Flash News

അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഒരുക്കങ്ങള്‍ തുടങ്ങി

November 10, 2019

ayodha1-2-1_650_010416035035ലഖ്നൗ: സുപ്രീം കോടതിയുടെ അനുമതി കിട്ടിയതോടെ അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്കു കടക്കാനൊരുങ്ങി വിശ്വഹിന്ദു പരിഷത്തും രാമജന്മഭൂമി ന്യാസും. നാലുവര്‍ഷത്തിനകം ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യം. അയോധ്യയുടെ വിവിധ ഭാഗങ്ങളില്‍ പത്തോളം സ്ഥലത്തെ പണിശാലകളില്‍ൽ വര്‍ഷങ്ങളായി നടന്നുവരുന്ന കല്‍പ്പണികളും കൊത്തുപണികളും വേഗത്തിലാക്കാന്‍ ശ്രമം തുടങ്ങി. നിയമപരമായ നടപടക്രമങ്ങള്‍ പൂര്‍ത്തിയാക്കി ട്രസ്റ്റ് രൂപീകരിച്ച് ഔദ്യോഗികമായി നിര്‍മാണം തുടങ്ങാന്‍ മൂന്നു മാസമെടുക്കുമെങ്കിലും ഇനി ഒരു ദിവസം പോലും പാഴാക്കേണ്ട എന്നാണു സംഘപരിവാറിന്‍റെ തീരുമാനം.

കല്ലുകളില്‍ കൊത്തുപണി നടത്താന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 250ഓളം വിദഗ്ധ ശില്‍പികള്‍ കൂടിയെത്തും. ഗുജറാത്തില്‍ നിന്നുള്ള 10 തൊഴിലാളികളാണ് ഇതുവരെ കൊത്തുപണികള്‍ നടത്തിയിരുന്നത്. 212 തൂണുകളില്‍ 106 എണ്ണം മാത്രമാണു പൂര്‍ത്തിയായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മിര്‍ജാപൂരിനു പുറമെ രാജസ്ഥാനിലെ ഭരത്പുര്‍, ഗുജറാത്തിലെ സോംപുര എന്നിവിടങ്ങളില്‍ നിന്നും ശില്‍പികളെ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രീം കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ രൂപീകരിക്കുന്ന പുതിയ ട്രസ്റ്റില്‍ രാമജന്മഭൂമി ന്യാസിനെ ഉള്‍പ്പെടുത്തുന്നില്ലെങ്കില്‍ ഇതുവരെ ചെയ്തുവച്ചതെല്ലാം ആ ട്രസ്റ്റിനു വിട്ടുനല്‍കുമെന്നു ന്യാസ് വ്യക്തമാക്കിയിട്ടുണ്ട്.

ഉയരം 140 അടി, അഞ്ച് കവാടങ്ങള്‍

രണ്ടു നിലയുള്ള മഹാക്ഷേത്രമാണു സരയൂ നദിക്കരയില്‍ ഉയരുക. 140 അടി ഉയരം, 141 അടി വീതി, 270 അടി നീളം. ഇതാണു നിലവില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന ക്ഷേത്ര പ്ലാനിന്‍റെ അളവ്. താഴത്തെ നിലയിലാണു ശ്രീകോവില്‍. മുകളില്‍ രാം ദര്‍ബാര്‍. 250 ലക്ഷം ക്യുബിക്ക് അടി രാജസ്ഥാനി പിങ്ക് കല്ലുകളാണു ക്ഷേത്രത്തിന് ആവശ്യമായി വരിക. സ്റ്റീല്‍ ഉപയോഗിക്കില്ല. ക്ഷേത്രത്തിന്‍റെ വളപ്പില്‍ ധ്യാനകേന്ദ്രം, ഗവേഷണ കേന്ദ്രം, അന്നദാന മണ്ഡപം, പൂജാരിമാര്‍ക്കും സംന്യാസിമാര്‍ക്കും താമസിക്കാനുള്ള സൗകര്യം, ഭക്തര്‍ക്കുള്ള മറ്റു സൗകര്യങ്ങള്‍ എന്നിവയെല്ലാമുണ്ടാകും. ബാബര്‍ തകര്‍ക്കുന്നതിനു മുന്‍പുണ്ടായിരുന്ന രാമക്ഷേത്രത്തിനു സമാനമായ ഡിസൈനാണ് പുതിയ രാമക്ഷേത്രത്തിനും ഉണ്ടാവുക എന്നാണു വിഎച്ച്പി നേതാക്കള്‍ പറയുന്നത്. ക്ഷേത്രത്തിലേക്ക് അഞ്ചു പ്രവേശന കവാടങ്ങള്‍ നിര്‍മിക്കും. സിംഹദ്വാരം, നൃത്തമണ്ഡപം, രണ്ഡ മണ്ഡപം, പൂജാ മുറി, പരിക്രമയോടു കൂടിയ ഗര്‍ഭഗൃഹം എന്നിവയിലേക്കാണിവ തുറക്കുക.

ഡിസൈന്‍ തയാറാക്കിയത് ചന്ദ്രകാന്ത് സോംപുര

മൂന്നു പതിറ്റാണ്ടുകള്‍ക്കു മുൻപ്, 1989ല്‍, വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാള്‍ ഗുജറാത്ത് സ്വദേശിയായ ക്ഷേത്ര ശില്‍പി ചന്ദ്രകാന്ത് സോംപുരയെ അയോധ്യയിലേക്കു കൊണ്ടുപോയി. അന്നു ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ടില്ല. എന്നാല്‍, അവിടെ രാമക്ഷേത്രം നിര്‍മിക്കുക എന്ന പദ്ധതി അന്നേ വിഎച്ച്പിക്ക് ഉണ്ടായിരുന്നു. ലോകത്തെമ്പാടുമായി 131 ക്ഷേത്രങ്ങള്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ച സോംപുര കുടുംബത്തിലെ അംഗമായ ചന്ദ്രകാന്ത് അന്ന് കാലുകൊണ്ടാണ് അവിടെ അളവെടുത്തത്. കാരണം, ആ പ്രദേശമാകെ പട്ടാളത്തിന്‍റെ കാവലിലായിരുന്നു, ഒരു സ്കെയില്‍ പോലും അകത്തേക്കു കൊണ്ടുപോകാന്‍ അനുവാദമില്ലായിരുന്നു..!

ചന്ദ്രകാന്ത് തിരികെയെത്തി ബൃഹത്തായ രാമക്ഷേത്രത്തിന്‍റെ രൂപരേഖ തയാറാക്കി. നാഗര ശില്‍പ രീതിയാണ് അവലംബിച്ചത്. കരടു രേഖ തയാറാക്കി സിംഗാളിനെയും പ്രവീണ്‍ തൊഗാഡിയയെയും ഏല്‍പ്പിച്ചു. 90കളുടെ ആദ്യം കുംഭമേളയില്‍ സന്യാസിമാരുടെ ധര്‍മസംസദ് അത് അംഗീകരിച്ചു. അതോടെ വിശ്വഹിന്ദു പരിഷത്തും രാമജന്മഭൂമി ന്യാസും അതിന്‍റെ ചിത്രങ്ങള്‍ തങ്ങളുടെ പ്രചാരണത്തില്‍ ഉള്‍പ്പെടുത്തി.

ഇപ്പോള്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീം കോടതി തന്നെ അനുവാദം നല്‍കിയതോടെ 76കാരനായ ചന്ദ്രകാന്ത് ആഹ്ലാദത്തിലാണ്. തന്‍റെ പ്രയത്നം വിഫലമായില്ലെന്ന സന്തോഷം. മരിക്കും മുന്‍പ് അതു സാര്‍ഥകമാകുന്നതു കാണാനായി എന്നതില്‍ നന്ദിയോടെയുള്ള പ്രാര്‍ഥന. മകൻ ആശിഷ് സോംപുരയാണിപ്പോള്‍ കുടുംബത്തിന്‍റെ പാരമ്പര്യമായ ശില്‍പകല തുടര്‍ന്നുവരുന്നത്.

ചന്ദ്രകാന്ത് തയാറാക്കിയ രൂപരേഖയനുസരിച്ചുള്ള നിര്‍മാണങ്ങളും കൊത്തുപണികളുമാണ് ഇത്രനാളും നടന്നുവന്നത്. അടിത്തറ തയാറായിക്കഴിഞ്ഞാല്‍ മുഴുവന്‍ നിര്‍മാണവും പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് 30 മാസമെങ്കിലും വേണമെന്ന് ആശിഷ് പറയുന്നു. പിന്നെ മിനുക്കുപണികള്‍ക്കും വേണം ഏറെ സമയം.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top