Flash News

മുംബൈയിലെ ഗണേശോത്സവം

September 5, 2019 , തൊടുപുഴ കെ ശങ്കര്‍, മുംബൈ

ganesholsavamഓം ശ്രീ ഗണപതിയെ നമ:

വ്യത്യസ്ത സംസ്കാരങ്ങളുടെ വിളനിലമായി കരുതുന്ന മുംബയിലെ എല്ല്‌ലാമതസ്ഥരും, ഒരുപോലെ കൊണ്ടാടുന്ന ഏറ്റവും സുപ്രസിദ്ധമായ മഹോത്സവമാണ് , ഗണേശോത്സവം. എല്ലാ ഹിന്ദു ദൈവങ്ങളെക്കാളും, ഗണപതി സമുന്നതമായ സ്ഥാനം വഹിക്കുന്നു.

Newsimg2_20093492കേരളീയര്‍ക്ക് ഓണം എപ്രകാരമാണോ അതുപോലെ പ്രധാനമാണ്, ഗണേശോത്സവം മഹാരാഷ്ട്രയിലും, മുംബൈയിലും. വിനായക ചതുര്‍ത്ഥി മുതല്‍, 10 ദിവസത്തേക്ക് മുംബയിലെ,മിക്ക സ്ഥലങ്ങളിലും ധൂപ, ദീപ, പൂജാദികളോടെ ആഘോഷിച്ച ശേഷം,പതിനൊന്നാം ദിവസമായ ചതുര്‍ദ്ദശി ദിവസം, ആ വിഗ്രഹം, നദി,പൊയ്ക, സമുദ്രം മുതലായ ഏതെങ്കിലും ജലാശയത്തില്‍ വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തില്‍, നിമഗ്‌നമാക്കി, അടുത്ത വര്‍ഷവും ഓടി വരണമെന്നുള്ള അഭ്യര്‍ത്ഥനയോടെ, ഗണേശോത്സവം സമാപിക്കുന്നു. ഈ ഉത്സവം തൊഴില്‍രഹിതരായഎത്രയോ ലക്ഷം ഭക്ത ജനങ്ങള്‍ക്ക് തൊഴിലും, എത്രയോ വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനവും,ഭക്ത ഗണങ്ങള്‍ക്ക് ആത്മ നിര്‍വൃതിയും നല്‍കുന്നെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

സ്വാതന്ത്ര്യ സമരകാലത്തു,സമര നേതാക്കളില്‍ ഒരാളായിരുന്ന, ബാലഗംഗാധര്‍ തിലകന്‍ ആണ് ഈ മഹോത്സവം തുടങ്ങി വച്ചത്. ഇതിനായി,പല സംഘടനകളും രാപകല്‍ പ്രവര്‍ത്തിക്കുന്നു. ജനങ്ങളില്‍ നിന്നും,ഉദാരമായ സംഭാവനകള്‍ സ്വീകരിച്ചും മറ്റുമാണ്ഇതുപോലെയുള്ള സാര്‍വ്വ, ജനകീയ ഉത്സവങ്ങള്‍ നടത്ത പ്പെടുന്നത്.

ആദി ദമ്പതികളായ പരമശിവന്റേയും,പാര്‍വ്വതിയുടെയും കനിഷ്ഠ പുത്രനായ ഗണപതി,എല്ലാ മംഗള കര്‍മ്മങ്ങളിലും മുഖ്യ സ്ഥാനം വഹിക്കുന്നു. ലോകത്തിലെ പല രാജ്യങ്ങളിലും ഗണപതിയെ ഒരു മംഗള മൂര്‍ത്തിയായി മാനിക്കുന്നു. തുടങ്ങുന്ന സംരംഭം വിഘ്‌നമെന്യേ ജയപ്രദ മാകാന്‍,ആദ്യം ഗണപതിയുടെ അനുഗ്രഹം സമ്പാദിക്കണമെന്ന വിശ്വാസം, പില്‍ക്കാലത്തു്, ഒരു സമ്പ്രദായമായി മാറി.

വ്യാസമഹര്‍ഷി മഹാഭാരതം,താന്‍ പറഞ്ഞു കൊടുക്കുന്ന അതേ അനുക്രമത്തില്‍ എഴുതാന്‍ ഗണപതിയെയാണ് നിയോഗിച്ചതെന്നു കരുതപ്പെടുന്നു. പറയാന്‍ തുടങ്ങിയാല്‍ ഇടയ്ക്കു നിര്‍ത്താതെ, തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കണമെന്നു, ഗണപതി നിബന്ധന വച്ചപ്പോള്‍, എഴുതുന്നത് മനസ്സിലാക്കി വേണം എഴുതേണ്ടതെന്നു,വ്യാസ മഹര്‍ഷിയും മറു നിബന്ധ വച്ചു. അപ്പോള്‍, ഇടയ്ക്കിടയ്ക്ക്, പറഞ്ഞത് മനസ്സിലാക്കാന്‍ വേണ്ടി,ഗണപതി, അല്‍പ്പം വിരാമംഎടുക്കാറുണ്ടായിരുന്നു. തന്റെ ഒരു കൊമ്പ് ഒടിച്ചു,അതിന്റെ സൂക്ഷ്മമായ അഗ്രം കൊണ്ടാണെഴുതിയതെന്നു വിശ്വാസം. സത്യത്തിനും, ധര്‍മ്മത്തിനും, ജ്ഞാനത്തിനും വേണ്ടി,ഗണപതി തന്റെ കൊമ്പു ത്യാഗം ചെയ്ത്, തന്റെ ത്യാഗം മറ്റു ത്യാഗങ്ങളെക്കാള്‍ മഹോന്നതമെന്നു തെളിയിച്ചിരിക്കുന്നു. ഒരിക്കല്‍ ഭണ്ഡാസുരന്‍ എന്ന ഒരു അസുരനെ വധിക്കാന്‍ അതേകൊമ്പു്,ഉപയോഗിച്ചു. അതായതു്, നന്മതിന്മയനുസരിച്ചു,അതിന്റെ ഉപയോഗം ഭേദപ്പെടുത്തി എന്നര്‍ത്ഥം.

ഒരിക്കല്‍, പരമശിവന്‍ ഒരു പഴം കാട്ടിയിട്ടു മക്കളായ ഗണപതിയോടും കാര്‍ത്തികേയനോടും പറഞ്ഞു:’നിങ്ങള്‍ രണ്ടു പേരില്‍ ആരാണോ മൂന്നു ലോകങ്ങളും പ്രദക്ഷിണം വച്ച് ഞങ്ങളുടെ മുമ്പില്‍ ആദ്യം വരുന്നുവോ, അവനു്, ഈ പഴം ലഭിക്കും’.പാവം കാര്‍ത്തികേയന്‍, അതു കേട്ടയുടനെ ത്രിലോക പ്രദക്ഷിണം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചു. തത്സമയം, ഗണപതി,ത്രിലോകനാഥരായ,ശിവനെയും പാര്‍വ്വതിയേയും,ഒരു പ്രദക്ഷിണം വച്ചിട്ടു തന്റെ ദൗത്യം തീര്‍ന്ന സംതൃപ്തിയോടെ,നിന്നു. അപ്പോള്‍, മൂന്നു ലോകങ്ങളും പ്രദക്ഷിണം വച്ച സംതൃപ്തിയോടെ, വിജയശ്രീ ലളിത ഭാവത്തില്‍, കാര്‍ത്തികേയനുമെത്തി. പക്ഷെ, വാഗ്ദാനം ചെയ്തിരുന്ന പഴം,ഗണപതിയ്ക്ക് കൊടുത്തു,കാരണം,ഗണപതി സമയോചിത ബുദ്ധി ഉപയോഗിച്ച്,പ്രവര്‍ത്തിച്ചു എന്നതാണ്. അതില്‍ ക്ഷോഭിച്ച കാര്‍ത്തികേയന്‍, ആ നിമിഷം തന്നെ, മാതാ പിതാക്കളെ വിട്ട്, വിശ്വ വിഖ്യാതമായ പഴനി മലയില്‍ പോയി ഏകാന്തവാസമാരംഭിച്ചു.

ഗണപതിയ്ക്ക് മധുരക്കുഴക്കട്ടയുണ്ടാക്കി നിവേദ്യം ചെയ്യുക,നാളികേരമുടയ്ക്കുക, ഏത്തമിടുക, പ്രദക്ഷിണം വയ്ക്കുക, ഗണാഷ്ടക പാരായണം ചെയ്യുക, സഹസ്രനാമ അര്‍ച്ചന ചെയ്യുക,എല്ലാം ഗണേശ പ്രീതിക്കായി ഹിന്ദുക്കള്‍ അനുഷ്ഠിക്കുന്ന കര്‍മ്മങ്ങളാണ്.

