കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട റബര്‍ ബോര്‍ഡ് പിരിച്ചുവിടുന്നതാണ് ഉചിതം: ഇന്‍ഫാം

Titleകോട്ടയം: റബര്‍ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ റബര്‍ബോര്‍ഡ് പരാജയപ്പെട്ടിരിക്കുന്നുവെന്നും വ്യവസായികളുടെ ഇടനിലക്കാരും രാഷ്ട്രീയനേതൃത്വങ്ങളുടെ ഇടത്താവളവുമായി അധഃപതിച്ച റബര്‍ബോര്‍ഡ് ഈ രീതിയില്‍ തുടരുന്നതിലും ഭേദം പിരിച്ചുവിടുകയാണ് ഉചിതമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

കര്‍ഷകരെ അവഗണിച്ച് വ്യവസായികളെ സംരക്ഷിക്കുന്ന റബര്‍നയത്തിന് ഒത്താശ ചെയ്തത് റബര്‍ ബോര്‍ഡാണ്. ഏറ്റവും കുറഞ്ഞ ചെലവില്‍ വ്യവസായികള്‍ക്ക് അസംസ്കൃത റബര്‍ എത്തിക്കുന്ന ഏജന്‍റ്മാരായി റബര്‍ബോര്‍ഡ് അധഃപതിച്ചിരിക്കുമ്പോള്‍ ഈ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലൂടെ കര്‍ഷകര്‍ക്ക് വരും നാളില്‍ ഒരു നേട്ടവുമുണ്ടാകില്ലെന്നുറപ്പാണ്. കേന്ദ്രസര്‍ക്കാര്‍ ബജറ്റിലൂടെ നല്‍കുന്ന തുകപോലും ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും ബോര്‍ഡിന്‍റെ അനുദിനപ്രവര്‍ത്തനങ്ങള്‍ക്കും മാത്രമായി ചെലവഴിക്കപ്പെടുന്നു. ഒരു കിലോ ഷീറ്റ് റബറിന്‍റെ ഉല്പാദനച്ചെലവ് 172 രൂപയാണെന്ന് റബര്‍ ബോര്‍ഡ് നല്‍കിയ കണക്കുകള്‍ കേന്ദ്രവാണിജ്യമന്ത്രി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുകയുണ്ടായി. എന്നിട്ടും വിലത്തകര്‍ച്ചയില്‍ റബര്‍ കര്‍ഷകരെ സംരക്ഷിക്കുന്ന ഒരു നടപടിക്കും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാഷ്ട്രീയ നിയമനങ്ങളിലൂടെ റബര്‍ബോര്‍ഡ് ഡയറക്ടര്‍മാരായിരിക്കുന്നവര്‍ പോലും കര്‍ഷകര്‍ക്ക് രക്ഷയേകുന്ന ഒരു ശ്രമങ്ങളും നടത്തുന്നില്ല.

നാളുകളായി റബര്‍വില 120 രൂപയിലൊതുങ്ങി നില്‍ക്കുമ്പോള്‍ യാതൊരു വിപണി ഇടപെടലുകളും നടത്താതെ ബോര്‍ഡ് ഒളിച്ചോടുന്നത് കര്‍ഷകദ്രോഹമാണ്. അസംസ്കൃത റബറിന്‍റെ ഇറക്കുമതി നിയന്ത്രിക്കാന്‍ ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്ന വ്യാപാരക്കരാറുകളില്‍ വ്യവസ്ഥകളുണ്ടെങ്കിലും നടപ്പിലാക്കുവാന്‍ ഇടപെടാതെ ബോര്‍ഡ് റബര്‍ ഇറക്കുമതിക്ക് ഒത്താശചെയ്യുന്നു. റബറിന് അടിസ്ഥാനവിലയും പരമാവധി വിലയും നിശ്ചയിക്കുവാന്‍ റബര്‍ ആക്ടിന്‍റെ 13-ാം വകുപ്പ് അട്ടിമറിക്കപ്പെടുന്നത് ഇന്‍ഫാം കോടതിയില്‍ ഇപ്പോള്‍ ചോദ്യം ചെയ്തിരിക്കുകയാണ്. റബര്‍ ബോര്‍ഡിന്‍റെ പേരില്‍ വ്യവസായികള്‍ സംഘടിപ്പിക്കുന്ന റബര്‍മീറ്റ് പ്രഹസനമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് കൊച്ചിയില്‍ നടന്ന റബര്‍മീറ്റില്‍ ഇന്‍ഫാം ഉള്‍പ്പെടെയുള്ള കര്‍ഷകപ്രസ്ഥാനങ്ങള്‍ പങ്കെടുക്കാതെ ബഹിഷ്കരിച്ചത്. അടുത്തവര്‍ഷം ചെന്നൈയില്‍ സംഘടിപ്പിക്കുന്ന റബര്‍മീറ്റും വ്യവസായി ഉദ്യോഗസ്ഥ മാമാങ്കത്തിനപ്പുറം കര്‍ഷകര്‍ക്ക് യാതൊരു നേട്ടവുമുണ്ടാക്കില്ലെന്നും റബര്‍കര്‍ഷകര്‍ ബഹിഷ്കരിക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ. ആന്‍റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News