍. കാരശ്ശേരിയുടെ അധ്യക്ഷതയില്‍ സര്‍ഗ്ഗവേദിയുടെ മറ്റൊരദ്ധ്യായം തുറക്കപ്പെട്ടു.
ഡോ. നന്ദകുമാര്‍ ചാണയില്‍ “നമ്മള് പത്മപത്രത്തിലെ ജലകണങ്ങളോ?”എന്ന പ്രബന്ധം സഹൃദയസദസ്സിന് മുന്പില് ചര്ച്ചക്കവതരിപ്പിച്ചു. താമരയിലയില്‍ പറ്റിപ്പിടിക്കാത്ത ജലകണങ്ങള്‍ പോലെ ഒട്ടുമിക്ക ഭാരതീയരും പ്രവാസഭൂമിയിലെ സംസ്കാരത്തോട് ഇടകലരാതെ വേറിട്ട് നില്ക്കാന് ശ്രമിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഡോ. നന്ദകുമാര്‍ തുടക്കമിട്ടു. അദ്ദേഹം തുടര്‍ന്നു . അമേരിക്കയുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്കറിയാം അനവധി ഭൂഖണ്ഡങ്ങളില്‍ നിന്നും വ്യത്യസ്ത സംസ്കാരങ്ങളുമായി കുടിയേറിയവരുടെ ‘മെല്‍ട്ടിംഗ് പോട്ട് ‘ ആണ് അമേരിക്ക. നിറത്തിലും സംസ്കാരത്തിലും ചില സമാനതകള്‍ ഉള്ളതിനാല്‍ യൂറോപ്പ്, ഓസ്ട്രേലിയ എന്നിവടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇവിടെ ലയിച്ചുചേരാന്‍ അധികം ബുദ്ധിമുട്ടുണ്ടായില്ല. നമ്മളുള്‍പ്പടെ മറ്റുള്ള രാജ്യങ്ങളില്‍നിന്നും കുടിയേറിയവരുടെ സ്ഥിതി അതല്ല. ഈ വ്യത്യസ്തതയെ കൂട്ടിയിണക്കേണ്ടത് സ്നേഹം കൊണ്ടാകണം. അറുപതുകളുടെ മധ്യത്തിലാരംഭിച്ച മലയാളികളുടെ അമേരിക്കയിലേക്കുള്ള കുടിയേറ്റസമയത്ത് ഒരു മലയാളി മറ്റൊരു മലയാളിയെ കാണുമ്പോഴുണ്ടായിരുന്ന സ്നേഹം പിന്നീട് ഉണ്ടായിക്കണ്ടില്ല. വന്നവര്‍ക്കെല്ലാം ജീവിതസൗഭാഗ്യങ്ങള്‍ ഓരോന്നായി വന്നുതുടങ്ങിയതോടെ മലയാളി മലയാളിയെ കാണുമ്പോള്‍ വ്യക്തിപരമായി ഗൗനിക്കാതായി. സംഘടനാ പ്രവര്‍ത്തനങ്ങളിലും പള്ളി അമ്പലക്കാര്യങ്ങളിലും തിരക്കായി. ജനിച്ച നാട്ടിലെ സംസ്കാരം പറിച്ചിവിടെ നടാന്‍ മോഹിച്ചു. പക്ഷെ, അമേരിക്കന്‍ വിദ്യാഭ്യാസം കിട്ടി വളര്‍ന്ന പുതിയ തലമുറയില്‍ പ്രത്യേകിച്ചും അവരുടെ വിവാഹക്കാര്യങ്ങളില്‍ തലമുറകള്‍ തമ്മില്‍ കൂടിചേരാന്‍ പറ്റാത്ത വിടവുകളുണ്ടായി. പലരും തന്റെ മക്കള്‍ സ്വന്തം സമുദായത്തില്‍ നിന്നുതന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതുകൊണ്ട് എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും വിവാഹപ്രായമെത്തിയ പല യുവതീയുവാക്കളും അവിവാഹിതരായി നില്ക്കുന്നു. വിട്ടുവീഴ്ചക്ക് തയ്യാറാകുന്നവര്‍ ഇന്നും മനസ്സമാധാനത്തോടെ ജീവിച്ചുപോരുന്നു. ഇതര സംസ്കാരങ്ങളുമായി സഹകരിക്കുമ്പോള്‍ നമ്മുടെ സ്വത്വമുപേക്ഷിക്കാതെ മറ്റുള്ള സംസ്കാരങ്ങളുടെ നല്ല വശങ്ങള് സ്വീകരിച്ച് ഒരു സങ്കലിത സംസ്കൃതിക്ക് പിറവി നല്‍കണം. അതാണ് കാലഘട്ടത്തിന്റെ ആവശ്യവും. അല്ലെങ്കില്‍ താമരയിലയിലെ ജലകണങ്ങള്‍ പോലെ തത്തിക്കളിച്ചുകൊണ്ടേയിരിക്കും എന്ന് ഡോ. നന്ദകുമാര്‍ ചാണയില്‍ പറഞ്ഞുനിറുത്തി.
മാറ്റത്തിന് വിധേയമാണ് ജീവിതം എന്ന് പറഞ്ഞുകൊണ്ടാണ് പ്രൊഫ. എം. എന്‍. കാരശ്ശേരി തന്റെ അദ്ധ്യക്ഷ പ്രസംഗം ആരംഭിച്ചത്. കേരളത്തില്‍ ഇന്ന് ഉണ്ട് എന്നുപറയുന്ന സദാചാരം പണ്ട് അവിടെ ഉണ്ടായിരുന്നില്ല. ആശയവും സംസ്കാരവും മാറിക്കൊണ്ടേയിരിക്കും. മാര്‍ക്സിന്റെ കണ്ടെത്തലും അതുതന്നെ ആയിരുന്നു. “സമ്പത് ഘടന ആശയത്തെ സ്വാധീനിക്കുന്നു” എന്നായിരുന്നു മാര്‍ക്സിന്റെ കണ്ടെത്തല്‍. മനുഷ്യര്‍ക്ക് വേണ്ട സ്വാതന്ത്ര്യവും പൗരാവകാശവും മുതലായവയെ പറ്റി ഒന്നും പണ്ട് ദൈവങ്ങള്‍ക്കു പോലും അറിവില്ലായിരുന്നു എന്ന് കാരശ്ശേരി മാഷ് ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി. ശ്രീരാമന് വനവാസം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ വനാതിര്‍ത്തിയില്‍ കുറെ ആളുകള്‍ കൂട്ടംകൂടി നില്ക്കുന്നു. രാമന് ചോദിച്ചു നിങ്ങള്‍ ആരാണ്. അവര്‍ പറഞ്ഞു ഞങ്ങള്‍ അങ്ങ് വനവാസത്തിന് പോയപ്പോള്‍ യാത്ര അയക്കാന്‍ വന്നവരാണ്. രാമന് ആശ്ചര്യപ്പെട്ടുകൊണ്ട് ചോദിച്ചു. നിങ്ങള്‍ തിരിച്ചുപോയില്ലേ?, മടങ്ങിപൊക്കോളാന് ഞാന്‍ പറഞ്ഞതാണല്ലോ. ഈ പതിന്നാല് വര്‍ഷവും നിങ്ങള്‍ എന്തിനാണ് ഇവിടെ നിന്നത് ? അവരുടെ ഉത്തരം ഇങ്ങനെ ആയിരുന്നു “അങ്ങ് പറഞ്ഞത് ഞാനും സീതയും ലക്ഷ്മണനും വനവാസത്തിന് പോകുകയാണ്. ഞങ്ങളെ യാത്ര അയക്കാന്‍ വന്ന സ്ത്രീ പുരുഷന്മാരെല്ലാം തിരിച്ചുപോകണം. അവരെല്ലാം തിരിച്ചുപോയി. ഞങ്ങള്‍ സ്ത്രീപുരുഷന്മാരല്ലല്ലോ.” എന്നുവച്ചാല്‍ സ്ത്രീയും പുരുഷനും അല്ലാത്ത ഒരു ജന്മമുണ്ടെന്ന് ദൈവത്തിന്റെ അവതാരത്തിനുപോലും അറിവില്ലായിരുന്നു. ഇന്ന് ലെസ്ബിയന്‍, ഗേ, ട്രാന്‍സ്ജെന്‍ഡര്‍ പോലുള്ളവരുടെ അവകാശസമരങ്ങള്‍ അമേരിക്കയിലും കേരളത്തിലും ഒക്കെ നടക്കുന്നു. പ്രവാസികള്‍ പിറന്ന നാടിന്റെ ദേശീയത മഹത്വീകരിക്കുന്ന സമയത്ത് ജാതി, മതം എന്നിവയാണ് പ്രധാനം എന്നാലോചിക്കരുത്. അത് ആപത്താണ് എന്ന് തിരിച്ചറിയുന്ന ഒരു ഘട്ടം ഇന്ത്യയിലും അമേരിക്കയിലും ഒക്കെയുണ്ട്. അതിന്റെ പ്രതിരൂപങ്ങളായിട്ടാകണം ഭരണാധികാരികളെ നാം കാണേണ്ടത്. സംസ്കാരം എന്നുപറയുന്നത് ഒറ്റവാക്കാണ് . അത് വേഷമോ, ഭാഷയോ, ഭക്ഷണമോ, ലെംഗീകതയൊ ഒന്നുമല്ല, സ്നേഹമാണ് എന്നുപറഞ്ഞുകൊണ്ട് കാരശ്ശേരി മാഷ് തന്റെ പ്രസംഗമവസാനിപ്പിച്ചു.
