അവര്‍ ഇന്ത്യയിലെ ‘ധിക്കാരികളായ കന്യാസ്ത്രീകള്‍’; കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശബ്ദമുയര്‍ത്തിയ കന്യാസ്ത്രീകള്‍ക്ക് നാഷണല്‍ ജ്യോഗ്രഫിക്കിന്റെ അംഗീകാരം

anupamaകന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശബ്ദമുയർത്തിയ അഞ്ച് കന്യാസ്ത്രീകൾക്ക് ലോകപ്രശസ്ത മാസികയായ നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ആദരം. സിസ്റ്റര്‍ അനുപമയടക്കം അഞ്ച് കന്യാസ്ത്രീകളുടെ ചിത്രവും കുറിപ്പുമാണ് മാസികയുടെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സിസ്റ്റര്‍ ആല്‍ഫി, നിനാ റോസ്, ആന്‍സിറ്റ, അനുപമ, ജോസഫൈന്‍ എന്നിവര്‍ ഒന്നിച്ച് ചിരിച്ചുനില്‍ക്കുന്ന ചിത്രമാണ് കുറിപ്പിനൊപ്പം നല്‍കിയിട്ടുള്ളത്. വാഷിംഗ്ടണില്‍നിന്നു പ്രസിദ്ധീകരിക്കുന്ന നാഷണല്‍ ജ്യോഗ്രഫിക്കിന്റെ 2019 നവംബര്‍ ലക്കത്തിലാണ് ഇവരെക്കുറിച്ച് പ്രതിപാദിക്കുന്നത്.

ഇന്ത്യയിലെ “ധിക്കാരി”കളായ കന്യാസ്ത്രീകള്‍ എന്ന തലക്കെട്ടിലാണ് അഞ്ചുപേരുടെയും ചിത്രവും വിവരണവും നല്‍കിയിരിക്കുന്നത്.

“പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് അവസാനിപ്പിക്കാനും മിണ്ടാതിരിക്കാനും അവരുടെ മേലധികാരികള്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരുന്നു. പക്ഷെ അവർ കൂട്ടാക്കിയില്ല. തന്നെ ഒരു ബിഷപ്പ് പല തവണ ബലാത്സംഗം ചെയ്തുവെന്ന് കേരളത്തിലെ ഒരു കന്യാസ്ത്രി സഭാ നേതാക്കളോടു പരാതിപ്പെട്ടെങ്കിലും ഒന്നും സംഭവിക്കാതിരുന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. മാസങ്ങൾക്ക് ശേഷം 2018 സെപ്റ്റംബറില്‍ ഈ അഞ്ചുപേർ കേരള ഹൈക്കോടതിക്ക് മുമ്പിൽ രണ്ടാഴ്ചയോളം പ്രതിഷേധിച്ചു. താൻ നിരപരാധിയാണെന്ന് അവർത്തിച്ച ബിഷപ്പ് ഒടുവിൽ അറസ്റ്റിലായി”, ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

കന്യാസ്ത്രീകളെ പിന്തുണയ്ക്കുന്നതിന് പകരം അവരുടെ പ്രതിമാസ അലവന്‍സ് അടക്കം റദ്ദാക്കുകയാണ് സഭ ചെയ്തത് എന്നും കുറിപ്പിൽ പറയുന്നു. അതേസമയം ബലാത്സംഗ കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പേര് കുറിപ്പിൽ ഒരിടത്തും പ്രതിപാദിക്കുന്നില്ല.

കന്യാസ്ത്രീകളുടെ പ്രതിഷേധത്തോടെ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുകയും കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും മൂന്നാഴ്ചത്തെ ജയിൽ വാസത്തിനു ശേഷം ബിഷപ്പ് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെ തന്നെ തിരിച്ചറിയാവുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ ബിഷപ്പ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇരയായ കന്യാസ്ത്രീ രംഗത്തെത്തിയിട്ടുണ്ട്. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് ആരോപിച്ച് ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും അവര്‍ പരാതി നല്‍കിയിട്ടുണ്ട്.

സ്ത്രീകള്‍ മാറ്റത്തിന്‍റെ ഒരു നൂറ്റാണ്ട് എന്ന തലക്കെട്ടിൽ പുറത്തിറക്കിയ നവംബറിലെ പ്രത്യേക ലക്കത്തിൽ നാഷണൽ ജ്യോഗ്രഫിക് മാസികയ്ക്കൊപ്പം പുലിറ്റ്സര്‍ സെന്‍റര്‍ ഫോര്‍ ക്രൈസിസ് റിപ്പോര്‍ട്ടിങും സഹകരിച്ചിട്ടുണ്ട്. കന്യാസ്ത്രീകളുടെ സമരത്തിന് പുറമെ ഇന്ത്യയിലെ തെരഞ്ഞെടുപ്പിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ കുറിച്ചും വടക്കേ ഇന്ത്യയിലെ ഗ്രാമത്തിലെ വനിതാ സര്‍പഞ്ചിനെപ്പറ്റിയും പരാമര്‍ശിച്ചിട്ടുണ്ട്. ഇതോടൊപ്പം ലോകത്ത് പലയിടത്തും ഏറെ ശ്രദ്ധിക്കപ്പെടുകയും സമൂഹത്തിന് സംഭാവനകള്‍ നല്‍കുകയും ചെയ്ത സ്ത്രീകളെയും ഈ ലക്കത്തിൽ പരാമര്‍ശിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment