അയോധ്യ കേസിന്റെ വിധി പ്രസ്താവിച്ചതോടെ രക്ഷപ്പെട്ടത് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശ്വാസം പകരുന്നതായിരുന്നു ആ സുപ്രധാന വിധി. തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച സുപ്രീം കോടതി വിധി യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിന് രക്ഷാകവചമാകുകയായിരുന്നു.
തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കേന്ദ്ര ട്രസ്റ്റിനും തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ ഭൂമി മസ്ജിദിനായി സുന്നി വഖഫ് ബോര്‍ഡിനും വിട്ടുനല്കുന്നതാണ് ചരിത്ര വിധി. ഇതോടെ 1949തില്‍ ആരംഭിച്ച ഏഴു പതിറ്റാണ്ട് നീണ്ട നിയമയുദ്ധത്തിനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് അവസാനം കുറിച്ചിരിക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനായി പദ്ധതി രൂപീകരിക്കണമെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമിയെ മൂന്നായി വിഭജിച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധി തള്ളിയാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചിന്റെതാണ് ഏകകണ്ഠമായ ഈ വിധി. ഇതിനെതിരെ പുനപരിശോധാ ഹര്‍ജി നല്കാന് എതിര് കക്ഷികള്‍ക്ക് അവകാശമുണ്ടെങ്കിലും അത് പരിഗണിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.
മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡാണ് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നറിയിച്ചിട്ടുള്ളത്. അതൃപ്തിയുണ്ടെങ്കിലും വിധി മാനിക്കുന്നുവെന്ന നിലപാടാണ് സുന്നി വഖഫ് ബോര്‍ഡിനുള്ളത്.
സുപ്രീം കോടതി വിധിയെ ആരുടെയെങ്കിവും വിജയമോ പരാജയമോ ആയി കാണരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ്, രാമന്റെ പേരില്‍ ബി.ജെ.പിക്ക് ഇനി ജനങ്ങളെ വിഭജിപ്പിക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത ആര്.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ഭാഗവത് സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്തണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. വിധി സ്വാഗതം ചെയ്ത ആര്.എസ്.എസ് രാമക്ഷേത്രനിര്‍മ്മാണം വേഗത്തിലാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. വിധി ആരുടെയും ജയമോ പരാജയമോ അല്ലെന്നാണ് ആര്.എസ്.എസ് തലവന്‍ മോഹന്‍ഭാഗവത് വ്യക്തമാക്കിയിരിക്കുന്നത്.
1949-ല്‍ പള്ളിക്കുള്ളില്‍ വിഗ്രഹം കൊണ്ടുവെക്കുകയും 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കുകയും ചെയ്ത സംഭവം നിയമവിരുദ്ധമാണെന്നും ഇത് സുപ്രീം കോടതി വിധി അട്ടിമറിച്ചുകൊണ്ടാണെന്നുമാണ് വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. നിര്‍മോഹി അഖാഡയുടെ ഹര്‍ജി തള്ളിയ കോടതി സുന്നി വഖഫ് ബോര്‍ഡിന്റെയും രാംലല്ല വിരാജ്മാന്റെയും ഹര്‍ജികളിലാണ് വിധി പറഞ്ഞിരിക്കുന്നത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകള്‍ക്ക് ആധികാരികതയുണ്ടെന്ന വിലയിരുത്തലും ജഡ്ജിമാര്‍ നടത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ തകര്‍ച്ചയും ബി.ജെ.പിയുടെ ഉദയവും കണ്ട അയോധ്യ കേസിലെ സുപ്രീം കോടതി വിധിയിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ ഒരു ദിശാമാറ്റത്തിനാണ് തുടക്കമാകുന്നത്. ബാബറി മസ്ജിദിന്റെ തകര്‍ച്ചയോടെയാണ് മുസ്ലീം ന്യൂനപക്ഷം ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിനെ കൈവിട്ടിരുന്നത്. ഇതോടെ ബി.ജെ.പിക്ക് അനുകൂലമായി ഹിന്ദുത്വ ഏകീകരണവുമുണ്ടാകുകയായിരുന്നു.
അതേസമയം രാമക്ഷേത്ര നിര്‍മ്മാണത്തോടെ ആര്.എസ്.എസിനും ബി.ജെ.പിക്കും ഹിന്ദു വിശ്വാസികളെ വൈകാരികമായി സ്വാധീനിക്കുന്ന തെരഞ്ഞെടുപ്പ് വിഷയമാണ് നഷ്ടമാകുന്നത്. അതേസമയം രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിടാനാവും എന്ന ആശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്ഷാക്കും നേട്ടമാകും.
രാമക്ഷേത്ര നിര്‍മ്മാണം ആര്.എസ്.എസിനും ബി.ജെ.പിക്കും ഇനി ഒരു തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്ത്തികൊണ്ടുവരാനാകില്ലെന്ന ആശ്വാസമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്കുള്ളത്.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തകര്ന്നടിയാനും രണ്ട് ലോക്സഭാംഗങ്ങളിലൊതുങ്ങിയ ബി.ജെ.പിയെ ഇന്ത്യഭരിക്കുന്ന പാര്‍ട്ടിയായി വളര്‍ത്താനും വഴിയൊരുക്കിയത് രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭമായിരുന്നു.
പ്രധാനമന്ത്രിപദത്തില്‍ ചരിത്രവിജയത്തോടെ രണ്ടാമൂഴം സ്വന്തമാക്കിയ നരേന്ദ്രമോദിക്ക് മുന്നില്‍ വലിയ വെല്ലുവിളിയായിരുന്നു അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം. പ്രതിപക്ഷത്തേക്കാള്‍ മോദി ഭയന്നിരുന്നത് അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കുമെന്ന ആര്.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെ പ്രഖ്യാപനത്തെയാണ്. സുപ്രീം കോടതി വിധിയോടെ ഈ പ്രതിസന്ധിയാണ് ഒഴിഞ്ഞിരിക്കുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ എല്‍.കെ അദ്വാനിയെ തഴഞ്ഞ് പ്രധാനമന്ത്രിയാക്കിയതും രണ്ടാം വട്ടവും പ്രധാനമന്ത്രിപദത്തില്‍ അവരോധിച്ചതും ആര്.എസ്.എസിന്റെ സംഘടനാ ശക്തിയിലായിരുന്നു.
ലോക്സഭയില്‍ കേവലം രണ്ട് എം.പിമാരുണ്ടായിരുന്ന ബി.ജെ.പിക്ക് കേന്ദ്ര ഭരണം നേടിക്കൊടുത്തത് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള പ്രക്ഷോഭങ്ങളാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി എല്‍.കെ അദ്വാനി നടത്തിയ രഥയാത്രയുടെ കോ ഓര്‍ഡിനേറ്ററായിരുന്നു നരേന്ദ്രമോദി.
അദ്വാനിയുടെ രഥയാത്ര ഉയര്‍ത്തിയ ഹിന്ദുത്വവികാരമാണ് വാജ്പേയിയെ ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയാക്കിയത്. രാമക്ഷേത്ര നിര്‍മ്മാണം മുദ്രാവാക്യമാക്കി തീവ്രഹിന്ദുത്വം ഉയര്‍ത്തിയതോടെ 2014ല്‍ മോദിയും പ്രധാനമന്ത്രിയായി. 2019തില്‍ ഹിന്ദുത്വ ഏകീകരണത്തോടൊപ്പം ദേശീയ വികാരവും ഉയര്‍ത്തിയാണ് ആര്.എസ്.എസ് എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ച് മോദിയെ രണ്ടാമതും പ്രധാനമന്ത്രി പദത്തിലെത്തിച്ചിരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അലഹബാദില്‍ ആര്.എസ്.എസ് ധര്‍മ്മ സന്‍സദില്‍ മോഹന്‍ഭാഗവത് പ്രഖ്യാപിച്ചിരുന്നു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ ജോലികള്‍ സര്‍ക്കാര്‍ ആരംഭിച്ചില്ലെങ്കില്‍ നാലു മാസത്തിനു ശേഷം പണികള്‍ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.
ഫെബ്രുവരി ഒന്നിന് മോഹന്‍ഭാഗവത് നടത്തിയ പ്രഖ്യാപന കാലാവധി മെയ് മാസത്തോടെ കഴിഞ്ഞിരുന്നു. കഴിഞ്ഞ ജൂണില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ അതുമുണ്ടായില്ല. ഇതോടെയാണ് രാമക്ഷേത്രം പണിയുകതന്നെ ചെയ്യുമെന്ന് മോഹന്‍ഭാഗവത് വീണ്ടും വ്യക്തമാക്കിയിരുന്നത്.
ഈ തീരുമാനം മൂന്നു നാല് മാസത്തിനകം ഉണ്ടായാല്‍ നല്ലതെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരുന്നു. രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള നീക്കവുമായി സംഘപരിവാര്‍ സംഘടനകള്‍ മുന്നോട്ട് പോകുന്ന ഘട്ടത്തിലാണിപ്പോള്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നിരിക്കുന്നത്. വലിയ പ്രതിസന്ധിയെയാണ് ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി മറികടന്നിരിക്കുന്നത്.
വിധിയില്‍ രാമന്റെ ജനനത്തെക്കുറിച്ച് ജഡ്ജിയുടെ 116 പേജ് കുറിപ്പ്
929 പേജുള്ള വിധിന്യായത്തില്‍ ഒരു ജഡ്ജ് രാമന്റെ ജനനത്തെ സംബന്ധിച്ച് 116 പേജുള്ള കുറിപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. വിധിയുടെ അനുബന്ധമായുള്ള ഈ കുറിപ്പില്‍ ഭഗവാന് രാമന്റെ ജന്മസ്ഥലമായി ഹൈന്ദവര്‍ വിശ്വസിക്കുന്ന അയോധ്യയിലാണ് ബാബറി മസ്ജിദ് പണിതതെന്ന് തെളിയിക്കുന്ന രേഖകളും, മൊഴികളും ഉള്ളതായി ജഡ്ജ് എഴുതിയിട്ടുണ്ട്.
വാല്മീകി രാമായണവും, സ്കന്ദ പുരാണവും ഉള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങളും, വേദഗ്രന്ഥങ്ങളും ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നു. വിശ്വാസങ്ങളെ വെറും അടിസ്ഥാനരഹിതമായി തള്ളാന്‍ കഴിയില്ലെന്ന് പേര് വ്യക്തമാക്കാത്ത ഈ ജഡ്ജ് കുറിപ്പില്‍ ചൂണ്ടിക്കാണിച്ചു.
വിധിയെ എല്ലാവരും ഐക്യത്തോടെ സ്വീകരിച്ചത് സ്വാഗതാര്‍ഹം: കുമ്മനം
തൃശൂര്‍: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെ എല്ലാവരും ഐക്യത്തോടെ സ്വീകരിച്ചത് സ്വാഗതാര്‍ഹമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. എല്ലാവരും സമാധാനം നില നിര്‍ത്താന്‍ ശ്രമിക്കണമെന്നും പ്രകോപനമായ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷം അയോധ്യയിലെതര്‍ക്ക ഭൂമിയില്‍ ക്ഷേത്രം പണിയണമെന്നാണ് സുപ്രീംകോടതിയുടെ ചരിത്ര വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ചാണ് നിര്‍ണ്ണായക വിധി പ്രസ്താവിച്ചത്. മുസ്ലീംങ്ങള്‍ക്ക് പള്ളിപണിയാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കണം. ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് ഉണ്ടാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ട്രസ്റ്റില്‍ നിര്‍മോഹി അഖാഡെയ്ക്ക് അര്‍ഹമായ സ്ഥാനം കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി നാല് മാസത്തിനകം കേന്ദ്രം കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും കോടതി പറഞ്ഞു.
തര്‍ക്കഭൂമി ഏതെങ്കിലും കക്ഷികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കീഴിലാണ് ക്ഷേത്രം പണിയേണ്ടതെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി പൂര്‍ണമായും തള്ളിയ കോടതി ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും ചൂണ്ടികാട്ടി.
ഈ വിധി അദ്വാനിജിക്കുള്ള ആദരവ്: ഉമാ ഭാരതി
അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് മുതിര്‍ന്ന ബിജെപി നേതാവ് ഉമാ ഭാരതി. സുപ്രീംകോടതിയുടെ ദൈവീക വിധിയെ സ്വാഗതം ചെയ്യുന്നു, ഭാരതി തന്റെ ട്വീറ്റില്‍ വ്യക്തമാക്കി.
വിശ്വഹിന്ദു പരിഷത്ത് മുന്‍ അന്താരാഷ്ട്ര പ്രസിഡന്റ് അശോക് സിംഗാളിനും അവര്‍ ഓര്‍മ്മക്കുറിപ്പ് എഴുതി. ‘ഈ ജോലിക്കായി സ്വന്തം ജീവിതങ്ങള്‍ അടിയറവെച്ച എല്ലാവര്ക്കും കൃതഞ്ജത അറിയിക്കുന്നു, പ്രത്യേകിച്ച് അദ്വാനി ജിയ്ക്ക്, അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനത്തിന് നമ്മള് ഇറങ്ങിത്തിരിച്ചത്’, അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്ര നിര്‍മ്മാണം നടത്താനാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡിന് അനുയോജ്യമായ അഞ്ചേക്കര്‍ സ്ഥലം ഈ സമയത്ത് അനുവദിക്കണം.
മൂന്ന്, നാല് മാസങ്ങള്‍ക്കുള്ളില്‍ കേന്ദ്ര ഗവണ്മെന്റ് ട്രസ്റ്റ് രൂപീകരിക്കണം. ട്രസ്റ്റിന്റെ നടത്തിപ്പിനും, ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനുമുള്ള പര്യാപ്തമായ തയ്യാറെടുപ്പുകളും നടത്തണം, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിധി പ്രസ്താവിക്കവെ വ്യക്തമാക്കി.
വിധിയില്‍ തൃപ്തനല്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ഹൈദരാബാദ്: അയോധ്യ വിധിയില്‍ തൃപ്തനല്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസാദുദ്ദീന്‍ ഒവൈസി. സുപ്രീം കോടതി പരമോന്നതമാണ്. എന്നാല്‍ സുപ്രീംകോടതിക്ക് തെറ്റ് പറ്റിക്കൂടായ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയില്‍ പൂര്‍ണവിശ്വാസമുണ്ട്. നാം നമ്മുടെ അവകാശത്തിനു വേണ്ടി പോരാടുകയായിരുന്നു. അഞ്ചേക്കര്‍ ഭൂമി നമുക്ക് ദാനമായി വേണ്ട. അഞ്ചേക്കര്‍ ഭൂമിയന്ന വാഗ്ദാനം നമ്മള് നിരസിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Asaduddin Owaisi: Not satisfied with the verdict. Supreme Court is indeed supreme but not infallible. We have full faith in the constitution, we were fighting for our right, we don't need 5 acre land as donation. We should reject this 5 acre land offer, don't patronize us. pic.twitter.com/wKXYx6Mo5Q
— ANI (@ANI) November 9, 2019
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply