Flash News

ജെയിംസ് കുരീക്കാട്ടിലിന്‍റെ സദാചാര തര്‍ക്കങ്ങള്‍; മലയാളിയുടെ കപട സദാചാര ബോധത്തിന് നേരെ പിടിച്ച കണ്ണാടി

November 16, 2019 , ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്

Mallu2യാഥാര്‍ത്ഥ്യവും ഭാവനയും സമന്വയിക്കുമ്പോഴാണ് ഒരു നല്ല സര്‍ഗ്ഗ സൃഷ്ടി ഉണ്ടാകുന്നത്. നേരനുഭവങ്ങള്‍ പച്ചയായി വിവരിച്ചും, സൗഹൃദ സദസ്സുകളില്‍ ഉടലെടുത്ത വര്‍ത്തമാനങ്ങളെയും തര്‍ക്കങ്ങളെയും അറിവിന്‍റെ പുതിയ ഉറവകളാക്കിയും ജെയിംസ് കുരീക്കാട്ടില്‍ തന്‍റെ സ്വതസിദ്ധമായ വേറിട്ട ശൈലിയില്‍ എഴുതി സമാഹരിച്ച ‘മല്ലു ക്ലബ്ബിലെ സദാചാര തര്‍ക്കങ്ങള്‍’ തികച്ചും വ്യത്യസ്തമായ എഴുത്തുകളാണ്. മലയാളിയുടെ ഉള്ളിലുറച്ചു പോയ ശീലങ്ങളും അശ്ലീല ചിന്തകളും, തീവ്ര ദേശീയ ബോധവും, വികലമായ കപട സദാചാര ബോധവും, സ്ത്രീ പുരുഷ സമത്വവുമൊക്കെ വിഭിന്ന കഥാപാത്രങ്ങളിലൂടെ തര്‍ക്കങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. പാശ്ചാത്യ ലോകത്തേക്ക് കുടിയേറിയ സാധാരണക്കാരായ മലയാളികളുടെ വികാര വിചാരങ്ങളും ആനുകാലിക വിഷയങ്ങളെക്കുറിച്ചുള്ള അറിവും അജ്ഞതയും ചിന്തകളും ആദ്യത്തെ ഒമ്പത് കഥകളില്‍ തര്‍ക്കങ്ങളായാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം പകുതിയില്‍ ജോലി സ്ഥലത്തെ അമേരിക്കക്കാരുമായുള്ള അനുഭവങ്ങളെ ആത്മഗതങ്ങളാക്കി കഥാരൂപത്തില്‍ ആവിഷ്കരിച്ചിരിക്കുന്നതും മനോഹരമായിരിക്കുന്നു.

appleoct17 044

ഡോ. മാത്യു ജോയ്സ്

ഈ ലോകത്തില്‍ ഉപയോഗശൂന്യമായ ഒരു പുല്‍ക്കൊടി പോലുമില്ലെന്ന് ആയുര്‍വേദ ആചാര്യന്മാര്‍ പറയുന്നു. അതുപോലെ എന്ത് കിട്ടിയാലും, അതില്‍ വികാരവും വിചാരവും നര്‍മ്മവും ചേര്‍ത്ത് തന്‍റെ ആവിഷ്കാരത്തില്‍ സര്‍ഗഗാത്മകത മെനഞ്ഞെടുക്കുന്ന കഥാകൃത്തിന്‍റെ തര്‍ക്ക ചിന്തകള്‍ക്കുള്ള ആസ്വാദ്യത അനുവാചകരില്‍ രോമാഞ്ചം ഉളവാക്കുമെന്നതില്‍ സംശയമില്ല. ഈ സമാഹാരത്തിന്‍റെ പുറം ചട്ടയില്‍ പോലും നാം നേരെ മുമ്പില്‍ നിന്ന് കാണുന്ന യക്ഷിയുടെ നഗ്നതയെ മറച്ച് പിടിച്ച് പിന്നിലൂടെ യക്ഷിയുടെ നഗ്ന സൗന്ദര്യം നമുക്ക് വെളിവാക്കുന്ന കാല്പനികതയാണ് ജയിംസിന്‍റെ എഴുത്തുകളുടെ സവിശേഷത. സദാചാരം പറഞ്ഞു നടക്കുന്ന സാധാരണക്കാരന് ഈ പുസ്തകത്തിന്‍റെ പുറം ചട്ട മറ്റൊരു കവര്‍ കൊണ്ട് പൊതിഞ്ഞു നടക്കണമെന്ന് തോന്നിയേക്കാം. പുസ്തകം തുറന്ന് വായിക്കാന്‍ തുടങ്ങുമ്പോള്‍ വായനക്കാരന്‍റെ മനസ്സിലെ കപട സദാചാര ബോധം ഉരിഞ്ഞു വീഴുവാന്‍ തുടങ്ങും. മലയാളിയുടെ അശ്ലീല ചിന്തകളാണ് എന്‍റെ സദാചാര തര്‍ക്കങ്ങളിലുള്ളതെന്ന് പരോക്ഷമായി പറയുന്ന ജെയിംസ് കുരീക്കാട്ടിലിന്‍റെ തികച്ചും വ്യത്യസ്തമായ ശൈലികള്‍ വായിക്കുമ്പോള്‍, ഇംഗ്ലീഷ് എഴുത്തുകാരിയായ സൂസന്‍ മിനോട്ടിന്‍റെ ‘ലസ്റ്റ്’, മിലന്‍ കുന്ദേരയുടെ’ ദി അണ്‍ ബെയറബിള്‍ ലെറ്റ്നെസ് ഓഫ് ബീയിംഗ്’, എന്നിവയിലെ നേരിയ അശ്ലീല കുസൃതി തരങ്ങളുടെ ലാഞ്ചന തോന്നിയത് യാദൃശ്ചികമായിരിക്കാം.

ഒന്നാം ഭാഗമായി തര്‍ക്കങ്ങളിലെ ആദ്യത്തെ കഥയുടെ പേര് ‘ലെസ്ബിയന്‍ ഡാനക്ക് ഒരു വോട്ട്’ എന്നാണ്. ലൈംഗിക ന്യൂനപക്ഷങ്ങളെ ആധാരമാക്കിയുള്ള ഒരു കഥയാണ് ഇത്. പുരുഷ മേധാവിത്വ ചിന്തകളും തലയിലേറ്റി നടക്കുന്നവരാണ് മിക്കവാറും മലയാളി പുരുഷന്മാര്‍. അത് പോലെ തന്നെ മലയാളിയുടെ മറ്റൊരു അബദ്ധ ധാരണയാണ് ഗേ, ലെസ്ബിയന്‍, ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങിയ ലൈംഗിക ന്യൂനപക്ഷങ്ങള്‍ മനോരോഗികളും പ്രകൃതി വിരുദ്ധരും ആണെന്നുള്ളതും. അതിനവര്‍ കൂട്ടുപിടിക്കുന്നത് ബൈബിളിലെ സോദോം ഗോമോറ കഥകളെയാണ്. എന്നാല്‍ ആ കഥകളിലാണ് അതിലേറെ അശ്ലീലമുള്ളതെന്ന് നമ്മള്‍ അറിയുന്നുമില്ല. മലയാളി ഏറെ കാലമായി തലയിലേറ്റി നടക്കുന്ന ഇത്തരം അസംബന്ധങ്ങളെയാണ് ഈ കഥയില്‍ കഥാകൃത്ത് പൊളിച്ചെഴുതുന്നത്.

രണ്ടാമത്തെ കഥയായ ‘ലൂക്കായുടെ അമേരിക്കന്‍ പൗരത്വത്തില്‍’ പ്രവാസിയുടെ സ്വന്തം നാടിനോടുള്ള ഇഷ്ടവും സ്നേഹവുമാണ് തര്‍ക്ക വിഷയമാകുന്നത്. എങ്കിലും കേരളത്തില്‍ ഇനിയും മലയാളികള്‍ അവശേഷിക്കുന്നത് വിദേശത്തേക്ക് വിസ കിട്ടാത്തത് കൊണ്ടാണെന്ന് ആ സ്നേഹത്തെ പരിഹസിക്കാനും കഥാകൃത്ത് മടിക്കുന്നില്ല. കൊട്ടിഘോഷിക്കുന്ന ഭാരതീയ കുടുംബ മൂല്യങ്ങളുടെ നിലനില്‍പ്പ് നമ്മുടെ സ്ത്രീകളുടെ സഹനത്തിലും ക്ഷമയിലും ആണെന്ന് സമര്‍ത്ഥിക്കുന്ന കഥാകൃത്ത് സ്ത്രീ പുരുഷ സമത്വത്തെ പ്രോത്സാഹിപ്പിക്കുന്നത് പ്രശംസനീയം തന്നെ.

മാതാ ഹരിയും മല്ലു ക്ലബ്ബും തര്‍ക്ക വിഷയങ്ങളില്‍ മൂന്നാമത്തെ കഥയാണ്. സങ്കുചിത മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായ ആവിഷ്കാര സ്വാതന്ത്ര്യത്തെ വിശകലനം ചെയ്യുന്നു ഈ കഥയില്‍. മാതാഹരിയെ ചാരവൃത്തി ആരോപിച്ച് വധശിക്ഷക്ക് വിധേയമാക്കിയപ്പോള്‍, ‘അവള്‍ വസ്ത്രത്തിന്‍റെ ബട്ടണുകള്‍ അഴിച്ച് മാറില്‍ വെടിയുണ്ടകള്‍ ഏറ്റു വാങ്ങി മരണം വരിച്ചു’ എന്ന് പറയുമ്പോള്‍ കൂടുതല്‍ വിവരിക്കാതെ റീനി കോക്സിന്‍റെ ‘യോ മാമാ ലാസ്റ്റ് സപ്പര്‍’ നെ കുറിച്ച് പറഞ്ഞത് നന്നായി. ചര്‍ച്ചയില്‍ ബുദ്ധിജീവികള്‍ പങ്കെടുക്കുമ്പോള്‍ വിജ്ഞാനം മറ്റുള്ളവരിലേക്ക് പകരും. ഉദാഹരണമായി ‘മല്ലു’ മലയാളിയെ ചുരുക്കി പറയുന്ന വാക്കാണെങ്കിലും ഹിന്ദിയില്‍ മല്ലു എന്നാല്‍ കുരങ്ങാണെന്നു പറയുമ്പോള്‍ ഹിന്ദിക്കാരന്‍റെ മല്ലു പ്രയോഗത്തിലെ പരിഹാസ്യത ബോധ്യമാക്കിയത് നന്നായി. ഒരു ചിത്രത്തില്‍ നഗ്നത ഉണ്ടായാല്‍ അതിനെ അശ്ലീലമായി കാണുന്ന നമ്മുടെ പ്രവണത തെറ്റാണെന്ന് സമര്‍ത്ഥിക്കുന്നതിലും കഥാകൃത്ത് വിജയിച്ചിരിക്കുന്നു.

കൊട്ടിയൂരെ വൈദികന്‍ ലൈംഗിക പീഡനത്തില്‍ തുടങ്ങി നാട്ടില്‍ അടുത്ത കാലത്ത് അഴിഞ്ഞാടുന്ന സകല മതാചാര്യന്മാരുടെ പീഡന കഥകളും തര്‍ക്ക വിഷയമാകുന്ന കഥയാണ് ‘ലൈംഗിക സദാചാര തര്‍ക്കങ്ങള്‍’ എന്ന നാലാമത്തെ കഥ. കുട്ടികളും കന്യാസ്ത്രീകളും വരെ വൈദികരാല്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കപ്പെടുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഇതിലെ ഇതിവൃത്തം. ‘നിങ്ങളുടെ പാപ്പമെങ്കിലും എന്നെ ഒന്ന് കാണാന്‍ സമ്മതിക്കുമോയെന്ന്’ ഒരു കന്യാസ്ത്രീയോട് കെഞ്ചുന്ന വൈദികന്‍ മുതല്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ബസ്സില്‍ വെച്ച് ഒരു പെണ്‍കുട്ടിയുടെ ചന്തിക്ക് പിടിച്ച ജോണിയുടെ കുമ്പസാരവുമെല്ലാം ഈ കഥയില്‍ കൂടുതല്‍ ചിന്തയും നര്‍മ്മവും വിതറുന്നു.

ലോകത്തില്‍ എവിടെയായിരുന്നാലും ഇന്ത്യക്കാരന് ഞരമ്പുകളില്‍ വിഭ്രജിഭിക്കുന്ന ചില ആഘോഷങ്ങളുണ്ട്. പ്രത്യേകിച്ചും ‘ഇന്‍ഡിപെന്‍ഡന്‍സ് ഡേ.’ അമേരിക്കയില്‍ വന്ന് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു അമേരിക്കന്‍ പൗരത്വം സ്വീകരിച്ച ശേഷം ഓരോ ഓഗസ്റ്റ് പതിനഞ്ചിനും അമേരിക്കന്‍ നിരത്തിലൂടെ ചെണ്ടയും കൊട്ടി പാട്ടും പാടി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നവര്‍ എന്ത് രാജ്യ സ്നേഹമാണ് വെളിവാക്കുന്നതെന്ന്, ‘അമേരിക്കയിലെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം’ എന്ന കഥയില്‍ കഥാകാരന്‍ ചോദിക്കുന്നു. കേരളത്തിലുള്ള ബംഗാളിയെയും തമിഴനെയും അവജ്ഞയോടെ കാണുന്ന മലയാളിയാണ് അമേരിക്കന്‍ നിരത്തുകളില്‍ ഈ പ്രഹസനത്തിന് മുതിരുന്നതെന്ന് ഈ കഥയില്‍ കഥാകൃത്ത് ചൂണ്ടി കാട്ടുന്നു.

ആറാമത്തെ കഥയായ,’ തൊള്ളായിരത്തി ഒന്നാമത്തെ പീഡനവും ഗണപതിയുടെ മോണോഗാമിയും’, മനുഷ്യന്‍റെ പൊളിഗാമസ് മെന്‍റാലിറ്റിയിലേക്ക് വിരല്‍ ചൂണ്ടുന്നു. പണ്ട് കാലത്ത് രാത്രിനേരങ്ങളില്‍ സംബന്ധം കൂടാനായി ചൂട്ടുകറ്റയുമായി വരുന്നവനെ അകത്ത് കയറ്റി വിട്ടിട്ട് അവന്‍റെ ചെരിപ്പിനും ചൂട്ടുകറ്റക്കും കാവല്‍ നില്‍ക്കേണ്ടി വന്നിരുന്ന ഗതികേടുള്ള ആണുങ്ങള്‍ മുതല്‍ ഒരു കമ്മിറ്റ്മെന്‍റും ഇല്ലാത്ത ഇന്നത്തെ ലിവിംഗ് ടുഗതര്‍ വരെ ഈ കഥയില്‍ തര്‍ക്കവിഷയമായി വരുന്നു.

ഒരു പരീക്ഷ ചര്‍ച്ചയും ജോണിയുടെ അശ്ലീലങ്ങളും എന്ന ഏഴാമത്തെ കഥയില്‍, ക്രിക്കറ്റ് ജോണിയുടെ ലൈംഗിക വിഷയങ്ങളിലുള്ള അഗാധ പാണ്ഡിത്യം വിവരിക്കുമ്പോള്‍, എന്തിനാണ് ഇതില്‍ ഇത്രമാത്രം അശ്ലീലങ്ങള്‍ കുത്തി നിറച്ചിരിക്കുന്നതെന്ന് വായനക്കാര്‍ക്ക് തോന്നിയേക്കാം. എന്നാല്‍ ഈ അശ്ലീലങ്ങളെല്ലാം മലയാളി ആണുങ്ങളുടെ മദ്യപാന സദസ്സുകളിലെയും ഹോസ്റ്റല്‍ മുറികളിലെയും ദൈംനംദിന സംഭാഷണങ്ങളാണെന്ന് നമ്മള്‍ അറിയുമ്പോഴാണ് കഥാകൃത്ത് എന്താണ് ഉദ്ദേശിക്കുന്നതെന്ന് നമ്മള്‍ തിരിച്ചറിയുന്നത്. അശ്ലീല ചിന്തകള്‍ ഘനീഭവിച്ച പുരുഷ മനസ്സുകളോട് സ്ത്രീയുടെ പരിഹാസ ചോദ്യങ്ങള്‍ ഏറെയുണ്ട് ഈ കഥയില്‍.

തര്‍ക്കങ്ങളിലെ അവസാനത്തെതായ ‘മതിലുകള്‍ക്കുള്ളില്‍ പെട്ടുപോയവര്‍’ എന്ന കഥയില്‍, മലയാളികളില്‍ ഇനിയുമുണ്ടാവേണ്ട സ്ത്രീ പുരുഷ സമത്വ ചിന്തകളാണ് പ്രതിപാദിച്ചിരിക്കുന്നത്. നവോത്ഥാന ചിന്തകള്‍ സോഷ്യല്‍ മീഡിയയില്‍ വിളമ്പുന്നവര്‍ക്കും വീട്ടില്‍ വേണ്ടത് കുലസ്ത്രീകളെയാണെന്ന് ഈ കഥയില്‍ പറയുന്നു.

ആത്മഗദം വിഭാഗത്തിലെ ആദ്യ കഥയായ, ‘ജെന്നിഫറുടെ നായയില്‍’, ഒരു വളര്‍ത്തു നായയുടെ കാന്‍സര്‍ രോഗത്തിന്‍റെ കഥ പറയുന്നതിലൂടെ കഥാകാരന്‍ തന്‍റെ ആത്മീയ ചിന്തകളിലൂടെ നമ്മുടെ അന്ധമായ വിശ്വാസ ജീവിതത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നു. മൃഗങ്ങള്‍ക്ക് ദൈവങ്ങളെ സങ്കല്‍പ്പിക്കാന്‍ ഭാവനാ ശേഷിയില്ലാത്തത് കൊണ്ട് അവയൊന്നും ബുദ്ധിമാന്മാരെന്ന് കരുതപ്പെടുന്ന മനുഷ്യന്മാര്‍ പെട്ടുപോകുന്ന ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നില്ലെന്നും കഥാകൃത്ത് സമര്‍ത്ഥിക്കുന്നു.

ജീവിതം വെറുതെ ജീവിച്ചു തീര്‍ക്കാനുള്ളതല്ല, ആഘോഷിക്കാന്‍ കൂടിയുള്ളതാണെന്നും, രോഗാവസ്ഥകളെയും വേദനകളെയും പോലും ആഘോഷമാക്കന്‍ മനുഷ്യന് നല്‍കുന്ന കരുത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും പാഠങ്ങളാണ്, അവസാന കഥയായ ‘ബൈ ബൈ ബൂബി പാര്‍ട്ടിയില്‍’ പറയുന്നത്. മാതൃത്വത്തിന്‍റെ ഉറവകളായിരുന്ന മാറിടങ്ങള്‍ ബ്രെസ്റ്റ് കാന്‍സര്‍ മൂലം നീക്കം ചെയ്യാന്‍ ഒരുങ്ങുന്ന ഒരു അമ്മക്ക് സഹപ്രവര്‍ത്തകരും കൂട്ടുകാരും നല്‍കുന്ന ബൈ ബൈ ബൂബി പാര്‍ട്ടിയെ വേദനയും നര്‍മ്മവും ചാലിച്ചാണ് കഥാകാരന്‍ അവതരിപ്പിക്കുന്നത്.

ഇവയെല്ലാം ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കുമ്പോള്‍ വായനക്കാരന് തുടക്കത്തില്‍ തോന്നിയിരുന്ന അസഹിഷ്ണുതയും സദാചാര ബോധവും നേര്‍ത്തലിഞ്ഞു പോകുന്നു. വായനക്കാരന്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന കപട മനോഭാവങ്ങള്‍ അര്‍ത്ഥശൂന്യമാകുന്നു. ഓരോ കഥകളിലും നാം കാണുന്ന വ്യത്യസ്ഥ ചിന്തകള്‍ വായനക്കാരില്‍ ഉളവാക്കുന്ന സ്വതന്ത്ര ചിന്തയും, സ്ത്രീ പുരുഷ സമത്വ ഭാവങ്ങളും, ലൈംഗിക പരാമര്‍ശങ്ങളുമെല്ലാം നമ്മുടെ സമൂഹത്തില്‍ പരോക്ഷമായി വന്നുപോകുന്ന സദാചാര തര്‍ക്കങ്ങളാണ്. ഒരുപക്ഷെ നമ്മള്‍ ഓരോരുത്തരും അതിലെ കഥാപാത്രങ്ങളുമാണ്. നമ്മുടെയുള്ളില്‍ കപടതയും അന്ധവിശ്വാസങ്ങളും, ലൈംഗിക തൃഷ്ണയും നിറഞ്ഞു നില്‍ക്കുന്നുവെന്ന് സമ്മതിക്കുന്നതോടൊപ്പം ഈ കഥകളോട് ഒരു ഇഷ്ടം തോന്നുന്നുവെങ്കില്‍ മല്ലു ക്ലബ്ബിലെ സദാചാര തര്‍ക്കങ്ങള്‍ നമ്മുടെ കഥകളായി മാറുന്നു. ഇതുവരെ നാം പ്രകടമാക്കിയിരുന്ന മിഥ്യയായ അന്തസ്സിനും, ചിന്താ വൈകല്യങ്ങള്‍ക്കും, കപട സദാചാര പ്രവണതകള്‍ക്കും നേരെ പിടിച്ച കണ്ണാടിയാണ് ജെയിംസ് കുരീക്കാട്ടിലിന്‍റെ ‘മല്ലു ക്ലബ്ബിലെ സദാചാര തര്‍ക്കങ്ങള്‍’.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top