ഷഹലയുടെ മരണം: മുന്‍കൂര്‍ ജാമ്യം തേടി അധ്യാപകര്‍ ഹൈക്കോടതിയില്‍

HFDകൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന അധ്യാപകര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹെഡ്മാസ്റ്റര്‍ കെകെ മോഹന്‍, അധ്യാപകനായ ഷജില്‍ എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്.

സംഭവം നടക്കുമ്പോള്‍ താന്‍ സ്റ്റാഫ് റൂമിലായിരുന്നുവെന്നാണ് ഷജില്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. പാമ്പ് കടിയേറ്റെന്ന് ഷഹല പരാതിപ്പെട്ടപ്പോള്‍ ക്ലാസ് മുറി പരിശോധിച്ചെന്നും എന്നാല്‍ പാമ്പിനെ കണ്ടെത്താനായില്ലെന്നുമാണ് ഷജിലിന്റെ വാദം. കൂടാതെ കുട്ടികളോട് ക്ലാസില്‍ പോകാന്‍ ആവശ്യപ്പെട്ടത് രംഗം ശാന്തമാക്കാനും ഷഹലയ്ക്ക് ശുദ്ധവായു കിട്ടാനുമാണെന്നും ഷജില്‍ പറയുന്നു. മാധ്യങ്ങളെ തൃപ്തിപ്പെടുത്താനും സ്‌കൂളിനെ താറടിച്ചു കാണിക്കാനുമാണ് തന്നെ പ്രതിയാക്കിയിരിക്കുന്നതെന്നും ഷജില്‍ ആരോപിക്കുന്നു.

അതേസമയം മറ്റൊരു അധ്യാപകന്‍ പറഞ്ഞപ്പോഴാണ് താന്‍ കാര്യമറിയുന്നതെന്നാണ് വൈസ് പ്രന്‍സിപ്പാളിന്റെ വാദം. ഷഹലയുടെ പിതാവ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതിന്റെ പുറകേ താനും ബൈക്കില്‍ പോയതായും വൈസ് പ്രിന്‍സിപ്പാള്‍ പറയുന്നു.

ഷഹലയുടെ മരണത്തില്‍ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. പാമ്പുകടിയേറ്റ ഷഹലയ്ക്ക് അടിയന്തരമായി ചികിത്സ ഉറപ്പുവരുത്തുന്നതില്‍ ഇവരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടെന്നായിരുന്നു പ്രാഥമികമായ കണ്ടെത്തല്‍. പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരെയാണ് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും ബാലനീതി വകുപ്പിലെ 75-ാം വകുപ്പ് പ്രകാരവുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ടാമത്തേത് ജാമ്യം ലഭിക്കാത്ത വകുപ്പാണ്.

നവംബര്‍ 20നാണ് സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹലയ്ക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റത്. സംഭവത്തിന് പിന്നാലെ പ്രിന്‍സിപ്പാളിനെയും വൈസ് പ്രിന്‍സിപ്പാളിനെയും സസ്‌പെന്‍ഡ് ചെയ്യുകയും പിടിഎ പിരിച്ചുവിടുകയും ചെയ്തിരുന്നു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment