“അയ്യര്‍ അയ്യങ്കാര്‍ ടെക്‌നോളജി” അഥവാ മദ്രാസ് ഐഐടി; 21 ആത്മഹത്യകള്‍ നടന്ന “ബ്രാഹ്മണരുടെ അഗ്രഹാരം”

rrreeeeനാല് ദിവസങ്ങള്‍ക്ക് മുമ്പ്…. ഐഐടി മദ്രാസിലെ ഒരു വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റല്‍ റൂമില്‍ മരിച്ചുകിടക്കുന്നു, ആത്മഹത്യയെന്ന് സംശയം
ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ്….. 23 വയസ്സുള്ള വിദ്യാര്‍ത്ഥി മദ്രാസ് ഐഐടിയുടെ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു.. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്….
രണ്ട് സ്ത്രീകള്‍ മദ്രാസ് ഐഐടി ക്യാമ്പസില്‍ ആത്മഹത്യ ചെയ്ത നിലയില്‍..നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്….. ഐഐടി മദ്രാസില്‍ ഒരു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍, ഒരു മാസത്തിനിടെ രണ്ടാമത്തെ ആത്മഹത്യ..!!

രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഉത്തംഗശൃംഗത്തില്‍ കയറി നില്‍ക്കുന്ന സ്ഥാപനങ്ങളിലൊന്നായ മദ്രാസ് ഐഐടിയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകളാണിത്. എന്താണ് ഇങ്ങിനെ….? ഈ ചോദ്യത്തിന് ഒരു ഉത്തരം നല്‍കാന്‍ മദ്രാസ് ഐഐടി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെ അഞ്ച് പേരാണ് മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ ഫാത്തിമയെക്കൂടാതെ ഒരു മലയാളി വിദ്യാര്‍ത്ഥിയും കൂടി ഉള്‍പ്പെടുന്നു. പാലക്കാട് സ്വദേശിയായ, ഓഷ്യന്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി എസ് ഷഹല്‍ കോര്‍മത് 2018 സെപ്തംബറിലാണ് ആത്മഹത്യ ചെയ്തത്. മതിയായ ഹാജരില്ലാത്തതിനാല്‍ പരീക്ഷയെഴുതാനാകില്ലെന്ന ഭയമാണ് ഷഹല്‍ ജീവനൊടുക്കാന്‍ കാരണമായി പൊലീസ് പറയുന്നത്. 2018 ഡിസംബറില്‍ ഫിസിക്‌സ് വകുപ്പിലെ അധ്യാപികയായ അതിഥി സിംഹ (48) ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ ആത്മഹത്യ ചെയ്തു. കുടുംബപ്രശ്‌നങ്ങളാണ് കാരണമെന്ന് പൊലീസ് ഭാഷ്യം. കഴിഞ്ഞ ജനുവരിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ ജാര്‍ഖണ്ഡ് സ്വദേശി രഞ്ജന കുമാരി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കി. ജനുവരിയില്‍ തന്നെ ഉത്തര്‍പ്രദേശ് സ്വദേശിയായ എംടെക് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഗോപാല്‍ ബാബുവും ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തു.

ഒരു വര്‍ഷത്തിനിടയില്‍ അഞ്ച് ആത്മഹത്യകള്‍. 1981 മുതല്‍ 2016 വരെ 16 ആത്മഹത്യകള്‍. മദ്രാസ് ഐഐടിയില്‍ നിന്നും പുറത്തുവരുന്ന കണക്കുകള്‍ ആശങ്കാജനകമാണ്. എന്നാല്‍ ഐഐടി അധികൃതരും പൊലീസും മാനസിക സമ്മര്‍ദ്ദം മൂലമുള്ള ആത്മഹത്യകള്‍ എന്ന് പറഞ്ഞ് കേസുകള്‍ അവസാനിപ്പിക്കുകയാണ്. അതിനപ്പുറത്തേയ്ക്ക്, മാനസിക സമ്മര്‍ദ്ദമുണ്ടാകാനുള്ള കാരണമെന്താണെന്ന് അവര്‍ അന്വേഷിക്കാറില്ല. മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി റോയ്‌പേട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതോടെ പൊലീസിന്റെ ജോലി അവസാനിച്ചു.

രണ്ടായിരത്തിന് ശേഷം ഐഐടികളിലെ സംവരണ സീറ്റുകളില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ സമൂഹത്തില്‍ തഴയപ്പെട്ട് കിടന്നിരുന്ന വിഭാഗങ്ങളിലെ കുട്ടികള്‍ വന്‍തോതില്‍ ഐഐടികളിലേക്കെത്തി. ഇത് പലരുടെയും ജാതിമേല്‍ക്കോയ്മയ്ക്ക് ഇടിവ് തട്ടിച്ചു. അത്തരക്കാര്‍ ഈ കുട്ടികളുടെ മേല്‍ വിവേചനം അടിച്ചേല്‍പ്പിച്ചു.

”ബ്രാഹ്മണരുടെ അഗ്രഹാരമാണ് ഐഐടി മദ്രാസ്”;- ചെന്നൈ ആസ്ഥാനമായുള്ള ചെയ്ഞ്ച് ഇന്ത്യ എന്ന അഭിഭാഷക-ഗവേഷക സ്ഥാപനത്തിന്റ മേധാവി എ നാരായണന്‍ പറയുന്നു. മദ്രാസ് ഐഐടിയില്‍ പ്രവര്‍ത്തിക്കുന്ന അംബേക്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ പോലുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ഈ വിഷയം നിരവധി തവണ ഉയര്‍ത്തിക്കാട്ടി. ഐഐടിയെ അവര്‍ വിളിച്ചിരുന്നത്… ”അയ്യര്‍-അയ്യങ്കാര്‍ ടെക്‌നോളജി” എന്നാണ്. തമിഴ്‌നാട്ടിലെ ബ്രാഹ്മണ ജാതികളാണ് അയ്യരും അയ്യങ്കാരും. ന്യൂനപക്ഷ മത സമുദായങ്ങളിലും താഴ്ന്ന ജാതികളിലും പെട്ട വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ നേരിടുന്ന വിഷാത്മക അന്തരീക്ഷത്തിന്റെ ഒരു സൂചനയാണ് ഈ വിശേഷണത്തില്‍ അന്തര്‍ലീനമായിരിക്കുന്നത്.

നാല് ദിവസം മുമ്പ് കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കള്‍ ഇക്കാര്യം ശരിവെയ്ക്കുന്നു. അവളുടെ ഒരു പ്രൊഫസര്‍ മതത്തിന്റെ പേരില്‍ അവളെ അവഹേളിച്ചിരുന്നുവെന്നാണ് അവര്‍ സാക്ഷ്യപ്പെടുത്തുന്നത്. തന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് പോലും അവള്‍ ആലോചിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ടുള്ള ഒരു കുറിപ്പ്, മരിക്കുന്നതിന് 28 ദിവസം മുമ്പ് ഫാത്തിമ തന്റെ മൊബൈല്‍ ഫോണില്‍ തയ്യാറാക്കി വെച്ചിരുന്നു. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഫാത്തിമയെ ഈ ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകര്‍ മുസ്ലീമാണെന്ന കാരണത്താല്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ് ആരോപിക്കുന്നത്.

ആത്മഹത്യകള്‍ക്ക് പിന്നില്‍ മതവും ജാതിയുമാണെന്ന് ആധികാരികമായി സ്ഥിരീകരിക്കാന്‍ ഇതുവരെയും ആയിട്ടില്ല. അതിന് പ്രധാന കാരണം, ഈ വഴിയില്‍ ഒരു അന്വേഷണം നടന്നിട്ടില്ലെന്നതാണ്. ഫാത്തിമയുടെ ആത്മഹത്യയോടെയാണ് മദ്രാസ് ഐഐടികളിലെ ആത്മഹത്യകള്‍ ചര്‍ച്ചയാകുന്നത്. ബ്രാഹ്മണനായ അധ്യാപകനാണ് തന്റെ മരണത്തിന് കാരണമെന്ന ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ കുറിപ്പ്, ഐഐടിയിലെ ഒന്നാം റാങ്കുകാരിയായ, പഠിക്കണമെന്ന ഒറ്റ ചിന്തയുള്ള തങ്ങളുടെ മകള്‍, പഠനഭാരം നിമിത്തം ആത്മഹത്യ ചെയ്യില്ലെന്ന മാതാപിതാക്കളുടെ സാക്ഷ്യപ്പെടുത്തല്‍, സ്വന്തം പേരു മാറ്റണമെന്ന് ഫാത്തിമ പറഞ്ഞത്… എല്ലാം കൂട്ടിവായിക്കുമ്പോള്‍ മതപരമായ വിവേചനം അവള്‍ അനുഭവിച്ചിരുന്നുവെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഈ രീതിയില്‍ ശക്തമായ അന്വേഷണം നടത്തുക എന്നതാണ് ഇനി ചെയ്യേണ്ടത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment