Flash News

മഹാരാഷ്ട്രയില്‍ തന്ത്രങ്ങള്‍ മെനഞ്ഞത് ബിജെപി; ശിവസേനയുമായി കൈകോര്‍ക്കുന്നത് കോണ്‍ഗ്രസിന്റെ നാശത്തിനെന്ന്

November 12, 2019

congress-sivasenaമഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് പിന്തുണ നല്‍കാനുള്ള എന്‍സിപി-കോണ്‍ഗ്രസ് തീരുമാനം ആ പാര്‍ട്ടികള്‍ക്ക് ഭാവിയില്‍ വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍. ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ മതേതര മുഖം അഴിഞ്ഞു വീഴുന്നതാവും ശിവസേന സഖ്യമെന്നാണ് കോണ്‍ഗ്രസ് അനുകൂല രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ സമ്മതിക്കുന്നത്.

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള ഗവര്‍ണറുടെ ക്ഷണം നിരസിച്ചതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. ബിജെപി ആ ക്ഷണം സ്വീകരിക്കുകയും, വിശ്വാസവോട്ട് നേടുന്നതില്‍ പരാജയപ്പെടുകയും ചെയ്യുമെന്നായിരുന്നു അവരുടെ കണക്ക് കൂട്ടല്‍. ഇതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്കും, ഉടനെയുള്ള ഒരു തെരഞ്ഞെടുപ്പിലേക്കും പോകാതിരിക്കാന്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യുന്നു എന്ന പൊതു ധാരണ പരത്താനാകും. എന്നാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കാനില്ല എന്ന് വ്യക്തമാക്കിയതോടെ ഈ തന്ത്രം പൊളിഞ്ഞു. ശിവസേനയെ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണക്കാതെ വഴിയില്ല എന്ന അവസ്ഥയിലായി അവര്‍. ജനങ്ങള്‍ തെരഞ്ഞെടുത്ത ബിജെപി സഖ്യത്തെ അധികാരത്തില്‍ നിന്ന് മാറ്റി ശിവസേനയെ പിന്തുണയ്‌ക്കേണ്ട ഗതികേട് വിശദീകരിക്കാന്‍ ഇതോടെ എളുപ്പമല്ലാതാകുമെന്നാണ് വിലയിരുത്തല്‍.

ബിജെപിയേക്കാള്‍ വലിയ വര്‍ഗ്ഗീയ കക്ഷിയാണ് ശിവസേന എന്നായിരുന്നു കോണ്‍ഗ്രസ്-എന്‍സിപി നേതാക്കളുടെ ഇതുവരെയുള്ള പ്രഖ്യാപിത നയം. മുസ്ലീങ്ങളെ ഹജ്ജിന് പോകാന്‍ സമ്മതിക്കില്ല എന്ന് വരെ പരസ്യനിലപാട് എടുക്കുന്നവരാണ് ശിവസേന. സുപ്രിം കോടതി വിധിയ്ക്ക് കാക്കാതെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണം എന്ന നിലപാടായിരുന്നു ശിവസേനയ്ക്ക്. ഏക സിവില്‍ കോഡ്, മുത്തലാഖ്, മതപരിവര്‍ത്തന നിരോധന നിയമം തുടങ്ങിയവയിലെല്ലാം തീവ്രനിലപാടാണ് ശിവസേനയ്ക്കുള്ളത്. വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന് എക്കാലത്തും കോണ്‍ഗ്രസും എന്‍സിപിയും വിശേഷിപ്പിച്ചിരുന്ന ശിവസേനയെ പിന്തുണക്കുന്നത് തങ്ങളുടെ വോട്ടു ബാങ്കായ ന്യൂനപക്ഷത്തെ പിണക്കുന്നതിന് ഇടയാക്കുമെന്നാണ് കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ ഉയരുന്ന പ്രതിഷേധ സ്വരങ്ങള്‍ വ്യക്തമാക്കുന്നത്.

ഈ സഖ്യം ഉണ്ടായാല്‍ തന്നെ അത് അധികകാലം നിലനില്‍ക്കില്ല എന്ന് ഉറപ്പാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ശിവസേനയുമായി സഖ്യം ചേര്‍ന്ന് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനാവുമോ എന്ന് നേതൃത്വം ചിന്തിക്കണമെന്നാണ് സഞ്ജയ് നിരുപത്തിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ശിവസേനാ സഖ്യം കോണ്‍ഗ്രസിന്റെ സര്‍വ്വ നാശത്തിന് ഇടയാക്കുമെന്നും നിരുപം ചൂണ്ടിക്കാട്ടുന്നു. മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ഇതേ അഭിപ്രായമുള്ള ആളാണ്. പിന്തുണ നല്‍കരുത് എന്നാണ് ഖാര്‍ഗെയും നിലപാട്.

സമാനമായ അവസ്ഥയാണ് എന്‍സിപിയും നേരിടുന്നത്. ശിവസേനാ സഖ്യത്തെ കുറിച്ച് അവര്‍ക്ക് അണികളെ ബോധ്യപ്പെടുത്താന്‍ എളുപ്പമാവില്ല. എന്‍സിപി ജയിച്ചു കയറിയ മിക്ക മണ്ഡലങ്ങളിലും എതിര്‍ സ്ഥാനാര്‍ത്ഥി ശിവസേനയായിരുന്നു. ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതോടെ ഇവിടങ്ങളില്‍ ബിജെപി ശക്തിപ്പെടുമെന്നാണ് വിലയിരുത്തല്‍. ഫലത്തില്‍ എന്‍സിപിയുടെ അടിവേര് ഇളക്കുന്ന സഖ്യമായിരിക്കും ഇതെന്ന് അണികള്‍ പറയുന്നു. താല്‍ക്കാലിക അധികാരത്തിന് വേണ്ടി സ്ഥിരം വോട്ടു ബാങ്കുകളെ കൈവിടുന്നത് ഭാവിയില്‍ വലിയ തിരിച്ചടിയാകുമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു. ഇതിലും ഭേദം എന്‍സിപി ബിജെപിയെ പിന്തുണക്കുന്നതാണെന്ന അഭിപ്രായം പല അണികള്‍ക്കും ഉണ്ട്.

എന്‍ഡിഎ സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള മാന്‍ഡേറ്റ് ഉണ്ടായിട്ടും ശിവസേന വഞ്ചിച്ചുവെന്ന ബിജെപി വാദത്തിന് സ്വീകാര്യത കൂടുതലാണ്. അവസരവാദപരമായ സഖ്യമാണ് എതിര്‍ പക്ഷത്തിന്റേത് എന്ന് സ്ഥാപിക്കാനു് എളുപ്പമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ശിവസേന ഇല്ലാതെ മഹാരാഷ്ട്രയില്‍ നേട്ടം കൊയ്യാനാകും എന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top