Flash News

കാപ്പിപ്പൊടിയച്ചന് ഒരു തുറന്ന കത്ത്: പി.ടി. പൗലോസ്

September 2, 2019 , പി.ടി. പൗലോസ്

PT-Pauloseകഴിഞ്ഞ ദിവസം താങ്കള്‍ 24 ചാനലിലെ ജനകീയ കോടതിയില്‍ കത്തോലിക്കാ സഭയുടെ ഉരുക്കുകോട്ടയില്‍ കാലങ്ങളായി വെട്ടിമൂടുന്ന നഗ്‌നസത്യങ്ങളുടെ കുഴിമാടങ്ങളില്‍ വെള്ളപൂശാന്‍ മെനക്കെടുന്നത് കണ്ടു. താങ്കള്‍ക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല. എഴുപതുകളുടെ തുടക്കത്തില്‍ മലയാളത്തിലെ എക്കാലത്തെയും വലിയ നാടക പ്രതിഭയും ആചാര്യനുമായിരുന്ന എന്‍. എന്‍. പിളള ‘കാപാലിക’ എന്ന പേരില്‍ ഒരു നാടകമെഴുതി. അതിന്റെ ആദ്യകാല സ്‌ക്രിപ്റ്റിലെ കഥാപാത്രങ്ങള്‍ രംഗവേദിയില്‍ ചായമണിഞ്ഞെത്തിയപ്പോള്‍ ആര്‍ക്കും മറക്കാന്‍ കഴിയാത്ത ഒരു സീന്‍ ഉണ്ടായിരുന്നു. നായിക വായിക്കുന്ന പുസ്തകത്തിന്റെ പേര് ‘മഗ്ദലനമറിയാം’. സംശയം തോന്നിയ നായക കഥാപാത്രം (പിളള തന്നെ ) ആ പുസ്തകത്തിന്റെ പുറംചട്ട നാടകീയമായി വലിച്ചുകീറിയപ്പോള്‍ പുസ്തകത്തിന്റെ ശരിയായ പേര് ‘അക്ബറിന്റെ കഴുത്ത്.’ എന്നിട്ട് എന്‍. എന്‍. പിളളയുടെ പരുക്കന്‍ ഡയലോഗും “മഗ്ദലനമറിയത്തിന്റെ ചട്ടക്ക് അകത്താണോടി അക്ബറിന്റെ കഴുത്തിരിക്കുന്നത്.” നാടകത്തില്‍ എന്‍.എന്‍. പിളള ശൈലിയിലുള്ള അശ്ലീല ഭംഗിക്കുവേണ്ടി എഴുതി ചേര്‍ത്തത് ആയിരിക്കാം. പക്ഷെ, താങ്കളുടെ കാര്യത്തില്‍ അതിനിവിടെ പ്രസക്തിയുണ്ട്. താങ്കള്‍ ഒരു അക്ബറിന്റെ കഴുത്താണ് ഫാദര്‍. താങ്കള്‍ക്കറിയാം സത്യങ്ങള്‍. അവയെ മഗ്ദലനമറിയത്തിന്റെ ചട്ടകൊണ്ടു മൂടി താങ്കള്‍ ഊരുചുറ്റി മിമിക്രിധ്യാനം നടത്തുകയാണ്. താങ്കള്‍ പറയുന്ന ഫലിതങ്ങള്‍ വീണ്ടുംവീണ്ടും പറയുമ്പോള്‍ ഞങ്ങള്‍ വീണ്ടുംവീണ്ടും ചിരിച്ചുകൊണ്ടേയിരിക്കുന്നു. കാരണം ദുരിതങ്ങളുടെ കയ്പുനീര് കുടിച്ചുവളര്‍ന്ന ഞങ്ങള്‍ക്ക് താങ്കള്‍ കാണിച്ചുതരുന്ന സ്വര്‍ഗ്ഗത്തിലെ സുന്ദരിമാരായ മാലാഖമാര്‍ പകര്‍ന്നുതരുന്ന മുന്തിരിച്ചാറിന്റെ രുചിയോര്‍ക്കുമ്പോള്‍ താങ്കള്‍ ധരിച്ചിരിക്കുന്ന കാപ്പിപ്പൊടിക്കുപ്പായത്തെ ബഹുമാനിച്ചുകൊണ്ട് വീണ്ടുംവീണ്ടും ചിരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ, ഒരു വിഡ്ഢിയെപോലെ.

