കെസിആര്‍എം നോര്‍ത്ത് അമേരിക്ക: ഇരുപത്തൊന്നാമത് ടെലികോണ്‍ഫെറന്‍സ് റിപ്പോര്‍ട്ട്

Logo 2019_InPixioകെസിആര്‍എം നോര്‍ത്ത് അമേരിക്ക നവംബര്‍ 06, 2019 ബുധനാഴ്ച നടത്തിയ ഇരുപത്തൊന്നാമത് ടെലികോണ്‍ഫെറന്‍സിന്‍റെ റിപ്പോര്‍ട്ട് ചുവടെ കൊടുക്കുന്നു. രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ആ ടെലികോണ്‍ഫെറന്‍സ് ശ്രീ എ സി ജോര്‍ജ് മോഡറേറ്റ് ചെയ്തു. അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രദേശങ്ങളില്‍നിന്നുമായി വളരെ അധികം ആള്‍ക്കാര്‍ അതില്‍ പങ്കെടുത്തു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകന്‍ പ്രൊഫ. ഡോ. ജോസഫ് വര്‍ഗീസ് (ഇപ്പന്‍) ആയിരുന്നു. വിഷയം: ‘യാക്കോബായ സഭയുടെ അസ്തിത്വ പ്രതിസന്ധി ആസന്നമായ വസന്തത്തിന്‍റെ ഇടിമുഴക്കം!’ മോഡറേറ്റര്‍ ആവശ്യപ്പെട്ട പ്രകാരം വിഷയാവതാരകനായ ഇപ്പന്‍ സാറിനെ ചാക്കോ കളരിക്കല്‍ എല്ലാവര്‍ക്കും പരിചയപ്പെടുത്തി.

കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇപ്പന്‍ സാറിന്‍റെ മകള്‍ ഇന്ദുലേഖയ്ക്ക് മാരകമായ അസുഖം പിടിപെട്ട് ബെംഗളൂരുള്ള സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളേജിന്‍ ചികിത്സ തേടി. മകള്‍ മരിച്ചുപോയേക്കും എന്ന അതികഠിനമായ ഭീതിയോടെ അദ്ദേഹം ആശുപത്രിയുടെ ഇടനാഴികകളില്‍ കൂടി നടന്നു പ്രാര്‍ത്ഥിച്ചു. പ്രവര്‍ത്തിയാണ് പ്രാര്‍ത്ഥനയെന്ന് അദ്ദേഹത്തിന് പണ്ടേ ബോദ്ധ്യമുണ്ടായിരുന്നു. അതിന്‍റെ വെളിച്ചത്തില്‍ അന്ന് അദ്ദേഹമെടുത്ത പ്രതിജ്ഞയാണ് ശിഷ്ടകാലം മുഴുവന്‍ കര്‍ത്താവിന്‍റെ മുന്തിരിത്തോട്ടത്തിലെ കള പറിച്ചുകൊള്ളാമെന്ന്. സഭയിലെ ആധ്യാത്മിക കാര്യങ്ങള്‍ പുരോഹിതരിലും പള്ളിയുടെ ഭൗതക ഭരണകാര്യങ്ങള്‍ അല്‍മായരായ വിശ്വാസികളിലും എന്ന ജോസഫ് പുലിക്കുന്നേലിന്‍റെ ആശയത്തെ ഉള്‍ക്കൊണ്ടുകൊണ്ടുണ്ടായ ചര്‍ച്ച് ട്രസ്റ്റ് ബില്‍ പാസാക്കിയെടുക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ശരിയായ ഒരു മാനവ സേവനമാണെന്ന് അദ്ദേഹത്തിന് ബോധ്യമായി. അന്നുമുതല്‍ അദ്ദേഹം ചര്‍ച്ച് ട്രസ്റ്റ് ബില്ലിന്‍റെ പ്രചാരകനായി മാറി.

