ലാന സമ്മേളനത്തില്‍ ഭാഷയ്‌ക്കൊരു വാക്ക്

Newsimg1_82320029ഡാളസ് : ഇരുപത്തിരണ്ടാം വയസ്സിലേക്കു കടക്കുന്ന ലാന (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക ) യുടെ പതിനൊന്നാമത് നാഷണല്‍ കണ്‍വെന്‍ഷനു ഡാളസ്സിലെ ‘ഡി. വിനയചന്ദ്രന്‍ നാഗര്‍’ വേദിയാകുമ്പോള്‍ , മലയാള ഭാഷയ്ക്കും സാഹിത്യത്തിനും പുതുമയുടെ പുത്തനുണര്‍വ് പകരുവാന്‍ വിവിധോന്മുഖമായ കര്‍മ്മപരിപാടികളുമായി ലാനയുടെ ഭാരവാഹികള്‍ തയാറെടുത്തു തുടങ്ങി.

പ്രഗത്ഭരായ നേതൃനിരയും, പ്രതിഭാധനരായ സഹപ്രവര്‍ത്തകരും, പ്രതിഫലേച്ഛ ഇല്ലാത്ത പ്രവര്‍ത്തനശൈലിയും ഈ ലാന കണ്‍വെന്‍ഷനു വര്‍ണ്ണപ്പൊലിമയേകും എന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. പ്രവാസ മലയാള സാഹിത്യത്തിനും പ്രവാസി സാഹിത്യ പ്രവര്‍ത്തകര്‍ക്കും പുതുവായനയുടെയും പുതുപുത്തന്‍ രചനാ ശൈലികളെയും പരിചയപ്പെടുത്തുകയും, ദിശാബോധമുള്ള എഴുത്തുകാരുടെ മുന്‍ നിരയിലേക്ക് എത്തിച്ചേരുവാന്‍ പ്രവാസി എഴുത്തുകാരെ പ്രാപ്തരാക്കുകയുമാണ് ലാനയുടെ പ്രവര്‍ത്തന ലക്ഷ്യം.

‘ഭാഷയ്‌ക്കൊരു വാക്ക് ‘ എന്നൊരു നൂതനാശയം ലാനയുടെ ഈറ്റില്ലമായ ഡാളസ്സില്‍ നിന്നും പിറവിയെടുക്കുമ്പോള്‍, അത് ലാനയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ ആയി പരിലസിക്കും. മലയാള വാക്കുകളുടെ കലവറയിലേക്കു പുതിയ വാക്ക് കൂടി സംഭാവന ചെയ്യുവാന്‍ ഡാളസ്സിലെ ലാനയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് അവസരം ഉണ്ടായിരിക്കും. മലയാള ഭാഷയുടെ ദൈനംദിന ഉപയോഗത്തിന് ഉപകാരപ്പെടുന്നതും, ഇതിനു മുന്‍പ് ഭാഷയില്‍ ഉപയോഗത്തില്‍ ഇല്ലാത്തതുമായിരിക്കണം നിങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടത്. വാക്കുകള്‍ ലളിതവും, അവസരോചിതമായ അര്‍ത്ഥം ദ്യോതിപ്പിക്കുന്നതുമായിരിക്കണം.

ഇത് ഒരു മത്സരമായി കണക്കാക്കപെടുന്നില്ല. നേരെ മറിച്ചു മലയാളഭാഷയ്ക്ക് ഒരു പുതിയ വാക്കു സംഭാവന ചെയ്യുവാന്‍ നിങ്ങള്ക്ക് ലഭിക്കുന്ന ഒരു സുവര്‍ണ്ണാവസരം നിങ്ങള്‍ പാഴാക്കാതിരിക്കുക. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങള്‍ പുതുതായി കണ്ടുപിടിച്ച മലയാളം വാക്കും അതിന്റെ അര്‍ത്ഥവും സന്ദര്‍ഭവും പ്രയോഗ സാധുതയും ലാന നിര്‍ദ്ദേശിച്ചിരിക്കുന്ന ഭാരവാഹികളെ രേഖാമൂലം ഒക്ടോബര്‍ 31 നു മുന്‍പായി അറിയിക്കുക. ലഭിക്കുന്ന വാക്കുകള്‍ ഭാഷാ വിദഗ്ധരായ ഒരു സമിതി പരിശോധിക്കുകയും ഏറ്റവും അനുയോജ്യമായ മൂന്നു വാക്കുകള്‍ തിരഞ്ഞെടുത്തു ലാനയുടെ വേദിയില്‍ വിളംബരം ചെയ്യുകയും ഈ വാക്കുകളുടെ ഉപജ്ഞാതാക്കളെ വേദിയില്‍ ആദരിക്കുകയും ചെയ്യുന്നതാണ്. ഒരുപക്ഷെ നിങ്ങളുടെ ഈ വാക്ക് ഭാവിയില്‍ മലയാള ഭാഷാ നിഘണ്ടുവില്‍ സ്ഥാനം പിടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ലാനയുടെ സഹയാത്രികനായ ജയന്ത് കാമിച്ചേരി ഈ അടുത്ത കാലത്തു പ്രസിദ്ധീകരിച്ച ‘വാക്കുകളെ വന്ദനം’ എന്ന ലേഖനത്തില്‍ നിന്നുമാണ് ‘ഭാഷക്ക് ഒരു വാക്ക് ‘ എന്ന ആശയം ഉരുത്തിരിഞ്ഞത്. നിങ്ങള്‍ ഏവരുടെയും സഹകരണം ഈ നൂതനാശയത്തിനു പൊന്‍തിളക്കം പകരും എന്നാശിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  ജോസന്‍ ജോര്‍ജ് (469 767 3208), ജയന്ത് കാമിച്ചേരില്‍ (608 215 4432).

Print Friendly, PDF & Email

Related News

Leave a Comment