എല്ലാ അമ്പലങ്ങളിലും, പുറത്തുള്ള ഗണപതി, ‘സാക്ഷി ഗണപതി’യായി കരുതപ്പെടുന്നു,കാരണം, ക്ഷേത്രം സന്ദര്‍ശിക്കുന്ന ഭക്തന്മാരുടെ പൂര്‍ണ്ണ ചരിത്രം സൂക്ഷിക്കുന്നത്, ഗണപതിയാണെന്നു വിശ്വസിക്കുന്നു. മരണ ശേഷം,പരലോകത്തു ചെല്ലുന്ന നേരത്തു, ചെല്ലുന്ന യാളിനെപ്പറ്റിയുള്ള വിവരങ്ങള്‍,അപ്പോള്‍ ഗണപതിയാണ് സമര്‍പ്പിക്കുന്നത്. അതില്‍ രേഖപ്പെടുത്തിയിട്ടുള്ള പുണ്യ പാപങ്ങളുടെ തോതനുസരിച്ചാണ്, അയാളുടെ സ്വര്‍ഗ്ഗ നരക അര്‍ഹത നിര്‍ണ്ണയിക്കുന്നത് എന്നു പ്രബലമായ വിശ്വാസം ഹിന്ദുക്കളുടെയിടയില്‍ നിലവിലുണ്ട്.

ഗണപതിയുടെ സവിശേഷതകള്‍:

ഗണപതിയുടെ വാഹനം മൂഷികനാണ്. ശരീര ഭാരമുള്ള ഗണപതി, മൂഷികാരൂഡനായി സഞ്ചരിക്കുമ്പോള്‍, അദ്ദേഹത്തിന് ഒരു വെറും കോര്‍ക്കിന്റെ ഭാരം മാത്രമായി മാറും. ദിവസവും കുറഞ്ഞത് പതിനൊന്നു പ്രാവശ്യം ഏത്തമിടുന്നതു കൊണ്ട്, യോഗശാസ്ത്രമനുസരിച്ചു, അത്, ശരീരത്തില്‍ അനുകൂലതരംഗങ്ങള്‍/ചലനങ്ങള്‍ സൃഷ്ടിക്കുന്നത്, ആരോഗ്യത്തിനു നല്ലതാണെന്നു പറയുന്നു.

ഗണപതിയുടെ വലിയ ശിരസ്സ്, ചിന്തകള്‍ വളരെമഹത്തരമായിരിക്കണം എന്നാണ്. അല്പബുദ്ധിയോടെ ആയിരിക്കരുത്.

ചെറിയ കണ്ണുകള്‍ എല്ലാം സൂക്ഷ്മമായി, ബുദ്ധിപൂര്‍വ്വം നിരീക്ഷിക്കാനുള്ളതാണ്.

വലിയ കാതുകള്‍ എല്ലാം നല്ല കാര്യങ്ങളും ധാരാളം ശ്രവിക്കാനുള്ളതാണ്.

വലിയ ഉദരം, നല്ലതും കെട്ടതും എല്ലാം സമാധാനമായി ദഹിപ്പിക്കാനുള്ളതാണ്.

കൊമ്പൊടിച്ചെഴുതിയത്, നല്ലകാര്യത്തിനായി നാം എന്തും നഷ്ടപ്പെടാന്‍, നിസ്വാര്‍ത്ഥമായി സന്നദ്ധരായിരിക്കണം.

തുമ്പിക്കൈ ഉയര്‍ന്ന കാര്യക്ഷമതയും, പരിതഃസ്ഥിതികളോട് ഇണങ്ങി ചേരാനുള്ള കഴിവും ഉണ്ടായിരിക്കണം.

കുഴക്കട്ട (മോദകം) നമ്മുടെ കഷ്ടങ്ങള്‍ക്കുള്ള മധുരാനുഭവം.

കുമ്പ എല്ലാ നന്മ, തിന്മകളും പചനം ചെയ്യാനുള്ള സന്നദ്ധത.

മൂഷികന്‍ മൂഷികനെ വാഹനമായി സ്വീകരിച്ചത്, എളിമയെക്കുറിക്കുന്നു.

ആശകള്‍ മിതമായിരിക്കാനും, അഥവാ ആഗ്രഹം ത്യാഗ്രഹമാകാതിരിക്കാനും, അത്യാഗ്രഹം ദുരാഗ്രഹമാകാതിരിക്കാനും, ദുരാഗ്രഹം അവസാനം കാരാഗൃഹത്തില്‍ എത്തിക്കാതിരിക്കാനും ശ്രദ്ധിക്കാനുള്ള സൂചന.

മൊത്തത്തില്‍, ഒരു സകലാരാദ്ധ്യ ദൈവമായി, ഗണപതി ലോകമെങ്ങും വിളങ്ങുന്നു.

ആനയെ നോക്കിക്കൊണ്ടിരിക്കുന്നത് എത്ര മാത്രം കൗതുകമുണ്ടോ, അത്രമാത്രം കൗതുക പ്രദമാണ് ഗണപതിയെ നോക്കിക്കൊണ്ടിരിക്കുന്നതും!

വിഘ്‌നങ്ങളില്ലാതെയുള്ള കാര്യസാദ്ധ്യത്തിനും, വിജയശ്രീലാളിതമായ ജീവിതം നയിക്കാനും ഗണപതിയുടെ അനുഗ്രഹാശിസ്സുകള്‍ ലഭിക്കുവാന്‍ എല്ലാവരും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു പൂജ ചെയ്യുന്നു.

പൂജിച്ച വിഗ്രഹങ്ങള്‍ ജലാശയത്തില്‍ നിമജ്ജനം ചെയ്യുന്ന ക്രിയയ്ക്കു ‘വിസര്‍ജ്ജന്‍’ എന്ന് പറയുന്നു. പൂജ തുടങ്ങി, അടുത്ത ദിവസം തന്നെ, ഗണപതി ‘വിസര്‍ജ്ജനും’ആരംഭിക്കും. പതിനൊന്നാം ദിവസം സമാപനം. അന്ന് മുംബൈ നഗരം മുഴുവന്‍ നല്ല തിരക്കായിരിക്കും. ഗതാഗത നിയന്ത്രണമുണ്ടാകും.

മുംബൈയില്‍ ഈ വര്‍ഷം, ആദ്യ ദിവസം തന്നെ 38510 വീട്ടു ഗണപതി വിഗ്രഹങ്ങളും (വീടുകളിലും ചെറിയ വിഗ്രഹം വച്ച് പൂജിക്കാറുണ്ട്) 60 മറ്റു സാര്‍വ്വ ജനിക് വിഗ്രഹങ്ങളും, നിമജ്ജനം ചെയ്തതായി പത്രവാര്‍ത്ത.

മുംബൈയില്‍, എവിടെപ്പോയാലും, ‘ഗണപതി ബപ്പാ മോറിയ, മോറിയാരേ ബപ്പാ മോറിയാരേ’എന്ന ഉച്ചത്തിലുള്ള വിളികളും, ആര്‍പ്പു വിളികളും, വാദ്യ ഘോഷങ്ങളും അന്തരീക്ഷത്തെ ശബ്ദ മുഖരിതമാക്കും.

നിമജ്ജന ദിവസം, ഗണപതി ‘ബപ്പാ മോറിയ, പുടുച്യാ വര്‍ഷി ലൗക്കാര്‍ യാ’ ( ഗണപതി ഭഗവാനേ, അടുത്ത വര്‍ഷം വേഗം വരൂ’) എന്ന ‘മറാഠി’ യിലുള്ള അപേക്ഷകളും ഗ്രാമനഗര ഭേദമെന്യേ, എമ്പാടും മുഴങ്ങിക്കൊണ്ടിരിക്കും. ഹിന്ദുക്കളുടെ പ്രിയങ്കരനായ ദൈവത്തിന്, എല്ലാവരുടെയും ഹൃദയംഗമമായ, ഹൃദയ സ്പര്‍ശിയായ, യാത്രയയപ്പ് ! വരവേല്‍പ്പും, അതുപോലെ, യാത്രയയപ്പും എപ്പൊഴും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു.

അതെ, മംഗള മൂര്‍ത്തിയായ ഗണപതിയുടെ വരവേല്‍ക്കലും, ആഘോഷവും, എല്ലാ വര്‍ഷവും തുടരുമെന്നും, നമ്മുടെ വിഘ്‌നങ്ങളെല്ലാം മാറ്റി സുഗമമായ ഒരു ജീവിതത്തിനുള്ള, പ്രകാശമയമായ,യാത്രാപഥം ഗണപതി ഭഗവാന്‍ തുടര്‍ന്നും കാട്ടിത്തരുമെന്നുമുള്ള പ്രത്യാശയോടെ നമുക്ക് കാത്തിരിക്കാം!

ഗണപതി ബപ്പാ മോറിയ!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top