Flash News

വികസന മേലാപ്പിനു കീഴിലെ മാളങ്ങളിലെ വിഷപ്പാമ്പുകള്‍ (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

November 23, 2019

vikasana

‘ഓരോ നേരംതോറും
നീളും യാമംതോറും
നിന്റെ ഓര്‍മ്മയാല്‍
എരിഞ്ഞിടുന്നു ഞാന്‍…’

(ഷഹല ബത്തേരി സര്‍വജന ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ അസംബ്ലിയില്‍ പാടിയ സിനിമാഗാനത്തിലെ വരികള്‍ – ഫെയ്‌സ്ബുക്കിലൂടെ നാടിന്റെ നൊമ്പരമായി പടരുന്നത്)

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റ് യഥാസമയം ചികിത്സ ലഭിക്കാതെ മരണപ്പെട്ട പത്തുവയസുകാരി ഷഹല ഇപ്പോള്‍ ഓരോ മലയാളിയുടെയും മനസിന്റെ നോവും നീറ്റലുമാണ്. ‘എന്നെ പാമ്പുകടിച്ചിട്ടുണ്ട്, ഉടനെ ആശുപത്രിയില്‍ കൊണ്ടുപോകണം’ എന്ന് കസേരയില്‍ തളര്‍ന്നിരുന്ന് പറഞ്ഞുകൊണ്ടിരുന്നു ആ പത്തുവയസുകാരി. അവളെ വാരിയെടുത്ത് തോളിലിട്ട് ക്ലാസ് മുറിയില്‍നിന്ന് ഇറങ്ങിയോടി താന്‍വന്ന ഓട്ടോറിക്ഷയില്‍ കയറ്റി ചികിത്സതേടിപ്പോകുന്ന ഷഹനയുടെ അച്ഛന്‍. നാല് ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും, മാരകവിഷം ആ കുരുന്നുജീവന്‍ വിഴുങ്ങാന്‍ പോകുകയാണെന്നറിഞ്ഞിട്ടും നിസംഗതയോടെ 89 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ച് സ്വന്തം കടമതീര്‍ത്ത മനുഷ്യത്വം വറ്റിപ്പോയ ഡോക്ടര്‍മാര്‍. ഒന്നിലേറെ കാറുകള്‍ ആ ഹയര്‍ സെക്കന്റി സ്‌ക്കൂളിനകത്തുണ്ടായിട്ടും മരണത്തെ തോലിപ്ക്കാന്‍ ഒരുകൈ സഹായിക്കണമെന്ന് സ്വയം തോന്നാതെ ഈ അത്യാഹിതത്തോട് ക്രൂരമായി പ്രതികരിച്ച സ്‌ക്കൂളിലെ പ്രധാന അധ്യാപകനടക്കമുള്ള അധ്യാപക പഹയന്മാര്‍. എന്തെന്തു വിചിത്രജീവികള്‍.

Photo1സമയത്തിന് ചികിത്സ നല്‍കിയിരുന്നെങ്കില്‍ ഷഹല ഇപ്പോഴും തങ്ങള്‍ക്കൊപ്പ മുണ്ടാകുമായിരുന്നു എന്നുപറഞ്ഞ് രോഷം കൊള്ളുകയും സ്‌ക്കൂളിന്റെ അരക്ഷിതാവസ്ഥ എണ്ണിപ്പറഞ്ഞ് മനസിന്റെ നൊമ്പരവും പ്രതിഷേധവും സഹിക്കാനാവാതെ ചോദ്യഛിന്നങ്ങളായി പൊട്ടിത്തെറിക്കുന്ന വിദ്യാര്‍ത്ഥി കുരുന്നുകള്‍… ഇവരുടെയെല്ലാം മുഖങ്ങള്‍ മാറിമാറി ഓരോ മലയാളിയുടെയും മനസിന്റെ സ്വസ്ഥത കെടുത്തുന്നുണ്ട്. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പുതിയൊരു കേരളം പുന:സൃഷ്ടിക്കാനുള്ള പ്രതിജ്ഞ ഒരു പുകച്ചുരുളായി വരണ്ട ആകാശത്ത് മാഞ്ഞുതുടങ്ങി എന്നതിന്റെ ശൂന്യതകൂടി ഷഹലയുടെ ദുരന്തം അടയാളപ്പെടുത്തുന്നു.

കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നുള്ള ഭരണ മേലാളന്മാരുടെ ഉറപ്പും നാല് സസ്‌പെന്‍ഷന്‍ നടപടിയും ഫെയ്‌സ്ബുക്കിലും മാധ്യമങ്ങളിലുമായി ഭരണ സിരാകേന്ദ്രത്തില്‍നിന്ന് വയനാടന്‍ ചുരം കയറിയിട്ടുണ്ട്. ഒരു അധ്യാപകനേയും താലൂക്കാശുപത്രിയിലെ ഡോക്ടറേയുമാണ് ആദ്യദിവസം സസ്‌പെന്റു ചെയ്തത്. സുരക്ഷ ഉറപ്പാക്കിയില്ല എന്നുകാണിച്ച് ഹൈസ്‌ക്കൂള്‍ – ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രധാന അധ്യാപകരെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വെള്ളിയാഴ്ചയും സസ്‌പെന്റുചെയ്തു. രക്ഷാകര്‍ത്തൃസമിതിയും പിരിച്ചുവിട്ടു. തെറ്റ് സംഭവിച്ചാല്‍ കുറ്റവാളികളെ കണ്ടെത്തലും ശിക്ഷ ഉറപ്പാക്കലുമാണല്ലോ ഭരണസാരഥികള്‍ക്ക് ആകെ ചെയ്യാനുള്ള കടമ. നിറഞ്ഞ പുഞ്ചിരിയുടെ അസാധാരണ പൂക്കതിരായിരുന്ന ഷഹലയുടെ നൊമ്പരമേറ്റുവാങ്ങിയ ഓരോ മലയാളിയും കുറ്റവാളികള്‍ക്കെല്ലാം മാതൃകാപരമായ ശിക്ഷ കിട്ടണമെന്ന് തീര്‍ച്ചയായും ആഗ്രഹിക്കും. അതോടെ നമ്മുടെ ഭരണകര്‍ത്താക്കളുടെ ചുമതലയും മംഗളംപാടി അവസാനിക്കും. മലയാളിയുടെ മനസിലേക്ക് ഈ സംഭവം തീക്കനലായി ചൊരിഞ്ഞ മാധ്യമങ്ങളും അടുത്ത രാഷ്ട്രീയ ബ്രേക്കിംഗ് ന്യൂസിനെ വരവേല്‍ക്കാന്‍ വയനാടന്‍ചുരം ഇറങ്ങുന്ന തിരക്കിലുമാകും.

അങ്ങനെ സുല്‍ത്താന്‍ ബത്തേരിയിലെ അഭിഭാഷക ദമ്പതികളുടെ ഓമനയായിരുന്ന ഷഹല ചരിത്രത്തിലെ ഓര്‍മ്മകളുടെ ഒരു ബിന്ദുവായി മാറുകയും ചെയ്യാം. അനാസ്ഥ, കൃത്യവിലോപം, നിരുത്തരവാദിത്വം തുടങ്ങിയ വ്യക്തിഗത വീഴ്ചയില്‍ ഒതുക്കി അവസാനിപ്പിക്കേണ്ടതാണോ കേരളത്തിന്റെ ഇടനെഞ്ചുപൊട്ടിച്ച ഭരണാധികാരികള്‍തൊട്ട് അധ്യാപകര്‍, ഡോക്ടര്‍മാര്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ തുടങ്ങി ഏവരും സ്വയം വിമര്‍ശനം നടത്തി പരിശോധിക്കേണ്ട ഈ സംഭവമെന്ന് ഇപ്പോഴെങ്കിലും നാം ചിന്തിക്കേണ്ടതല്ലേ. ആ നിലയ്‌ക്കൊന്ന് മനസു തുറന്നാല്‍ ഇതോടുചേര്‍ന്ന് നമ്മുടെ മുമ്പില്‍ ഉയര്‍ന്നുവരേണ്ടതായ പ്രധാന വസ്തുതകള്‍ വേറെയുമുണ്ട്.

അതില്‍ ആദ്യത്തേത് സമീപ ഓര്‍മ്മയില്‍ ഇതുപോലെ സ്‌ക്കൂളില്‍വെച്ച് ഒരു കുട്ടിക്ക് പാമ്പുകടിയേറ്റ മറ്റൊരു സംഭവമാണ്. അന്നും ചികിത്സ നല്‍കാന്‍ അനാസ്ഥകാട്ടിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്റുചെയ്തു. എന്നിട്ടും പാഠമാകാതെ മറ്റ് അനാസ്ഥകളുടെ ഫണത്തില്‍നിന്ന് വിഷമേറ്റ് വീണ്ടും ഒരു കുരുന്നുജീവന്‍കൂടി മണ്ണിലൊതുങ്ങി. വയനാട്ടില്‍ മാത്രമല്ല ഇടുക്കിപോലെ സമാന പരിസ്ഥിതിയുള്ള ജില്ലകളിലും ഇത്തരം പാമ്പുകടി മരണങ്ങള്‍ രക്തക്കറപോലെ ഓര്‍മ്മകളില്‍ ശേഷിക്കുന്നു. പാമ്പുകടിയേറ്റാല്‍ അടിയന്തര പ്രതിവിഷ ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കാനുള്ള സംവിധാനങ്ങള്‍ പ്രാപ്യമാകാത്ത ഇടങ്ങളില്‍ ഈ ദുരന്തം തുടര്‍ക്കഥയാണെന്നര്‍ത്ഥം.

downloadവയനാട്ടില്‍ ഈ സര്‍വ്വജന ഹയര്‍ സെക്കന്ററി സ്‌ക്കൂളിന്റെ ഭരണമേല്‍നോട്ടം ബത്തേരി നഗരസഭയ്ക്കാണ്. ഒരുകോടിരൂപയുടെ സര്‍ക്കാര്‍ വികസനപദ്ധതി കിഫ്ബി വഴി ഇവിടെ അനുവദിച്ചിട്ടുണ്ട്. അങ്ങനെ സ്‌ക്കൂള്‍ ഹൈടെക്കായി തിളങ്ങിവിളങ്ങുന്ന തിനിടയ്ക്കാണ് ഈ സംഭവം. ഈ പഴയ കെട്ടിടത്തിലെ ക്ലാസ് മുറികള്‍ പാമ്പിന്‍ മാളങ്ങളാല്‍ സമൃദ്ധവും ശുചിമുറികള്‍ മാലിന്യങ്ങള്‍ നിറഞ്ഞതും അത്യാവശ്യത്തിന് ജലലഭ്യത ഇല്ലാത്തതുമാണ്. ഈ അവസ്ഥ ചൂണ്ടിക്കാട്ടുന്ന വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി ഭരിക്കുകയാണ് അവിടെ എന്നാണ് നിഷ്‌ക്കളങ്കരായ കുട്ടികള്‍ ക്യാമറയ്ക്കുമുമ്പില്‍ വെളിപ്പെടുത്തിയത്.

അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി നമ്മുടെ പൊതുവിദ്യാലയങ്ങളുടെ ഭരണം പഞ്ചായത്ത്-നഗരസഭകള്‍ക്ക് ഏല്പിച്ചതിന്റെ ബാക്കിപത്രം ഇത്തരമൊരു ബ്യൂറോക്രസിയും രാഷ്ട്രീയ ദുര്‍ഭരണവും ആണെന്നുവരുന്നു. സാധാരണ സ്‌ക്കൂളുകളുടെ കര്‍മ്മചൈതന്യവും ഇടപെടല്‍ സംവിധാനവുമായി വര്‍ത്തിക്കുന്ന രക്ഷാകര്‍ത്തൃ സമിതിയുടെ സാന്നിധ്യം നോക്കുകുത്തിപോലെയെങ്കിലും ഉള്ളതായി കണ്ടില്ല. എങ്കില്‍ പാമ്പിന്‍മാളങ്ങളുള്ള ക്ലാസുകളില്‍ തങ്ങളുടെ മക്കള്‍ ഇരുന്ന് പഠിക്കുന്നത് അവര്‍ അനുവദിക്കുമായിരുന്നില്ല. ഇത് ബത്തേരിയില്‍ മാത്രം ഒതുങ്ങുന്ന പ്രതിഭാസമാകാ നിടയില്ല. പ്രാദേശിക ഗവണ്മെന്റുകള്‍, അധികാര വികേന്ദ്രീകരണം, അധികാരം ജനങ്ങളിലേക്ക് തുടങ്ങിയ ജനാധിപത്യ വികസന സങ്കല്‍പ്പങ്ങള്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ കേരളം പലതവണ പരീക്ഷിച്ചത് നമ്മുടെ മുമ്പിലുണ്ട്. ഇതെല്ലാം ലക്ഷ്യം നേടാതെപോയത് വ്യക്തികേന്ദ്രീകൃതമായ അധികാരമോഹത്തിന്റെ രാഷ്ട്രീയം ഈ ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും പദ്ധതികള്‍ക്കും മീതെ സര്‍വ്വാധിപത്യം നേടിയതുകൊണ്ടാണ്. വികസനത്തിന്റെ പേരില്‍ നടന്ന എല്ലാ പദ്ധതികളും തകര്‍ത്തത് വന്‍ വിഷമുള്ള രാഷ്ട്രീയ പാമ്പുകള്‍ മാളം പണിത് പാര്‍ത്തതുകൊണ്ടാണ്. അതിന് അറുതിവരുത്താന്‍ ആയാലേ കേരളത്തിന്റെ ശരിയായ വികസന പുനസൃഷ്ടി യാഥാര്‍ത്ഥ്യമാക്കാനാകൂ.

shahala-death-2സുതാര്യതയും ജനാധിപത്യവും ഉറപ്പുവരുത്താന്‍ ആരോഗ്യമേഖലയിലെയും വിദ്യാഭ്യാസമേഖലയിലെയും പ്രശ്‌നങ്ങളുടെ കാര്യത്തിലെങ്കിലും അടിയന്തര നീക്കമുണ്ടാകാന്‍ ബത്തേരി സംഭവം നിമിത്തമാകുന്നു. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും സര്‍ക്കാറിന്റെ ആസൂത്രണവിഭാഗവും ചേര്‍ന്ന് അത് ഉറപ്പുവരുത്തണം.

യു.എന്റേതുമുതല്‍ അന്തര്‍ദേശീയവും ദേശീയവുമായ പല ആരോഗ്യ സൂചികകളിലും ഉയര്‍ന്ന ഇടംനേടിയിട്ടുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ അടിയന്തര ചികിത്സാസഹായങ്ങളുടെയും ആവശ്യമായ ചികിത്സാ സംവിധാനങ്ങളുടെയും പരിമിതി ഏറ്റവുമധികം നേരിടുന്ന സംസ്ഥാനംകൂടിയാണ് നമ്മുടേത്. പ്രത്യേകിച്ചും വയനാട്, ഇടുക്കി, പാലക്കാട് പോലുള്ള മലയോര ജില്ലകള്‍ അടിയന്തര ചികിത്സാ സഹായത്തിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് യാത്രചെയ്യണം. ഇത്തരം ജില്ലകളിലും ചികിത്സാ സംവിധാനങ്ങള്‍ പൊതുവെയും പ്രാഥമിക ചികിത്സാ സൗകര്യങ്ങള്‍ വിശേഷിച്ചും ഉറപ്പുവരുത്തുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു.

ഇത് ആരോഗ്യ വകുപ്പിന്റെയും പൊതുവികസന നയത്തിന്റെയും ധനവിനിയോഗ ത്തിന്റെയും വികലവും രാഷ്ട്രീയ അതിപ്രസരത്തിന്റെ ആധിക്യവുംമൂലം സംഭവിക്കുന്നതാണ്. പുതിയ വരദാനമായ കിഫ്ബി അനുഗ്രഹിച്ചിട്ടും സര്‍വജന ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഈ ദുരന്തം നടന്നത് അതിന്റെ തെളിവാണ്.

1574340157-1574346164ഓരോ വിദ്യാലയത്തിനു മുമ്പിലും ഒരു മെഡിക്കല്‍ കോളജ് പണിതുയര്‍ത്തുകയല്ല പരിഹാരം. ആ നിലയ്ക്കല്ല വികസനം ആസൂത്രണം ചെയ്യേണ്ടത്. വിദ്യാലയമായാലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായാലും താലൂക്ക് ആശുപത്രികളായാലും പാമ്പുവിഷബാധ, അപകടങ്ങള്‍, പ്രസവം, ഗുരുതര രോഗാവസ്ഥ തുടങ്ങിയ അടിയന്തര സ്ഥിതിഗതികളെ നേരിടാനുള്ള സംവിധാനങ്ങള്‍ എവിടെയും ഉറപ്പുവരുത്താനുള്ള ആസൂത്രണവും നടപടികളുമാണ് സര്‍ക്കാറില്‍നിന്ന് ഉണ്ടാകേണ്ടത്. അതിവേഗ ചികിത്സയും പരിചരണവും ആവശ്യമുള്ള രോഗികളെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ സുസജ്ജമായ ആംബുലന്‍സുകളും സംവിധാനങ്ങളും വിളിപ്പാടകലത്തില്‍ ലഭ്യമാക്കണം. വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കാസര്‍ഗോഡ് തുടങ്ങിയ പിന്നോക്ക ദുര്‍ഘട ജില്ലകളില്‍ ഇത്തരം അടിയന്തര ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഫയര്‍ഫോഴ്‌സ് പോലുള്ള സംവിധാനങ്ങളെ വൈദ്യസഹായവുമായി ബന്ധിപ്പിക്കാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കണം.

പ്രഥമ ചികിത്സ ഉറപ്പുവരുത്താനുള്ള ഡോക്ടറുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഗ്രൂപ്പുകളെ പ്രത്യേക സംവിധാനമുള്ള വാഹനങ്ങളില്‍ നിയോഗിക്കാന്‍ കഴിയണം. ‘ഒരു ജീവന്‍പോലും നഷ്ടപ്പെട്ടു കൂടാ’ എന്ന മുദ്രാവാക്യമായിരിക്കണം ആരോഗ്യവകുപ്പിന്റെ ആസൂത്രണത്തെയും വികസനത്തെയും നയിക്കേണ്ടത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ തൊഴില്‍ രഹിതരായി നില്‍ക്കുന്ന സംസ്ഥാനത്ത് പ്രത്യേക റിക്രൂട്ടിംഗും പരിശീലനും നല്‍കി ഇതിന് മനുഷ്യവിഭവശേഷി കണ്ടെത്താന്‍ പ്രയാസമില്ല.

കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് വിദേശത്തുനിന്ന് സാമ്പത്തിക സഹായം നേടുന്നതിന് കേന്ദ്രസര്‍ക്കാര്‍ തടസം നിന്നെന്ന് മുഖ്യമന്ത്രി പറയുന്നുണ്ട്. കേരളത്തെ സഹായിക്കാന്‍ സന്മനസുള്ള രാജ്യങ്ങളില്‍നിന്നും പ്രവാസികളില്‍നിന്നും ചികിത്സാ ഉപകരണങ്ങളും മരുന്നും മറ്റും സംഭാവനയായി ലഭ്യമാക്കുന്ന ഒരു പദ്ധതി ആസൂത്രണം ചെയ്യേണ്ടതാണ്. പ്രവാസി ദേശങ്ങളില്‍ കേരളസഭയും മറ്റും രൂപീകരിച്ചിട്ടുള്ള കേരളത്തിന് ഇത് നിര്‍വ്വഹിക്കാന്‍ ഭാവനാപൂര്‍ണ്ണമായ മുന്‍കൈയും ഇച്ഛാശക്തിയും ഉണ്ടാവണമെന്നുമാത്രം.

ഷഹലയെ അടയാളമാക്കി ഫലപ്രദമായ ഒരു നവീനപദ്ധതി ആരോഗ്യ മേഖലയില്‍ ആവിഷ്‌ക്കരിക്കാന്‍ കേരളത്തിനു കഴിയണം. സര്‍ക്കാര്‍ അതുമായി മുന്നോട്ടുവന്നാല്‍ പ്രവാസികളായ എല്ലാതരത്തിലുമുള്ള മലയാളികളില്‍നിന്ന് വ്യാപകമായ പ്രതികരണവും പിന്തുണയും അതിനു ലഭിക്കും. ഈ പദ്ധതി കൂടുതല്‍ ഫലപ്രദവും വ്യാപകവുമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രവാസികളായ വായനക്കാരില്‍നിന്ന് ഉണ്ടാകണമെന്നും മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും ഈ വഴിക്ക് ചിന്തിക്കാനും നയിക്കാനും ആ പ്രതികരണങ്ങള്‍ക്ക് കഴിയട്ടെയെന്നും പ്രതീക്ഷിക്കുന്നു. അങ്ങനെ ഷഹലയുടെ മരണം എല്ലാവരിലും സൃഷ്ടിക്കുന്ന പ്രതികരണം ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാനുള്ള ഒരുക്കങ്ങള്‍ക്കും പദ്ധതിക്കും രൂപംനല്‍കുന്നതായി മാറട്ടെ.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top