തുടര്‍ന്ന് സംസാരിച്ച ഡോ. എന്‍. പി. ഷീല പറഞ്ഞത് തലമുറകളുടെ വിടവ് ഉണ്ടെങ്കില്‍ തന്നെയും നമ്മുടെ തനതായ സംസ്കാരത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് മറ്റുള്ള സംസ്കാരങ്ങളിലെ നന്മകള് ഉള്‍ക്കൊള്ളുക എന്നാണ് . അടിസ്ഥാനപരമായി മലയാളി മലയാളി തന്നെ ആയിരിക്കും. ബാബു പാറക്കലിന്റെ അഭിപ്രായത്തില്‍ ഇല്ലായ്മകളില്‍ നിന്ന് കഷ്ടപ്പാടിലൂടെയാണ് പ്രവാസ മണ്ണില്‍ നമ്മള് ജീവിതം കരുപ്പിടിപ്പിച്ചത്. പുതിയ തലമുറയുടെ വരവോടെ നമ്മുടെ സംസ്കാരത്തില്‍ മാത്രം ഒതുങ്ങി നില്ക്കുക എന്നത് ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് നടിക്കും. അവിടെയാണ് നമ്മുടെ തോല്‍വി. നമ്മുടെ സംസ്കാരത്തിന്റെ നന്മകളെക്കൂടി നമ്മുടെ മക്കളെ പറഞ്ഞു മനസിലാക്കുക എങ്കിലും ചെയ്യുക എന്നുകൂടി ബാബു പറഞ്ഞു. പിറന്ന നാടിനെ ശപിച്ച് ഇങ്ങോട്ട് കുടിയേറാന്‍ ശ്രമിക്കുന്നവരില്‍ ഇന്ത്യക്കാരും ഉണ്ടെന്നാണ് രാജു തോമസ് പറഞ്ഞത്. നമ്മുടെ സങ്കുചിതത്വത്തില്നിന്നും സഹാനുഭൂതി ഉണ്ടാകണം എന്ന് രാജു പറഞ്ഞു. സി.എം.സി ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞത് സര്‍ഗ്ഗവേദിയില്‍ 27 വര്‍ഷം തികച്ചതില്‍ സന്തോഷമുണ്ട്. ഏത് സംസ്കാരത്തിലാണെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകുക എന്നാണ് .
സന്തോഷ് പാലായുടെ വാക്കുകളില്‍ ഭാഷമൂലം ചില അപകര്‍ഷതാബോധം ഉണ്ടെങ്കിലും എല്ലാ സൗഭാഗ്യങ്ങളും നമുക്കിവിടെ കിട്ടുന്നുണ്ട്. പുതിയ തലമുറയില്‍നിന്ന് നമുക്ക് പല അറിവുകളും കിട്ടുന്നു എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോസ് ചെരിപുറത്തിന്റെ കണ്ടെത്തല്‍ മറ്റൊന്നായിരുന്നു. അമേരിക്കയിലെ ആളുകള്‍ വളരെ നേരെയുള്ള ചിന്താഗതിക്കാരും നല്ലവരും ആണ്. നമ്മുടെ സംസ്കാരം തന്നെ സംരക്ഷിക്കണമെന്ന് വാശി പിടിക്കുന്നത് തെറ്റാണ്. അലക്സ് എസ്തപ്പാന്റെ നോട്ടത്തില്‍ നമ്മുടെ സംസ്കാരത്തിന്റെ നന്മകളും അമേരിക്കന്‍ സംസ്കാരത്തിന്റെ അരുതായ്മകളും കുറവുകളും പുതിയ തലമുറയെ നാം പറഞ്ഞു മനസ്സിലാക്കണമെന്നാണ്.
