Flash News

“മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കാനാവില്ല; ദൃശ്യങ്ങള്‍ പരിശോധിക്കാം; നടിയുടെ സ്വകാര്യത മാനിക്കണം”; സുപ്രീംകോടതി

November 29, 2019

dileep-1ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൈമാറണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. അതേ സമയം ദിലീപിന് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ദൃശ്യങ്ങളുടെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഉപാധികളോടെയാണ് ദൃശ്യങ്ങള്‍ കാണാന്‍ കോടതി അനുമതി നല്‍കിയത്.

നടിയുടെ സ്വകാര്യത പരിഗണിച്ചുകൊണ്ടാണ് ദൃശ്യങ്ങള്‍ രേഖകളാണെങ്കിലും കൈമാറേണ്ടതില്ലെന്ന നിലപാട് കോടതി സ്വീകരിച്ചത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ച കോടതി ദൃശ്യങ്ങള്‍ ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ കാണാമെന്നും ഉത്തരവിട്ടു.

മെമ്മറി കാര്‍ഡ് രേഖയാണെങ്കില്‍ പ്രതിയ്ക്ക് നല്‍കേണ്ടതാണെന്നും തൊണ്ടിമുതലാണെങ്കില്‍ നല്‍കാനാവില്ലെന്നും
നേരത്തെ വാദമുയര്‍ന്നിരുന്നു. ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും അവ കാണുവാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപ് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.

ദിലീപിന് ദൃശ്യങ്ങൾ കെെമാറുന്നതിനെ ഇരയാക്കപ്പെട്ട നടി ശക്തമായി എതിർത്തിരുന്നു. സുപ്രീം കോടതിയിലാണ് നടി എതിർപ്പ് അറിയിച്ചത്. കര്‍ശന ഉപാധികളോടെയാണെങ്കിലും ദൃശ്യങ്ങള്‍ നല്‍കരുതെന്ന് സുപ്രീം കോടതിയില്‍ നടി രേഖാമൂലം ആവശ്യപ്പെട്ടു. എന്നാല്‍, ദിലീപിന് ദൃശ്യങ്ങള്‍ കാണാമെന്നും അതിനു തടസ്സമില്ലെന്നും നടി അറിയിച്ചിട്ടുണ്ട്.

തന്റെ സ്വകാര്യത മാനിക്കണമെന്നും കുറ്റാരോപിതനു ദൃശ്യങ്ങള്‍ കര്‍ശന ഉപാധികളോടെയാണെങ്കിലും കൈമാറരുതെന്നും നടി കോടതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ നല്‍കുന്നതിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരും വാദമുഖങ്ങള്‍ എഴുതി നല്‍കിയിരുന്നു.

പ്രതിയെന്ന നിലയിൽ നടന് ദൃശ്യങ്ങൾ കാണുന്നതിന് തടസമില്ല. വിചാരണക്കോടതിയുടെ അനുമതിയോടെ ഇത് കാണാവുന്നതേയുള്ളൂവെന്നും നടി കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ ലഭിക്കാൻ ഏത് ഉപാധിക്കും തയാറാണെന്ന ദിലീപിന്റെ വാദം അംഗീകരിക്കരുത്. ദൃശ്യങ്ങൾ കെെമാറിയാൽ പുറത്തുപോകാനുള്ള സാധ്യതയുണ്ടെന്നും നടി കോടതിയെ രേഖാമൂലം അറിയിച്ചു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന് നടി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കില്‍ ദിലീപിന് കൈമാറണമോ എന്ന കാര്യത്തില്‍ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. രേഖയാണെങ്കില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ ജില്ലാ ജഡ്ജിക്ക് തീരുമാനിക്കാം. അതേസമയം, തൊണ്ടിമുതലാണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് നേരത്തെ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹർജി ഇപ്പോൾ പരിഗണിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഹൈക്കോടതി തള്ളുകയായിരുന്നു. ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീർപ്പായ ശേഷം ആവശ്യമെങ്കിൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിരുന്നു.

മെമ്മറി കാര്‍ഡ് കേസിന്റെ രേഖയാണെന്നും പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടന്‍ ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയാല്‍ ഇരയ്ക്ക് സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് സംസ്ഥാന സർക്കാർ നിലപാടെടുത്തത്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top