ഷഹലയുടെ മരണം: അന്വേഷണ ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി മൊഴിയെടുത്തു; സ്‌കൂള്‍ ഉപരോധിച്ച് വിദ്യാര്‍ത്ഥികള്‍; മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്കി

shahala-death-2വയനാട്: ബത്തേരിയിലെ സര്‍വജന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി മൊഴിയെടുത്തു. മാനന്തവാടി എസിപി വൈഭവ് സക്‌സേനയുടെ നേതൃത്തിലുള്ള ഉദ്യേഗസ്ഥരാണ് മൊഴിയെടുത്തത്. ആദ്യം ഷഹല മരിച്ച വൈത്തിരി ഗുഡ്‌ഷെപ്പേര്‍ഡ് ആശുപത്രിയിലെത്തി ഷഹന ഷെറിനെ ചികിത്സിച്ച ഡോക്ടറില്‍ നിന്ന് മൊഴിയെടുത്തിരുന്നു. ഇതിന് ശേഷമാണ് സര്‍വ്വജന സ്‌കൂളിലെത്തി മൊഴിയെടുത്തത്.

പാമ്പുകടിയേറ്റതുമുതല്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നത് വരെയുള്ള കാര്യങ്ങളെക്കുറിച്ച് കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. ചികിത്സ വൈകിയതാണോ മരണ കാരണം എന്ന കാര്യമാണ് ഉദ്യേഗസ്ഥര്‍ പ്രധാനമായും പരിശോധിക്കുന്നത്. ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി മെഡിക്കല്‍ ബോര്‍ഡിനെയും അന്വേഷണസംഘം സമീപിച്ചു.

അതേസമയം പിടിഎ പിരിച്ചുവിട്ട് അധ്യാപകര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുട്ടികള്‍ ഇന്ന് സ്‌കൂള്‍ ഉപരോധിച്ചു. ഇന്നലെ സര്‍വ്വകക്ഷി യോഗം ചേര്‍ന്നെങ്കിലും സ്‌കൂളിലെ കുട്ടികളുടെ പ്രതിഷേധം ഇതുവരെ അടങ്ങിയിട്ടില്ല. ജനറല്‍ ബോഡി യോഗം ചേര്‍ന്ന് പിടിഎ പിരിച്ചുവിടണമെന്നാണ് കുട്ടികളുടെ ആവശ്യം. അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കേസില്‍ പ്രതിപ്പട്ടികയിലുള്ള നാല് പേരും ഇപ്പോള്‍ ഒളിവിലാണ്.

ഇതിനിടെ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സ്‌കൂള്‍ ക്യാമ്പസില്‍ പാമ്പ് ഉണ്ടോ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ബത്തേരി നഗരസഭയും ജനമൈത്രി പൊലീസും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഷഹല പഠിച്ച ക്ലാസ് മുറി അടക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിനാല്‍ ക്ലാസുകള്‍ തൊട്ടടുത്ത ഓഡിറ്റേിയത്തിലേക്ക് മാറ്റാനാണ് തീരുമാനം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment