കൊച്ചി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്മേല് പൊതുചര്‍ച്ചകളും സമവായങ്ങളുമുണ്ടാകണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ബിജെപി തെരഞ്ഞെടുപ്പ് വേളയില്‍തന്നെ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഒരിന്ത്യ ഒരൊറ്റ നിയമം എന്ന ആശയം ഏറെ ആകര്‍ഷിക്കുന്നതാണെങ്കിലും വിവിധ മതവിഭാഗങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സര്‍വ്വോപരി വിഭിന്നസംസ്കാരങ്ങളുമുള്ള രാജ്യമെന്ന നിലയിലാണ് വ്യക്തിനിയമങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്.
ഭരണഘടനാശില്പികള്പോലും ഏകീകൃത സിവില്‍കോഡ് തങ്ങള്‍ രൂപം നല്കിയ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കാതെ ഭരണഘടനയുടെ 44-ാം
അനുച്ഛേദപ്രകാരം ഏകീകൃത സിവില്‍ കോഡിനായി ശ്രമിക്കണമെന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തത്. വിവിധ മതവിഭാഗങ്ങളുടെ ആചാരപരവും സാംസ്കാരികപരവുമായ വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുള്ള നിയമനിര്‍മ്മാണത്തിനു മാത്രമേ ജനാധിപത്യരാജ്യത്തിന്റെ ഐക്യത്തിനും ഭദ്രതയ്ക്കും വളര്‍ച്ചയ്ക്കും ഉപകരിക്കുകയുള്ളൂവെന്ന തിരിച്ചറിവായിരുന്നു ഭരണഘടനാരൂപീകരണവേളയിലെ ഈ നിലപാടിനു പിന്നില്‍.
2017ല്‍ മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് അറോറ അദ്ധ്യക്ഷനായ എട്ടംഗസമിതി ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ചുള്ള കരട് നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിക്കുകയുണ്ടായി. വിവിധ വ്യക്തിനിയമങ്ങള്‍ അസാധുവാക്കണമെന്നും വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, സ്വത്തവകാശം എന്നിവയില്‍ സ്ത്രീപുരുഷ പക്ഷപാതിത്വം പാടില്ലെന്നും സ്വവര്‍ഗ്ഗവിവാഹത്തിന് അനുമതി നല്‍കണമെന്നും ഏകീകൃത സിവില്‍ കോഡിനായുള്ള നിയമപരിഷ്കരണ കമ്മീഷന് ഉപസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. 1910ല്‍ പോര്‍ച്ചുഗീസുകാര്‍ നടപ്പിലാക്കിയ ഏകീകൃത പൗരനിയമമാണ് ഗോവയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. എല്ലാവര്ക്കും സ്വീകാര്യമായ തരത്തില്‍ കുടുംബങ്ങളെ സംബന്ധിച്ചുള്ള പോര്‍ച്ചുഗീസ് തത്വശാസ്ത്രമാണ് ഇതിന് ആധാരം. 2020 മാര്‍ച്ച് 31നു മുമ്പ് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുവാനുള്ള നീക്കമാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അണിയറയില്‍ നടത്തുന്നത്. കുടുംബങ്ങളെ സംബന്ധിക്കുന്ന ഏതെല്ലാം വകുപ്പുകള്‍ ഏതെല്ലാം തരത്തില്‍ ഏകീകൃത സിവില്‍ കോഡില്‍ ഉള്‍പ്പെടുമെന്ന് ജനങ്ങള്‍ക്ക് വ്യക്തതയുണ്ടാക്കുവാനും പഠനത്തിനും പ്രതികരണത്തിനുമായി കരടുനിയമവും രൂപരേഖയും പരസ്യപ്പെടുത്തുവാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. വിവിധ മതാചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വിശ്വാസസത്യങ്ങളിന്മേല് കടന്നുകയറ്റമുണ്ടാകുന്നത് ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനിടയാക്കും. നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാതെ വിവിധ വിഭാഗങ്ങളുടെ വിശ്വാസത്തെയും ആരാധാനാരീതികളെയും ഹനിക്കാത്തരീതിയില് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്കും സമവായങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply