- Malayalam Daily News - https://www.malayalamdailynews.com -

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌ക്കാരം

akitham2മലയാള കാവ്യ നഭസില്‍ ശുക്രനക്ഷത്രമായി പ്രശോഭിക്കുന്ന മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌ക്കാരം. നേരത്തെ ജ്ഞാനപീഠം അവാര്‍ഡ് കമ്മറ്റിയുടെ മൂര്‍ത്തി ദേവി പുരസ്‌ക്കാരം ലഭിച്ചിട്ടുള്ള അക്കിത്തത്തിനെ കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ അമേറ്റിക്കര സ്വദേശിയായ അക്കിത്തം കവിതകള്‍ മാത്രമല്ല ലേഖനങ്ങളും നാടകവും രചിട്ടിട്ടുണ്ട്. നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനും ഉല്‍ക്കര്‍ഷത്തിനും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. മലയാളത്തിന്റെ കാവ്യ ഭംഗി തുളുമ്പുന്ന നാല്‍പ്പതിലേറെ കൃതികളിലൂടെ മലയാള ഭാഷയില്‍, കവിതാസ്വാദരുടെ മനസില്‍ മഹാകവി പട്ടം ചൂടിയ ആദരണീയനായ അക്കിത്തത്തിന്റെ ‘വെളിച്ചം ദു:ഖമാണുണ്ണീ തമസല്ലോ സുഖപ്രദം’ (ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം) എന്ന വരികള്‍ ഹൃദിസ്ഥമല്ലാത്ത മലയാളികള്‍ ഉണ്ടാവില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒറ്റപ്പാലം സാഹിത്യ സദസില്‍ അദ്ദേഹം ആലപിച്ച ‘ എങ്ങോട്ടു പോണൂ മുത്യമ്മേ,, ചാത്തുനെ കണ്ടോ കുട്യേളെ ‘എന്ന് കവിത ഇന്നും ആസ്വാദകരുടെ ചുണ്ടില്‍ തുളുമ്പുന്നുണ്ടാവും. തത്വചിന്താപരമായ, സാമൂഹിക വിമര്‍ശനാത്മകമായ വീക്ഷണങ്ങളാണ് അദ്ദേഹത്തിന്റെ വരികളില്‍ തുടിച്ചു നില്‍ക്കുന്നത്.

1926 മാര്‍ച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകനായാണ് അക്കിത്തത്തിന്റെ ജനനം.

നാടകങ്ങളില്‍ അഭിനയിക്കാനും തല്‍പ്പരനായിരുന്നു അക്കിത്തം. എംആര്‍ബിയുടെ പ്രശസ്ഥമായ മറക്കുടക്കുള്ളിലെ മഹാ നരകം എന്ന നാടകത്തില്‍ അന്തര്‍ജനത്തിന്റെ വേഷമിട്ട അക്കിത്തം ഇടശ്ശേരിയുടെ പ്രസിദ്ധമായ കൂട്ടുകൃഷി എന്ന നാടകത്തില്‍ ശ്രീധരന്‍ നായര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

akithamചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്. ബാല്യത്തില്‍ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975-ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായി. 1985-ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു. കേരളത്തിന്റെ പ്രിയപ്പെട്ട കവിയെ പ്രേക്ഷകര്‍ ശ്രദ്ധിക്കന്‍ തുടങ്ങിയത് 1950 മുതല്‍ ആണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന തന്റെ കവിതയ്ക്ക് 1952 ലെ സഞ്ജയന്‍ അവാര്‍ഡ് നേടികൊടുത്തു. ആകാശവാണിയില്‍ വയലും വീടും എന്ന പരിപാടി കൈകാര്യം ചെയ്ത അക്കിത്തം അതിന് എത്രയോ കാലം മുമ്പു തന്നെ മലയാളത്തില്‍ കവിതയുടെ നൂറു മേനി കൊയ്യാവുന്ന വയലും ആസ്വാദകരുടെ മനസില്‍ അംഗീകാരത്തിന്റെ മണി മന്ദിരവും സ്വന്തമാക്കിയിരുന്നു.

മലയാള സാഹിത്യരംഗത്ത് രാമാനുജനെഴുത്തച്ഛന്റെ സര്‍ഗ്ഗ പാരമ്പര്യം നിലനിര്‍ത്തിപ്പോന്ന മഹാകവികളെ പ്രതിധാനം ചെയ്ത്, അവരുടെ ദീപ്തമായ സ്മരണ ഇന്നും കേരളമനസ്സില്‍ ഉണര്‍ത്തുന്ന ആധുനികകവികളുടെ ശ്രേണിയില്‍ അഗ്രിമസ്ഥാനത്തു പ്രതിഷ്ഠ നേടിയിരിക്കുന്ന മഹാകവിയാണ് അക്കിത്തം. ഭാരതീയ കാവ്യസംസ്‌കൃതിയുടെ അഗ്‌നി അക്കിത്തം വ്രതശുദ്ധിയോടെ അണയാതെ സൂക്ഷിക്കുന്നു. മഹാകവിത്രയത്തെ തുടര്‍ന്ന് ഇടശ്ശേരിയിലൂടെയും വൈലോപ്പിള്ളിയിലൂടെയും ഒഴുകിവന്ന കവിതാപ്രവാഹത്തിന്റെ ഇന്നത്തെ പ്രതിനിധി എന്ന നിലയില്‍ അക്കിത്തം നാളെയുടെ വഴികാട്ടിയാണ്.

ശ്രീമല്‍മഹാഭാഗവതത്തിന്റെ വൃത്താനുവൃത്ത പദാനുപദപരിഭാഷയിലൂടെ നേരിട്ടും സ്വകാവ്യങ്ങളുടെ അന്തര്‍ധാരയായും ഭാരതീയദര്‍ശനത്തിന്റെ പരിമളം പ്രസരിപ്പിക്കുന്നതിന് അക്കിത്തം തന്റെ ഇത:പര്യന്തമുള്ള സാര്‍ത്ഥകജീവിതത്തില്‍ അവിശ്രമം അനുസ്യുതം പരിശ്രമിച്ചുപോരുന്നു.

കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് രൂപംകൊണ്ട അധികാരകേന്ദ്രങ്ങളെ കൂസാത്ത നിസ്വന്റെ പ്രതികരണങ്ങളാണ് മഹാകവി അക്കിത്തത്തിന്റെ കവിതകളുടെ തന്റേടമായി വിലയിരുത്തപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ കേരളത്തെ ആകെ തിരുത്തുകയായിരുന്നു കവി. എഴുത്തുകാരന്റെ ചേരി സര്‍ഗാത്മകതയുടേതാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ നടത്തിയ സാംസ്‌കാരിക തീര്‍ത്ഥയാത്ര മഹാകവിയിലെ സാമൂഹ്യ സാംസ്‌കാരിക നായകന്റെ തിരനോട്ടമായിരുന്നു. പക്ഷമില്ലാത്തവന്റെ പക്ഷം ഉയര്‍ത്തിപ്പിടിച്ച രചനകളും നിലപാടുകളും കാരണം പലപ്പോഴും പലരും അവഗണിക്കാന്‍ പരിശ്രമിച്ചിട്ടും അക്കിത്തം പ്രതിഭ കൊണ്ട് പ്രശസ്തിയുടെ ഹിമാലയം താണ്ടി.

കേന്ദ്രത്തിന്റെയും കേരളത്തിന്റെയും സാഹിത്യ അക്കാദമി അവാര്‍ഡുകള്‍. ആശാന്‍ പുരസ്‌ക്കാരം, വളളത്തോള്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കൃഷ്ണഗീതി പുരസ്‌ക്കാരം, എഴുത്തഛന്‍ പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]