Flash News

ശബരിമലയുടെ ചൈതന്യം അങ്ങനെ തന്നെ നിലനില്‍ക്കട്ടെ…! (എഡിറ്റോറിയല്‍)

November 15, 2019

SC-uplifts-ban-on-women-entering-Sabarimala-templeശബരിമലയെപ്പോലെ മത മൈത്രിയും സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന മറ്റൊരു പുണ്യസ്ഥലം ലോകത്തൊരിടത്തും കാണുകയില്ല. ആ ഐക്യതയും ചാരുതയും നിലനിര്‍ത്തേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്റെയും കടമയും കര്‍ത്തവ്യവുമാണ്. എന്നാല്‍ ആ ചാരുതയ്ക്കു ഭംഗം വരുത്താന്‍ ഇന്ത്യന്‍ ഭരണഘടനയെ മറയാക്കി നിഴല്‍ നാടകം നടത്തുകയാണ് ചിലര്‍. എന്നാല്‍ ആ നാടകത്തിനു സുപ്രീം കോടതി വിരാമം കുറിച്ചിരിക്കുകയാണ്. ശബരിമലയിലെ യുവതീപ്രവേശന വിഷയം ഉയര്‍ത്തുന്ന സങ്കീര്‍ണമായ ചോദ്യങ്ങളില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്വം വിശാലമായ ഏഴംഗ ബെഞ്ചിനു വിട്ടു കൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിന്യായം ഭക്ത സമൂഹത്തിനു മാത്രമല്ല, സമാധാനം കാംക്ഷിക്കുന്ന ഏവര്‍ക്കും ആശ്വാസം പകരുന്നതാണ്. പക്ഷെ പരമോന്നത നീതിപീഠം ഗൗരവത്തോടെ സമീപിക്കേണ്ടിയിരുന്ന ചില വിഷയങ്ങള്‍ അവഗണിക്കപ്പെട്ടോ എന്ന സംശയം ഇപ്പോഴും നിലകൊള്ളുന്നു. ലോകമാകെ അംഗീകരിച്ച ‘നാനാത്വത്തിൽ ഏകത്വം’ എന്ന അപൂര്‍വ സവിശേഷതയില്‍ കെട്ടിയുയര്‍ത്തിയതാണു ഇന്ത്യന്‍ ഭരണഘടന. വൈജാത്യങ്ങളുള്ള വിവിധ ജനസമൂഹങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ മുറുകെപ്പിടിച്ചു കൊണ്ട് ജീവിക്കാനും പെരുമാറാനും ഭരണഘടന നല്‍കുന്ന പരിരക്ഷയ്ക്ക് പൂര്‍ണമായും ഇണങ്ങുന്നതായിരുന്നില്ല ആ തീരുമാനം. ആ ബെഞ്ചില്‍ അംഗമായിരുന്ന ഏക വനിത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഉന്നയിച്ച വാദമുഖങ്ങള്‍ക്കൊപ്പമായിരുന്നു വിശ്വാസ സമൂഹത്തിന്‍റെ മനസ്. ആ മനസു വായിച്ചെടുക്കാന്‍ നിലവിലെ ബെഞ്ചിലെ മൂന്നംഗങ്ങള്‍ക്കു സാധിച്ചുവെന്നതിനു വിധി പ്രസ്താവം അടിവരയിടുന്നു.

അതേസമയം പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കുന്ന വിശാല ബെഞ്ച് കണക്കിലെടുക്കേണ്ട ഏഴു മുന്‍ഗണനാ വിഷയങ്ങള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മതപരമായ ആചാരവിശ്വാസങ്ങളില്‍ കോടതിക്ക് ഏതുവരെ പോകാം എന്നതാണ് അവയുടെ അടിസ്ഥാനമായി വരുന്നത്. വിശ്വാസത്തിന്‍റെ കാര്യത്തില്‍ നിയമപരമായ സാങ്കേതികത്വം അളവുകോല്‍ ആക്കാനാകുമോ എന്നതു വിഷമം പിടിച്ച ചോദ്യമാണ്. മുസ്‌ലിം, പാര്‍സി വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളുടെ ആരാധനാലയ പ്രവേശനവും ചില മുസ്‌ലിം വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പെണ്‍കുട്ടികളുടെ ചേലാകര്‍മവുമായി ബന്ധപ്പെട്ട വിവാദങ്ങളും കൂടി ഇതിനൊപ്പം പരിഗണിക്കുമെന്നാണു കോടതി വ്യക്തമാക്കിയത്. എന്നാല്‍, ക്ഷേത്രങ്ങളില്‍ നിലവില്‍ സ്ത്രീപ്രവേശനമുള്ളതിനാല്‍ ഇവയെല്ലാം ഒരുമിച്ചു പരിഗണിക്കുന്നതിന്‍റെ യുക്തി ചോദ്യം ചെയ്യപ്പെടാം. എങ്കിലും മതകാര്യങ്ങളില്‍ നിയമത്തിന്‍റെ ലക്ഷ്മണരേഖ ആശാസ്യമാണോ എന്നത് വിപുലമായ ചര്‍ച്ചയ്ക്കു വിഷയീഭവിക്കും.

ശബരിമലയില്‍ മറ്റൊരു മണ്ഡലകാലം ആസന്നമാകുകയാണ്, അതും വെറും രണ്ടു നാള്‍ കഴിഞ്ഞ്. അതിനു മുന്‍പു സംഘര്‍ഷത്തിന്‍റെയും സംശയത്തിന്‍റെയും കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നത് ഒഴിവാക്കാന്‍ ഈ വിധിന്യായത്തിനു കഴിയുന്നു എന്നതാണ് ഏറ്റവും പ്രധാനം. മണ്ഡലകാല ആരംഭിക്കുമ്പോള്‍ ശാന്തിയും മനഃസുഖവും തേടി ശരണമന്ത്രങ്ങളുമായാണ് ഭക്തലക്ഷങ്ങള്‍ അയ്യപ്പന്‍റെ സവിധത്തില്‍ അണയുന്നത്. ഒപ്പം മലകയറുന്ന അപരിചിതനെയും അയ്യനായി കാണുന്ന മനസൊരുക്കത്തോടെ കഠിനമായ വനപാതകള്‍ താണ്ടുന്നവര്‍ ദര്‍ശനം മാത്രമാണ് ആഗ്രഹിക്കുന്നത്, ഏറ്റുമുട്ടലോ, അറസ്റ്റോ അല്ല. ശബരിമലയുടെ ഈ സവിശേഷത പോലും അറിയാതെ അതിനെ കലാപഭൂമിയാക്കാനുള്ള ശ്രമങ്ങള്‍ ഇനി അനുവദിക്കില്ലെന്നു കരുതാം. വിശാല ബെഞ്ചിന്‍റെ നിഗമനങ്ങള്‍ കൂടി കണക്കിലെടുത്തതിനു ശേഷമേ പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമ തീരുമാനമാകൂ. അക്കാലയളവു വരെ സംസ്ഥാന സര്‍ക്കാരിന് അനാവശ്യ തലവേദനകളും വിവാദങ്ങളും ഒഴിവായിക്കിട്ടും. അന്തിമ വിധി വരുന്നതുവരെ കാത്തിരിക്കാനുള്ള സംയമനം എല്ലാവര്‍ക്കും ഉണ്ടാകട്ടെ. ഭക്തര്‍ക്ക് സമാധാനപരമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇനി കുറുക്കുവഴികള്‍ തേടേണ്ടതുമില്ല.

ഈ വിധി നീതിയുടെ തണലായി കാണുന്ന ഒരു വിഭാഗമുണ്ട്. മുഖ്യധാരയില്‍ ഒരിക്കല്‍പ്പോലും കടന്നുവരാത്ത ഒരു നിശബ്ദ വിഭാഗം- കേരളത്തിന്‍റെ അമ്മമാര്‍. അയ്യപ്പസന്നിധാനത്തു യുവതീ പ്രവേശനം അനുവദിക്കുന്നുവെന്നു കേട്ടപ്പോള്‍ നെഞ്ചുരുകി നാമജപവുമായി കേരളത്തിലുടനീളം അണിനിരന്ന ആ അമ്മമാര്‍ക്കു ലഭിച്ച നീതി കൂടിയാണ് ഈ വിധി. അവരുടെ അചഞ്ചലമായ വിശ്വാസമാണ് നമ്മുടെ പ്രമുഖ രാഷ്‌ട്രീയ കക്ഷികളുടെ നിലപാടുകളെപ്പോലും സ്വാധീനിച്ചത് എന്നതും കാണാതിരുന്നു കൂടാ. ഏതൊരു സമൂഹത്തിലും അനാചാരങ്ങള്‍ക്കെതിരേയുള്ള തിരുത്തലുകള്‍ക്ക് അതതു കാലങ്ങളില്‍ കാഹളം മുഴങ്ങാറുണ്ട്. സതി മുതല്‍ അയിത്തം വരെയുള്ളവ അങ്ങനെ മാറ്റിനിര്‍ത്തപ്പെട്ടവയാണ്. അത്തരം തിരുത്തലുകളും കാലോചിത പരിഷ്കാരങ്ങളും സമൂഹം പൊതുവേ സ്വീകരിച്ചിട്ടേയുള്ളൂ. എന്നാല്‍, എക്കാലത്തേക്കുമുള്ള ആചാര ക്രമങ്ങളും മൂല്യങ്ങളും ധര്‍മചര്യകളുമുണ്ട്. ഇവയെയെല്ലാം അടിമുടി മാറ്റിയേക്കാം എന്നു കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശനം നിഷിദ്ധമല്ലെന്നിരിക്കെ, ശബരിമലയില്‍ പത്തുവയസിനു താഴെയും അന്‍പതു വയസിനു മേലെയും പ്രായമുള്ള സ്ത്രീകള്‍ക്കു പ്രവേശനമുണ്ടെന്നിരിക്കെ, ഇല്ലാത്ത ഒരു വിഷയത്തില്‍ പുകമറയുണ്ടാക്കുന്നവര്‍ ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യത്തിന്‍റെ ഭാഗമാണെന്നു കരുതുന്നതില്‍ തെറ്റില്ല. മതമൈത്രിയുടെ സംഗമസ്ഥാനമായി നിലകൊള്ളുന്ന കേരളത്തില്‍, അതിന്‍റെ പ്രതീകമായ ശബരിമലയെ ഇടിച്ചുകാണിക്കാനുള്ള ഏതു ശ്രമവും സമാധാനപരമായ സഹവർത്തിത്വത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. കേരളജനത അതു ക്ഷമിക്കില്ല.

ചീഫ് എഡിറ്റര്‍Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top