സന്യസ്തരും പുരോഹിതരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍

sanyastharum bannerലോകമെമ്പാടും ലക്ഷകണക്കിന് പുരോഹിതരും സന്ന്യസ്തരും കത്തോലിക്കാ സഭയില്‍ ഇന്ന് സേവനം ചെയ്യുന്നുണ്ട്. എങ്കിലും അവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുകൊണ്ടാണിരിക്കുന്നത്. വൈദികവൃത്തിയും സന്യസ്തജീവിതവും ഉപേക്ഷിച്ച് അവര്‍പുറം ലോകത്തേക്ക് പോകുകയും പുതിയതായി അപേക്ഷകര്‍ പൗരോഹിത്യത്തിലേക്കും സന്യസ്ത ജീവിതത്തിലേക്കും കടന്നുവരാത്തതുമാണ് അതിനുള്ള പ്രധാന കാരണങ്ങള്‍. സഭാവസ്ത്രം ഉപേക്ഷിച്ചു പോകുന്നവരുടെ ഭാവിക്ഷേമത്തിനായി കത്തോലിക്കാ സഭാധികാരവും അവര്‍ സേവനം ചെയ്തിരുന്ന രൂപതകളോ സന്യാസാശ്രമങ്ങളോ മഠങ്ങളോ കുടുംബക്കാരോ സഭാപൗരര്‍ മൊത്തത്തിലുമോ ക്രിയാത്മകമായി എന്തു ചെയ്യുന്നു എന്നതിലേക്ക് ഒരെത്തിനോട്ടവും അതിലേക്കായി ചില നിര്‍ദേശങ്ങളുമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

Chacko Photo
ചാക്കോ കളരിക്കല്‍

പൗരോഹിത്യ/കന്യാസ്ത്രീ ജീവിതത്തില്‍നിന്നും അല്‍മായ ജീവിതത്തിലേക്കുള്ള മാറ്റത്തില്‍ വന്നുകൂടുന്ന ജീവിത പ്രശ്നങ്ങള്‍ വളരെയാണ്. അവര്‍ വേദനാജനകമായ ജീവിത സാഹചര്യങ്ങളില്‍ കൂടിയാണ് കടന്നുപോകേണ്ടത് എന്ന സത്യം നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. ചെറുപ്രായത്തില്‍ത്തന്നെ അവര്‍ സഭാസേവനത്തിനായി ചേരുന്നു; അതല്ലെങ്കില്‍ സഭാധികാരികള്‍ അതിനായി അവരെ റിക്രൂട്ടു ചെയ്യുന്നു. കാനോന്‍ നിയമപ്രകാരം17 വയസ് തികഞ്ഞ കുട്ടികളെ നോവിഷ്യേറ്റിലേക്ക് സ്വീകരിക്കാം (കാനോന: 517.1). 18 വയസ് തികഞ്ഞവര്‍ക്ക് താത്ക്കാലിക വ്രതവാഗ്ദാനം ചെയ്യാം. രണ്ട് വ്രതനവീകരണങ്ങള്‍ക്കുശേഷം നിത്യവ്രതവാഗ്ദാനവും ചെയ്യാം. വിവേകം, ഉപവി, അറിവ്, ഭക്തി, സന്യാസാവസ്ഥയുടെ അനുഷ്ടാനത്തിലുള്ള മികവ് എന്നീ ഗുണങ്ങള്‍ ഉള്ളവരെയാണ് വ്രതവാഗ്ദാനം ചെയ്യാന്‍ അനുവദിക്കുന്നത്. ഭാവിയില്‍ അവര്‍ രൂപതയ്ക്കോ ആശ്രമങ്ങള്‍ക്കോ മഠത്തിനോ വേണ്ടി വേല ചെയ്ത് ജീവിക്കുന്നു. സഭാസേവനത്തില്‍ ആയിരിക്കുന്നിടത്തോളംകാലം പല കാര്യങ്ങളിലും പല വിധത്തിലും അവര്‍ സുരക്ഷിതരുമാണ്. രൂപതക്കുവേണ്ടി പട്ടമേക്കുന്നവര്‍ മെത്രാന്‍റെ ഇഷ്ടപ്രകാരം ഇടവകകളിലോ മറ്റെവിടെയോ സേവനം ചെയ്യുന്നു. സന്യാസീസന്യാസിനികള്‍ ലക്ഷ്യം, പ്രകൃതി, സ്വഭാവമെല്ലാം സ്ഥിതീകരിക്കപ്പെട്ട ഒരു പ്രത്യേക സമൂഹത്തില്‍ ചേര്‍ന്ന് അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ മൂന്ന് പരസ്യ വ്രതങ്ങള്‍ ചെയ്ത് ആ സഭയുടെ പ്രത്യേകമായ ആധ്യാത്മികതയെ അനുധാവനം ചെയ്യുന്നു. ആ സമൂഹത്തിന്‍റെ പ്രത്യേക വേലകളില്‍ പങ്കാളികളായി ജീവിക്കുന്നു. നിത്യവ്രതം കഴിഞ്ഞാല്‍ അവര്‍ ആ സഭയുടെ പൂര്‍ണ്ണ അംഗങ്ങളായി അംഗീകരിക്കപ്പെടുന്നു. അവരുടെ സമൂഹത്തിന്‍റെ സാമ്പത്തിക അഭിവൃത്തിക്കുവേണ്ടിയുള്ള ജോലികള്‍പോലും ദൈവസേവനം’ എന്ന പേരിലാണ് അറിയപ്പെടുന്നത് !

കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകള്‍ സഭയിലെ ജോലിക്കാരായ തേനീച്ചകളാണ്. കാരണം വര്‍ക്കര്‍ ബീസ് എല്ലാം സ്ത്രീ വര്‍ഗത്തില്‍ പെട്ടതും അവരുടെ ലൈംഗീകത പ്രകൃതിയാല്‍ത്തന്നെ നിഷേധിക്കപ്പെട്ടതും ജീവിതകാലം മുഴുവന്‍ അവറ്റകളുടെ കോളനിക്കുവേണ്ടി അഹോരാത്രം വേല ചെയ്ത് അവസാനം ചത്തടിയുകയും ചെയ്യുന്നു. കന്യാസ്ത്രീകള്‍ ലൈംഗിക സുഖം സ്വമനസാ വേണ്ടെന്നു വെയ്ക്കുന്നു. വേല ചെയ്തു സമ്പാദിക്കുന്ന ശബളം മുഴുവന്‍ സ്വന്തം സഭക്കു നല്‍കുന്നു. രാപകലില്ലാതെ വേല ചെയ്തും പ്രാര്‍ത്ഥിച്ചും സഭയുടെ നിയമങ്ങള്‍ അനുസരിച്ചു ജീവിച്ചും മരിക്കുമ്പോള്‍ സ്വര്‍ഗം പൂകുമെന്നവര്‍ വിശ്വസിക്കുന്നു. കന്യാസ്ത്രീകളായ തേനീച്ചകളുടെ ജോലിയുടെ വ്യാപ്തി അളക്കാന്‍ സാധ്യമല്ല. അവരുടെ പലവിധ ജോലികള്‍ കത്തോലിക്കാ സഭയുടെ നടത്തിപ്പിന് ആവശ്യമാണ്. കൂടാതെ, അവരുടെ സേവന സംഭാവനകള്‍ വഴി സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദവും സ്വാധീനം ചെലുത്തുന്ന ശക്തിയുമായിത്തീരുന്നു. എഴുപതും എണ്‍പതും വയസ്സുള്ള കന്യാസ്ത്രികളുടെ നീണ്ട ജീവിത അദ്ധ്വാനഫലം കൊണ്ടാണ് മഠങ്ങള്‍ സാമ്പത്തീകമായി അഭിവൃത്തിപ്പെട്ടിട്ടുള്ളത്. കന്യാസ്ത്രീകളുടെ വേതനമില്ലാത്ത ബൃഹത്തായ ജോലി സംഭാവനകള്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുകമൂലം കോടിക്കണക്കിന് രൂപയുടെ വരുമാനം സഭക്ക് ലഭിക്കുന്നു. കന്യാസ്ത്രീകള്‍ പലവിധ ജോലികളാണ് സാമ്പത്തിക പ്രതിഫലമില്ലാതെ ചെയ്യുന്നത്. അദ്ധ്യാപികമാര്‍, പ്രൊഫസര്‍മാര്‍, ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, കുട്ടികള്‍ക്കും വൃദ്ധര്‍ക്കും വേണ്ടിയുള്ള ആതുര സേവനം, മിഷ്യന്‍ സ്ഥലങ്ങളിലെ സേവനം, മഠങ്ങളിലെ ജോലികള്‍, തുടങ്ങിയവ. കൂടാതെ സ്വന്തം സമൂഹത്തിന്‍റെ അഭിവൃത്തിക്കുവേണ്ടി അഹോരാത്രം പരിശ്രമിക്കുന്നു. സ്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, ഓര്‍ഫണേജുകള്‍, മഠങ്ങള്‍ തുടങ്ങിയ വന്‍ പ്രസ്ഥാനങ്ങള്‍ എല്ലാം കന്യാസ്ത്രീകള്‍ നടത്തികൊണ്ടിരിക്കുന്നു. വളരെ ഉത്തരവാദിത്വമുള്ള നിരവധി സ്ഥാപനങ്ങള്‍ നടത്തുന്നു. സ്വന്തം സമൂഹത്തിനുവേണ്ടി ധനം ശേഖരിക്കുന്നു. കൂടാതെ മറ്റ് മഠങ്ങളിലേക്കോ സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ ഭൂഖണ്ഡങ്ങളിലേക്കോ സ്ഥലം മാറ്റപ്പെടുന്നു. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ, പരാതികള്‍ വല്ലതുമുണ്ടെങ്കില്‍ അതെല്ലാം ഹൃദയത്തില്‍ ഒതുക്കി സഹിച്ചുകൊണ്ട്, കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ കന്യാസ്ത്രീകള്‍ ധന്യമാക്കുന്നു.

മനുഷ്യര്‍ പലതരക്കാര്‍ എന്നപോലെ കന്യാസ്ത്രികളും പലതരത്തിലുള്ള വ്യക്തികളാണ്. വ്യക്തിപരമായി നല്ല ഗുണങ്ങള്‍ ഉള്ളവരും പൊതുസാഹചര്യവുമായി ഒത്തുചേര്‍ന്നു പോകുന്നവരും നിശ്ചയദാര്‍ഢ്യക്കാരും എന്നാല്‍ വഴങ്ങുന്ന സ്വഭാവക്കാരും അനുസരണത്തിന്‍ കീഴില്‍ ജീവിച്ച് സമൂഹത്തിന്‍റെ നന്മയ്ക്കായി സ്വയം കാഴ്ച്ചവെച്ച് സഹപ്രവത്തനം നടത്തുന്നവരുമാണവര്‍. പണ്ടുകാലങ്ങളില്‍ വ്രതം ചെയ്ത കന്യാസ്ത്രീകള്‍ ജീവിതകാലം മുഴുവന്‍ അവരുടെ സമൂഹത്തില്‍ത്തന്നെ ജീവിച്ച് മരിക്കുമായിരുന്നു. കാലം മാറി. ഇപ്പോള്‍ അവര്‍ അവരുടെ ജീവിതാവസ്ഥയെ പുനര്‍വിചിന്തിനം ചെയ്യുകയും തനിക്ക് പറ്റിയതല്ലെന്ന് തോന്നിയാല്‍ വ്രതങ്ങളില്‍നിന്ന് ഒഴിവുവാങ്ങി മഠത്തിന്‍റെ നാല് ഭിത്തികളെ ഭേദിച്ച് പുറം ലോകത്തേക്ക് കടന്നുപോകുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും പോള്‍ ആറാമന്‍ മാര്‍പാപ്പയും സന്ന്യാസ സമൂഹങ്ങള്‍ക്കുള്ളില്‍ കാലോചിതമായ നവീകരണം നടപ്പിലാക്കണമെന്ന് നിര്‍ദേശിക്കുകയുണ്ടായി. അതിന്‍റെ പരിണതഫലമായി പണ്ടുകാലങ്ങളില്‍ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടാത്ത പല കാര്യങ്ങളും ചോദ്യം ചെയ്യപ്പെട്ടു. സംവാദങ്ങള്‍ നടത്തി. ആധുനിക കാലഘട്ടത്തിന്‍റെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് വേണ്ട തിരുത്തലുകള്‍ വരുത്തി സന്യസ്ഥ ജീവിതത്തെ പുനര്‍നിര്‍വചിക്കാന്‍ ആരംഭിച്ചു. കന്യാസ്ത്രീകള്‍ പ്രത്യേകിച്ച് പാശ്ചാത്യദേശങ്ങളിലെ സഹോദരികള്‍ വ്യക്തിപരമായിത്തന്നെ സ്വജീവിതത്തിന്‍റെ അര്‍ത്ഥം/ലക്ഷ്യം നിര്‍ണയിക്കാന്‍ തുടങ്ങി. തല്‍‌ഫലമായി ആയിരക്കണക്കിന് കന്യാസ്ത്രീകള്‍ അവരുടെ ജീവിതാന്തസ് ഉപേക്ഷിച്ചുപോയി. ഇന്നും ആ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഭാവി കത്തോലിക്കാ സഭ ഇന്ന് നാം കാണുന്നതുപോലെ ആയിരിക്കുകയില്ല. ഓരോ കന്യാസ്ത്രീയും മഠത്തില്‍നിന്നും പോകുന്നത് ഓരോരോ കാരണങ്ങള്‍ കൊണ്ടായിരിക്കും. അത് ആധ്യാത്മികതയായിരിക്കാം; ജോലിയായിരിക്കാം; ജീവിത രീതിയായിരിക്കാം; സഭാഘടനയായിരിക്കാം; സഭാധികാരികളായിരിക്കാം; പുരോഹിതരില്‍നിന്നും മെത്രാന്മാരില്‍നിന്നുമുള്ള ലൈംഗിക അതിക്രമങ്ങളായിരിക്കാം; കത്തോലിക്കാ സഭയുടെ യാഥാസ്ഥിതിക മനോഭാവമായിരിക്കാം; വെറും വ്യക്തിപരമായിരിക്കാം. ചില കന്യാസ്ത്രീകള്‍ക്ക് കുറെക്കാലം കഴിയുമ്പോള്‍ വേറൊരു ജീവിതാന്തസായിരിക്കും ഇഷ്ടം. മറ്റു ചിലര്‍ക്ക് വിവാഹിതരായി കുട്ടികളെ ജനിപ്പിച്ചു വളര്‍ത്തി യഥാര്‍ത്ഥ അമ്മമാരാകുന്നതിലായിരിക്കും താല്പര്യം. അവരുടെ കത്തോലിക്കാ വിശ്വാസത്തിന് യാതൊരു കോട്ടവും സംഭവിക്കുന്നില്ല. വിശ്വാസത്തിന്‍റെ പുതിയ ആവിഷ്ക്കാരത്തിലൂടെ അത് സാക്ഷാല്‍ക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. സ്വന്തം ജീവിതത്തിന്‍റെ എല്ലാ തലങ്ങളെയും ആഴമായി പഠിച്ച് പക്വമായ ഒരു തീരുമാനം വഴിയാണ് വ്രതങ്ങളില്‍നിന്നു വിടുതല്‍ വാങ്ങിക്കുന്നത്. മുമ്പ് ചിന്തിക്ക പോലും ചെയ്തിട്ടില്ലാത്ത അനിശ്ചിതമായ പുറംലോക ജീവിതത്തിലേക്ക് കാലെടുത്തുകുത്താന്‍ ഒരു കന്യാസ്ത്രീക്ക് ആത്മധൈര്യവും ഉദ്ദേശദാര്‍ഢ്യവും ഒപ്പം ആവശ്യമാണ്. കാരണം മഠത്തിലെ സുരക്ഷിതവും ഭദ്രവുമായ ജീവിതം, ആധ്യാത്മീകത, സന്യസ്ഥജീവിതത്തോടുള്ള മാനസികവും ശാരീരികവും വൈകാരികവുമായ അടുപ്പവുമെല്ലാം ഉപേക്ഷിക്കേണ്ടിവരുന്നു. തന്‍റെ യൗവനകാലം മുഴുവന്‍ മഠത്തിലും മഠത്തിനുവേണ്ടിയും ജീവിച്ചു. ഇനി ഇതാ പുറം ലോകത്തേക്കിറങ്ങുന്നു. അതിനാല്‍ സങ്കടത്തിന്‍റെയും കുറ്റബോധത്തിന്‍റെയും അനിശ്ചിതത്വത്തിന്‍റെയും ഗൃഹാതുരത്വത്തിന്‍റെയും ശീലിച്ച ജീവിത രീതിയെ വിട്ടുപോരുന്നതിന്‍റെയും സഹപാഠികളെ ഉപേക്ഷിച്ചു പോരുന്നതിന്‍റെയുമായ എല്ലാ വേദനകളെയും തരണം ചെയ്യണം. സ്വന്തം കുടുംബത്തെ ഉപേക്ഷിക്കുന്നതുപോലെത്തന്നെയാണ് സ്വന്തം മഠത്തെ ഉപേക്ഷിച്ചുപോകുന്നതും.

Sr. Lucy Kalapura
Sr. Lucy Kalapura

നിത്യവ്രതം വാഗ്ദാനം ചെയ്തവര്‍ ഗുരുതരമായ തെറ്റിലകപ്പെട്ടാല്‍ മാത്രമെ ആശ്രമങ്ങളില്‍ നിന്നോ മഠങ്ങളില്‍ നിന്നോ പുറംതള്ളാവൂ എന്ന് കാനോന അനുശാസിക്കുന്നുണ്ട് (കാനോന: 500. 2. 1). കൂടാതെ പുറത്താക്കലിന് മുന്നോടിയായി പുറത്താക്കല്‍ ഭീഷണിയോടുകൂടിയ രണ്ട് മുന്നറിയിപ്പ് നല്‍കേണ്ടതുമാണ്? (കാനോന: 500. 2. 2). കാനോന്‍ നിയമത്തിലെ വകുപ്പുകളൊന്നും സന്യാസ സഭാധികാരികള്‍ പലപ്പോഴും നോക്കാറില്ല. ഒരു കന്യാസ്ത്രീയെ പുറംതള്ളണമെന്നവര്‍ തീരുമാനിച്ചാല്‍ ആ കന്യാസ്ത്രീയെ അവര്‍ പുറംതള്ളുകതന്നെ ചെയ്യും. പുറംതള്ളപ്പെടുന്ന ഒരു സാധു സ്ത്രീക്ക് സഭാധികാരത്തോട് പൊരുതി ജയിക്കാന്‍ നിര്‍വാഹമൊന്നുമില്ല. നിത്യവ്രതം ചെയ്ത്? 54 വയസുവരെ മഠത്തില്‍ ജീവിച്ച, അധ്യാപികയായി സര്‍ക്കാരില്‍നിന്നു ലഭിച്ച ശമ്പളം മുഴുവന്‍ മഠത്തിന് നല്‍കിയ കളപ്പുര സിസ്റ്റര്‍ ഗുരുതരമായ എന്ത് തെറ്റാണ് ചെയ്തത്? അവരെ നിയമാനുസൃതമാണോ പുറത്താക്കിയത്? അധ്യാപികയായി സമ്പാദിച്ച് മാഠത്തിനു നല്‍കിയ പണമെവിടെ? ഫ്രാങ്കോ ബലാത്സംഗം ചെയ്ത കന്യാസ്ത്രീക്ക് എന്തുകൊണ്ട് നീതി ലഭിക്കുന്നില്ല? പരാതിക്കാരി കന്യാസ്ത്രീയുടെ കണ്ണുനീരുകാണാതെ സഭാധികാരം എന്തുകൊണ്ട് ഫ്രാങ്കോയുടെ പക്ഷം ചേരുന്നു? സഭയിലെ വിശ്വാസികള്‍ക്കും പൊതുസമൂഹത്തിനും എല്ലാമറിയാന്‍ അവകാശമുണ്ട്.

സുല്‍ത്താന്‍ ബത്തരിയിലെ ഒരു സ്കൂളില്‍ പാമ്പുകടിയേറ്റു മരിച്ച ഷെഹ്‌ല എന്ന പെണ്‍കുട്ടിയുടെ കൂട്ടുകാരായ മറ്റു കുട്ടികളുടെ നീതിബോധമോ ആര്‍ജവമോ കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകള്‍ക്ക് ഇല്ലാതെ പോയി. കൂട്ടത്തിലുള്ള ഒരു കന്യാസ്ത്രീയെ ഒരു മെത്രാന്‍ ലൈംഗികമായി ദുരുപയോഗിച്ചുയെന്ന ആരോപണം ഉണ്ടായപ്പോഴും കളപ്പുര സിസ്റ്ററെ അന്യായമായി മഠത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുമ്പോഴും അവരുടെ നാവ് ഇറങ്ങിപ്പോകുകയാണ് ചെയ്തത്!പുരുഷാധിപത്യ സംവിധാനത്തിന്‍ കീഴില്‍ അടിമകളായി കഴിയുന്ന നിസഹായരായ കന്യാസ്ത്രീകള്‍ക്ക് നിഷ്കളങ്കരായ ആ സ്കൂള്‍ കുട്ടികളുടെ ധൈര്യം പോലും ഇല്ലാതെ പോയി.

പൗരസ്ത്യ സഭകളുടെ കാനോനകള്‍ 503: 1. ‘ആശ്രമത്തില്‍ നിന്ന് നിയമപ്രകാരം വിട്ടുപോവുകയോ അതില്‍നിന്നു നിയമാനുസൃതം പുറത്താക്കപ്പെടുകയോ ചെയ്യുന്ന ആള്‍ക്ക് താന്‍ അവിടെ ചെയ്ത ഏതെങ്കിലും സേവനത്തെപ്രതി അവിടെനിന്ന് ഒന്നും ആവശ്യപ്പെടാനാവുന്നതല്ല.’ 2. ‘എങ്കിലും ആശ്രമം അതില്‍നിന്നു വേര്‍പിരിഞ്ഞ ആളുടെനേരെ ഉചിതവും സുവിശേഷാത്മകവുമായ ഉപവി കാണിക്കണം.’ മഠത്തില്‍നിന്നു പുറത്താക്കപ്പെടുന്നവര്‍ക്കും സ്വമനസ്സാ പുറത്തേക്ക് പോകുന്നവര്‍ക്കും പ്രതിഫലത്തിനോ നഷ്ടപരിഹാരത്തിനോ അര്‍ഹത ഇല്ലന്ന് കാനോന വ്യക്തമായി പറയുന്നു. ഒന്നാമതായി, ഈ കാനോനയില്‍ യേശുവിന്‍റെ സ്നേഹത്തിന്‍റെ അരൂപി തൊട്ടുതേച്ചിട്ടേയില്ല. എല്ലാവര്‍ക്കും അവരവര്‍ ചെയ്ത വേലയ്ക്ക് പ്രതിഫലത്തിനും വേണ്ടിവന്നാല്‍ നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ട്. മറിച്ചുള്ള ഏതു നിയമവും ഒരു പരിഷ്കൃത രാഷ്ട്രത്തിന് യോജിച്ചതല്ല. കൂടാതെ, ആശ്രമത്തില്‍ നിന്നും വേര്‍പിരിഞ്ഞ ആളുടെ നേരെ ഉചിതവും സുവിശേഷാത്മകവുമായ ഉപവി കാണിക്കണം എന്ന ഉപദേശം വളരെ അവ്യക്തമാണ്. ഉപവിയുടെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാത്ത ആ ഉപദേശംകൊണ്ട് എന്താണാവോ ഉദ്ദേശിക്കുന്നത്? മഠം വിട്ടു പോകുന്നവരുടെ സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച് മേല്‍പറഞ്ഞ ഒരു കാനോന മാത്രമേ ഉള്ളൂ. ഒരു കന്യാസ്ത്രീ സന്യസ്തം ഉപേക്ഷിച്ചു പോയാല്‍ അതല്ലായെങ്കില്‍ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് മഠത്തില്‍ നിന്നും പുറംതള്ളപ്പെട്ടാല്‍ അവര്‍ ജനിച്ചു വളര്‍ന്ന കുടുംബത്തില്‍ വരെ ചെന്നുപറ്റാനുള്ള വണ്ടിക്കൂലി മാത്രം കൊടുത്ത് മഠത്തിന്‍റെ പടിയിറക്കിവിടുന്നത് അതിക്രൂരമല്ലേ? ജന്മി/അടിയാന്‍ വ്യവസ്ഥയിലാണോ മഠത്തിലെ സന്ന്യാസ ജീവിതം? അത് മനുഷാവകാശ ലംഘനമല്ലേ? ഇന്ത്യയിലെ നിയമവ്യവസ്ഥയെ അവഹേളിക്കുന്നതല്ലേ? എന്നാല്‍ കേരളത്തിലെ കത്തോലിക്കാ സഭകളില്‍ ഇന്നതാണ് നടക്കുന്നത്. ഒരു മുന്‍ കന്യാസ്ത്രീ മഠത്തിന്‍റെ മുമ്പില്‍ ഭിക്ഷാപാത്രവുമായി വഴിപോക്കരെ നോക്കി നില്‍ക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നത് മഠത്തിനും സഭയുടെ അധികാര വര്‍ഗത്തിനും അപമാനമാണ്. പൊതുജനം പ്രതികരിക്കതന്നെ ചെയ്യും.

സഭ വിട്ടുപോകുന്ന കന്യാസ്ത്രികളുടെ ജീവിത ബുദ്ധിമുട്ടുകളെപ്പറ്റി സഭ പഠിക്കണം. സഭയുടെ ഔദ്യോഗിക വ്യക്തികള്‍ അത് മനസ്സിലാക്കണം. വേദനാജനകമായ അവരുടെ ജീവിത സാഹചര്യങ്ങളെ സഭ അറിയണം. അവരുടെ വ്രതങ്ങളില്‍നിന്നും ഒഴിവ് നല്‍കുന്നതു മാത്രം പോരാ അവര്‍ക്ക് നിത്യവൃത്തിക്കുള്ള ധനസഹായവും ചെയ്യണം. കന്യാസ്ത്രീ ജീവിതത്തില്‍നിന്നും അല്‍മായ ജീവിതത്തിലേക്കുള്ള മാറ്റത്തില്‍ വന്നുകൂടുന്ന ജീവിത പ്രശ്നങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കണ്ടുപിടിക്കാന്‍ സഭ സഹായകമാകണം.

സന്യാസം വിട്ടുപോകുന്ന സഹോദരികള്‍ ഒരു പുതിയ ജീവിതത്തെ കണ്ടുപിടിക്കുമ്പോള്‍ ചില അത്യാവശ്യ കാര്യങ്ങള്‍ പാര്‍പ്പിടം, വസ്ത്രം, വീട്ടുപകരണങ്ങള്‍, ജോലി, താത്ക്കാലിക ചിലവിനുള്ള കുറെ പണം ഉടനടി ആവശ്യമാണ്. കൂടാതെ ദീര്‍ഘകാലാടിസ്ഥാനത്തിലും പല കാര്യങ്ങളും നടക്കേണ്ടതായിട്ടുണ്ട്. സ്വന്തം കുടുംബവുമായി പുതിയ ബന്ധം സ്ഥാപിക്കണം. കന്യാസ്ത്രീ അവസ്ഥയില്‍ നിന്നും അല്‍മായ സ്ത്രീ എന്ന അവസ്ഥയിലേക്കുള്ള മാറ്റത്തെ അംഗീകരിച്ച് പൊതുജനങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടാന്‍ പഠിക്കണം. ലൈഗികതയേയും ലൈംഗിക ജീവിതത്തെയും പുതുതായി കണ്ടുപിടിക്കണം. സാധാരണക്കാരുടെ ജീവിതത്തെ ആശ്ലേഷിക്കാന്‍ പഠിക്കണം. വരുമാനമുള്ള ഒരു ജോലി കണ്ടുപിടിക്കണം. ചുരുക്കിപറഞ്ഞാല്‍ മഠം ഉപേക്ഷിക്കുന്ന അഥവാ മാഠത്തില്‍ നിന്നും പറഞ്ഞു വിടുന്ന ഓരോ കന്യാസ്ത്രീക്കും നവമായ ഒരു സ്വയം തിരിച്ചറിവ് ഉണ്ടാകണം. മഠം ഉപേക്ഷിക്കുന്ന കന്യാസ്ത്രീകളുടെ മുഖ്യ പ്രശ്നം സഭയുടെ അവരോടുള്ള പെരുമാറ്റമാണ്. അത് എപ്പോഴും തന്നെ തൃപ്തികരമല്ലാത്തതും അനീതി നിറഞ്ഞതുമാണ്. സഭ തന്നെയാണ് ഈ വിഷയത്തിലെ പ്രധാന പ്രശ്നം.

ഓരോ കന്യാസ്ത്രീയുടെയും പ്രായം, വിദ്യാഭ്യാസം, നിലവാരം, ജോലി സാധ്യത, ആരോഗ്യം, മാനസികവും ശാരീരികവും ആധ്യാത്മികവുമായ അവസ്ഥ, കുടുംബത്തില്‍നിന്നുള്ള സഹായം തുടങ്ങിയ കാര്യങ്ങള്‍ ധനസഹായത്തിന് വിലയിരുത്തപ്പെടണം. പൗരോഹിത്യവും കന്യാസ്ത്രീ ന്ന്യാസ്ത്രിജീവിതവും ഉപേക്ഷിച്ചുപോകുന്ന വ്യക്തികളുടെ നിലനില്പിനായി ട്രസ്റ്റ് ഫണ്ട് സ്ഥാപിക്കണം. 1965 മുതല്‍ പാശ്ചാത്യ രാജ്യങ്ങളിലും ആസ്റ്റല്രേിയായിലുമെല്ലാം മഠംവിട്ടുപോകുന്ന കന്ന്യാസ്ത്രികള്‍ക്ക് ധനസഹായം ചെയ്യാനായി ട്രസ്റ്റ് ഫണ്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പുറംലോകത്തുള്ള അവരുടെ ജീവിതത്തെ കെട്ടിപ്പടുക്കാന്‍ അത് സഹായകമാകുന്നുണ്ട്. സഭ വിട്ടുപോകുന്ന സഹോദരികളെ സഹായിക്കാന്‍ അവര്‍ അംഗമായിരുന്ന സമൂഹത്തിന് കടമയുണ്ട്. അവര്‍ പോകുന്നതിന്‍റെ കാരണം ഇക്കാര്യത്തില്‍ പ്രസക്തമല്ല. അപ്രകാരം ആ സമൂഹം അവരോട് പെരുമാറിയില്ലങ്കില്‍ ആ സഹോദരികള്‍ക്ക് നീതി ലഭിക്കുന്നില്ല. സഭാധികാരികളുടെ തീരുമാനങ്ങള്‍ പലപ്പോഴും നല്ലതോ, ബുദ്ധിപൂര്‍വമോ ന്യായീകരിക്കത്തക്കതോ ആയിരിക്കണമെന്നില്ല. പിരിഞ്ഞുപോകുന്ന കന്യാസ്ത്രീകളെ എല്ലാ തലങ്ങളിലും പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍ സഹായിക്കാന്‍ സഭാധികാരികള്‍ തയ്യാറാകാത്തത് കഷ്ടമാണ്. മഠങ്ങളില്‍ നിന്നുള്ള ധനസഹായമോ സാമ്പത്തിക വായ്പ ലഭിക്കാതിരിക്കുകയോ മറ്റ് ബുദ്ധിമുട്ടുകളില്‍ സഹായ ഹസ്തം ഇല്ലാതിരിക്കുകയോ ചെയ്താല്‍ ആ കന്യാസ്ത്രീയുടെ മഠത്തില്‍ നിന്നുള്ള പോക്ക് ഗുരുതരമായ ഒരവസ്ഥയില്‍ ചെന്നവസാനിക്കും. ആത്മഹത്യയ്ക്കു തന്നെ അത് കാരണമായേക്കാം. സന്യാസത്തില്‍ നിന്ന് സാധാരണ ജീവിതത്തിലേക്കുള്ള മാറ്റത്തിന് സഹായകമാകുന്നതൊന്നും ഇന്ന് മഠങ്ങള്‍ ചെയ്യുന്നില്ല. ഇതു സംബന്ധിച്ച് ലോകവ്യാപകമായ ഒരു ധാരണ കത്തോലിക്കാ സഭയ്ക്ക് ഉണ്ടായിരിക്കേണ്ടതാണ്.

കന്യാസ്ത്രീ ജീവിതം ഉപേക്ഷിച്ചു പോകുന്ന സഹോദരികളുടെ നിസ്സഹായവസ്തയെപ്പറ്റി സഭാധികാരികള്‍ മനസ്സിലാക്കേണ്ടതാണ്. ഈ വിഷയം അവരുമായി പങ്കുവയ്ക്കുമ്പോള്‍ സഭയുടെ ഇന്നത്തെ നിലപാടിനാധാരമായ ചില കാര്യങ്ങള്‍ അവര്‍ പറയാറുണ്ട്. സഭയില്‍ ചേരുന്ന കന്യാസ്ത്രീകള്‍ക്ക് നിത്യവ്രത വാഗ്ദാനത്തിനു മുന്‍പ് സഭയില്‍ നിന്നു പോകാന്‍ ധാരാളം സമയമുണ്ടായിരുന്നു. കാര്യം ശരിതന്നെ. പക്ഷെ നിത്യവ്രത വാഗ്ദാനാവസരത്തില്‍ പോലും ഭാവിയെന്തെന്നും എന്തിലേക്കാണ് കാലുകുത്തുന്നതെന്നും പലര്‍ക്കും അറിയാന്‍ പാടില്ലന്നുള്ളതാണ് സത്യം. കാലങ്ങള്‍ കഴിയുമ്പോള്‍ ചില സഹോദരികള്‍ക്ക് അവരുടെ സന്യാസ ജീവിതം മടുത്തെന്നിരിക്കും. ഇത് സാധാരണ സന്യാസ ജീവിതത്തിന്‍റെ പരാജയമല്ല; മറിച്ച്, അത് മാനസിക വളര്‍ച്ചയുടെ ഭാഗമാണ്. ‘ദൈവ വിളി’ ഇല്ലാതെ മഠങ്ങളില്‍ കയറിക്കൂടിയവരാണ് മഠത്തിലെ ജീവിതം ഇട്ടെറിഞ്ഞിട്ടു പോകുന്നതെന്നാണ് മറ്റൊരഭിപ്രായം. എന്താണാവോ ഈ പറയപ്പെടുന്ന ദൈവ വിളി? ദൈവ വിളി എല്ലാവര്‍ക്കുമില്ലേ, ഓരോരോ രീതിയില്‍? വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി കണ്ടുപിടിച്ച ഒരു തട്ടിപ്പു പദമാണ് ‘ദൈവ വിളി’ എന്ന പദം. ദൈവ വിളി ഉണ്ടോ ഇല്ലയോ എന്നതല്ല ഇക്കാര്യത്തില്‍ പ്രധാനം. മഠത്തിലെ ഓരോ കന്യാസ്ത്രീയും സ്വന്തം സമൂഹത്തിന്‍റെ അഭിവൃത്തിക്കായി അഹോരാത്രം പരിശ്രമിച്ചിരുന്നു എന്നതാണ് ഇവിടെ പ്രസക്തം. അപ്പോള്‍ ഒരു സഹോദരി അവളുടെ സന്യാസ സമൂഹം വിട്ടു പോകാന്‍ തീരുമാനിച്ചാല്‍ അവരെ കൈയ്യൊഴിയാതെ മാന്യവും പക്ഷപാതരഹിതവും നീതിപൂര്‍വവുമായ പെരുമാറ്റവും കൈയ്യഴിഞ്ഞ സാമ്പത്തിക സഹായവും ചെയ്തു കൊടുക്കാന്‍ സഭ കടപ്പെട്ടിരിക്കുന്നു. മഠത്തിന് സഹായിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്നതല്ല ഇവിടെ പ്രശ്നം. പോകുന്ന വ്യക്തിക്ക് ജീവസന്ധാരണത്തിനുള്ള വരുമാനമുണ്ടോ എന്നതാണ് പ്രശ്നം. സീറോ മലബാര്‍ സഭ ഇന്ന് നികുതി കൊടുക്കാത്ത (not for profit) കേരളത്തിലെ ഏറ്റവും സമ്പന്നമായ ഒരു സംഘടനയാണ്. അതിന്‍റെ സ്വത്ത് കണക്കുകൂട്ടാന്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ തന്നെ വേണം. ആ സ്ഥിതിക്ക് പട്ടവും സന്യാസവും ഉപേക്ഷിക്കുന്നവരെ സഹായിക്കാന്‍ സഭയ്ക്ക് യാതൊരു പ്രയാസവുമില്ല. അതിനുള്ള നന്മനസ് മാത്രം ഉണ്ടായാല്‍ മതി. സാമൂഹ്യ നീതിയെ അടിസ്ഥാനപ്പെടുത്തി പരിതാപകരമായ ഇന്നത്തെ സ്ഥിതിയെ തിരുത്താനും അതിനുള്ള പരിഹാര മാര്‍ഗം കണ്ടുപിടിക്കാനും സീറോ മലബാര്‍ സഭയ്ക്ക് നിഷ്പ്രയാസം സാധിക്കും. ഈ കാര്യത്തിനു മാത്രമായി സഭ ഒരു ചര്‍ച്ച് ഫണ്ട് രൂപീകരിക്കേണ്ടതാണ്. ചുരുക്കി പറഞ്ഞാല്‍ അതിനുള്ള ഒരു വീക്ഷണവും മൂല്ല്യബോധവും നന്മനസും മുതല്‍കൂട്ടും ഉണ്ടായാല്‍ മാത്രം മതി.

ഒന്നാമതായി സീറോ മലബാര്‍ കത്തോലിക്കാ സഭാ വൈദികരുടെയും കന്യാസ്ത്രീകളുടെയും സേവനങ്ങളെ വിലമതിച്ച് വിലയിരുത്തണം. അതിന്‍പ്രകാരം സേവനം ഉപേക്ഷിച്ച് പോകുന്നവര്‍ക്ക് ജീവസന്ധാരണത്തിനുള്ള സാമ്പത്തിക സഹായം ചെയ്യണം. രണ്ടാമതായി അവരെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തികമായി സഹായിക്കാന്‍ ഒരു എന്‍ഡോവ്മെന്‍റ് ഫണ്ട് സ്വരൂപിക്കണം. മൂന്നാമതായി ഈ എന്‍ഡോവ്മെന്‍റ് ഫണ്ട് വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാന്‍ ഉത്തരവാദപ്പെട്ട ഒരു സമതി രൂപീകരിക്കണം. പാശ്ചാത്യ രാജ്യങ്ങളില്‍ കന്യാസ്ത്രീകളുടെ റിട്ടയര്‍മെന്‍റ്റിലേക്കായി ഫണ്ടുകള്‍ സ്വരൂപിച്ച് അവരെ വാര്‍ദ്ധക്യത്തില്‍ സഹായിക്കുന്നുണ്ട്. ഇടവകകളില്‍ നിന്നുപോലും ആ ഫണ്ടിലേക്കുള്ള ധനസഹായാഭ്യര്‍ത്ഥനകള്‍ നടത്താറുണ്ട്. എന്തുകൊണ്ട് സീറോ മലബാര്‍ സഭയ്ക്കും ആ വഴിയെ ചിന്തിച്ചുകൂടാ? ഈ ഫണ്ട് സീറോ മലബാര്‍ സഭയുടെ മൊത്തത്തിലുള്ളതായിരിക്കുകയും സ്വതന്ത്രമായ ഒരു സമതിയുടെ നിയന്ത്രണത്തിലായിരിക്കുകയും വേണം. മതിയായ തുക ഈ ഫണ്ടിലുണ്ടായിരിക്കണം. ഈ സമതിയില്‍ പരിചയ സമ്പത്തുള്ളവരും സത്യസന്ധരും പ്രത്യേക പരിശീലനം നേടിയിട്ടുള്ളവരും പ്രഗത്ഭരുമായ വൈദികരും സന്യസ്തരും അല്‍മായരും ഉണ്ടായിരിക്കണം. ഫണ്ട് വിവേക പൂര്‍വം കൈകാര്യം ചെയ്യണം. അര്‍ഹതപ്പെട്ടവര്‍ക്ക് നീതിയുക്തമായ രീതിയില്‍ ഈ ഫണ്ടില്‍ നിന്നും സാമ്പത്തിക സഹായം ചെയ്യണം. ഫണ്ട് ദാനമായോ ലോണായോ നല്‍കാന്‍ സാധിക്കണം. ഫണ്ടിന്‍റെ കൈകാര്യ കത്രിത്വം സുതാര്യമായിരിക്കണം. സഭയില്‍ നിന്നുള്ള സംഭാവന, ആശ്രമങ്ങളില്‍ നിന്നുള്ള സംഭാവന, മഠങ്ങളില്‍ നിന്നുള്ള സംഭാവന, ഇടവകപ്പള്ളികളില്‍ നിന്നുള്ള സംഭാവന, സമ്പന്നരായ വ്യക്തികളില്‍ നിന്നുള്ള സംഭാവന എല്ലാം ഈ ഫണ്ടിന്‍റെ മുതല്‍കൂട്ടിന് ഉപയോഗപ്പെടുത്തണം.

പോയ, പോകാനിരിക്കുന്ന സന്യസ്തരുടെയും പുരോഹിതരുടെയും സാമ്പത്തികവും മറ്റ് പല തരത്തിലുമുള്ള ബുദ്ധിമുട്ടുകളെ ആധാരമാക്കി അതിനുള്ള നിവാരണ മാര്‍ഗത്തിലേക്കുള്ള ഒരു വിരല്‍ചൂണ്ടലാണ് ഈ ലേഖനം. ഈ വിഷയത്തെ സംബന്ധിച്ച് സഭാധികാരികള്‍, പുരോഹിതര്‍, കന്യാസ്ത്രീകള്‍, സഭാപൗരര്‍ തുടങ്ങിയവരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News