Flash News

കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകളുണ്ടാക്കുന്നവര്‍ പിടിക്കപ്പെടാതെ പോകുന്ന ദൈവത്തിന്‍റെ സ്വന്തം നാട്

November 15, 2019 , ബ്ളസന്‍ ഹൂസ്റ്റന്‍

photo new-smallപതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കുടുംബത്തിലെ ഏഴ് പേരെ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയത് കണ്ടുപിടിക്കാന്‍ കേരളാ പോലീസിന് ദിവസങ്ങള്‍ മാത്രമെ എടുത്തുള്ളു. തെളിവുകള്‍ ഇല്ലാത്ത രീതിയില്‍ കൊലപ്പെടുത്തിയിട്ടും ശാസ്ത്രീയപരമായിട്ടും വിദഗ്ദ്ധ ചോദ്യം ചെയ്യലിലും പ്രതിയെ പിടിക്കാനുള്ള തെളിവുകള്‍ കണ്ടെത്തി പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കേരളാ പോലീസിനു കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലെ അതിനൂതന കുറ്റാന്വേഷണ സംവിധാനങ്ങളോ സാങ്കേതിക വിദ്യകളോ ഒന്നും തന്നെ ഇല്ലാതായിട്ടു കൂടി ആ കേസിന് തുമ്പുണ്ടാക്കാന്‍ കേരളാ പോലീസിനു കഴിഞ്ഞെങ്കില്‍ ആ കഴിവിനെ അംഗീകരിക്കുക തന്നെ വേണം. വളരെയേറെ പരിമിതികള്‍ക്കും പരിവട്ടങ്ങള്‍ക്കുമിടയില്‍ നിന്നു കൊണ്ട് കുറ്റം തെളിയിക്കാന്‍ കേരളാ പോലീസിനു കഴിയുന്നെങ്കില്‍ അതുപോലെ തന്നെ എത്ര തെളിവുകള്‍ മുന്നിലുണ്ടെ ങ്കിലും ആ പ്രതിക്ക് വിലങ്ങു വയ്ക്കാതെ അയാളെ രക്ഷിക്കാനും കേരളാ പോലീസിനു കഴിയും കഴിഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയ ഭരണവര്‍ഗ്ഗത്തിന്‍റെ കൂച്ചുവിലങ്ങ് ഉണ്ടാകുകയോ പ്രതിപട്ടികയിലുള്ളവരുടെ കീശയിലെ കാശില്‍ മയങ്ങിപ്പോകുകയോ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വാദിയെ പ്രതിയാക്കാനും ദൃക്സാക്ഷികളുണ്ടെങ്കിലും പ്രതികള്‍ക്കെതിരെ തെളിവില്ലാതാക്കാനും കഴിയും.

അതു തന്നെയാണ് കേരള ജനതയുടെ നൊമ്പരമായിതീര്‍ന്ന വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകത്തിലും സംഭവിച്ചിരിക്കുന്നത്. മതിയായ തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന് കഴിയാതെ പോകുകയോ ഇല്ലാത്ത സാഹചര്യത്തിലോ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് എതിരെ ശിക്ഷാ നടപടികള്‍ എടുക്കാന്‍ കഴിയില്ലെന്ന കണ്ടെത്തലാണ് കോടതിയില്‍ നിന്ന് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിന് കാരണമെന്നതത്രെ. തെളിവുകള്‍ കണ്ടെത്തി പ്രതികളെ കോടതിക്കു മുന്നില്‍ ഹാജരാക്കേണ്ട ഉത്തരവാദിത്വം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണുള്ളത്.

ഒരു വ്യക്തി കൊല്ല പ്പെടുകയോ അസ്വാഭാവികമായി മരണപ്പെടുകയോ ചെയ്യുകയോ അതല്ലെങ്കില്‍ മരണപ്പെട്ട വ്യക്തിയുടെ മരണത്തില്‍ ആരെങ്കിലും സംശയമോ ദുരൂഹതയോ ആരോപിക്കുകയോ ചെയ്താല്‍ അതിനുമേല്‍ പ്രാരംഭ നടപടിയെടുക്കേണ്ടത് പോലീസാണ്. പ്രാഥമിക അന്വേഷണത്തില്‍ കൂടി മതിയായ തെളിവുകള്‍ ലഭിച്ചില്ലെങ്കില്‍ കൂടി അതിന്‍റെ സത്യാവസ്ഥ കണ്ടെത്തേണ്ട ഉത്തരവാദിത്വം പോലീസിനാണ്. അഡ്മിനിസ്ട്രേറ്റീവ് ജുഡീഷ്യറിയുടെ അനുവാദത്തോടുകൂടി പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഉത്തരവാദിത്വം പ്രാദേശീക പോലീസ് വിഭാഗത്തിനാണ്. പോസ്റ്റുമോര്‍ട്ടത്തില്‍ കൂടി കണ്ടെത്തിക്കഴിഞ്ഞാല്‍ അതിന്‍റെ പിന്നിലെ കാരണവും കാരണക്കാരേയും കണ്ടെത്തേണ്ട ചുമതല അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ അതിനു പ്രത്യേക വിഭാഗമുണ്ടെങ്കിലും നമ്മുടെ കേരളത്തില്‍ പ്രാരംഭ അന്വേഷണവും മറ്റും പ്രാദേശിക പോലീസിനാണ്.

കേസുകള്‍ അട്ടിമറിക്കപ്പെടുന്നതും കേസുകള്‍ക്ക് തെളിവുണ്ടാകുന്നതും എല്ലാം ആദ്യം നടക്കുന്നത് പ്രാദേശിക പോലീസിന്‍റെ അന്വേഷണത്തിലാണ്. കേസിന് തുമ്പുണ്ടാകുന്നതും തുമ്പുണ്ടാക്കുന്നതും അവിടെയാണ്. അത് ആ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനെ ആശ്രയിച്ചിരിക്കും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അവരുടെ മനോഭാവവും സ്വഭാവ രീതിയു മനുസരിച്ചായിരിക്കും. അഴിമതിയും ധനമോഹിയുമായ ഉദ്യോഗസ്ഥനാണെങ്കില്‍ രാഷ്ട്രീയക്കാര്‍ക്ക് പ്രിയപ്പെട്ടവനും ഭരണചക്രം തിരിക്കുന്നവരുടെ ഇംഗിതത്തിനു വഴങ്ങി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനുമാണെങ്കില്‍ കേസ് ഏത് രീതിയിലും അട്ടിമറിക്കപ്പെടാം. കൊലപാതകത്തെ കൈയ്യബദ്ധമായോ അസ്വാഭാവിക മരണത്തെ സ്വാഭാവിക മരണമായോ ഒക്കെ മാറ്റാന്‍ ആ ഉദ്യോഗസ്ഥനു കഴിയും. അദ്ദേഹം അതിനു തക്കതായ തെളിവുകളുമായി കേസില്‍ അന്വേഷണം നടത്തുകയും കേസിനെ അട്ടിമറിക്കപ്പെടുകയും ചെയ്യാന്‍ കഴിയും. എന്നാല്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനാണെങ്കില്‍ ആ അന്വേഷണത്തില്‍ നീതി പ്രതീക്ഷിക്കാം. എന്നാല്‍ പ്രതി ശക്തനും ഭരണ മുന്നണിയില്‍ സ്വാധീനമുള്ളവനുമാണെങ്കിലും കേസ് അട്ടിമറിക്കും. ആദര്‍ശധീരനായ സത്യസന്ധനായ അന്വേഷണ ഉദ്യോഗസ്ഥനെ കേസ്സന്വേഷണത്തിന്‍റെ ചുമതലയില്‍ നിന്ന് മാറ്റുകയോ സ്ഥലം മാറ്റപ്പെടുകയോ ചെയ്താല്‍ മതിയാകും. ഇനിയും കേസ് വിവാദമായാല്‍ അത് ക്രൈംബ്രാഞ്ചിന് കൈമാറുകയെന്നതാണ് മറ്റൊരു രീതിയെങ്കില്‍ അതിലും അട്ടിമറികള്‍ക്ക് ഏറെ സാദ്ധ്യതയുണ്ട്.

ഏത് അന്വേഷണത്തെയും അട്ടിമറിക്കാന്‍ ഭരണത്തിലിരിക്കുന്നവര്‍ക്കും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും കഴിയുമെന്ന തിന്‍റെ തെളിവാണ് തെളിവുകള്‍ ഏറെയുണ്ടായിട്ടും വാളയാറിലെ പ്രതികളെ രക്ഷപ്പെടു ത്താന്‍ പഴുതുകളൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണ രീതി. അവര്‍ അതിനായി കണ്ടെത്തിയ പഴുതുകളാണെങ്കില്‍ ഏറെ വിചിത്രമായതുമാണ്. കുട്ടിത്തം മാറാത്ത പ്രായത്തില്‍ സ്വന്തം ഇഷ്ടപ്രകാരം ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടുയെന്നതാണ് അവരുടെ കണ്ടെത്തലെങ്കില്‍ കേരളത്തില്‍ ഏതന്വേഷണത്തേയും അട്ടിമറിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരും ഉണ്ടെന്നു ചിന്തിക്കണം. അവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ യാതൊരു സംശയവും നല്‍കാതെ അംഗീകരിച്ച നീതിപീഠത്തിന്‍റെ പ്രവര്‍ത്തിയും ചിന്തിക്കേണ്ടതാണ്.

നൂറ് ശതമാനം സാക്ഷരതയെന്നതില്‍ ഊറ്റം കൊള്ളുന്ന കേരളത്തിലാണ് ഇത്തരത്തിലൊരു അന്വേഷണ റിപ്പോര്‍ട്ടും അതില്‍ അതിശയമോ അത്ഭുതമോ ഒന്നും തോന്നാത്ത രീതിയിലുള്ള വിധി പ്രഖ്യാപനവും വന്നതെങ്കില്‍ മലയാളിക്ക് ഉത്തരേന്ത്യയെ നോക്കി കരയാനോ പ്രതിഷേധിക്കാനോ ഉള്ള അവകാശമില്ല. നീതി നിഷേധവും നിയമ നിഷേധവും നടക്കുന്ന ഉത്തരന്ത്യേയില്‍ നോക്കി ആക്രോശം കൊള്ളുന്ന നാം സ്വന്തം മുറ്റത്ത് അതിലപ്പുറം നടക്കുന്നുണ്ട് എന്ന വസ്തുത കണ്ടില്ലെന്നു നടിക്കുന്നുയെന്നതിന്‍റെ തെളിവാണ് വാളയാര്‍.

വാളയാറില്‍ പ്രതികള്‍ നിയമത്തിന്‍റെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടെങ്കില്‍ അതിനു കാരണക്കാര്‍ ആ കേസ് അന്വേഷണ ഉദ്യോഗസ്ഥരാണ്. കാരണം രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം ഒരുക്കികൊടു ത്തുകൊണ്ട് കേവലം ഒരു അറസ്റ്റ് എന്ന നാടകം മാത്രമാണ് അവരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതു തന്നെ. വാളയാറില്‍ മാത്രമല്ല കേരളത്തില്‍ ഇത്തരത്തില്‍ എത്രയോ സംഭവങ്ങള്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ട്. സിസ്റ്റര്‍ അഭയ കൊലക്കേസ് മുതല്‍ ആ പരമ്പര നീളുന്നുണ്ട്. അന്വേഷണമെന്ന ഒരു പ്രഹസ്സനം നടത്തി പ്രതികളെന്നു സംശയിക്കുന്നവരെ ചോദ്യം ചെയ്ത് കേവലം അറസ്റ്റ് എന്ന ഒരു കര്‍മ്മം നടത്തി ക്കഴിഞ്ഞാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് തടിയൂരാമെന്നതാണ് ചിന്ത. കാശുള്ളവന് പഴുതുകളൊരുക്കിയും ഇല്ലാത്തവന് വിലങ്ങിട്ടും ഇത്തരം അന്വേഷണ രീതി തുടങ്ങിയിട്ട് കാലം ഏറെയായെങ്കില്‍ അതിനു കാരണം പഴുതുകളൊരുക്കുന്ന ഉദ്യോഗസ്ഥര്‍ പിടിക്കപ്പെടാതെ പോകുന്നുയെന്നതാണ്. ഈ അടുത്ത കാലത്ത് ചില സംഭവങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തില്‍ കുറ്റക്കാരായി കണ്ടെത്തുകയും അവര്‍ക്കെതിരെ നടപടിയുണ്ടാക്കുകയും ചെയ്തതൊഴിച്ചാല്‍ ഭൂരിഭാഗം സംഭവങ്ങളിലും കോടതി ഒരു പരാമര്‍ശനം നടത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടാകാറില്ല. അതുകൊണ്ടു തന്നെ ഇത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

കുറ്റം ചെയ്തവരെപ്പോലെ തന്നെ ശിക്ഷാര്‍ഹരാണ് കുറ്റം ചെയ്തവരെ സംരക്ഷിക്കുന്നവരും. എന്നാല്‍ ഇവരിലൊന്നും പെടാത്തവരാണ് കുറ്റം ചെയ്തവര്‍ക്ക് പഴുതുകള്‍ സൃഷ്ടിച്ച് അവരെ രക്ഷപ്പെടുത്തുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍. എന്നാല്‍ അവരെ ശിക്ഷിക്കാനോ അവര്‍ക്കെതിരെ നടപടിയെടുക്കാനോ കഴിയാറില്ല. കാരണം അതിനുള്ള തെളിവുകള്‍ ഇല്ലാത്ത രീതിയിലായിരിക്കും അവരുടെ പ്രവര്‍ത്തികള്‍. അന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തുകയും അവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യാനുള്ള സംവിധാനം ഉണ്ടായാല്‍ അന്ന് തീരും ഇത്തരത്തിലുള്ള സംഭവങ്ങള്‍.

പഴുതുകള്‍ എന്ന പിഴവുകള്‍ കണ്ടെത്തുന്നപക്ഷം അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശക്തമായ സംവിധാനം ഉണ്ടെന്നുള്ള ചിന്താഗതി വന്നാല്‍ പോലും ഇതിന് അറുതി വരുത്താന്‍ കഴിയും. കള്ളനെ പിടിച്ചാല്‍ മാത്രം പോരാ കള്ളനു പായ് വിരിച്ചവനെയും പിടിമുറുക്കുന്ന നിയമവും നിയമസംഹിതയും ഉണ്ടാകണം. ഏത് നിയമം കൊണ്ടുവന്നാലും അതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും രക്ഷപ്പെടുത്താമെന്നും ചിന്തിക്കുന്ന നിയമ വിദഗ്ദ്ധരുണ്ടെങ്കില്‍ അതിനും പഴുതുകള്‍ കണ്ടെത്തുമെങ്കിലും ഒരു പരിധിവരെ ഇത്തരം പിഴവുകളും ഉദ്യോഗസ്ഥരുടെ അനാസ്ഥയും നിയന്ത്രിക്കാനും ഏറെക്കുറെ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും കഴിയും. ആ ഭയം അവരിലുണ്ടെങ്കില്‍ അത്തരം പ്രവര്‍ത്തികള്‍ നിയന്ത്രിക്കാന്‍ കഴിയും.

ഇനിയും മൂന്നാമതൊരു കൂട്ടരാണ് സര്‍ക്കാര്‍ ശമ്പളവും വാങ്ങി ഇരയ്ക്കൊപ്പമെന്ന പേരില്‍ പ്രതിക്കൊപ്പം നില്‍ക്കുന്ന പബ്ലിക് പ്രൊസിക്യൂട്ടര്‍മാര്‍. പല കേസ്സുകളിലും പ്രൊസിക്യൂട്ടര്‍മാരും പ്രതികളുടെ അഭിഭാഷകരുമായി ഒത്തുകളി നടത്താറുണ്ടെങ്കിലും അതും ആര്‍ക്കും കണ്ടുപിടിക്കാനോ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനോ കഴിയാറില്ല. വാളയാറില്‍ പല കൂട്ടുകെട്ടുകള്‍ ഒന്നിച്ച് വന്ന് പ്രതികളെ രക്ഷപ്പെടുത്തിയപ്പോള്‍ നിയമത്തിന് വെറും നോക്കുകുത്തിയാകാനെ കഴിഞ്ഞുള്ളു. കാരണം തെളിവുകളുടെ ബലക്ഷയവും പഴുതുകളുടെ വിടവും തന്നെ.

ഈ അവസ്ഥ തുടര്‍ന്നാല്‍ ഇതിനു സമാനമായ സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും. ഒരു മെഴുകുതിരി പ്രദക്ഷിണം കൊണ്ടോ സോഷ്യല്‍ മീഡിയ വിപ്ലവം കൊണ്ടോ അതിന് പരിഹാരമാകില്ല. അതൊക്കെ ഒരു ചെറിയ കാലയളവുകൊണ്ട് മാഞ്ഞുപോകും അതിനെ മറക്കാന്‍ മറ്റൊരു സംഭവവും വിഷയവും വരുന്നതോടെ അതിന്‍റെ പുറകെ ജനം ഓടും. ഇവിടെ അന്വേഷണ സംവിധാനങ്ങളില്‍ ഒരു പൊളിച്ചെഴുത്തും കൂടിയേ തീരു. ഒരു കേസന്വേഷിച്ചാല്‍ അത് കോടതിയില്‍ പരാജയപ്പെട്ടാല്‍ അതിന്‍റെ ഉത്തരവാദിത്വത്തിന്‍റെ പ്രഥമ പങ്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാരിയിക്കും. അതിനുശേഷം അതുമായി ബന്ധപ്പെട്ട മറ്റുള്ള വിഭാഗത്തിനും ഒപ്പം പബ്ലിക് പ്രൊസിക്യൂട്ടര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കുമായിരിക്കും. അവരെക്കൊണ്ട് ഉത്തരം പറയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിനു കഴിയണം. അന്ന് ഒരു പരിധിവരെ ഇതിനൊരു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top