Flash News

മഹാരാഷ്ട്ര ആര് ഭരിക്കും?

November 10, 2019

images (1)_15മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. എറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബിജെപിയെ ഗവര്‍ണ്ണര്‍ ക്ഷണിച്ചതോടെ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ മുഖ്യമന്ത്രി പദം പങ്കുവെച്ചില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന നിലപാടില്‍ ശിവസേന ഉറച്ചു നില്‍ക്കുകയുമാണ്. തിങ്കളാഴ്ച്ച രാത്രി 8 മണിക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കണമെന്നാണ് കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന ദേവേന്ദ്ര ഫഡ്നാവിസിനോട് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പിന്തുണയ്ക്കുന്നവരുടെ കത്തുമായി ഗവര്‍ണ്ണറെ കാണാം. അല്ലെങ്കില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാവകാശം തേടി അധികാരമേല്‍ക്കാം എന്നാണ് ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം.

288 അംഗനിയമസഭയില്‍ 144 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി-105, ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ്-44 എന്നിങ്ങനെയാണ് പ്രധാന കക്ഷിനില. 17 സ്വതന്ത്രരുടെ പിന്തുണ ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും പിന്നെയും 23 അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ മാത്രമെ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുകയുള്ളു.

ഇതിനിടിയിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ കോണ്‍ഗ്രസ് പിന്തുണച്ചേക്കുമെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പൃഥിരാജ് ചവാനാണ് അധികാരത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കാന്‍ എല്ലാ വഴിയും തേടുമെന്ന് ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് പ്രതികരിച്ചത്. എന്‍സിപി, കോണ്‍ഗ്രസ് നേതാക്കളുമായി ശിവസേന ചര്‍ച്ചകള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം. “മഹാരാഷ്ട്രയിലെ എന്‍ഡിഎ പിളര്‍ന്നു കഴിഞ്ഞു. ഇനി പുതിയ സാധ്യതകള്‍ ചര്‍ച്ച ചെയ്യാം. ഇത് കോണ്‍ഗ്രസിന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും”- അദ്ദേഹം പറഞ്ഞു.

നേരത്തെ,സർക്കാർ രൂപീകരിക്കാൻ സഹായംതേടി ശിവസേന വരികയാണെങ്കിൽ പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ഹുസൈൻ ദൽവായ് സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ബിജെപിയും ശിവസേനയും തമ്മില്‍ വ്യത്യാസമുണ്ട്. ബിജെപിയെ പുറത്താക്കാന്‍ ശിവസേനയെ പിന്തുണയ്ക്കുന്നത് ന്യായീകരിക്കാന്‍ കഴിയുന്ന വിഷയമാണെന്നും കത്തില്‍ പറയുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് മുൻ കോൺഗ്രസ് നേതാക്കളായ പ്രതിഭാ പാട്ടീൽ, പ്രണബ് മുഖർജി എന്നിവരെ പിന്തുണച്ചവരാണ് ശിവസേനയെന്നും ഹുസൈൻ ദൽവായ് കൂട്ടിച്ചേര്‍ക്കുന്നു.

എന്നാല്‍ ശിവസേനയുമായി രാഷ്ട്രീയ ബന്ധം സ്ഥാപിച്ചാല്‍ അത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുള്ളത്. കോണ്‍ഗ്രസ് പിന്തുണയില്‍ എന്‍സിപി-ശിവസേന സര്‍ക്കാര്‍ എന്ന നിര്‍ദ്ദേശവുമായി ശരദ് പവാര്‍ സോണിയയെ കണ്ടിരുന്നെങ്കിലും വഴങ്ങിയില്ല. ശിവസേന ബന്ധത്തില്‍ എഐസിസി ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖാർഗെ, സുശീൽകുമാർ ഷിൻഡെ, സഞ്ജയ് നിരുപം തുടങ്ങിയ മുതിർന്ന നേതാക്കളും കടുത്ത എതിര്‍പ്പാണ് ഉന്നയിക്കുന്നത്. കോണ്‍ഗ്രസിന്‍റെ നിലപാടുകള്‍ക്ക് ശിവസേന എതിരാണെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെടാന്‍ ശിവസേനാബന്ധം കാരണമാകുമെന്നുമാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.

2014-ലും സമാനമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറ്റത്. 122 എംഎല്‍എമാരുമായി സര്‍ക്കാറുണ്ടാക്കിയ ശേഷമായിരുന്നു ശിവസേനയുടെ പിന്തുണയില്‍ നിയമസഭയില്‍ ബിജെപി ഭൂരിപക്ഷം തെളിയിച്ചത്. 2014-ല്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ എന്‍സിപി തയ്യാറായിരുന്നു. എന്നാല്‍ ഇപ്പോൾ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്നാണ് എന്‍സിപി നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top