ലോകത്താകമാനമുള്ള ബുദ്ധിമാന്ദ്യമില്ലാത്ത കോടിക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി താങ്കള്‍ പറഞ്ഞു. ലൂസി സിസ്റ്റര്‍ സിസ്റ്റത്തിന്റെ ഭാഗമായതിനാല്‍ സ്വന്തം ചിന്തകള്‍ക്ക് അവധി കൊടുത്ത് മഠത്തിന്റെ നാലുഭിത്തികള്‍ക്കുള്ളില്‍ അടിമയായി അടങ്ങിയൊതുങ്ങി കഴിഞ്ഞുകൊള്ളണമെന്ന് . താങ്കളുടെ വാക്കുകള്‍ അതേപടി എഴുതുന്നു. ”സിസ്റ്ററെ (ലൂസി) പണ്ടേ പുറത്താക്കേണ്ടതായിരുന്നു. സിസ്റ്റത്തെ എന്തിന് ചൊറിയുന്നു . ഏത് പോപ്പ് പറഞ്ഞാലും ചാനലില്‍ അലക്കണ്ടാത്ത രഹസ്യങ്ങള്‍ ഉണ്ട്. സിസ്റ്റത്തെ നിന്ദിക്കുന്നവര്‍ ഇറങ്ങിപ്പോട്ടെ” എങ്ങോട്ടു പോകാന്‍ ? നിങ്ങള്‍ പറയുന്നു മാതാവ് ഉണ്ടല്ലോ. അവര്‍ വന്നു വിളിച്ചുകൊണ്ടു പോകട്ടെ. വാര്‍ദ്ധക്യമായി അസുഖമുള്ള 84 വയസ്സുള്ള മാതാവ് 54 വയസ്സുള്ള മകളെ വീട്ടില്‍ കൊണ്ടുവന്ന് സംരക്ഷിക്കുന്നതെങ്ങനെ ? ആവുന്ന കാലത്ത് ചോരയും നീരും ഊറ്റിക്കുടിച്ചിട്ട് അന്‍പത്തിനാലാം വയസ്സില്‍ കരിമ്പിന്‍ചണ്ട്പോലെ വലിച്ചെറിയുന്നു. ബൈബിളിലെ ഏതു നിയമമാണ്, ഏത് കല്പനകളാണ് അരമനകളെയും സന്യാസിനി മഠങ്ങളേയും നിയന്ത്രിക്കുന്നത്. അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നിടത്തു മാത്രമേ നീതി നടപ്പാകുകയുള്ളു എന്ന ലോകസത്യം തിരക്കി താങ്കള്‍ ബൈബിളും കല്പനാപുസ്തകങ്ങളും തപ്പണ്ട. സിസ്റ്റത്തെ തിരുത്താന്‍ സിസ്റ്റത്തിനകത്തുതന്നെ സംവിധാനമുണ്ടെന്നാണ് താങ്കള്‍ പറയുന്നത്. കന്യാസ്ത്രീകളില്‍ എങ്ങനെ കുട്ടികള്‍ ഉണ്ടാകാതിരിക്കാം എന്ന് പ്രായോഗിക പരീക്ഷണങ്ങളിലൂടെ വിജയിച്ച പ്രകൃതി വിരുദ്ധ ലൈംഗീകതയുടെ രാജഗുരു ഫ്രാങ്കോ മെത്രാന്‍, നിര്‍ധന കുടുംബത്തിലെ 9 വയസ്സുള്ള പെണ്‍കുട്ടിയുടെ ആദ്യ കുര്‍ബാന ചടങ്ങിന് പുത്തനുടുപ്പ് വാങ്ങിത്തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് കുഞ്ഞിന്റെ രഹസ്യഭാഗങ്ങളില്‍ കാമത്തിന്റെ കറുത്ത കുര്‍ബാന സമര്‍പ്പിച്ച കാട്ടുമാക്കാന്‍ തൃശ്ശൂര്‍ തൈക്കാട്ടുശ്ശേരിയിലെ ഫാദര്‍ രാജു കൊക്കന്‍, കൗമാരക്കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം പെണ്‍കുട്ടിയുടെ പിതാവിനെ പണം കൊടുത്തേല്പിച്ച് മറ്റൊരു കനാന്‍ ദേശത്തേക്ക് തന്ത്രപൂര്‍വ്വം മുങ്ങാന്‍ ശ്രമിച്ച കര്‍ത്താവിന്റെ പ്രതിപുരുഷന്‍ കേരളം കണ്ട ഒന്നാം നമ്പര്‍ ക്രിമിനല്‍ ഫാദര്‍ റോബിന്‍, വേദപാഠക്ലായസ്സിനു പോയ സ്രേയ എന്ന പെണ്‍കുരുന്നിനെ പീഡനത്തിനുശേഷം കൊന്നു കുളത്തിലേക്ക് വലിച്ചെറിഞ്ഞ പകല്‍മാന്യരായ സാത്താന്റെ സന്തതികള്‍, സാമ്പത്തിക തട്ടിപ്പിന്റെ പെരുമഴ പെയ്യിച്ച ആലഞ്ചേരി, പീലിയാനിക്കല്‍, ജോസഫ് പാംപ്ലാനി എന്നിവരുടെ വിഷയങ്ങളില്‍ ഒക്കെ താങ്കള്‍ പറയുന്ന സിസ്റ്റം എന്ത് തിരുത്തലാണ് വരുത്തിയത് ? അഭയകേസില്‍ ബൈബിള്‍ തൊട്ടു കള്ളസാക്ഷ്യം പറഞ്ഞു മൊഴി മാറ്റി എട്ടാം കല്‍പ്പന ലംഘിച്ച അഭയയുടെ കൂട്ടുകാരി സിസ്റ്റര്‍ അനുപമയെ ‘ചാവു’ ദോഷം കല്പിച്ചു മഠത്തില്‍നിന്നും പുറത്താക്കേണ്ടതല്ലേ ? കാരണം രണ്ടു
പ്രാവശ്യവും അവര്‍ ബൈബിളില്‍ തൊട്ടാണ് സത്യം ചെയ്തത്.

ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി എന്റെ സഞ്ചാര വേളകളില്‍ നിരവധിയനവധി കന്യാസ്ത്രീകളുമായി സംവാദിക്കുവാനും വ്യക്തിപരമായി ആശയവിനിമയം ചെയ്യുവാനും എനിക്കവസരം കിട്ടിയിട്ടുണ്ട്. അവരില്‍ ഭൂരിഭാഗത്തിനും മഠത്തിന്റെ ഉള്ളില്‍ അവരനുഭവിക്കുന്ന പീഡനങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും കഥകളെ പറയാനുണ്ടായിരുന്നുള്ളു . ബംഗാളിലെ ബന്‍ഡേല്‍ പള്ളിമുറ്റത്ത് വച്ച് അടിസ്ഥാനവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു കന്യാസ്ത്രീ എന്നോട് പറഞ്ഞത് മഠത്തിലെ ആദ്യനാളുകളില്‍ അവരെ നിലത്തിരുത്തി മാത്രമേ ഭക്ഷണം കൊടുത്തിട്ടുള്ളു. ഉയര്‍ന്ന വീടുകളില്‍ നിന്നുള്ള സമപ്രായത്തിലുള്ളവര്‍ക്ക് തീന്‍ മേശയും. പാവം കന്യാസ്ത്രീകളുടെ ‘സിസ്റ്റെത്തി’ ലുള്ള നിലനില്‍പ്പിന്റെ പ്രശ്‌നമായതുകൊണ്ട് ഞാനാരുടെയും പേര് പറയുന്നില്ല. എന്റെ ഒരു ഹൗറ – കൊച്ചി തീവണ്ടി യാത്രയില്‍ ഒരു കന്യാസ്ത്രീയുടെ കഥ കേട്ടപ്പോള്‍ എന്റെ ഉള്ളും ഒന്ന് പിടഞ്ഞുപോയി. ആരുടേയും ഹൃദയത്തിന്റെ അടിത്തട്ടുകളെ ഇളക്കുന്നതായിരുന്നു അവരുടെ മേലധികാരികളുടെ കേട്ടാല്‍ ഓക്കാനം വരുന്ന മെനകെട്ട പെരുമാറ്റച്ചട്ടങ്ങള്‍ . എങ്കിലും അവരുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരനുഭവം എന്നോട് ഷെയര്‍ ചെയ്തത് എനിക്കിവിടെ എഴുതിയേ പറ്റൂ. അവര്‍ കുളിക്കുന്ന സമയത്ത് രഹസ്യഭാഗത്ത് അറിയാതെ കൈ സ്പര്‍ശിച്ചപ്പോള്‍ സ്വയം ഇക്കിളി ആയിപ്പോയി. അതൊരു പാപമാണോ എന്ന് നിഷ്‌ക്കളങ്കയായ കന്യാസ്ത്രീ സുപ്പീരിയറമ്മയോട് തുറന്നു ചോദിച്ചപ്പോള്‍ പാപം ചെയ്തതിന്റെ പേരില്‍ സിസ്റ്ററിന്റെ അടിവസ്ത്രത്തിന് അലോട്ട് ചെയ്ത നൂറു രൂപ സുപ്പീരിയറമ്മ കട്ട് ചെയ്തു.

എറണാകുളം ജില്ലയിലെ പഴമകളുടെ ചരിത്രമുറങ്ങുന്ന ഒരു ആരാധനാമഠത്തിന്റെ പശുത്തൊഴുത്തില്‍ വെളുപ്പാന്‍കാലത്തു കറവക്കാരന്റെ കരുത്തിനു മുന്‍പില്‍ ഉടുവസ്ത്രമുരിഞ്ഞ സുപ്പീരിയറമ്മയുടെ രതിവൈകൃതങ്ങല്‍ അബദ്ധവശാല്‍ കാണേണ്ടിവന്ന ഒരു പാവം സിസ്റ്റര്‍ക്ക് മലബാറിലെ ഏതോ ഓണംകേറാ മൂലയിലേക്ക് ഒരു എമര്‍ജന്‍സി സ്ഥലം മാറ്റം. തേറ്റപന്നികള്‍ക്ക് തീറ്റ കൊടുക്കുന്ന ആ മഠത്തിലെ പന്നിക്കുഴികളില്‍ ദുരൂഹതയുണ്ട് എന്ന് മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും മലബാറില്‍ തന്നെ കഴിയാന്‍ വിധിക്കപ്പെട്ട അവര്‍ പറയുകയുണ്ടായി.

എഴുപതുകളുടെ പകുതിയില്‍ എറണാകുളം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു കത്തോലിക്കാ മഠത്തില്‍ ഒരു കൊച്ചുസിസ്റ്റര്‍ പൊള്ളലേറ്റു മരിച്ചത് അച്ഛന് ഓര്‍മ്മയുണ്ടാകില്ല. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ അടക്കാനാകാത്ത സുഷിരങ്ങളുണ്ടാക്കി. തൊട്ടടുത്ത കന്യാസ്ത്രീ മഠത്തില്‍നിന്നും വികാരിയച്ചന്റെ വിരിപ്പുമാറ്റാന്‍ നിയോഗിക്കപ്പെട്ട കൊച്ചുസിസ്റ്ററെ കടന്നുപിടിച്ചപ്പോള്‍ കുതറിയോടി മഠത്തിലെ അടുക്കളയില്‍ കയറി കതകടച്ചു. അച്ഛനെ ധിക്കരിച്ചത് സുപ്പീരിയറമ്മക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തിളച്ച എണ്ണയാണ് സിസ്റ്ററിന്റെ മുഖത്തേക്ക് ഒഴിച്ചത്. പിറ്റേ ദിവസം സിസ്റ്റര്‍ ജീവനറ്റ നിലയില്‍. അന്ന് വൈകുന്നേരം മലമുകളിലെ ഒറ്റമുറി വീട്ടില്‍ കൊച്ചുസിസ്റ്ററിന്റെ മാതാപിതാക്കള്‍ അലമുറയിട്ടു കരഞ്ഞപ്പോള്‍, ഇങ്ങു താഴെ ആറ്റുതീരത്തെ ആരാധനാമഠത്തിലെ ആഴ്ചവട്ട സൊറപറച്ചിലില്‍ കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെ മഹത്വീകരിക്കപ്പെട്ട കൊച്ചുത്രേസ്യയുടെ കഥ പറഞ്ഞ് ത്യാഗത്തിന്റെയും സഹനത്തിന്റെയും ശരശയ്യ ഇരന്നുവാങ്ങിയ അല്‍ഫോന്‍സാമ്മയുടെ അന്ത്യനിമിഷങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് ലാസറിനെ ഉയര്‍പ്പിച്ച കര്‍ത്താവിന് സ്തുതിഗീതങ്ങള്‍ പാടുകയായിരുന്നു സുപ്പീരിയറമ്മയും സംഘവും. ഏത് ശിലാഹൃദയരുടെയും കരളലിയിക്കുന്ന ഈ ദാരുണ സംഭവം അടിസ്ഥാനമാക്കി ഞാനൊരു കഥയെഴുതിയപ്പോള്‍ എന്റെ കൈ വെട്ടുമെന്നു പറഞ്ഞവരുടെ ബുദ്ധിശൂന്യതയെ സഹതാപപൂര്‍വ്വം ഈയവസരത്തില്‍ സ്മരിക്കുന്നു.

ഇനിയും ഒരുപാട് പറയാനുണ്ട്. മറ്റൊരിക്കലാകാം. ഈ പാവപ്പെട്ട സ്ത്രീകളുടെ ഹൃദയഭിത്തികളില്‍ ഉണ്ടായ മുറിവുകളിലൂടെ ഇന്നും ചോര പൊടിയുന്നു. ആ മുറിവായില്‍ പുരട്ടുവാനുള്ള ലേപനം താങ്കളുടെ സിസ്റ്റത്തിലില്ല. കാരണം സിസ്റ്റത്തെ താങ്ങുന്നത് കുപ്പായമിട്ട കുഴിവെട്ടുകാരും പാഷാണം വര്‍ക്കികളും ചട്ടുകാലിമറിയകളും ആണ്. കടമിഴികള്‍ കൊത്തിപ്പറിക്കാന്‍ കഴിവുള്ള കൊമ്പന്‍ കഴുകന്മാര്‍ താങ്കളുടെ സിസ്റ്റത്തിന് കാവലുണ്ടെന്നറിയാം. അവര്‍ അരമനയപ്പന്മാരുടെയും പ്രൊവിന്‍ഷ്യലമ്മച്ചിമാരുടെയും ഒക്കെ കൂടെക്കിടപ്പിന്റെയും കൂട്ടിക്കൊടുപ്പിന്റെയും അറക്കുന്ന കഥകള്‍ക്ക് വിശുദ്ധിയുടെ തൈലം പുരട്ടുമെന്നും ഫ്രാങ്കോയേയും റോബിനെയും കൊക്കനേയുമൊക്കെ വാഴ്ത്തപ്പെട്ടവരാക്കുമെന്നും അറിയാം. മഠങ്ങളിലെ മറപ്പുരകളില്‍ വയറ്റാട്ടികളില്ലാതെ പ്രസവിക്കുമ്പോള്‍ അലറിക്കരയാന്‍ അനുവാദം കൊടുക്കാതെ, പേറ്റുനോവിന് കൊന്തചൊല്ലാന്‍ പറയുന്ന സുപ്പീരിയറമ്മകളുടെ വിശുദ്ധ സിസ്റ്റത്തിന്റെ വിശുദ്ധിയില്ലായ്മയെയും മഠങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന അബോര്‍ഷനെയും ഈയിടെ ഒരു വത്തിക്കാന്‍ മാസിക ‘വിമണ്‍ ചര്‍ച്ച് വേള്‍ഡ് ‘ തെളിവോടെ നിരത്തി. വത്തിക്കാന്റെ ചരിത്രത്തിലാദ്യമായി ഒരു മാര്‍പാപ്പ, അതെ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ അനീതിക്കും അധാര്‍മ്മികതക്കും എതിരായി രംഗത്തുവന്നു. ഇതൊന്നും പുത്തന്‍പുരക്കലച്ചന്‍ അറിഞ്ഞില്ലേ ? അതോ, മഗ്ദലനമറിയത്തിന്റെ ചട്ടയിട്ട് അറിഞ്ഞില്ലെന്ന് നടിക്കുന്നതാണോ?

ഫാദര്‍, ഞാന്‍ അവസാനിപ്പിക്കുകയാണ്. തൂമ്പയെ തൂമ്പയെന്ന് വിളിക്കുന്ന, തെറ്റ് തെറ്റാണെന്ന് തിരിച്ചറിയുന്ന, മതങ്ങള്‍ക്കും മതങ്ങള്‍ക്ക് വീതം വച്ചു കിട്ടിയ ദൈവങ്ങള്‍ക്കും മുകളിലായി മനുഷ്യസ്നേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ പതാക ഉയര്‍ത്താന്‍ ഒരു തലമുറ തയ്യാറായിക്കഴിഞ്ഞു. ഒരു സാംസ്‌കാരികവിപ്ലവത്തിന്റെ സംഘഗാനം സാമൂഹ്യമാധ്യമങ്ങളില്‍ മുഴങ്ങിത്തുടങ്ങി. അത് താങ്കളുടെ ധ്യാനവഴികളില്‍ വഴികാട്ടിയാകട്ടെ !

സ്‌നേഹപൂര്‍വ്വം, ധൈര്യപൂര്‍വ്വം, മുകളില്‍ പേരെഴുതിയ ഒരു മനുഷ്യസ്‌നേഹി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top