മാര്‍ ആലഞ്ചേരി മെത്രാപ്പോലീത്തയുടെ ഭൂമി കുംഭകോണ കേസ് പൊട്ടിപ്പുറപ്പെട്ടതും വഞ്ചിസ്ക്വയറിലെ കന്ന്യാസ്ത്രീ സമരവും ലൂസി കളപ്പുര സിസ്റ്ററിനെതിരായ ശിക്ഷണ നടപടികളും മയങ്ങി കിടന്നിരുന്ന ചര്‍ച്ച് ട്രസ്റ്റ് ബില്ലിന്‍റെ ഉയര്‍ത്തെഴുനേല്പിനും അതിന്‍റെ അതിവേഗ പ്രചാരണത്തിനും അപ്രതീക്ഷിതമായ ഉത്തേജനം ലഭിച്ചെന്ന് ഇപ്പന്‍ സാര്‍ എടുത്തു പറയുകയുണ്ടായി. ചര്‍ച്ച് ട്രസ്റ്റ് ബില്ലിന്‍റെ പ്രചാരണത്തിനിടെ പല പ്രാവശ്യം ശാരീരിക മര്‍ദനം വരെ അദ്ദേഹം ഏറ്റുവാങ്ങുകയും അതിന്‍റെ ഫലമായി ആശുപത്രിയില്‍ കിടന്ന് വൈദ്യസഹായം തേടേണ്ടിവരുകയും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന യാക്കോബായ/ ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തിലെ കോടതി വിധി നിയമത്തിന്‍റെ കണ്ണില്‍ ശരിയാകാമെങ്കിലും നീതിയുടെ പക്ഷത്തുനിന്ന് ചിന്തിക്കുമ്പോള്‍ അത് ആര്‍ക്കും ഉള്‍കൊള്ളാന്‍ സാധിക്കുകയില്ല. പള്ളിത്തര്‍ക്കത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മൊത്തം ഇരുപത്തി മൂന്നു ലക്ഷം വിശ്വാസികളില്‍ പതിനേഴു ലക്ഷം വിശ്വാസികളും യാക്കോബായ വിഭാഗക്കാരാണ്. കോടതി വിധി പ്രകാരം അവരുടെ എല്ലാ പള്ളികളും ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റേതായി മാറി. ആയിരക്കണക്കിന് ഇടവകക്കാരുള്ള ഒരു യാക്കോബായ ഇടവകയില്‍ ചുരുക്കം ചില ഓര്‍ത്തഡോക്സ് കുടുംബങ്ങള്‍ മാത്രം ഉണ്ടായിരുന്നാല്‍ പോലും ആ പള്ളി ഓര്‍ത്തഡോക്സ് വിഭാഗം ബലമായി പിടിച്ചെടുക്കുന്നത് അനീതിയാണ്. അവിടെ യേശുവിന്‍റെ സഹോദര സ്നേഹത്തിന്‍റെയും ഉപവിയുടെയും കാരുണ്യത്തിന്‍റെയും പ്രബോധനങ്ങള്‍ തമസ്ക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. ആ നിലപാട് ക്രിസ്തു അനുയായികള്‍ക്ക് ചേര്‍ന്നതല്ല.

യാക്കോബായക്കാര്‍ക്ക് പ്രതികൂലമായ ആ കോടതി വിധിയെ മറികടക്കാന്‍ ഇനി ഒരേയൊരു മാര്‍ഗമേയുള്ളു. ചര്‍ച്ച് ട്രസ്റ്റ് ബില്‍ പാസാക്കിയെടുക്കുക. നിയമസഭയില്‍ ചര്‍ച്ച് ട്രസ്റ്റ് ബില്‍ പാസാക്കിയെടുക്കാനുള്ള വലിയ ഒരു സാധ്യത ഇന്ന് കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിന് തുറന്നു കിട്ടിയിരിക്കുകയാണ്. കാരണം, യാക്കോബായക്കാരുടെ ജീവന്‍മരണ പ്രശ്നമാണത്; അവരുടെനിലനില്പിനുവേണ്ടിയുള്ള പോരാട്ടമാണത്.

നൂറ്റാണ്ടുകളായി, തലമുറകളായി സ്വന്തമായിരുന്ന ആരാധനാലയങ്ങളുംആരാധനാ സ്വാതന്ത്ര്യവും കൂദാശകളും സിമിത്തേരി തന്നെയും നഷ്ടപ്പെട്ടാലത്തെ അനുഭവം ഒന്ന് ചിന്തിച്ചുനോക്കുക. ബുദ്ധിയും നന്മയുമുള്ള മനുഷ്യര്‍ക്ക് സഹിക്കാനാവുന്നതിലും അപ്പുറമാണത്. അപ്പോള്‍ അത് യാക്കോബായക്കാരുടെ മാത്രം പ്രശ്നമല്ല. പള്ളിയുടെ സാമ്പത്തിക ഭരണത്തില്‍ ജനാധിപത്യം വേണമെന്ന് വാദിക്കുന്ന എല്ലാ നല്ല ക്രിസ്ത്യാനികളുടെയും പ്രശ്നമാണത്.

അഡ്വ ഇന്ദുലേഖ സിസ്റ്റര്‍ ലൂസി കളപ്പുരയുമായി നടത്തിയ അഭിമുഖത്തില്‍ സിസ്റ്റര്‍ ലൂസിയും ചര്‍ച്ച് ട്രസ്റ്റ് ബില്‍ ഇന്നത്തെ സംഘടിത സഭാന്തരീക്ഷത്തില്‍ അനിവാര്യമാണെന്ന് പറയുകയുണ്ടായി. അത് യേശുവിന്‍റെ കാരുണ്യ ദര്‍ശനത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും സാക്ഷാത്കാരമാണ്.

യാക്കോബായ സഭയുടെ ഇന്നത്തെ അസ്തിത്വ പ്രതിസന്ധി ആസന്നമായ വസന്തത്തിന്‍റെ ഇടിമുഴക്കമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇപ്പന്‍ സാര്‍ തന്‍റെ അരമണിക്കൂര്‍ നീണ്ടുനിന്ന വിഷയാവതരണം അവസാനിപ്പിച്ചത്. വിഷയാവതരണത്തിനുശേഷം സുദീര്‍ഘവും വളരെ സജീവവുമായ ചര്‍ച്ച നടക്കുകയുണ്ടായി. ചര്‍ച്ചയിലെ പ്രധാനപ്പെട്ട ആശയങ്ങള്‍:

ഇപ്പന്‍സാറിന്‍റെ വിഷയാവതരണം വളരെ വിവരദായകമായിരുന്നു എന്ന് കോണ്‍ഫെറന്‍സില്‍ സംബന്ധിച്ച എല്ലാവരുംതന്നെ അഭിപ്രായപ്പെടുകയുണ്ടായി.

യാക്കോബായ സഭയ്ക്ക് സുപ്രീം കോടതി വിധിയില്‍ എന്തുകൊണ്ട് പരാജയം സംഭവിച്ചു, ആ പരാജയത്തിലേക്ക് നയിച്ച ചരിത്ര വസ്തുതകള്‍ എന്തെല്ലാമെന്ന് ശ്രീ ജോസഫ് പടന്നമാക്കല്‍ കോണ്‍ഫെറന്‍സില്‍ സംബന്ധിച്ച ഒരാളുടെ ചോദ്യത്തിനുത്തരമായി വിശദീകരിച്ചു. എല്ലാവരുടെയും അറിവിലേക്കായി അതിന്‍റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു: https://padannamakkel.blogspot.com/2019/11/blog-post_10.html

ചര്‍ച്ച് ട്രസ്റ്റ് ബില്‍ നിയമമായിക്കഴിയുമ്പോള്‍ സഭാഭരണത്തില്‍ ജീര്‍ണത ഉണ്ടാകാതിരിക്കാന്‍ വിശ്വാസികള്‍ കൂടുതല്‍ ജാഗരൂകരായിരിക്കണമെന്ന് ഇപ്പന്‍ സാറും കോണ്‍ഫറന്‍സില്‍ സംബന്ധിച്ച പലരും അഭിപ്രായപ്പെടുകയുണ്ടായി. കുറെ യാക്കോബായ സഹോദരങ്ങള്‍ ഇപ്രാവശ്യത്തെ ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിച്ച് സംസാരിക്കുകയുണ്ടായി. സുപ്രീം കോടതിയുടെ വിധി കാരണം ആ സമുദായം ഇന്നനുഭവിക്കുന്ന യാതനകളെയും വേദനകളെയും സംബന്ധിച്ച് അരിസോണ സ്റ്റേറ്റില്‍ നിന്ന് ശ്രീ ചെറിയാന്‍ ജേക്കബ് വിശദമായി സംസാരിച്ചു. യാക്കോബായ സമുദായത്തിന് പള്ളികള്‍ നഷ്ടപ്പെടുന്നു; ആരാധനാ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു; വേണ്ടവിധത്തില്‍ കൂദാശകള്‍ ലഭ്യമല്ലാതാകുന്നു; ശവം സ്വന്തം പള്ളിയിലെ സിമിത്തേരിയില്‍ അടക്കം ചെയ്യാന്‍ സാധിക്കാതെ വരുന്നു.

ജനകീയ രാഷ്ട്രീയ സമ്മര്‍ദം വഴി പാര്‍ലമെന്‍റ്റിലോ അസംബ്ലിയിലോ ചര്‍ച്ച് ട്രസ്റ്റ് ബില്‍ നിയമമാക്കി എടുക്കാനുള്ള സാധ്യതകളെ സംബന്ധിച്ച് ടെലികോണ്‍ഫെറന്‍സ് വിശദമായി ചര്‍ച്ചചെയ്യുകയുണ്ടായി.

ആള്‍ കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്‍റെ (AKCAAC) ആഭിമുഖ്യത്തില്‍ നവംബര്‍ 27, 2019ല്‍ ലക്ഷം പേര്‍ പങ്കെടുക്കുന്ന തിരുവനന്തപുരം സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കുന്നതിനുവേണ്ടി കെസിആര്‍എം നോര്‍ത്ത് അമേരിക്ക എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്?തു. കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ ട്രഷറര്‍ ശ്രീ ജോര്‍ജ് നെടുവേലില്‍, ടെലികോണ്‍ഫെറന്‍സ് മോഡറേറ്റര്‍ ശ്രീ എ സി ജോര്‍ജ് തുടങ്ങിയവര്‍ നവംബര്‍ 27ലെ തിരുവനന്തപുരം സമ്മേളനത്തില്‍ കെസിആര്‍എം നോര്‍ത്ത് അമേരിക്കയെ പ്രതിനിധീകരിച്ച് സംബന്ധിക്കുന്നതുമാണ്.
വിഷയാവതാരകന്‍ ഇപ്പന്‍ സാറിനും ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിച്ച എല്ലാവര്‍ക്കും മോഡറേറ്റര്‍ ശ്രീ എ സി ജോര്‍ജ് നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിപ്പിച്ചു.

അടുത്ത ടെലികോണ്‍ഫെറന്‍സ് ഡിസംബര്‍ 11, 2019 ബുധനാഴ്ച നടത്തുന്നതാണ്.

ചാക്കോ കളരിക്കല്‍
(KCRMNA പ്രസിഡണ്ട്)

Print Friendly, PDF & Email

Related News

Leave a Comment