- Malayalam Daily News - https://www.malayalamdailynews.com -

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്‍റെ ക്രൈസ്തവ നീതിനിഷേധം അതിരുകടക്കുന്നു: ലെയ്റ്റി കൗണ്‍സില്‍

cbciകോട്ടയം: സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്‍റെ ക്രൈസ്തവരോടുള്ള അവഗണനയും നീതി നിഷേധവും അതിരുകടക്കുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പില്‍ പോലും 80 ശതമാനം മുസ്ലീം സമുദായത്തിനും 20 ശതമാനം ക്രൈസ്തവരുള്‍പ്പെടെ ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി നിശ്ചയിച്ച് ഉത്തരവിറക്കിയിരിക്കുന്നത് തിരുത്തപ്പെടേണ്ടതാണ്. ജനസംഖ്യാ ആനുപാതികമായിട്ട് 59:41 രീതിയില്‍ ഈ സ്കോളര്‍ഷിപ്പുകള്‍ ക്രൈസ്തവര്‍ക്കും അവകാശമുണ്ട്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിനെ വകുപ്പുമന്ത്രിയുടെ സ്വകാര്യസ്വത്തുപോലെ കാണുന്നത് ജനാധിപത്യഭരണത്തിന് ഭൂഷണമല്ല. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യവും പങ്കാളിത്തവും ക്ഷേമ പദ്ധതികളില്‍ ഉറപ്പുവരുത്തണം. ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയും ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനും പ്രധാനപ്പെട്ട അംഗങ്ങളും ഒരേ സമുദായത്തില്‍ നിന്നായിരിക്കുന്നത് ശരിയായ നടപടിയല്ല.

കേരള ജനസംഖ്യയുടെ 18.38 ശതമാനം ക്രൈസ്തവരാണെന്നിരിക്കെ വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നിന്നും വകുപ്പ് ഭരണപങ്കാളിത്തത്തില്‍ നിന്നും ക്രൈസ്തവരെ മനഃപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നത് നീതികരിക്കാനാവില്ല. കേന്ദ്രസര്‍ക്കാരിന്‍റെ ന്യൂനപക്ഷപദ്ധതികളുടെ നടത്തിപ്പിലും പ്രാതിനിധ്യത്തിലും സംസ്ഥാനസര്‍ക്കാര്‍ ക്രൈസ്തവരോട് വലിയ വിവേചനമാണ് കാണിച്ചിരിക്കുന്നത്. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി സംഘടിച്ചു രംഗത്തുവരണം. ന്യൂനപക്ഷ സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന യുഡിഎഫും ഇതേനയമാണ് കഴിഞ്ഞ നാളുകളില്‍ സ്വീകരിച്ചത്. ക്രൈസ്തവരായ ജനപ്രതിനിധികള്‍ പോലും വോട്ടുബാങ്ക് മാത്രം ലക്ഷ്യമാക്കി അവസരവാദസമീപനങ്ങള്‍ സ്വീകരിക്കുന്നത് എതിര്‍ക്കപ്പെടണമെന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതികമായി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കേണ്ട ഉത്തരവാദിത്വം ഭരണനേതൃത്വങ്ങള്‍ നിര്‍വഹിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ക്രൈസ്തവ വിരുദ്ധ സമീപനത്തിനെതിരെ സംയുക്ത നീക്കത്തിനായി വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ നേതാക്കളുടെ സമ്മേളനം സെപ്തംബര്‍ 27ന് കോട്ടയത്ത് ചേരുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ മൈനോരിറ്റി സ്റ്റഡി ടീം കണ്‍വീനര്‍ ജിന്‍സ് നല്ലേപ്പറമ്പില്‍, മെമ്പര്‍ അമല്‍ സിറിയക് എന്നിവര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]