Flash News

മലങ്കര കത്തോലിക്ക സഭക്കു അഭിമാനമായി റോക്ക് ലാന്‍ഡില്‍ സെന്റ് പീറ്റേഴ്‌സ് ദേവാലയം കൂദാശ ചെയ്തു

November 26, 2019 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_2663976ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡിലെ ബ്ലോവല്‍ട്ടില്‍ ഇരൂനൂറിലേറെ വര്‍ഷത്തെ ചരിത്രം പേറുന്ന ഗ്രീന്‍ബുഷ് പ്രിസ്ബിറ്റേറിയന്‍ ചര്‍ച്ച്, സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ദേവാലയമായി കൂദാശ ചെയ്യപ്പെടുന്ന അനുഗ്രഹീത നിമിഷത്തിനു വന്‍ വിശ്വാസി സമൂഹം സാക്ഷ്യം വഹിച്ചു.

മുപ്പതില്‍ താഴെയുള്ള ഇടവകാംഗങ്ങളുടെ ത്യാഗനിര്‍ഭരമായ കൂട്ടായ്മയുടേയും സഭാ സ്‌നേഹത്തിന്റേയും പ്രതീകമായ ദേവാലയം മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്ക കാനഡ ഭദ്രാസനാധിപന്‍ ഫിലിപ്പോസ് മാര്‍ സ്‌തെഫാനോസ് മെത്രാപ്പോലീത്ത കൂദാശ ചെയ്തതോടെ പ്രവാസ നാട്ടില്‍ മലങ്കര കത്തോലിക്കാ സഭ വളര്‍ച്ചയുടെ പുതിയ പടവുകള്‍ കയറുന്നു.

സ്വന്തം ദേവാലയം കണ്ടെത്താന്‍ നേതൃത്വം നല്‍കിയ മുന്‍ ഭദ്രാസനാധിപനും ഇപ്പോള്‍ പാറശാല രൂപതാധ്യക്ഷനുമായ തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, പത്തനംതിട്ട രൂപതാ മുന്‍ അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, പള്ളി വികാരിയും രൂപതാ വികാരി ജനറാളുമായ മോണ്‍. അഗസ്റ്റിന്‍ മംഗലത്ത്, ഒട്ടേറെ വൈദീകര്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി.

രൂപതയില്‍ മണിമാളികയും, സെമിത്തേരിയുമുള്ള ഏക ദേവാലയമാണിതെന്നു മാര്‍ സ്‌തെഫാനോസ് അനുഗ്രഹ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. മൂന്നുലക്ഷത്തോളം ഡോളര്‍ മുടക്കി പള്ളി നവീകരിച്ചുവെങ്കിലും മണിമാളിക അതേപടി നിലനിര്‍ത്തി. സെമിത്തേരിയാകട്ടെ രണ്ടു നൂറ്റാണ്ടിലെ വിവിധ തലമുറകളുടെ അന്ത്യവിശ്രമസ്ഥലവുമാണ്. ചരിത്രത്തിന്റെ തിരുശേഷിപ്പ്. സെമിത്തേരിയില്‍ ഉപയോഗിക്കാത്ത സ്ഥലവുമുണ്ട്. രണ്ടേക്കര്‍ വരുന്ന സ്ഥലത്ത് സെമിത്തേരി വികസിപ്പിക്കാനുമാകും. അപ്പോള്‍ പള്ളിക്കു സ്വന്തം സെമിത്തേരിയുമാകും.

ചെറിയ ഇടവകയെങ്കിലും ഏഴരലക്ഷം ഡോളര്‍ രൊക്കം മുടക്കിയാണ് ചരിത്രപ്രധാനമായ പള്ളി സ്വന്തമാക്കിയത്. അതു മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നു.

ഒരു സ്വപ്നസാക്ഷാത്കാരമാണിതെന്നു മാര്‍ സ്‌തെഫാനോസ് ചൂണ്ടിക്കാട്ടി. ചെറിയതെങ്കിലും ഊര്‍ജസ്വലമായ സഭാ സമൂഹത്തിന്റെ പ്രയത്‌നഫലം. ഭൗതിക വസ്തുക്കള്‍ കൊണ്ട് നിര്‍മിതമാക്കുന്ന ഭവനം കൂദാശയിലൂടെ ദൈവിക ആലയമായി മുദ്രകുത്തപ്പെടുകയാണ്. യേശുവിന്റെ സാന്നിധ്യം നിറഞ്ഞ ജീവിക്കുന്ന അടയാളമാണിത്.

ദേവാലയത്തില്‍ നാം ദൈവീക സാന്നിധ്യം അനുഭവിച്ചറിയുന്നു. അപ്പസ്‌തോലന്മാരുടെ പ്രബോധനം പങ്കുവെയ്ക്കാനും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാനും ഇവിടെ നമുക്കാകുന്നു.

പരിശുദ്ധ സ്ഥലമാണിത്. ഒരു ക്ലബ് ആയി ദേവായത്തെ കണക്കാക്കരുത്. ജനത്തിനു ഒത്തുകൂടാനുള്ള സ്ഥലമല്ലിത്.

മറ്റുള്ളവര്‍ക്കെതിരേ കുറ്റാരോപണത്തിനുള്ള സ്ഥലവുമല്ലിത്. വ്യക്തികളുടേയോ, കുടുംബത്തിന്റേയോ മഹത്വം ഘോഷിക്കാനുള്ള ഇടവുമല്ല. ദൈവത്തെ മഹത്വപ്പെടുത്താനും പര്‌സപരമുള്ള സ്‌നേഹം പങ്കുവെക്കാനുള്ള ഇടാീണിത്.

ദേവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന നാലു ചിത്രങ്ങളുടെ അര്‍ത്ഥവ്യാപ്തിയും അദ്ദേഹം വിശദീകരിച്ചു. മദ്ബഹയില്‍ യേശുവിന്റെ ചിത്രം കൈകളുയര്‍ത്തി എല്ലാവരേയും ക്ഷണിക്കുന്നു. ദുഖിതര്‍ക്കും പീഢിതര്‍ക്കും ആശ്വാസം നല്‍കുന്ന കരങ്ങളാണവ. വിഷമതകളിലും ദുഖങ്ങളിലും പെടുമ്പോള്‍ എല്ലാവര്‍ക്കും ആശ്വാസം നല്‍കുന്ന സാകേതം. യേശുവിന്റെ സ്‌നേഹവും കാരുണ്യവും അനുഭവവേദ്യമാകുന്ന സ്ഥലം.

തിരുവത്താഴത്തിന്റെ ചിത്രമാണ് മറ്റൊന്ന്. ദേവാലയം ശുശ്രൂഷാ വേദിയാണ്. അവിടെ നാം യേശുവിന്റെ സ്‌നേഹത്തില്‍ പങ്കുചേരുകയാണ്.

പള്ളിയുടെ നാമഹേതുകനായ വി. പത്രോസിന്റെ ചിത്രമാണ് മറ്റൊന്ന്. പത്രോസാകുന്ന പാറയിലാണ് സഭ സ്ഥാപിതമായിരിക്കുന്നത്. ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ് അങ്ങ് എന്നു പത്രോസ് ഏറ്റുപറഞ്ഞതുപോലെ നാമും ഏറ്റുപറയണം. പത്രോസിനോട് ചേര്‍ന്നു നാം നമ്മുടെ വിശ്വാസം പ്രഘോഷിക്കുന്നു.

തിരുകുടുംബത്തിന്റെ രൂപമാണ് നാലാമത്തേത്. ദൈവം കുടുംബത്തെ സ്ഥാപിച്ചു. കുടുംബത്തില്‍ വാഴുന്നു. കുടുംബത്തിന്റെ ശാക്തീകരണം സാധിതമാക്കണം. പരിശുദ്ധ അമ്മ ദൈവത്തിനു പൂര്‍ണമായി സമര്‍പ്പിച്ചു. അമ്മയോടു ചേര്‍ന്നു ദൈവത്തില്‍ പൂര്‍ണമായി അര്‍പ്പിക്കാന്‍ നമുക്കാകണം. നീതിമാനായ മാര്‍ യൗസേഫിന്റെ പാത പിന്‍തുടരാന്‍ നമുക്കാകണം അദ്ദേഹം പറഞ്ഞു.

കൂദാശാ ദിനത്തില്‍ തന്നെ മൂന്നു കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടന്നു.

മോണ്‍. അഗസ്റ്റിന്‍ മംഗലത്തിനെ താത്കാലികമായി റോക്ക് ലാന്‍ഡിലേക്ക് അയച്ചതും, നാലു കന്യാസ്ത്രീകളെ ശുശ്രൂഷയ്ക്കായി താത്കാലികമായി നിയോഗിച്ചതും മാര്‍ യൗസേബിയോസ് അനുസ്മരിച്ചു. മടങ്ങുന്നതിനു പകരം ഈ സമൂഹത്തില്‍ തന്നെ തുടര്‍ന്നും സേവനം ചെയ്യാമെന്നാണ് അവര്‍ എല്ലാവരും ആവശ്യപ്പെട്ടത് അദ്ദേഹം ചൂണ്ടിക്കാട്ടി.

വികാരി മോണ്‍ അഗസ്റ്റിന്‍ മംഗലത്ത് പള്ളി വാങ്ങുന്നതിനും അത് നവീകരിക്കുന്നതിനും വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ചവരെ അനുസ്മരിച്ചു. അവരുടെ ത്യാഗപൂര്‍ണ്ണമായ അധ്വാനമാണ് ഇന്ന് ഫലവത്തായത്. അവര്‍ക്കെല്ലാവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. കന്യാസ്ത്രീകള്‍ നല്‍കുന്ന സേവന പ്രവര്‍ത്തനങ്ങളും പ്രത്യേകമായി അനുസ്മരിച്ചു.

സ്‌റ്റെര്‍ലിംഗ് ബില്‍ഡിംഗ് കമ്പനിയാണ് പള്ളി നവീകരിച്ചത്. ജോണ്‍ വര്‍ഗീസ് അള്‍ത്താര നിര്‍മ്മിച്ചു.

റോക്ക്‌ലാന്റ് ഇടവകക്കാര്‍ ആദ്യകാലത്ത് ന്യൂജേഴ്‌സിയിലായിരുന്നു ആരാധനയില്‍ പങ്കെടുത്തത്. ഇപ്പോഴത്തെ കാതോലിക്കാ ബാവ മാര്‍ ക്ലീമീസ് അമേരിക്കയില്‍ സേവനമനുഷ്ഠിച്ചപ്പോള്‍ റോക്ക്‌ലാന്റില്‍ മിഷന്‍ സ്ഥാപിച്ചു. 2002ല്‍. ഏതാനും കുടുംബങ്ങള്‍ മാത്രമാണ് അന്ന് ഉണ്ടായിരുന്നത്ആറു വര്‍ഷം പള്ളി സെക്രട്ടറിയും ട്രസ്റ്റിയുമായിരുന്ന തോമസ് ഏബ്രഹാം (തോമസുകുട്ടി) അനുസ്മരിച്ചു. പള്ളി വാങ്ങാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അക്കാലത്ത് തുടങ്ങി. ഫാ. ജോയി മാങ്കുളം ആയിരുന്നു ആദ്യ വികാരി. പിന്നീട് ഫാ. സണ്ണി മാത്യു കാവുവിള ചുമതലയേറ്റു.

ഡയോസിഷന്‍ സെക്രട്ടറി കൂടിയായ പള്ളി സെക്രട്ടറി ഫിലിപ്പ് മാത്യു, ട്രഷറര്‍ ഷെറിന്‍ ജോസഫ് എന്നിവരാണ് പള്ളി വാങ്ങുന്നതിനും നവീകരിക്കുന്നതിനും മുന്നില്‍ നിന്നത്.

Newsimg2_19123190 Newsimg3_96515976 Newsimg4_65453455 Newsimg5_79520016 Newsimg6_41425334 Newsimg7_23109630Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top