Flash News

പുതിയ പൊലീസ് നയം സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

November 21, 2019

03f9c925b0d49d8d7e00fcfe92eb151fഎല്‍.ഡി.എഫ് ഗവണ്മെന്റ് പുതിയ പൊലീസ് നയം നടപ്പാക്കുന്നതു സംബന്ധിച്ച് കേരളത്തില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. പൊലീസ് നയത്തെയും നടപടിയെയും തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാട്, മുഖ്യമന്ത്രിയുടെ തലയ്ക്കുമീതെ പൊലീസ് നയവും നടപടിയും ന്യായീകരിച്ച സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നടപടി, കോഴിക്കോട്ടെ മാവോയിസ്റ്റുകള്‍ക്ക് വളവും വെള്ളവും നല്‍കുന്നത് മുസ്ലിം തീവ്രവാദികളാണെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന, ഇതിനെയെല്ലാം സി.പി.ഐ – സി.പി.എം നയങ്ങളുയര്‍ത്തിപ്പിടിച്ച് നഖശിഖാന്തം എതിര്‍ക്കുന്ന ഘടകകക്ഷിയായ സി.പി.ഐയുടെ നിലപാടുകള്‍, സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെപോലും ശക്തമായ വിയോജിപ്പ് – ഒരസാധാരണ രാഷ്ട്രീയ പ്രതിസന്ധിക്കു മുമ്പിലാണ് സംസ്ഥാന ഭരണരാഷ്ട്രീയം.

മുഖ്യമന്ത്രിക്കും കോഴിക്കോട് ജില്ലാ സെക്രട്ടറിക്കും ബിഗ് സല്യൂട്ടും അഭിനന്ദനവും തുടര്‍ച്ചയായി അര്‍പ്പിക്കുന്ന സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ ആഹ്ലാദവും ആവേശവും മതനിരപേക്ഷ ശക്തികള്‍ സംസ്ഥാനത്ത് ഈ വിഷയത്തെതുടര്‍ന്ന് നേരിടുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്നു. വിശേഷിച്ചും ഈ പ്രശ്‌നത്തിലുള്ള സി.പി.എം നയം കോഴിക്കോട് മുതലക്കുളം മൈതാനത്തുചെന്ന് പരസ്യമായി വിശദീകരിക്കാന്‍ സി.പി.എം പൊളിറ്റ് ബ്യൂറോ നിര്‍ബന്ധിതമായ സാഹചര്യത്തില്‍.

പാര്‍ട്ടി താത്വികദ്വൈവാരിക ‘നവയുഗ’ത്തിന്റെ നവംബര്‍ 15ന്റെ ലക്കത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പേരുവെച്ചെഴുതിയ ലേഖനത്തില്‍ പുതിയ പൊലീസ്‌നയവും നടപടിയും ഇടതുപക്ഷ – ജനാധിപത്യമുന്നണി ഗവണ്മെന്റിനും ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും സൃഷ്ടിച്ച ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസുകളിലെ രാഷ്ട്രീയ നിലപാടുകളുടെയും തീരുമാനങ്ങളുടെയും ലംഘനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് അതില്‍ വിശദീകരിച്ചിട്ടുണ്ട്. പി.യു.സി.എല്ലും മഹാരാഷ്ട്രാ സര്‍ക്കാറും തമ്മില്‍ നടന്ന കേസില്‍ പൊലീസ് ഏറ്റുമുട്ടല്‍ കൊലകളുമായി ബന്ധപ്പെട്ട് സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് കേരളത്തില്‍ നടക്കുന്നതെന്നും കാനം വിമര്‍ശിക്കുന്നു.

alan-taha-p-mohanan_InPixio‘കേരളം മാവോയിസ്റ്റുകളുടെ സുരക്ഷിതമായ അഭയസ്ഥാനമാണെന്നാണ് ചീഫ് സെക്രട്ടറി പറയുന്നത്. ആ സ്ഥാനത്തിരുന്ന് സ്വീകരിക്കുന്ന ഏറ്റവും നിരുത്തരവാദപരമായ നിലപാടാണ്.’ -കാനം പറയുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി കൊല്ലാന്‍ ആഹ്വാനംചെയ്യുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും ഭരണഘടനാവിരുദ്ധവുമാണ്. കീഴിലുള്ള ഉദ്യോഗസ്ഥരില്‍ നിയമവിരുദ്ധമായ അഭിപ്രായ രൂപീകരണത്തിന് അതിടയാക്കുമെന്നും കാനം തുടരുന്നു.

ആത്മകഥയെഴുതിയ ജേക്കബ് തോമസ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ നടപടിക്കു ശുപാര്‍ശചെയ്ത ആളാണ് ലേഖനം എഴുതിയ സംസ്ഥാന ചീഫ് സെക്രട്ടറി. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് ഉന്നതവീക്ഷണം വെച്ചുപുലര്‍ത്തിയ വിഖ്യാത ഫ്രഞ്ച് നോവലിസ്റ്റും തത്വശാസ്ത്രജ്ഞനുമായ അല്‍ബേര്‍ കാമുവിന്റെ ഇല്ലാത്ത ഉദ്ധരണിപോലും ചീഫ് സെക്രട്ടറി തന്റെ ലേഖനത്തില്‍ കള്ളക്കടത്തു നടത്തിയതും കാനം കയ്യോടെപിടിച്ചിട്ടുണ്ട്. നക്‌സലൈറ്റുകളെ സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് അതേപോലെ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകാരെപ്പറ്റി ബഹുമാനമില്ലെന്ന കാനത്തിന്റെ പ്രതികരണം ജില്ലാ സെക്രട്ടറി പി മോഹനനെക്കാള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവെക്കുന്നതാണ്. ചീഫ് സെക്രട്ടറി ടോം ജോസിനെയും മോഹനനെയും ചൂണ്ടി പറയുന്ന വിമര്‍ശനങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവെച്ചാണെന്നും വ്യക്തമാണ്. സര്‍ക്കാറിന്റെ രാഷ്ട്രീയ നേതൃത്വവും പൊലീസ് ഭരണവും മുഖ്യമന്ത്രിക്കാണെന്നിരിക്കെ. മുഖ്യമന്ത്രിമാരായിരുന്ന ഇ.എം.എസിനെയും അച്യുതമേനോനെയുമാണ് പൊലീസ് നയത്തിന്റെ പേരില്‍ സി.പി.ഐ ഉത്തരവാദിയായി മുമ്പു കണ്ടിരുന്നത്. ഇപ്പോള്‍ ചീഫ് സെക്രട്ടറിയിലേക്ക് അത് ചുരുങ്ങുന്നത് സി.പി.ഐ സംസ്ഥാന സെക്രട്ടറി നേരിടുന്ന പരിമിതിയാണ്.

സി.പി.ഐ ഇത്രയൊക്കെ വിമര്‍ശിച്ചിട്ടും ടോം ജോസ് എന്ന ചീഫ് സെക്രട്ടറി സര്‍ക്കാറിന്റെ വക്താവും നയങ്ങളുടെ നടത്തിപ്പുകാരനുമായി അമരത്തു തുടരുകയാണ്. ഇത് കേരളം നേരിടുന്ന അസാധാരണ രാഷ്ട്രീയ വൈരുദ്ധ്യത്തിന്റെ മറ്റൊരു കാഴ്ചയാണ്.

കേരളത്തില്‍ എല്‍.ഡി.എഫ് ഗവണ്മെന്റ് അധികാരത്തില്‍ വന്നശേഷം ഏഴ് നക്‌സലൈറ്റുകളെ പൊലീസ് വെടിവെച്ചുകൊന്നകാര്യം കാനം ചൂണ്ടിക്കാട്ടുന്നു: വധിക്കുക എന്ന ഉദ്ദേശ്യത്തോടെ അടുത്തുനിന്നേറ്റ വെടിയുണ്ടകളാണ് മരണകാരണം. ഇവര്‍ സംസ്ഥാനത്തെ സാധാരണ പൗരന്മാരെ ആക്രമിച്ചതായി റിപ്പോര്‍ട്ടില്ല. മാവോയിസ്റ്റുപോലുള്ള തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളെ വെടിയുണ്ടകളിലൂടെ ഉന്മൂലനം ചെയ്യാമെന്ന ധാരണ ബാലിശമാണ്. മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള രാഷ്ട്രീയ പരിഹാരത്തിലൂടെമാത്രമേ ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാകൂ – തീവ്രവാദത്തെയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയും സി.പി.ഐ ഒരിക്കലും അംഗീകരിക്കുന്നില്ല.

1967 മുതല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നതാണ് പല ഭേദഗതികളിലൂടെയായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ പേരിലുള്ള യു.എ.പി.എ നിയമം. ഇത് വിവിധ സര്‍ക്കാറുകളുടെ കാലത്ത് നടപ്പാക്കിപ്പോന്നതാണെന്ന അര്‍ദ്ധസത്യവും പിന്തുണയായുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അനുവാദം കൊടുത്താലേ ഇതനുസരിച്ചുള്ള കേസിന് അനുമതി ലഭിക്കൂ എന്ന വാദവും ന്യായീകരണക്കാര്‍ക്കുണ്ട്.

എന്നാല്‍ മോദി ഗവണ്മെന്റിന്റെ പുതിയ ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് പാര്‍ലമെന്റില്‍ ചുട്ടെടുത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയതാണ് ഈ പുതിയ നിയമം. ഒരു വ്യക്തിയെ ഭീകരനാക്കി മുദ്രയടിച്ച് ജയിലില്‍ വെക്കാനുള്ള ലോകത്തെ ഏറ്റവും പൈശാചികമായ നിയമമാണിതെന്ന് ബന്ധപ്പെട്ടവര്‍ പക്ഷെ പറയുന്നില്ല. ജമ്മു-കശ്മീരിന്റെ സംസ്ഥാനപദവി എടുത്തുകളയുന്നതിന്റെ രണ്ടുദിവസംമുമ്പ് പാസാക്കിയ ഭേദഗതിയാണ് ഇതെന്ന് അറിയുമ്പോള്‍ ഉദ്ദേശ്യവും വ്യാപ്തിയും വ്യക്തം.

സംഘടനയെ ഭീകരവിരുദ്ധ നിയമത്തിന്റെ പരിധിയില്‍ പെടുത്തുന്നതിനുപകരം വിചാരണ ചെയ്യാതെതന്നെ വ്യക്തികളെ ഭീകരരായി തീരുമാനിച്ച് തെളിവുകളുടെ പിന്‍ബലംപോലുമില്ലാതെ കോടതിയില്‍പോലും ഹാജരാക്കാതെ ജയിലിലടക്കുക. ,അവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുക, യാത്രകള്‍ നിരോധിക്കുക- അങ്ങനെ സര്‍വ്വവ്യാപിയായ ഒരു കരിനിയമത്തിന്റെ കാരിരുമ്പ് കൂട്ടില്‍ വ്യക്തിയെ ഓര്‍ക്കാപ്പുറത്ത് പിടിച്ചെറിയുന്നതാണ് 2019ലെ യു.എ.പി.എ ഭേദഗതിനിയമം.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള 1967ലെ യു.എ.പി.എ നിയമത്തിന്റെ ആറാമത് അധ്യായവും അതിന്റെ 35, 36 വകുപ്പുകളും ഈ ഫാഷിസ്റ്റ് നിയമത്തിലൂടെ ഏത് സംസ്ഥാനത്തും കൈകടത്താന്‍ കേന്ദ്ര ഗവണ്മെന്റിന് അധികാരം നല്‍കുന്നു. ഇതാണ് കഴിഞ്ഞ ഓഗസ്റ്റ് മൂന്നുമുതല്‍ കശ്മീരില്‍ നൂറുകണക്കില്‍ യുവാക്കള്‍ക്കെതിരെ പ്രയോഗിച്ചിരിക്കുന്നത്.

ഈ അമിത് ഷാ നിയമം ഉപയോഗിച്ച് സി.പി.എം അംഗങ്ങളായ രണ്ട് യുവാക്കളെ കോഴിക്കോട്ട് അറസ്റ്റുചെയ്തതോടെയാണ് ഈ ഭീകര കരിനിയമത്തിന്റെ വിശ്വരൂപം മെല്ലെ കേരളം അനുഭവിക്കാന്‍ തുടങ്ങിയത്. സി.പി.എം നേതാവ് പി ജയരാജനെപ്പോലെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ പ്രയോഗിച്ച പഴയ യു.എ.പി.എ നിയമത്തില്‍നിന്നും, പിണറായി ഗവണ്മെന്റ് പുനപരിശോധനവഴി പ്രോസിക്യൂഷന്‍ ഒഴിവാക്കിയ കേസുകളില്‍നിന്നും ഏറെ വ്യത്യസ്തമാണ് ഭേദഗതിയിലൂടെ അവതരിച്ച പുതിയ യു.എ.പി.എ.

കേന്ദ്ര ഗവണ്മെന്റിന് ഏതു സംസ്ഥാനത്തുമുള്ള ഏതു വ്യക്തിയെയും ഭീകരനായി പ്രഖ്യാപിക്കാം. നിയമത്തിന്റെ നാലാം ഷെഡ്യൂളില്‍ പെടുത്താം. അതിനധികാരം നല്‍കുന്ന ഈ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഹര്‍ജികള്‍ ഇപ്പോള്‍ സുപ്രിംകോടതിക്കു മുമ്പിലുണ്ട്. ഈ നിയമം ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ നിഷേധമാണ്. ഭീകരത തടയുന്നതിന്റെ പേരില്‍ ഒരു ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിനും വികസനത്തിനും അത്യന്താപേക്ഷിതമായ വിമര്‍ശങ്ങളെ ഇത് നിഷേധിക്കുന്നു. അതുയര്‍ത്തുന്ന വ്യക്തികളെ ഭീകരരായി മുദ്രകുത്തി അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനയുടെ മൗലികാവകാശം നിഷേധിക്കുന്നു. അതുകൊണ്ട് ഈ നിയമം റദ്ദാക്കണമെന്ന ആവശ്യമാണ് സുപ്രിംകോടതി പരിഗണിക്കാനിരിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും ജീവന്‍തന്നെയെടുക്കുന്ന ഈ കേന്ദ്ര നിയമത്തിനെതിരായ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കേണ്ടവരാണ് ഇടത് പാര്‍ട്ടികള്‍. വിശേഷിച്ചും മതനിരപേക്ഷതയും ജനാധിപത്യവും ബഹുസ്വരതയും കടന്നാക്രമിക്കപ്പെടുന്ന ഗുരുതരമായ ഇന്ത്യന്‍ സ്ഥിതിവിശേഷത്തില്‍. പകരം ഇടതുപാര്‍ട്ടികള്‍ നയിക്കുന്ന കേരള സര്‍ക്കാര്‍ ഈ നിയമം പ്രയോഗിക്കുന്നതിന് പിന്തുണനല്‍കുന്നു. വിചിത്രമായ അവസ്ഥ.

നിയമനിര്‍മ്മാണങ്ങളിലൂടെ ജനങ്ങളെ പിളര്‍ത്തി തങ്ങളുടെ ഹിന്ദുത്വ അജണ്ടയുടെ ലക്ഷ്യം കാണാന്‍ മുന്നേറുന്ന മോദി ഗവണ്മെന്റിന് ഇത്തരമൊരു കാടന്‍നിയമം അനിവാര്യമാണ്. പേരിന്റെയോ മതത്തിന്റെയോ നിലപാടുകളുടേയോ വിശ്വാസത്തിന്റെയോ പേരില്‍ ഏതു പാര്‍ട്ടികളില്‍നിന്നും സംഘടനകളില്‍നിന്നും ഇത് പ്രയോഗിച്ച് ഏകപക്ഷീയമായി വിഭജനം സൃഷ്ടിക്കാം. ഇഷ്ടമില്ലാത്ത വ്യക്തികളെ തകര്‍ക്കാം. സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിനെയും അതിന്റെ ഗവണ്മെന്റിനെയും ജനങ്ങളെതന്നെയും യു.എ.പി.എ വഴി എങ്ങനെ വിഭജിക്കാന്‍ കഴിഞ്ഞു എന്ന് സംസ്ഥാനത്തെ മതനിരപേക്ഷ – ജനാധിപത്യ ശക്തികള്‍ ഒരുനിമിഷം ചിന്തിക്കണം.

ജനാധിപത്യവ്യവസ്ഥയില്‍ ഭരണഘടനയാണ് വിശുദ്ധഗ്രന്ഥമെന്ന് സുപ്രിംകോടതി ഓര്‍മ്മിപ്പിച്ചത് കഴിഞ്ഞദിവസമാണ്. കേന്ദ്രം പാസാക്കിയയച്ച ഈ യു.എ.പി.എ നിയമമാണ് വിശുദ്ധഗ്രന്ഥമെന്നും ഇതിന്റെ പിന്‍ബലത്തില്‍ ആരെയും ഭീകരരാക്കി ജയിലിലടക്കാനും വെടിവെച്ചുകൊല്ലാനും അവകാശമുണ്ടെന്ന വാദമാണ് ഇവിടെ പൊലീസും സര്‍ക്കാറിന്റെ ചീഫ് സെക്രട്ടറിയും ഉയര്‍ത്തുന്നത്. അത് ഗവണ്മെന്റിലെ ഉദ്യോഗസ്ഥ വൃന്ദത്തിനു മാത്രമല്ല സി.പി.എമ്മില്‍പോലും തെറ്റായ സന്ദേശം നല്‍കുന്നു എന്നതാണ് പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവന തെളിയിക്കുന്നത്. മാവോയിസ്റ്റുകളെയും മുസ്ലിം തീവ്രവാദ സംഘടനകളെയും കുറിച്ചുള്ള തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ജില്ലാ സെക്രട്ടറി ആവര്‍ത്തിക്കുമ്പോള്‍ അമിത് ഷാ ഡല്‍ഹിയില്‍നിന്നയച്ച ഭീകര കരിനിയമം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ വിശുദ്ധ ഗ്രന്ഥമായി അദ്ദേഹം സ്വീകരിക്കുന്ന കാഴ്ച ജനങ്ങളെ അസ്വസ്ഥരാക്കുന്നു.

ഇക്കാര്യത്തില്‍ കാനം രാജേന്ദ്രനെടുത്ത നിലപാടിനോട് മുഖ്യമന്ത്രി പ്രതികരിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി കാണുന്നത് മാനത്തുകണ്ട് ലേഖനമെഴുതുന്ന ചീഫ് സെക്രട്ടറിയുടെയും പ്രസ്താവനയും പ്രസംഗവും നടത്തുന്ന കോഴിക്കോട്ടെ പാര്‍ട്ടി സെക്രട്ടറിയുടെയും പൂര്‍വ്വകാല പശ്ചാത്തലം അതാണ് പറയുന്നത്.

അമിത് ഷായുടെ ഭാഷയിലാണ് സി.പി.എം ജില്ലാ സെക്രട്ടറി സംസാരിക്കുന്നത്. അതിനെ വിമര്‍ശിച്ച മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി മാവോവാദികളുടെ കൂടാരമാണ് സി.പി.എം എന്നും പാര്‍ട്ടി നേതാക്കളാണ് അതിനുത്തരവാദിയെന്നും പ്രതികരിച്ചു. രണ്ടുനിലപാടും ജനങ്ങള്‍ക്കിടയില്‍ ഇനിയും സ്വാധീനമില്ലാത്ത ബി.ജെ.പി – സംഘ് പരിവാറിന് വളവും വെള്ളവും നല്‍കാനേ സഹായിക്കൂ. ഇടത് പാര്‍ട്ടികളും മതനിരപേക്ഷ പാര്‍ട്ടികളും ഈ പതിനൊന്നാം മണിക്കൂറിലെങ്കിലും അതു തിരിച്ചറിയണം.

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി ഹിന്ദുത്വ ശക്തികള്‍ കയ്യടക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുസ്സോളിനിയുടെയും ഹിറ്റ്‌ലറുടെയും ചരിത്രവഴിയിലൂടെയല്ല ഇന്ത്യയില്‍ ഫാഷിസം അവതരിക്കുകയെന്ന് ഇടതുപക്ഷ – മതനിരപേക്ഷ കക്ഷികള്‍ മനസിലാക്കുന്നില്ല. അത് അപകടമാണ്. യു.എ.പി.എ ഉപയോഗിച്ചുള്ള അറസ്റ്റും മാവോവാദികളെ വെടിവെച്ചുകൊന്ന നടപടിയും പൊലീസിനോടൊപ്പം നിന്ന് ന്യായീകരിക്കാനുള്ള വ്യഗ്രതയും അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് കേരളത്തെ തള്ളിവീഴ്ത്തുന്നത്. അതിന്റെ തുടക്കം ഇടതുമുന്നണി ഗവണ്മെന്റിലും പാര്‍ട്ടികളിലുമാണ് കണ്ടതെങ്കിലും നാളെ മറ്റു പാര്‍ട്ടികളിലും സംഘടനകളിലും ഇതേ അവസ്ഥ നിഷ്പ്രയാസം ആവര്‍ത്തിക്കും. അത് തിരിച്ചറിയാനുള്ള ജാഗ്രത എല്ലാവര്‍ക്കും ഉണ്ടാകേണ്ടതുണ്ട്.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top