ബാബുപോള്‍ തസ്തികകളേക്കാള്‍ ഉയര്‍ന്നു നിന്ന വ്യക്തി: മുഖ്യമന്ത്രി

Newsimg1_36833943കൊച്ചി : വഹിച്ച തസ്തികകളേക്കാള്‍ ഉയര്‍ന്നു നിന്ന വ്യക്തിത്വമാണു ഡോ.ഡി. ബാബുപോളിന്റേതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണത്തിലും സാംസ്കാരിക തലത്തിലും പ്രാഗല്ഭ്യം തെളിയിച്ച അപൂര്‍വ വ്യക്തിയാണു ബാബുപോള്‍. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ഐഎഎസുകാരനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. കസവും ഡോ. ഡി. ബാബുപോളിന്റെ അഭിഭാഷക സുഹൃത്തുക്കളും ചേര്‍ന്നു സംഘടിപ്പിച്ച ബാബുപോള്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമഗ്രമികവിനുള്ള 2019ലെ കസവ് പുരസ്കാരം ബാബുപോളിനു മരണാനന്തര ബഹുമതിയായി സമ്മാനിച്ചു. ബാബുപോളിന്റെ മകള്‍ നീബാ മറിയം ജോസഫ് മുഖ്യമന്ത്രിയില്‍ നിന്നു പുരസ്കാരം ഏറ്റുവാങ്ങി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ചു. മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി.

തന്റെ ബോധ്യങ്ങള്‍ക്കനുസരിച്ചു മാത്രമാണു ബാബുപോള്‍ പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മുന്‍നിര്‍ത്തി തന്നെ അധിക്ഷേപിക്കാന്‍ ശ്രമമുണ്ടായ കാലത്ത്, സത്യമെന്നു ബോധ്യമുള്ള കാര്യങ്ങള്‍ ലോകത്തോടു വിളിച്ചു പറയാന്‍ ബാബുപോള്‍ മടികാണിച്ചില്ല. ബൈബിള്‍ സംബന്ധിച്ച ആധികാരിക റഫറന്‍സ് ഗ്രന്ഥമായ ‘വേദശബ്ദരത്‌നാകരം’ എഴുതിയ ബാബുപോളിനോടു മലയാള ഭാഷ കടപ്പെട്ടിരിക്കുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു.

അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ്, ഏബ്രഹാം വാക്കനാല്‍, സുനില്‍ ജേക്കബ് ജോസ്, ഒ.വി. രാധാകൃഷ്ണന്‍, ബെച്ചു കുര്യന്‍ തോമസ്, സലാഹുദ്ദീന്‍ കേച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment