Flash News
കോവിഡ് കുതിച്ചുയരുന്നു; ആളുകള്‍ക്ക് ഭക്ഷണവും ശമ്പളവുമില്ല; ആശുപത്രികളില്‍ ആംബുലന്‍സോ കിടക്കകളോ ഇല്ല; എന്നിട്ടും പുതിയ പാർലമെന്റ് പണിയുന്നതിന്റെ ചിന്തയിലാണ് കേന്ദ്രം: പ്രശാന്ത് ഭൂഷൺ   ****    എല്ലാ വിദേശ സേനകളും ഉടന്‍ ലിബിയ വിട്ടുപോകണം: യു എന്‍   ****    തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന   ****    സംസ്ഥാനത്ത് കോവിഡ് കുത്തനെ പടരുന്നു; എറണാകുളം-കൊച്ചി പ്രദേശങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു   ****    ജോസ് വിതയത്തില്‍ അതുല്യമായ അല്മായ മാതൃക: മാര്‍ ജോര്‍ജ് ആലഞ്ചേരി   ****   

എല്ലാവരുടെയും പ്രിയപ്പെട്ട ഏഭ്യനായി പപ്പേട്ടന്‍ സര്‍ഗ്ഗവേദിയില്‍

November 22, 2019 , .

Newsimg1_89944191പി. ടി. പൗലോസ് എഴുതിയ “ഏഭ്യന്‍” എന്ന കഥയിലെ നായക കഥാപാത്രം പപ്പേട്ടന്‍ അക്ഷരത്താളുകളില്‍ നിന്നിറങ്ങി സദസ്സില്‍ ഇടം പിടിച്ച വ്യത്യസ്ഥമായ അനുഭവമായിരുന്നു നവംബര്‍ മാസ സര്‍ഗ്ഗവേദിയില്‍. 2019 നവംബര്‍ 17 ഞായറാഴ്ചയിലെ മനോഹര സായാഹ്നം. ന്യുയോര്‍ക്ക് കേരളാ സെന്ററില്‍ സംഘടിപ്പിച്ച സര്‍ഗ്ഗവേദിയുടെ പ്രതിമാസയോഗത്തില്‍ കേരളാ സെന്റര്‍ പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍ അദ്ധ്യക്ഷനായിരുന്നു. ഡോഃ നന്ദകുമാര്‍ ചാണയില്‍ തന്റെ സ്വാഗതപ്രസംഗത്തില്‍ ജീവിതത്തിന്റെ നേരനുഭവങ്ങളും ഭാവനയും ഊടും പാവും പോലെ സമന്വയിക്കുബോള്‍ ഏഭ്യന്‍ പോലെ സ്രേഷ്ടമായ സൃഷ്ടികള്‍ ഉടലെടുക്കുന്നു എന്ന് ആമുഖമായി പറഞ്ഞു.

തുടര്‍ന്ന് പി. ടി. പൗലോസ് തന്റെ “ഏഭ്യന്‍” എന്ന കഥ അവതരിപ്പിച്ചു. 1969 മുതല്‍ 1988 വരെയുള്ള കല്‍ക്കട്ടയുടെ പശ്ചാത്തലത്തില്‍ മനുഷ്യസ്‌നേഹിയായ ഒരു മലയാളി പത്രപ്രവര്‍ത്തകന്റെ കഥ. തന്റെ ദാമ്പത്യ തടവറയിലെ വിഷവായുവില്‍ ശ്വാസം മുട്ടിയപ്പോഴും മിന്നുകെട്ടി കൂടെകൂട്ടിയ ഭാര്യ തന്റെ ജീവിതം കശക്കിയെറിഞ്ഞപ്പോഴും അവള്‍ക്കു നന്മ വരണമേ എന്നാശിച്ച ഒരു സാധുമനുഷ്യന്റെ കഥ. കഥാകൃത്തിന്റെ രണ്ടര പതിറ്റാണ്ടുകള്‍ നീണ്ട കല്‍ക്കട്ട ജീവിതത്തില്‍ കണ്ട പരുക്കന്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്നും പെറുക്കിയെടുത്ത കഥാപാത്രങ്ങളെ കടലാസിലേക്ക് കലാപരമായി പകര്‍ത്തിയപ്പോള്‍ അവക്ക് ജീവനുണ്ടായി. അതാണ് “ഏഭ്യന്‍.”

Newsimg2_13904911കഥയിലെ പപ്പേട്ടനും ലക്ഷ്മിയേടത്തിയും മുരളിയും രാഘവേട്ടനുമെല്ലാം സദസ്സിലൂടെ മിന്നിമറഞ്ഞു. അത് സര്‍ഗ്ഗാത്മകമായ ഒരനുഭൂതിയായി. അവരോട് ചോദിക്കാന്‍ ഒരു കുന്ന് ചോദ്യങ്ങളുണ്ടായിരുന്നു സദസ്സിന്. “ഇത്രയൊക്കെ ദുഷ്ടത ചെയ്തിട്ടും പാലക്കാട്ടെ തറവാടിന്റെ ആധാരം എന്തിനാ പപ്പേട്ടാ ലക്ഷ്മിയേടത്തിക്ക് കൊടുത്തത് ?” എന്നായിരുന്നു ആലീസ് തമ്പിയുടെ നിഷ്ക്കളങ്കമായ ചോദ്യം. കഥാകൃത്തിന്റെ ജീവിതവഴികളില്‍ കണ്ടുമുട്ടേണ്ടിവന്ന കഥാപാത്രങ്ങളെ സര്‍ഗ്ഗാത്മകമായി യോജിപ്പിച്ചപ്പോള്‍ നല്ലൊരു സൃഷ്ടിയായി എന്ന് ജോസ് ചെരിപുറം പറഞ്ഞു. കഥ പെട്ടെന്ന് തീര്‍ന്നപ്പോള്‍ ഒരു ശൂന്യത അനുഭവപ്പെട്ടതുപോലെ തോന്നിയെന്നും ക്ലൈമാക്‌സ് വായനക്കാര്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നു എന്നും ജോസ് കൂട്ടിചേര്‍ത്തു.

ഏഭ്യന്‍ എന്ന പേര് കേട്ടപ്പോള്‍ നമ്പൂതിരി ഭാഷയിലെ “ഏഭ്യന്‍” പ്രയോഗം പോലുള്ള ഒരു കഥാപാത്രം ആയിരിക്കും എന്ന പ്രതീക്ഷയിലാണ് കഥ വായിച്ചു തുടങ്ങിയത് എന്ന് രാജു തോമസ് പറഞ്ഞു. എന്നാല്‍ കഥയുടെ ഉള്ളിലേക്ക് കടന്നപ്പോള്‍ അവഗണനയുടെ ശരശയ്യയില്‍ പിടഞ്ഞപ്പോഴും മനുഷ്യസ്‌നേഹത്തിന്റെ പതാക വാഹകനെ അവതരിപ്പിച്ച് കഥ ഗംഭീരമാക്കിയ കഥാകൃത്തിനെ രാജു ഹൃദയപൂര്‍വ്വം അഭിനന്ദിച്ചു. അനുഭവങ്ങളില്‍നിന്നും ഇതുപോലുള്ള കഥകള്‍ ഇനിയുമെഴുതുവാന്‍ കഥാകൃത്തിന് സാധിക്കട്ടെ എന്ന് തെരേസ ആന്റണി ആശംസിച്ചു. ബംഗാളിന്റെ പശ്ചാത്തലത്തില്‍ ഒരു മലയാളക്കഥ വായിച്ചപ്പോള്‍ ഏറെക്കാലം വടക്കന്‍ ബംഗാളില്‍ ജോലി നോക്കിയ തമ്പി തലപ്പിള്ളിക്ക് ഒരു ഗൃഹാതുരത്വം അനുഭവപ്പെട്ടു എന്നും പച്ചയായ അനുഭവങ്ങളാണ് ജീവനുള്ള കഥകളെ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്തതായി സംസാരിച്ചത് മാമ്മന്‍ മാത്യുവാണ്. കല്‍ക്കട്ടയുടെ ഒരു പ്രത്യേക രാഷ്ട്രീയ കാലഘട്ടത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആ കാലഘട്ടം ഇനി ഉണ്ടാകുകയുമില്ല . ഇന്നത് അമേരിക്കയില്‍നിന്ന് പറയുമ്പോള്‍ അതിന് രാഷ്ട്രീയ പ്രസക്തിയുമുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ ജീവന്‍ തുടിക്കുന്ന ഈ കഥയില്‍ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ എല്ലാ മനുഷ്യ ഭാവങ്ങളുമുണ്ട്. കാലത്തിന്റെ നാഴികക്കല്ലായി തോന്നിക്കും വിധം ജ്യോതി ബാസു സര്‍ക്കാര്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭം കൊണ്ടുവന്ന രീതി വളരെ മനോഹരമായിരിക്കുന്നു. സര്‍ഗ്ഗവേദിയില്‍ സൃഷ്ടികള്‍ അവതരിപ്പിക്കുംവോള്‍ വിമര്‍ശനവും അനിവാര്യമാണ്. പക്ഷെ, ഈ കഥയില്‍ വിമര്‍ശിക്കാന്‍ ഒന്നും കാണുന്നില്ല. എങ്കിലും ”പപ്പേട്ടന്‍ എനിക്ക് ആരുമായിരുന്നില്ല എന്ന് പറയാനൊക്കില്ലല്ലോ” എന്ന വാചകഘടനയില്‍ ഒരു ‘കല്ലുകടി’ പോലെ തോന്നുന്നു. അനാവശ്യമായ വിവരണങ്ങള്‍ എല്ലാം ഒഴിവാക്കി ഏഭ്യന്‍ ഒരു കാച്ചിക്കുറുക്കിയ കഥയാണെന്നായിരുന്നു മാമ്മന്‍ മാത്യുവിന്റെ അഭിപ്രായം.

Newsimg3_14574749ഡോ. എന്‍. പി. ഷീലയുടെ അഭിപ്രായത്തില്‍ സമൂഹത്തില്‍ കൂടുതലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍, പുരുഷന്‍ പീഡിപ്പിക്കപ്പെടുന്ന ഈ കഥ തികച്ചും ഒറ്റപ്പെട്ട സംഭവമാണ്. അത് കഥാകാരന്റെ വ്യത്യസ്ഥ ജീവിതാനുഭവങ്ങളില്‍ നിന്നും കണ്ടെത്തിയതാകാമെങ്കിലും ഇതില്‍ ഒരു കഥയുണ്ട് എന്നുകൂടി ഡോ. ഷീല പറഞ്ഞു. മനുഷ്യത്വം തുളുമ്പിനില്‍ക്കുന്ന വിമര്‍ശനാധീതമായ ഒരു കഥ എന്നായിരുന്നു ഇ.എം. സ്റ്റീഫന്റെ കണ്ടെത്തല്‍. കഥ അവസാനിച്ചതുപോലെ തോന്നിയില്ല എന്നും കഥാകൃത്ത് കഥയും ലേഖനവും നാടകവും ഒപ്പം കൊണ്ടുപോകുന്നുണ്ടെങ്കിലും ഈ കഥ വായിച്ചപ്പോള്‍ കഥയെഴുത്താണ് അദ്ദേഹത്തിന്റെ തട്ടകം എന്ന് തോന്നിപോകുന്നു എന്നും സ്റ്റീഫന്‍ കൂട്ടിചേര്‍ത്തു . ജേക്കബ്ബിന്‍െറയും തോമസിന്റെയും അഭിപ്രായം നല്ല ഒരു കഥ പെട്ടെന്ന് തീര്‍ന്നു എന്നായിരുന്നു.

പി.ടി. പൗലോസ് തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞത് ഒരു ചെറുകഥയുടെ ചുറ്റുവട്ടത്തില്‍നിന്ന് കഥ വലിച്ചുനീട്ടാന്‍ സാധിക്കില്ല. എങ്കിലും വായനക്കാര്‍ക്ക് മുരളി ലക്ഷ്മിയേടത്തിയുടെ വീട്ടിലേക്കാണ് പോകുന്നത് എന്ന് ഊഹിക്കാനുള്ള സൗകര്യത്തിനു വേണ്ടി “പപ്പേട്ടന്‍ തന്ന കവര്‍ ഹാന്‍ഡ് ബാഗിലുണ്ടെന്ന് ഉറപ്പു വരുത്തി” ഭസ്മകലശവുമായി ശ്മശാനത്തിന് വെളിയില്‍ ടാക്‌സിക്കായി കാത്തുനിന്നു എന്ന് എഴുതിയിട്ടുണ്ട്. ഈ കഥയുടെ ഒരു വായനക്കാരിയുടെ പ്രതികരണം ഇവിടെ പ്രസക്തമാണ്. “ക്ലൈമാക്‌സ് ഊഹിക്കാം. ലക്ഷ്മിയേടത്തി കവര്‍ വാങ്ങും, ഭസ്മകലശം തിരികെ കൊടുത്തുവിടും.” പപ്പേട്ടനും ലക്ഷ്മിയേടത്തിയും രാഘവേട്ടനും തന്റെ ജീവിതത്തില്‍ പല പേരുകളില്‍ കണ്ടവരാണെന്നും മുരളി ഒരു മുഴുനീള കഥാപാത്രമായി ജീവനോടെ ഇവിടെ നില്‍ക്കുന്നു എന്നും പറഞ്ഞു. അദ്ധ്യക്ഷനും സദസ്സിനും പൗലോസ് നന്ദി പറഞ്ഞതോടെ ഒരു സര്‍ഗ്ഗ സായാഹ്നത്തിന് പരിസമാപ്തിയായി.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top