ശശി തരൂരിനെ മറുപക്ഷത്ത് എത്തിക്കാന്‍ വല്ലവരും അച്ചാരം വാങ്ങിയോ?

hh_4ശശി തരൂരിനെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റാന്‍ കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ കരുക്കള്‍ നീക്കുന്നുണ്ടോ? അതല്ലങ്കില്‍ അദ്ദേഹത്തെ ബിജെപിയില്‍ എത്തിക്കാന്‍ വല്ലവരും അച്ചാരം വാങ്ങിയോ?

പ്രധാന മന്ത്രി എന്ന  നിലയില്‍ മോദി സ്വീകരിക്കുന്ന സര്‍വ്വ നടപടികളേയും കണ്ണും പൂട്ടി എതിര്‍ക്കണമെന്നില്ലെന്നാണ് തരൂര്‍ പറഞ്ഞതിന്റെ പൊരുള്‍ എന്നേ രാഷ്ടീയ നിരീക്ഷകര്‍ മനസിലാക്കുകയുള്ളൂ.  പക്ഷേ കെപിസിസി പ്രസിഡന്‌റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയയും മുന്‍ പ്രസിഡന്റ് കെ. മുരളീധരന്റെയും വാക്കുകളില്‍ തെളിയുന്നത് തരൂരിനെ പാര്‍ട്ടിയില്‍ പൊറുപ്പിച്ചുകൂടെന്ന മട്ടിലാണ്. ടിഎന്‍ പ്രതാപനാവട്ടെ സോണിയ ഗാന്ധിക്ക് എഴുതിയ കത്തിലും തരൂരിനെതിരെ നടപടി  വേണമെന്ന മട്ടിലാണ്.

മുരളീധരനാണ് ആദ്യം  ശശിക്ക് നേരെ വാളോങ്ങിയത്. മോദിയെ പ്രശംസിക്കുന്നവര്‍ ബിജെപിയില്‍ പോകട്ടെയെന്ന്,  കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കുകയും പിന്നീട് തിരിച്ചു വന്ന്  എംഎല്‍എയും എംപിയുമായ ഈ മുന്‍ മന്ത്രി പ്രഖ്യാപിച്ചു കളഞ്ഞു. മുല്ലപ്പള്ളിയാവട്ടെ മാധ്യമങ്ങളടെ മുന്നില്‍  ശശിക്ക് എതിരെ പൊട്ടിത്തെറിച്ചു. ശശിയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും  തൃപ്തികരമായ മറുപടി ലഭിച്ചാല്‍ പോലും നടപടിയുണ്ടാവുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞതിന്റെ സൂചന.

മുല്ലപ്പള്ളിയും ശശിയും ഒരുമിച്ച് ലോകസഭയില്‍ ഇരുന്നിട്ടുണ്ട്.   മുരളിയും ശശിയും   ഇനിയുള്ള അഞ്ചുകൊല്ലം ഒന്നിച്ചിരിക്കേണ്ടവരുമാണ്. അതായത് ഇരുവര്‍ക്കും അന്താരാഷ്ട്ര പ്രശസ്തനായ ഈ രാജ്യതന്ത്രജ്ഞനെ നന്നായി അറിയാം. രാജ്യത്തെ പാവങ്ങള്‍ക്ക് ശുചിമുറി ഉണ്ടാക്കി കൊടുക്കുകയും വലിയൊരു വിഭാഗത്തിന് ഗ്യാസ് കണക്ഷന്‍ നല്‍കുകയും ചെയ്തത് നല്ല കാര്യമെന്നേ ശശി അഭിപ്രായപ്പെട്ടിട്ടുള്ളൂ. കോണ്‍ഗ്രസിന്റെ ഭരണ കാലത്ത് ഇതൊക്കെ ചെയ്യാന്‍ എന്തായിരുന്നവോ തടസം എന്ന് വോട്ടര്‍മാര്‍ ചോദിച്ചാല്‍ എന്ത്  ഉത്തരം പറയും?

മുല്ലപ്പള്ളീ..  മുരളീ ധരാാ… നേതാക്കളെ വീടൂ, കോണ്‍ഗ്രസിലെ സാധാരണ പ്രവര്‍ത്തകര്‍ തീര്‍ച്ചയായും ഈ നടപടികള്‍ക്ക് ജയ് വിളിക്കുമെന്നതില്‍ സംശയം വേണ്ട. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ സ്ഥാനം വലിച്ചെറിഞ്ഞു പോയിട്ട് രണ്ട് മാസം പിന്നിട്ടിട്ടും പകരം  ആളെ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുന്ന ഒരു പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കള്‍ക്ക് മികച്ചൊരു പാര്‍ലിമെന്റെറിയന്റെ, നിലവിലുള്ള കോണ്‍ഗ്രസ്  നേതാക്കളില്‍ ഒട്ടും മോശക്കാരനല്ലാത്ത ശശി തരൂരിന്റെ മേല്‍ കുതിരകയറാനുള്ള  ഉത്സാഹത്തിന്റെ താല്‍പ്പര്യം ഒട്ടും ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. മാത്രമല്ല, ശശി തന്റെ അഭിപ്രായം പറയുന്നതിന് മുമ്പ് കോണ്‍ഗ്രസ് നേതാക്കളായ  മുന്‍ മന്ത്രി  ജയറാം രമേഷും  കോണ്‍ഗ്രസ് വക്താവായ  മനു അഭിഷേക് സിംഗ്വിയും ഇതേ സ്വരത്തില്‍ സംസാരിച്ചിട്ടുണ്ട്. അവര്‍ക്കെതിരെ ഉരിയാടാന്‍ ശശിയെ ഭർത്സിക്കുന്ന നേതാക്കള്‍ക്ക് നാവു പൊന്താത്തതെന്താണ്?

കേരളത്തില്‍  ആറിടങ്ങളില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍  ശശി തരൂരിന്റെ അഭിപ്രായപ്രകടനത്തില്‍ തൂങ്ങി സമയം കളയാതെ നിയസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ജയിപ്പിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകിയാല്‍ കോണ്‍ഗ്രസിനും യുഡി എഫിനും നന്ന്, മറക്കണ്ട.

Print Friendly, PDF & Email

Related News

Leave a Comment