ന്യൂദൽഹി: അയോദ്ധ്യാക്കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിക്കാനിരിക്കെ, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നൽകി. നവംബര്‍ 17-ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കാനിരിക്കെ അതിനു മുൻപ് അയോദ്ധ്യാക്കേസില്‍ വിധി പുറപ്പെടുവിക്കുമെന്നാണ് കണക്കാക്കുന്നത്.
നവംബര്‍ 15-ന് വെള്ളിയാഴ്ചയായിരിക്കും ചീഫ് ജസ്റ്റിസിന്റെ അവസാന പ്രവൃത്തി ദിവസം. നവംബര്‍ 11, 12 ദിവസങ്ങളില്‍ കോടതി അവധി ആണ്. അതുകൊണ്ട് നവംബര്‍ 13, 14, 15 ദിവസങ്ങളില്‍ ഏതിലെങ്കിലും ആയിരിക്കും വിധി പ്രഖ്യാപിക്കുക എന്നാണ് കരുതുന്നത്.
വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍, പ്രധാന നഗരങ്ങളിലടക്കമുള്ള മെട്രോ സ്റ്റേഷനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും അതിശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റെയില്‍വേ ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി. രാജ്യത്തെ ആരാധനാലായങ്ങളിലെ സുരക്ഷയും വർദ്ധിപ്പിച്ചു.
അയോദ്ധ്യയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.. യുപിയില്‍ ഇതുവരെ 4000 അര്‍ദ്ധസൈനികരെ വിന്യസിച്ചു. അയോദ്ധ്യ ഉള്‍പ്പെടുന്ന പ്രദേശത്ത് ഡിസംബര്‍ 28 വരെ സമൂഹമാദ്ധ്യമങ്ങൾക്ക് കര്‍ശന നിയനന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയോദ്ധ്യയില്‍ 20 താല്‍ക്കാലിക ജയിലുകളും സജ്ജീകരിച്ചിട്ടുണ്ട്. അയോദ്ധ്യാ പ്രദേശത്ത് ഭീകാരക്രമണ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ 30 ബോംബ് സ്ക്വാഡുകളേയും വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ 300 കേന്ദ്ര-സംസ്ഥാന സുരക്ഷാ സംഘങ്ങളെ പ്രദേശത്ത് വിന്യസിക്കും. നവംബര്‍ 12 ന് മുന്‍പ് അയോദ്ധ്യാ പ്രദേശത്തുള്ള ധര്‍മ്മശാലകളില്‍ നിന്നുള്ള അന്തേവാസികളെ ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കി. അയോദ്ധ്യയിലെ രാം കോട്ട്ലാ റോഡിലേക്കുള്ള യാത്രയും നിരോധിച്ചിട്ടുണ്ട്.
അയോദ്ധ്യയില്‍ പ്രത്യേക സുരക്ഷയൊരുക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം യോഗി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ യോഗി ആദിത്യനാഥ് സർക്കാർ ഹെലികോപ്റ്ററുകള്‍ ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ജില്ലാ മജിസ്ട്രേറ്റുമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ആശയവിനിമയം നടത്തി. ക്രമസമാധാനം തകര്‍ക്കാനുള്ള ഏത് ശ്രമത്തിനെതിരേയും ശക്തമായ നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ കണ്ട്രോള് റൂം തുറക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിധിക്ക് മുന്നോടിയായുള്ള സുരക്ഷാനടപടികൾ വിലയിരുത്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചേംബറിൽ വെള്ളിയാഴ്ച യുപി ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply