മുസ്ലിം സംസ്‌കൃതം പഠിപ്പിക്കേണ്ട; ബനാറസ് ഹിന്ദു സര്‍‌വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍

88362-bhuവാരണസി: സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്ലിം അധ്യാപകനെ നിയമിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വന്നിരുന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു.

എന്നാല്‍, ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സംസ്‌കൃത വിദ്യ ധര്‍മ്മ വിജ്ഞാന്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരണം തുടരു൦. തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് 10 ദിവസത്തിനകം സര്‍വകലാശാല അധികൃതര്‍ മറുപടി നല്‍കിയില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാകേഷ് ഭട്‌നാഗറുടെ ഓഫീസിനു മുന്നില്‍ നടത്തി വന്നിരുന്ന പ്രതിഷേധമാണ് വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിച്ചത്. സ്‌തോത്ര ആലാപനവും യജ്ഞവും ഒക്കെയായി മുപ്പതോളം വിദ്യാര്‍ത്ഥികള്‍ നടത്തി വന്നിരുന്ന സമരം വെള്ളിയാഴ്ചയാണ് അവസാനിപ്പിച്ചത്.

അസിസ്റ്റന്‍റ് പ്രൊഫസര്‍ ഫിറോസ് ഖാനെയാണ് സംസ്‌കൃതം അധ്യാപകനായി നിയമിച്ചത്. രാജസ്ഥാന്‍ സ്വദേശിയായ ഖാന്‍റെ പിതാവും സംസ്‌കൃത പണ്ഡിതനാണ്. ഫിറോസ് ഖാന്‍റെ നിയമനം റദ്ദാക്കി പുതിയ അധ്യാപകനെ വയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

പ്രത്യേക മതവിഭാഗത്തിലെ വ്യക്തികള്‍ക്ക് എതിരെയല്ല പ്രതിഷേധമെന്നും പരമ്പരാഗത കാര്യങ്ങളില്‍ മാറ്റമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് സമരക്കാര്‍ പറയുന്നത്.

എന്നാല്‍, ഫിറോസ് ഖാന്‍ അനുയോജ്യനായ വ്യക്തിയാണെന്നും എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് അദ്ദേഹത്തെ നിയമിച്ചതെന്നു൦ സര്‍വകലാശാല അധികൃതര്‍ വിശദീകരണം നല്‍കിയിരുന്നു.

വിഷയം ദേശീയ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയായതോടെ വിദ്യാര്‍ഥി സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് മാനവ വിഭവശേഷി വികസന മന്ത്രാലയത്തോട് നിര്‍ദേശിച്ചിരുന്നു.

തുടര്‍ന്ന് സമരരംഗത്തുള്ള വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പിലെത്തിയതെന്ന് സര്‍വകലാശാല വക്താവ് രാജേഷ് സി൦ഗ് പറഞ്ഞു.

സംസ്കൃതത്തിലെ ബിരുദ-ബി.എഡ്-പി.ജി കോഴ്സുകളായ ശാസ്ത്രി-ശിക്ഷ ശാസ്ത്രി-ആചാര്യ എന്നിവ പൂര്‍ത്തിയാക്കിയശേഷം 2018ല്‍ ജയ്പൂരിലെ ഡീംഡ് സര്‍വകലാശാലയില്‍നിന്ന് രാഷ്ട്രീയ സന്‍സ്കൃതി സന്‍സ്താനില്‍ പിഎച്ച്‌.ഡിയും കരസ്ഥമാക്കിയിട്ടുള്ള ഫിറോസ് ഖാനെ ഈമാസം ഏഴിനാണ് ബി.എച്ച്‌.യുവില്‍ അസിസ്റ്റന്‍റ് പ്രഫസറായി നിയമിച്ചത്.

അധ്യാപകന് പിന്തുണയുമായി RSS!

88369-firoz-khanവാരണസി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സംസ്‌കൃതം പഠിപ്പിക്കാനെത്തിയ മുസ്ലിം അധ്യാപകനായ ഫിറോസ്‌ ഖാന് പിന്തുണയുമായി RSS.

RSS അനുബന്ധ സംഘടനയായ സംസ്കൃത ഭാരതിയാണ് അധ്യാപകന് പിന്തുണ നല്‍കി രംഗത്തെത്തിയിരിക്കുന്നത്.

‘ധർമ്മശാസ്ത്ര’വുമായി ബന്ധപ്പെട്ട് തെറ്റിധാരണ നിലനില്‍ക്കുന്നുണ്ടെന്നും ധര്‍മ്മം എന്നാല്‍ മതം എന്നല്ല അര്‍ത്ഥമെന്നും പത്രക്കുറിപ്പില്‍ സംസ്കൃത ഭാരതി പറയുന്നു.

സമൂഹത്തിന്‍റെ സുഖമമായ നടത്തിപ്പിന് വേണ്ടി വിവിധ സമയങ്ങളിൽ വിവിധ ഭരണഘടനകൾ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു.

അന്ന് അവയെ ‘ധര്‍മ്മശാസ്ത്രം’ എന്നും ഇന്നതിനെ നിയമമെന്നും പറയുന്നു. -സംസ്കൃത ഭാരതിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. എന്നാല്‍, പ്രതിഷേധ സമരം അവസാനിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരണം തുടരുകയാണ്.




Print Friendly, PDF & Email

Related posts

Leave a Comment