പി. ടി. പൗലോസ് തന്റെ ഹൃസ്വമായ പ്രസംഗത്തില്‍ പറഞ്ഞത് പിറന്ന നാടിന്റെ സംസ്കാരവുമായി പ്രവാസഭൂമിയിലേക്ക് കുടിയേറിയെങ്കിലും നമ്മുടെ തനതായ സംസ്കാരത്തോട് മുഴുവനായും സഹകരിക്കാത്ത ഒരു പുതിയ തലമുറയെ ആണ് നാം കാണുന്നത്. അത് അവര്‍ക്കു കിട്ടിയ വിദ്യാഭ്യാസരീതി കൊണ്ടാകണം. നമുക്കന്നം തന്നന്തിയുറക്കുന്ന പ്രവാസനാടിനോട് നമ്മള് നൂറു ശതമാനം കൂറുപുലര്ത്തുന്നില്ലെങ്കില് കൂടി നാം നമ്മുടെ പുതിയ തലമുറയെ ഇവിടത്തെ നിയമനിര്മ്മാണതലങ്ങളിലേക്ക് മുഴുവന്‍ ആത്മാര്‍ത്ഥതയോടെ ഇറങ്ങിച്ചെല്ലാന്‍ സജ്ജരാക്കണം. കാരണം അവര്‍ക്കും അവരുടെ അടുത്ത തലമുറകള്‍ക്കും വേണ്ടത് ഇന്ന് നമുക്ക് കിട്ടുന്നതിലും കൂടുതല്‍ സൗഭാഗ്യങ്ങളാണ്. അവരുടെ പൂര്‍വികരുടെ ജന്മനാടിന്റെ നന്മകളും മറക്കാതെ സൂക്ഷിക്കണം എന്നുകൂടി പൗലോസ് പറഞ്ഞു.
മാമ്മന്‍ മാത്യുവിന്റെ കാഴ്ചപ്പാടില്‍ സംസ്കാരം ഇഴുകിച്ചേരുന്നത് എന്തിനാണ് എന്നായിരുന്നു. ജലകണങ്ങള്‍ താമരയിലക്കുമ്പിളില് തന്നെ നില്ക്കട്ടെ. നമ്മുടെ മക്കള്‍ വളര്‍ന്നുവരുമ്പോള്‍ നമ്മുടെ നഷ്ടങ്ങളെക്കുറിച്ചു ബോധവാന്മാരാകുന്നു. അപ്പോള്‍ നോക്കുന്നത് ജലകണങ്ങള്‍ എങ്ങനെ പിടിച്ചുനിര്‍ത്താമെന്നാണ്. ഇവിടെ കുടിയേറിയ പലര്‍ക്കും ഒരു ഐഡന്റിറ്റി വരെ ഇല്ല എന്ന ദുഃഖമുള്ളപ്പോള്‍, നമ്മള് ഭാഗ്യവാന്മാര് ആണ്. കാരണം ഇന്ത്യക്കാര്‍ എന്ന ഒരു എഡന്റിറ്റി എങ്കിലും ഉണ്ട് എന്നായിരുന്നു മാമ്മന്റെ അഭിപ്രായം.
തുടര്‍ന്ന് തമ്പി തലപ്പിള്ളി, ജേക്കബ് , സാനി അമ്പൂക്കന് എന്നിവര്‍ സംസ്കാരങ്ങളുടെ കൂടിച്ചേരലുകള്‍
കാലത്തിന്റെ ആവശ്യമാണ് എന്ന് പറഞ്ഞു. പ്രബന്ധാവതാരകനും അദ്ധ്യക്ഷനും ചര്‍ച്ച വിജയിപ്പിച്ച സദസ്സിനും പി. ടി. പൗലോസ് നന്ദി പറഞ്ഞതോടെ ഒരു സര്‍ഗ്ഗസായാഹ്നത്തിനുകൂടി തിരശീല വീണു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply