പ്രശസ്ത വയലിനിസ്റ്റായിരുന്ന ബാലഭാസ്കറിന്റെ കാറപകടവും തുടര്‍ന്ന് അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് ഡി.ആര്.ഐ സ്ഥിരീകരിച്ചു.
മരണവുമായി ബന്ധപ്പെട്ടു ചില വെളിപ്പെടുത്തലുകൾ നടത്തിയ കലാഭവൻ സോബിയെ വിളിച്ചു വരുത്തിയ ഡിആർഐ, സ്വർണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടോ പരിശോധനയ്ക്കായി നൽകി. വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്നവരുടെയും കാരിയര്‍മാരായി പ്രവര്‍ത്തിച്ച 10 സ്ത്രീകളുടെയും ഫോട്ടോകള്‍ അതില്‍ ഉണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്ത് ഇവര്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നാണ് ഡിആര്‍ഐ ചോദിച്ചത്.
ഈ പരിശോധനയില്‍ ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോകുകയായിരുന്ന സോബിയോട് വാഹനം നിർത്താതെ പോകാൻ ആക്രോശിച്ച ഒരാളെ ഫോട്ടോയിൽ അദ്ദേഹം തിരിച്ചറിഞ്ഞു. അപകടവുമായി ബന്ധപ്പെട്ട ചില പുതിയ വെളിപ്പെടുത്തലുകളും സോബി നടത്തി. സ്വര്‍ണക്കടത്തു കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളായതിനാല്‍ ലഭിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നു ഡി.ആര്.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ് 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്ത് നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കര്‍ ചികിത്സയ്ക്കിടയിലും മരിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply