Flash News

ഭിന്നിപ്പും സ്വാര്‍ത്ഥതയുമല്ല ഫൊക്കാനയെ വളര്‍ത്തിയത്: അതിന്റെ ജനകീയ മുഖം മതേതരത്വമാണ്

November 8, 2019

IMG_3858 (1)ഫൊക്കാനയുടെ 36 വര്‍ഷത്തെ ചരിത്രത്തിനു ഗതിമാറ്റം ഉണ്ടാക്കുന്ന കണ്‍‌വന്‍ഷന് കൊടി ഉയരുവാന്‍ ഇനി മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചില ഓര്‍മ്മപ്പെടുത്തലുകള്‍ അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ്.

ലോകത്തു ആയിരക്കണിക്കിന് പ്രവാസി സംഘടനകള്‍ ഉണ്ട്. ഓരോ സംഘടകള്‍ക്കും ഓരോ അജണ്ടകള്‍. ചില സംഘടനകള്‍ മത സംഘടനകള്‍, ചിലത് ജാതി സംഘടനകള്‍ ഒക്കെയാണ്. ഇത്തരം സംഘടനകളില്‍ നിന്നും സാമുഹ്യ സാംസ്കാരിക സംഘടനകളെ വേറിട്ടു നിര്‍ത്തുന്നത് അതിന്‍റെ മതേതര ബോധമാണ്. സമുഹത്തിലെ എല്ലാ ആളുകള്‍ക്കും കടന്നുവന്നിരിക്കാന്‍ ഒരിടം. പിറന്ന നാടും വീടും വിട്ടു വരുമ്പോള്‍ ഒന്നിച്ചുകൂടി ഓണവും ക്രിസ്തുമസും വിഷുവും റംസാനുമൊക്കെ ആഘോഷിക്കുവാന്‍ ഒരു വേദി. അതിനപ്പുറത്ത് വിവരമുള്ള ഒരാളും സാമൂഹ്യ സാംസ്കാരിക സംഘടനകളെ ജാതിയുടെയും മതത്തിന്‍റെയും പിന്നാമ്പുറത്ത് കൊണ്ടുകെട്ടുകയില്ല. എന്തുകൊണ്ടാണ് ഫൊക്കാന ജനകീയമായത് ? വളരെ ലളിതമാണ് ഉത്തരം. മലയാളികളുടെ ഒരു സംഘടിതശക്തിയായി മാറാന്‍ ഇന്നുവരെ സാധിച്ചതാണ് ഫൊക്കാനയുടെ വിജയം. അമേരിക്കന്‍ മലയാളികളുടെ ചിന്താഗതി മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിച്ചതാണ് ഫൊക്കാനയെ ജനകീയമാക്കിയത്.

ഇവിടെ മലയാളികള്‍ക്ക് ഭിന്നിപ്പും സ്വാര്‍ത്ഥമായ സംഘടിക്കലുമല്ല യുക്തമായത്. ഒരു തരത്തിലുള്ള അതിരുമല്ലാത്ത ഒരു സംഘടിതശക്തിയായി മാറുകയാണ് വേണ്ടത്. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ നമുക്ക് ഇനിയും കഴിയണം. അതിരുകള്‍ക്കും വിഭാഗീയതകള്‍ക്കും എതിരെ ഒരു ശബ്ദമാകാന്‍ കഴിഞ്ഞത് പല സംഘനകള്‍ക്കും ഒരു മാതൃകയായി മാറാനായത്. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കന്‍ മലയാളികളുടെ സംഘടിതശക്തിയ്ക്കും സംഘടനതാല്പര്യത്തിനും നിമിത്തമായത് ഫൊക്കാനയാണ്.

വടക്കേ അമേരിക്കന്‍ മലയാളികളുടെ കലാസാംസ്ക്കാരിക സംഘടനകളുടെ കേന്ദ്ര ബിന്ദുവാണ് ഫൊക്കാന. ഏതാണ്ട് 55 ലധികം അംഗസംഘടനകള്‍ക്ക് ഫൊക്കാന നേതൃത്വം നല്‍കുന്നു. വളരെ അധികം സംഘടനകള്‍ ഇപ്പോഴും അംഗത്വത്തിനുവേണ്ടി കാത്തിരിക്കുന്നു. ആദര്‍ശങ്ങള്‍ പറഞ്ഞു നില്‍ക്കാതെ കൂടുതല്‍ സംഘടനകള്‍ക്കു അംഗത്യം നല്‍കുക എന്നതാണ് ജനകീയം. മാതൃകാപരമായ സമീപനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഈ സംഘടനയെ കരുത്തായി വളര്‍ത്തിയത്. പല സന്ദര്‍ഭങ്ങളിലും നമ്മുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാരിനുപോലും ഒരു പ്രേരണയായിട്ടുണ്ട്.

മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരേയും വളര്‍ന്നു വരുന്നവരേയും ഫൊക്കാന ആദരിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുന്നുണ്ട്. ഭാഷക്ക് ഒരു ഡോളര്‍ പോലുള്ള പദ്ധിതികള്‍ ഫൊക്കാനയുടെ മുഖമുദ്രയാണ്. മലയാളിയുട നാനാവിധമായ ഉന്നമനമാണ് നമ്മുടെ ലക്ഷ്യം.

ഭാഷാസ്നേഹം മാത്രമല്ല ഫൊക്കാനയുടെ യശ്ശസ്സ്. ജീവകാരുണ്യ പ്രവര്‍ത്തനമാണ് ഫൊക്കാനയുടെ അറിയപ്പെടുന്ന മറ്റൊരു പ്രവര്‍ത്തനം. ജീവകാരുണ്യ പ്രവത്തനങ്ങളില്‍ വിശാലമായ കാഴ്ചപ്പാടും മനസ്സുമാണ് ഈ പ്രസ്ഥാനത്തിനുള്ളത്. കേരളത്തിലും എവിടേയും നിരവധി സഹായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്; ഇപ്പോഴും നടപ്പിലാക്കി വരുന്നമുണ്ട്. വേദനയനുഭവിക്കുന്നവര്‍ക്ക് കഴിവതും സഹായമെത്തിക്കുകയെന്നതാണ് ലക്ഷ്യം. അക്കാര്യത്തില്‍ വളരെയധികം ആളുകള്‍ക്ക് സാന്ത്വനമെത്തിയ്ക്കാന്‍ മുപ്പത്തിയാറു വര്‍ഷങ്ങള്‍ കൊണ്ടു കഴിഞ്ഞു.

ഈ ജനുവരി മാസത്തില്‍ ഫൊക്കാനയുടെ തിരുവനന്തപുരത്തു നടന്ന കേരളാ കണ്‍‌വന്‍ഷനില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഫൊക്കാന ഭവനം പ്രൊജക്റ്റ്. കേരളത്തിലെ ഭവനരഹിതരായ തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ 2019 ജനുവരിയിലാണ് ഫൊക്കാന കേരള സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. സര്‍ക്കാരിന്‍ ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള ഭവനം ഫൗണ്ടേഷനുമായാണ് മഹാപ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട 100 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനു സഹകരിക്കാന്‍ ഫൊക്കാന ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. അങ്ങനെ പല ജീവകാരുണ്യ പ്രവര്‍ത്തങ്ങളും ഫൊക്കാന നടത്തി വരുന്നു.

അമേരിക്കന്‍ രാഷ്ടീയ സാമൂഹിക രംഗത്ത് സജീവമായി ഇടപെടാനൊരു ശക്തിയായി മലയാളിയെ വളര്‍ത്തിയെടുക്കുന്നതില്‍ ഫൊക്കാനയ്ക്കു കഴിഞ്ഞു. മലയാളിയ്ക്കു വേണ്ടി സംസാരിക്കാനും അവരുടെ ആവലാതികളും ശബ്ദവും കേള്‍ക്കേണ്ടവരെ കേള്‍പ്പിക്കാനും പരിഹാരമുണ്ടാക്കാനും സാധിച്ചു. മലയാളികള്‍ക്ക് വേണ്ടതു ചെയ്യാന്‍ മടിച്ചു നിന്ന തലങ്ങളില്‍ ശക്തമായ പ്രേരണ ചെലുത്താനും പ്രശ്നപരിഹാരമുണ്ടാക്കാനും ഫൊക്കാനക്ക് കഴിഞ്ഞു.

വിഷമസന്ധികള്‍ പലതും കടന്ന കരുത്താണ് ഇന്നും ഫൊക്കാനയുടെ വളര്‍ച്ചയുടെ ശക്തിമന്ത്രം. ഈ കരുത്ത് നാം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സമുചിതം സംഘടിപ്പിച്ച് ആര്‍ജ്ജിച്ചതാണ്. കുട്ടികളേയും ചെറുപ്പക്കാരേയും വനിതകളേയയും എല്ലാം നാം കൂടെ കൂട്ടി. അവര്‍ക്ക് അവസരങ്ങള്‍ നല്‍കി. അവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയും താരങ്ങളാക്കുകയും ചെയ്യുന്നു. ഫൊക്കാനയുടെ പ്ലാറ്റ്ഫോമിലൂടെ വളര്‍ന്നു വലുതായവരുടെ പട്ടിക നീണ്ടതാണ്!

എന്തെല്ലാം ഭിന്നതകള്‍ ഉണ്ടെങ്കിലും ഫൊക്കാനയെ തള്ളിപ്പറയുന്നതും തകര്‍ക്കാന്‍ ശ്രമിക്കുന്നതും ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിനു തുല്യമെന്ന് അത് തിരിച്ചറിയാന്‍ അമേരിക്കന്‍ മലയാളികളെ ആരും പഠിപ്പിക്കേണ്ടതില്ല. അവര്‍ അതിനു നിന്നു കൊടുക്കുന്നവരുമല്ല. നമ്മുടെ ലക്ഷ്യം ഈ സംഘടന, നമ്മുടെ ഒരു രക്ഷാകവചമായി നിലനില്‍ക്കണം എന്നതാണ്. അതിനായി വിട്ടുവീഴ്ചകള്‍ വേണം. സഹകരണ മനോഭാവവും വേണം. പുത്തന്‍ ആശയങ്ങളും പുതിയ ആളുകളും വരുമ്പോള്‍ അതിനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും തെറ്റുമ്പോള്‍ തിരുത്തുകയുമാണ് വേണ്ടത്. എന്തിനും, ഏതിനും വിമര്‍ശിക്കുന്നതും, ഞാന്‍ എന്ന ഭാവവും സംഘടനക്ക് വളരെ അധികം ദോഷം ചെയ്യും.

ഫൊക്കാനയുടെ വളര്‍ച്ചയില്‍ പ്രവര്‍ത്തിച്ച പലരും ഉണ്ട്. അവരെ തെരഞ്ഞു പിടിച്ചു ആക്രമിക്കുന്നത് ശരിയായ പ്രവണതയല്ല. സംഘടനയില്‍ ഇലക്ഷന്‍ വരും പോകും. ആരാണോ വിജയിക്കുന്നത് അവര്‍ സംഘടന ഭാരവാഹികള്‍ ആകും. ഭിന്നതയ്ക്കും വിദ്വേഷത്തിനും ഫൊക്കാനയില്‍ സ്ഥാനമില്ല. ജനാധിപത്യ സംഘടനയില്‍ മത്സരം വരും. ഒരു കൂട്ടര്‍ ജയിക്കും. അതു കഴിയുമ്പോള്‍ എല്ലാവരും പഴയ സൗഹൃദത്തിലേക്കു തിരിച്ചുവരും. വിജയിക്കുന്ന വിജയികള്‍ എല്ലാവരെയും കുടി ഉള്‍പ്പെടുത്തി സംഘടനയെ നയിക്കും. അതാണ് ഫൊക്കാന സ്നേഹികള്‍ ആഗ്രഹിക്കുന്നതും. അങ്ങനെ ആണ് ചെയ്യേണ്ടതും.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതില്‍ പോകുന്നുണ്ടന്നും, കണ്‍‌വന്‍ഷനില്‍ പങ്കെടുക്കാന്‍ കുറഞ്ഞ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഏര്‍ലി ബേഡ് സ്പെഷ്യല്‍ നിരക്കുകള്‍ 2019 ഡിസംബര്‍ 31 ന് അവസാനിക്കും. അതിന് മുന്‍പായി തന്നെ നിങ്ങളുടെ രെജിസ്ടഷ്രേന്‍ ഉറപ്പാക്കണം. 2020 ജൂലൈ 9 മുതല്‍ 12 വരെ അറ്റ്‌ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ വെച്ച് നടക്കുന്ന ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്‍‌വന്‍ഷന്‍ ഒരു വമ്പിച്ച വിജയം ആയിരിക്കുമെന്നും അതില്‍ പങ്കെടുക്കണം എന്നും ഫൊക്കാനാ ഭാരവാഹികളായ പ്രസിഡന്‍റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട്ട്, ട്രഷറര്‍ സജിമോന്‍ ആന്‍റണി, എക്സ്. വൈസ് പ്രസിഡന്‍റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്‍റ് എബ്രഹാം കളത്തില്‍, ജോയിന്‍റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്‍റ് സെക്രട്ടറി വിജി നായര്‍, ജോയിന്‍റ് ട്രഷറര്‍ പ്രവീണ്‍ തോമസ്, ജോയിന്‍റ് അഡീഷണല്‍ ട്രഷറര്‍ ഷീല ജോസഫ്. വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്സ്, ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്, ട്രസ്ടി വൈസ് ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്ടി സെക്രട്ടറി വിനോദ് കെയാര്‍കെ, കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചക്കപ്പന്‍, നാഷണല്‍ കോഓര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, ഫൗണ്ടേഷന്‍ ചെയര്‍ എബ്രഹാം ഈപ്പന്‍ തുടങ്ങിയവര്‍ അഭ്യര്‍ഥിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top