Flash News

ആചാര ലംഘനത്തിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുത്

November 26, 2019

sabarimala-2_InPixioഭൂമാത ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി എന്ന ആക്റ്റിവിസ്റ്റ് എന്തു വിലകൊടുത്തും ശബരിമല ചവിട്ടുമെന്ന് പ്രതിജ്ഞയെടുത്ത് കേരളത്തിലെത്തിയത് ഭക്തികൊണ്ടല്ല്, മറിച്ച് കലാപം സൃഷ്ടിച്ച് ശബരിമലയില്‍ കയറിയ ആദ്യത്തെ യുവതി എന്ന ഖ്യാതി നേടാനാണെന്ന് കഴിഞ്ഞ സീസണില്‍ അവരും സംഘവും തെളിയിച്ചതാണ്. സംഘര്‍ഷമുണ്ടാക്കിയല്ല ഏതെങ്കിലും ആരാധനാലയങ്ങളില്‍ ദര്‍ശനം നടത്തേണ്ടത്.

കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ സൃഷ്ടിച്ച സംഘര്‍ഷവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും സര്‍ക്കാരിന്റെ ഒത്താശയോടെയായിരുന്നു എന്നതില്‍ സംശയമില്ല. അന്ന് ശബരിമല കയറാന്‍ വന്ന വനിതകളുടെ ഉദ്ദേശം എന്താണെന്നും വ്യക്തമായതാണ്. ഇത്തവണയും അത് ആവര്‍ത്തിക്കാനാണ് നീക്കമെങ്കില്‍ അത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക. ഇക്കാര്യം തിരിച്ചറിഞ്ഞ് കര്‍ശന നടപടി സ്വീകരിക്കാന്‍ ഭരണകൂടവും തയ്യാറാകണം. ഭക്തിയല്ല, മാധ്യമങ്ങളിലൂടെയുള്ള പ്രശസ്തിയാണ് ഈ ആക്ടിവിസ്റ്റുകളെല്ലാം ലക്ഷ്യമിടുന്നത്. ഇന്ന് തൃപ്തിയും ബിന്ദു അമ്മിണിയും വന്നപ്പോലെ നാളെ ഇനി മറ്റു പലരും വരാനും സാധ്യതയുണ്ട്. രഹന ഫാത്തിമ പോലും ശബരിമല ദര്‍ശനത്തിനായാണ് തയ്യാറെടുത്തിരിക്കുന്നത്.. ഇവരെല്ലാം കൂടി ശ്രമിക്കുന്നത് നാട്ടില്‍ സംഘര്‍ഷം വിതക്കുന്നതിനാണ്.

കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വച്ച് ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ മുളകുപൊടി ആക്രമണം അതാണ് സൂചിപ്പിക്കുന്നത്. എന്ത് കാര്യത്തിന്റെ അടിസ്ഥാനത്തിലായാലും ബിന്ദു അമ്മിണിയല്ല ഒരു സ്ത്രീയും ആക്രമിക്കാന്‍ പാടില്ല. അക്കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇവിടെ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയുമെല്ലാം പ്രതിഷേധം ചോദിച്ച് വാങ്ങുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

എന്തുകൊണ്ടാണ് ഇവര്‍ സുപ്രീം കോടതിയുടെ അന്തിമ വിധിവരെ കാത്തു നില്‍ക്കാതിരിക്കുന്നതെന്നതും പരിശോധിക്കേണ്ട കാര്യം തന്നെയാണ്. മഹാരാഷ്ട്രയില്‍ നിന്ന് ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടറും തൃപ്തി ദേശായിയെ അനുഗമിച്ചിരുന്നു എന്ന് കേള്‍ക്കുന്നു. മഹാരാഷ്ട്രയില്‍ നിന്നും മാധ്യമ പ്രതിനിധിയെ ഒപ്പം കൂട്ടി വന്നത് തന്നെ സംഭവം വിവാദമാക്കാനും പബ്ലിസിറ്റിയും ലക്ഷ്യമിട്ടാണ്. അക്കാര്യം എന്തായാലും വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്.

tripthi-bindu-webമുംബൈയില്‍ നിന്നും തൃപ്തി ദേശായി വന്നതും ബിന്ദു അമ്മിണി രംഗത്തിറങ്ങിയതുമെല്ലാം പരിശോധിക്കുമ്പോള്‍ ഒരു സംഘടിത സ്വഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇങ്ങനെ സംഘടിച്ചും ആസൂത്രണം ചെയ്തും പോകേണ്ട ഒരു സ്ഥലമല്ല ശബരിമല. ഇതൊരു ആരാധനാലയമാണ് ഓരോ വര്‍ഷവും 50 ലക്ഷത്തോളം പേര്‍ ദര്‍ശനം നടത്തുന്ന രാജ്യത്തെ തന്നെ പ്രധാന ആരാധനാലയമാണ് ഈ അയ്യപ്പ ക്ഷേത്രം. യഥാര്‍ത്ഥ ഭക്തരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് സംഘര്‍ഷം സൃഷ്ടിക്കുന്നതിലൂടെ ആക്ടീവിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് പൊലീസും ഇനി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്.

പ്രതിഷേധം കടുത്തതോടെ ദര്‍ശനം സാധ്യമാകാത്തവര്‍ നാളെ വേഷം മാറി വരാനുള്ള സാധ്യതയും ഏറെയാണ്. ഇവിടെയാണ് ഭക്തജനങ്ങളും ജാഗ്രത പാലിക്കേണ്ടത്. സുപ്രീം കോടതി വിധിയില്‍ സര്‍ക്കാറിന് വല്ല വ്യക്തത കുറവുമുണ്ടെങ്കില്‍ അതിനും ഉടന്‍ പരിഹാരം തേടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കുകയാണ് വേണ്ടത്. ശബരിമലയില്‍ ദിനവും ഭക്ത ജനത്തിരക്ക് കൂടി വരുന്ന സാഹചര്യത്തില്‍ സമാധാനാന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാറിന്റെ കൂടി ആവശ്യമാണ്.

ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമല ദര്‍ശനം നിഷേധിച്ചാല്‍ രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങളാണ് ലംഘിക്കപ്പെടുക എന്ന കാഴ്ചപ്പാട് ആര്‍ക്കുതന്നെ ഉണ്ടായാലും അത് വിഢിത്തരമാണ്. ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു യുവതികളും ആഗ്രഹിക്കാത്ത ദര്‍ശനമാണിത്. ഇക്കാര്യത്തില്‍ ഒരു ഹിത പരിശോധനക്ക് അധികൃതര്‍ തയ്യാറായാല്‍ കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമാകും.

Lord-Ayyappa-Devotees-Protest-Against-SC-Verdict-on-Sabarimala-1പുണ്യ പൂങ്കാവനത്തെ സംഘര്‍ഷ ഭൂമിയാക്കാന്‍ ആര് തന്നെ ശ്രമിച്ചാലും സര്‍ക്കാര്‍ അതിനെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. ഒരു വിഭാഗം ശബരിമലയെ ഒരു സെന്‍സിറ്റീവ് ഏരിയ ആക്കി മാറ്റിയിരിക്കുകയാണ്. പരമോന്നത കോടതി തന്നെ വിഷയം പുതിയ ബഞ്ചിലേക്ക് വിട്ടത് മുഖവിലക്കെടുക്കാതെ എത്തുന്നവരെ സഹായിക്കേണ്ട ബാധ്യത സര്‍ക്കാറിനുമില്ല.

1965 ലെ കേരള പൊതു ആരാധന സ്ഥല ചട്ടങ്ങള്‍ ശബരിമല ക്ഷേത്രത്തിനും ബാധകമാണോ എന്നതാണ് ഇനി അറിയാനുള്ളത്. ഏഴംഗ ബഞ്ച് പരിശോധിക്കാന്‍ നിലവിലെ ഭൂരിപക്ഷ വിധിയില്‍ മുന്നോട്ടുവച്ച ഈ ചോദ്യം യുവതീപ്രവേശനം ആവശ്യപ്പെട്ട ഹര്‍ജിയുടെയും അത് അനുവദിച്ച വിധിയുടെയും മര്‍മത്തില്‍ കുത്തുന്നതാണ്. ഈ ചട്ടത്തിലെ 3(ബി) വകുപ്പിലൂടെയാണ് യുവതീപ്രവേശനം തടഞ്ഞിരുന്നത്. ആരാധന സ്ഥലങ്ങളുടെ പ്രവേശനാനുമതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഈ ചട്ടങ്ങള്‍. നിയമവും ചട്ടവും തമ്മില്‍ പൊരുത്തമില്ലെന്നും ചട്ടത്തിലൂടെയുള്ള മൗലികാവകാശ ലംഘനം തടയണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഈ നിലപാടാണു സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ശരിവെച്ചിരുന്നത്.

ഹൈക്കോടതിയും സുപ്രീം കോടതിയും ശബരിമല വിഷയം പരിശോധിച്ചത് 1965 ലെ നിയമത്തിന്റെയും ചട്ടത്തിന്റെയും പശ്ചാത്തലത്തിലാണ്. എന്നാല്‍, ഇപ്പോള്‍ കോടതി ചോദിക്കുന്നത് ഈ ചട്ടം ശബരിമലയ്ക്കും ബാധകമാണോയെന്നതാണ്.
കഴിഞ്ഞ സെപ്റ്റംബറില്‍ ഭൂരിപക്ഷ വിധിയെഴുതിയ 4 ജഡ്ജിമാര്‍ മാത്രമല്ല, വിയോജിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ഈ ചട്ടം ശബരിമലയ്ക്കു ബാധകമാണോയെന്ന സംശയമുന്നയിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ ചോദ്യമുന്നയിച്ച ഭൂരിപക്ഷ ബഞ്ചില്‍ ജസ്റ്റിസ് ഇന്ദുവും ഉള്‍പ്പെടുന്നുണ്ട്. 1965ലെ നിയമത്തെയും ചട്ടത്തെയും കുറിച്ചു വിശദമായ ചര്‍ച്ചയാണു കഴിഞ്ഞ വര്‍ഷത്തെ ഭൂരിപക്ഷ വിധിയിലുണ്ടായിരുന്നത്.

ഭരണഘടനാ ധാര്‍മികത, ധാര്‍മികത എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെടുത്തി മൊത്തത്തിലുള്ള ധാര്‍മികതയാണോ അതെന്നും, അതോ മത വിശ്വാസം സംബന്ധിച്ചതു മാത്രമാണോ എന്നതും വ്യക്തമല്ല. ഇതാണ് ഏഴംഗ ബഞ്ചിന്റെ പരിഗണനയ്ക്കായി മുന്നോട്ടുവച്ചിരിക്കുന്ന മറ്റൊരു പ്രധാന ചോദ്യം.

sabarimala-makaravilakkuകൂടുതല്‍ പരിശോധന സുപ്രീം കോടതിക്ക് തന്നെ ബോധ്യപ്പെട്ടത് കൊണ്ടാണ് ഉയര്‍ന്ന ബഞ്ചിലേക്ക് കേസിപ്പോള്‍ മാറ്റിയിരിക്കുന്നത്. ഇക്കാര്യത്തില്‍ തൃപ്തിയില്ലാത്ത തൃപ്തി ദേശായിമാരെ യഥാര്‍ത്ഥ ഭക്തരായി ഒരിക്കലും കാണാന്‍ കഴിയുകയില്ല. ശബരിമല ദര്‍ശനത്തിനായി എത്തിയ ആക്ടീവിസ്റ്റുകള്‍ ഭക്തരായ യുവതികളുടെ വികാരത്തെയാണ് വൃണപ്പെടുത്തിയിരിക്കുന്നത്.

ആചാരലംഘനം എന്നത് ബഹു ഭൂരിപക്ഷം വരുന്ന സ്ത്രീകളും ആഗ്രഹിക്കാത്ത കാര്യമാണ്. കാലം മാറുന്നതിന് അനുസരിച്ച് എല്ലാം മാറണമെന്ന് ശഠിക്കുന്നവര്‍ വിശ്വസത്തെ തന്നെയാണ് ഹനിക്കാന്‍ ശ്രമിക്കുന്നത്. ദൈവം ഉണ്ടെന്നത് പോലും ഒരു വിശ്വാസം മാത്രമാണ്. ആ വിശ്വാസം തന്നെയാണ് പരമ്പരാഗത ആചാരം തുടരാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നതും. ഇതിനെ ചോദ്യം ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തെ തന്നെയാണ് നിഷേധിക്കുന്നത്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരമാണ് ശബരിമലയില്‍ യുവതികള്‍ കയറരുതെന്നതാണ് വിശ്വസിക്കുന്നത്. നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠ ആയതിനാലാണ് ഇത്തരമൊരു നിയന്ത്രണമുള്ളതത്രേ. കോടിക്കണക്കിന് വരുന്ന ഹൈന്ദവ സ്ത്രീകള്‍ സ്വമേധയാ പാലിക്കുന്ന ഈ ആചാരത്തെ തകര്‍ക്കാനാണ് ഏതാനും ചിലര്‍ ഇപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ഭക്തരുടെ പ്രതിഷേധം സ്വാഭാവികമായും ഉയരാന്‍ സാധ്യത ഉണ്ട്. കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ഇല്ലങ്കില്‍പോലും അതിനുള്ള സാധ്യത വളരെ കൂടുതലുമാണ്. ഇവിടെ ജാഗ്രത പാലിക്കേണ്ടത് പൊലീസാണ്.കഴിഞ്ഞ തവണയുണ്ടായ സംഘര്‍ഷം ഇത്തവണ ഒരിക്കലും അനുവദിക്കാന്‍ പാടുള്ളതല്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top