കര്‍ഷക കുടുംബത്തില്‍ നിന്ന് ഇസ്രോയിലേക്ക് !!

sivan-web-750x500ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും ചന്ദ്രയാന്‍-2 ദൗത്യത്തെ വീക്ഷിച്ചിരുന്ന ഇന്ത്യന്‍ ജനതയെ അവസാന നിമിഷത്തിലെ ആ പാളിച്ച കടുത്ത ദു:ഖത്തിലേയ്ക്കും നിരാശയിലേക്കുമാണ് തള്ളിവിട്ടത്. നിരവധി വര്‍ഷങ്ങളായി രാവും പകലുമില്ലാതെ ചന്ദ്രയാന്‍-2 ദൗത്യത്തിനായ് യത്‌നിച്ച ഇസ്രോയിലെ നൂറ് കണക്കിന് ശാസ്ത്രജ്ഞന്‍മാരുടെ കാര്യം അപ്പോള്‍ പറയാനുണ്ടോ. അവരുടെയും ഒരു രാജ്യത്തിന്റെ മുഴുവനും വികാരമായിരുന്നു പ്രധാനമന്ത്രിയുടെ മാറില്‍ ചേര്‍ന്ന് വിതുമ്പുന്ന ഇസ്രോ ചെയര്‍മാന്‍ കെ ശിവനിലൂടെ ലോകം കണ്ടത്.

ചന്ദ്രന്റെ ദക്ഷിണദ്രുവത്തില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്തുക എന്നത് ഏറെ ദുഷ്‌കരം പിടിച്ച ഒരു ദൗത്യമാണ്. അതിലെ ഓരോ ഘട്ടങ്ങളും വിജയകരമായി മറികടന്ന് ചന്ദ്രനോട് തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ അത്രയ്ക്കും അടുത്തെത്തിയപ്പോഴാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. 95 ശതമാനം വിജയകരമായ ഒരു ദൗത്യത്തിന്റെ ഒരു ഘട്ടം പാളിയതിന് ഇസ്രോയുടെ ചെയര്‍മാന്‍ കരയുന്നതെന്തിനാണ്? പക്ഷേ, ഏതൊരു സാധാരണക്കാരനെയും പോലെ അദ്ദേഹവും കണ്ണീര്‍വാര്‍ത്തു. മണ്ണില്‍ പണിയെടുത്ത് കുടുംബം പോറ്റിയ ഒരു കര്‍ഷകന്റെ മകന്, സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചുവളര്‍ന്ന, ഫീസ് അടയ്ക്കാന്‍ മാങ്ങ വിറ്റിരുന്ന ബാല്യമുണ്ടായിരുന്ന ഒരാള്‍ക്ക്, പ്രതിസന്ധികളോട് പടവെട്ടി ഉന്നതയിലേക്ക് പടിപടിയായി ഉയര്‍ന്ന ഒരു സാധാരണക്കാരന് ഇങ്ങിനെ പ്രതികരിക്കാനേ കഴിയൂ.

കന്യാകുമാരിയിലെ തരക്കന്‍വിളയിലാണ് കൈലാസവടിവ് ശിവന്‍ എന്ന കെ ശിവന്‍ ജനിച്ചത്. കര്‍ഷകന്റെ മകനായ അദ്ദേഹം ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എട്ടാം ക്ലാസുവരെയേ ഗ്രാമത്തില്‍ പഠിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് പട്ടണത്തില്‍ പോകണമായിരുന്നു. അതിനുളള പണം കണ്ടെത്താന്‍ വേണ്ടി തൊട്ടടുത്തുള്ള ചന്തയില്‍ മാങ്ങ വില്‍ക്കാന്‍ പോകുമായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ കെ ശിവന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

” എന്റേത് ഒരു ദരിദ്ര കുടുംബമായിരുന്നു. മൂത്ത സഹോദരന്‍ പണമില്ല എന്ന ഒറ്റക്കാരണത്താല്‍ പഠിത്തം നിര്‍ത്തേണ്ടി വന്നയാളാണ്. അച്ഛന്‍ കൈലാസവടിവ് സൈക്കിളില്‍ മാങ്ങാ കൊണ്ടു ചെന്ന് അങ്ങാടിയില്‍ കൊണ്ടുവെച്ച് വില്‍ക്കുമായിരുന്നു. എന്റെ ഫീസിനുള്ള വക ഞാനും അങ്ങിനെ തന്നെയാണ് കണ്ടെത്തിയിരുന്നത്.” കെ ശിവന്‍ പറയുന്നു.

Sivan_അങ്ങിനെ പഠിത്തത്തോടൊപ്പം ജോലിയും ചെയ്തുപോന്ന അദ്ദേഹം ഇന്റര്‍മീഡിയറ്റ് പഠനം പൂര്‍ത്തിയാക്കി നാഗര്‍കോവിലിലെ ഹിന്ദു കോളേജില്‍ ഗണിതശാസ്ത്രത്തില്‍ ബിരുദപഠനത്തിന് ചേര്‍ന്നു. ആദ്യമായി കോളേജിലേക്ക് കേറുമ്പോള്‍ കാലിലിടാന്‍ നല്ലൊരു ചെരുപ്പ് പോലുമില്ലായിരുന്നുവെന്ന് ശിവന്‍ ഓര്‍ക്കുന്നു. എന്നാലും പഠനത്തില്‍ അദ്ദേഹം മിടുക്ക് തെളിയിച്ചു. കണക്കില്‍ നൂറില്‍ നൂറും നേടിയാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് കണക്കല്ല, ശാസ്ത്രമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ ശിവന്‍ എണ്‍പതുകളുടെ തുടക്കത്തില്‍ മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ എയര്‍നോട്ടില്‍ എഞ്ചിനീയറിങ്ങിന് ചേര്‍ന്നു. ഇതേ കോഴ്‌സിലെ നാലാമത്തെ ബാച്ചിലായിരുന്നു എപിജെ അബ്ദുള്‍ കലാം പഠിച്ചത്. കെ ശിവന്‍ 29-ാമത്തെ ബാച്ചിലും.

എസ് നരസിംഹന്‍, എന്‍എസ് വെങ്കട്ടരാമന്‍, എ നാഗരാജന്‍, ആര്‍ ധനരാജ്, ആര്‍കെ ജയരാമന്‍ തുടങ്ങിയ പ്രതിഭകളുടെ മാര്‍ഗനിര്‍ദേശത്തില്‍ എഞ്ചിനിയറിങ് ബിരുദം നേടിയ കെ ശിവന്‍ അടുത്തതായി ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ എയറോസ്‌പേസ് എഞ്ചിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നു. ഐഐടി ബോംബെയില്‍ നിന്ന് ഡോക്ടറേറ്റും നേടിയാണ് കെ ശിവന്‍ ഐഎസ്ആര്‍ഒയുടെ ഭാഗമാകുന്നത്.

1982ല്‍ ഐഎസ്ആര്‍ഒയില്‍ ചേര്‍ന്ന അദ്ദേഹം വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ ക്രയോജനിക് എഞ്ചിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) വികസിപ്പിച്ചെടുത്ത സംഘത്തില്‍ അദ്ദേഹമുണ്ടായിരുന്നു. തുടര്‍ന്നുള്ള മൂന്നു പതിറ്റാണ്ടുകാലം ജിഎസ്എല്‍വി, പിഎസ്എല്‍വി, ജിഎസ്എല്‍വി മാര്‍ക്ക് ത്രീ തുടങ്ങി രാജ്യത്തിന് അഭിമാനമായ പല പ്രോജക്ടുകളുടെയും ഭാഗമായി അദ്ദേഹം പ്രവര്‍ത്തിച്ചു. വിഎസ്എസ്സിക്കുവേണ്ടി 6D ട്രജക്ടറി സിമുലേഷന്‍ സോഫ്റ്റ് വെയറായ ‘സിതാര’ വികസിപ്പിച്ചെടുത്തത് കെ ശിവനാണ്. ഇസ്രോയുടെ എല്ലാ ലോഞ്ച് വാഹനങ്ങളുടെയും റിയല്‍ ടൈം, നോണ്‍ റിയല്‍ ടൈം ട്രജക്ടറി സിമുലേഷനുകള്‍ക്കും ഉപയോഗിക്കുന്നത് ഈ സോഫ്റ്റ് വെയറാണ്.

”പഠനമായാലും ജോലിയായാലും നൂറ് ശതമാനം ആത്മാര്‍ത്ഥത വേണം. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പഠിക്കാനയച്ച മാതാപിതാക്കള്‍, നാഗര്‍കോവിലിലെ സര്‍ക്കാര്‍ സ്‌കൂള്‍ മുതല്‍ മസാച്യൂസറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വരെയുള്ള സ്ഥാപനങ്ങളിലെ അധ്യാപകര്‍, ഐഎസ്ആര്‍ഒയിലെ ഡോ. ജി മാധവന്‍ നായര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ശാസ്ത്രജ്ഞര്‍, സഹപ്രവര്‍ത്തകര്‍ എന്നിവരോടൊക്കെ തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. എല്ലാത്തിനുമുപരി ഈശ്വരാനുഗ്രഹവും. ശാസ്ത്രം ഇത്ര വികസിച്ചിട്ടും നമ്മുക്ക് അറിയാത്ത എത്രയോ കാര്യങ്ങള്‍ പ്രപഞ്ചത്തില്‍ നടക്കുന്നില്ലേ. അതു നടത്തുന്ന ശക്തിയില്‍ ഞാന്‍ വിശ്വസിക്കുന്നു. ആ ശക്തിയെ ബഹുമാനിക്കുന്നു.” ഇസ്രോ ചെയര്‍മാനായ ശേഷം നല്‍കിയ അഭിമുഖത്തില്‍ കെ ശിവന്‍ പറഞ്ഞു.

കര്‍ഷകകുടുംബത്തില്‍ നിന്നും ഇസ്രോയുടെ മേധാവിയായുള്ള കെ ശിവന്റെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ ഒരു കാരണമേയുള്ളൂ. കഠിനാധ്വാനം. ”ഉറക്കമില്ലാത്ത ശാസ്ത്രജ്ഞന്‍” എന്നാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്‌നേഹബഹുമാനാര്‍ത്ഥം വിശേഷിപ്പിക്കുന്നത്. സഹപ്രവര്‍ത്തകരെല്ലാം പകല്‍ മുഴുവന്‍ ജോലി ചെയ്ത് മടങ്ങിയാലും വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ഡയറക്ടറുടെ ഓഫീസില്‍ അദ്ദേഹം ഉണ്ടാകും. പാതിരാത്രിയാകുമ്പോഴായിരിക്കും അദ്ദേഹം മടങ്ങുക. വലിയ ബഹിരാകാശ ദൗത്യങ്ങള്‍ ഏറ്റെടുത്താല്‍ പിന്നെ ഉറക്കം നാല് മണിക്കൂറൊക്കെയായി ചുരുങ്ങും. ഇസ്രോ ചെയര്‍മാനായപ്പോഴും ഈ ശീലങ്ങള്‍ക്ക് മാറ്റമില്ലായിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment