Flash News

മഹാരാഷ്ട്ര തടഞ്ഞത് സര്‍വ്വാധിപത്യത്തിന്റെ കുതിപ്പ്: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

December 1, 2019

maha-cm

ആദരം : മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറെ ശിവജി പാര്‍ക്കില്‍ തിങ്ങിനിറഞ്ഞ ജനങ്ങളെ നമസ്‌ക്കരിക്കുന്നു.

അടുത്തദിവസംവരെ അവിശ്വസനീയവും അചിന്ത്യവുമായിരുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. അതിന്റെ ആന്റി ക്ലൈമാക്‌സിലാണ് ഹിന്ദുത്വത്തിന്റെ മഹാരാഷ്ട്രാ പര്യായമായ താക്കറെ കുടുംബത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ നിത്യവൈരികളായ ശിവസേനയും, കോണ്‍ഗ്രസും- എന്‍.സി.പിയും ചേര്‍ന്നുള്ള മുന്നണി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്നത്.

അമ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ബാല്‍ താക്കറെ ശിവസേനയ്ക്ക് ജന്മം നല്‍കിയ മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍തന്നെ പുതിയ ത്രികക്ഷി മുന്നണിയായ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. അവിശ്വസനീയമായ പലതും തുടരെത്തുടരെ നടത്താന്‍ ഹിന്ദുത്വ അജണ്ടയുമായി നീങ്ങുന്ന മോദി ഭരണഘടനതന്നെ തകര്‍ക്കുകയാണെന്ന സ്ഥിതി ഉയര്‍ന്നപ്പോഴുണ്ടായ സുപ്രിംകോടതിയുടെ അസാധാരണ ഇടപെടലാണ് ഇതിനു വഴിയൊരുക്കിയത്. ഒപ്പം മഹാരാഷ്ട്രയിലെ ജനങ്ങള്‍ മോദി സര്‍ക്കാര്‍ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ടുവന്നതോടെ കോണ്‍ഗ്രസ് – എന്‍.സി.പി – ശിവസേനയുടെ നിത്യവൈരുദ്ധ്യം ഒരു പൊതുമിനിമം പരിപാടിക്കു വഴിമാറി. അതാണ് അസാധ്യമായത് സാധ്യമാക്കിയതിന്റെ പിന്നിലെ അസാധാരണ രാഷ്ട്രീയം. ബി.ജെ.പിക്കും അവരെ കണ്ണടച്ചു പിന്താങ്ങുന്നവര്‍ക്കും ഈ സവിശേഷ ദേശീയ സംഭവത്തെ അവസരവാദ രാഷ്ട്രീയമെന്ന് വ്യാഖ്യാനിക്കാനും ആശ്വസിക്കാനും സ്വാതന്ത്ര്യമുണ്ട്.

മറിച്ച് ഇതിന്റെ ദേശീയപ്രാധാന്യം ബോധ്യപ്പെടണമെങ്കില്‍ അവധിദിവസമായിട്ടും സുപ്രിംകോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെട്ട് മൂന്നാംദിവസം രാവിലെ സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ മര്‍മ്മം ഉള്‍ക്കൊള്ളണം:

ഭരണഘടനയുടെ നിതാന്ത ജാഗ്രതയുള്ള കാവല്‍ക്കാരനെന്ന നിലയിലാണ് മഹാരാഷ്ട്രാ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ തീരുമാനത്തില്‍ ഇടപെടരുതെന്ന വാദം നിരാകരിച്ച് സഭയില്‍ വിശ്വാസവോട്ട് തേടാന്‍ സുപ്രിംകോടതി മൂന്നംഗ ബഞ്ച് ഏകകണ്ഠമായി ഉത്തരവിട്ടത്. മഹാരാഷ്ട്രയിലെ നിലവിലുള്ള സ്ഥിതിയില്‍ സഭയിലെ വിശ്വാസവോട്ട് വൈകിപ്പിച്ചാല്‍ കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്നാണ് ഉന്നത നീതിപീഠം ഇടക്കാല ഉത്തരവില്‍ രേഖപ്പെടുത്തിയത്. അതു തടയാന്‍ അനിവാര്യമായ സുതാര്യതയും നടപടികളും നിര്‍ദ്ദേശിച്ചത്. മഹാരാഷ്ട്ര മാത്രമല്ല, രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെ ആഗ്രഹിച്ച വികാരമാണ് യുക്തിസഹമായി സുപ്രിംകോടതിയില്‍നിന്ന് ഉണ്ടായത്.

പ്രധാനമന്ത്രി മോദിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും നേതൃത്വത്തിലും ബി.ജെ.പി ഉന്നതനേതൃത്വത്തിന്റെ സഹായത്തിലും സമയം എടുത്തു നടത്തുന്ന വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം സൃഷ്ടിക്കാമെന്ന ആസൂത്രണം അതോടെ പാളി. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നു സംവിധാനം ചെയ്ത പാതിരാനാടകത്തിന്റെ ഭാഗമായി ഭൂരിപക്ഷമില്ലാതെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ഫട്‌നാവിസിനും അഴിമതി കൊക്കയില്‍ കുരുക്കി എന്‍.സി.പിയുടെ നിയമസഭാകക്ഷി തലപ്പത്തുനിന്ന് ഉപമുഖ്യമന്ത്രിയാക്കിയ അജിത് പവാറിനും അവകാശവാദങ്ങള്‍ വിഴുങ്ങി വിശ്വാസവോട്ടെടുപ്പിനു നില്‍ക്കാതെ നാണംകെട്ട് ഉടനെ രാജിവെക്കേണ്ടിവന്നു. എന്നാല്‍ മുഖം നഷ്ടമായത് പ്രധാനമന്ത്രി മോദിക്കുതന്നെയാണ്.

മന്ത്രിസഭയുടെ ഉപദേശംതേടാതെ സ്വന്തം അധികാരം ഉപയോഗിച്ച് രാഷ്ട്രപതിയെ അജ്ഞാനുവര്‍ത്തിയാക്കി പ്രവര്‍ത്തിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാഗാന്ധി പ്രയോഗിച്ച ഈ സവിശേഷ അധികാരം മോദി പക്ഷെ ആവര്‍ത്തിച്ചത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉള്‍ക്കൊള്ളുന്ന മഹാരാഷ്ട്രയില്‍ കുതിരക്കച്ചവടിത്തിലൂടെ ഒരു ഗവണ്മെന്റിനെ പ്രതിഷ്ഠിക്കാനാണ്. സുപ്രിംകോടതിയുടെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇടപെടലാണ് അതു തകര്‍ത്തത്. കാവി നിറത്തിലുള്ള സില്‍ക്ക് ജുബ്ബയണിഞ്ഞ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി എന്ന ആപത്തിനപ്പുറം യഥാര്‍ത്ഥത്തില്‍ കാണേണ്ടത് അത്യാപത്ത് തടഞ്ഞെന്നതാണ്.

മോദിയുടെ ശതകോടീശ്വര സുഹൃത്തുക്കളില്‍പെട്ട അംബാനിമാരുടെയും അദാനിമാരുടെയും ആസ്ഥാനമായ മുംബൈ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനംകൂടിയാണ്. അവിടെയാണ് ജനങ്ങളുടെ പിന്തുണയില്ലെങ്കിലും എം.എല്‍.എമാരെ വിലക്കെടുക്കാനുള്ള പണവും അധികാരവും ഭരണഘടന മറികടന്ന് മോദി പ്രയോഗിച്ചത്. എന്നാല്‍ മഹാരാഷ്ട്രയിലെ ജനശക്തിയുടെ സവിശേഷതയും പാരമ്പര്യവും കരുത്തും ബി.ജെ.പി തിരിച്ചറിഞ്ഞില്ല. കേരളത്തിന്റെ നാലിരട്ടിയോളം ജനങ്ങള്‍ വസിക്കുന്ന, ജനസംഖ്യയില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. വിസ്തൃതിയുടെ കാര്യത്തില്‍ രാജ്യത്തെ മൂന്നാമത്തേതും. ശിവജിമുതല്‍ അംബേദ്ക്കര്‍വരെ ഇടകലര്‍ന്ന രണവീരരുടെയും ആദിവാസി – ദളിത് പോരാട്ട വീര്യത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളുടെയും രാഷ്ട്രീയം ഫലഭൂയിഷ്ഠമാക്കിയ മണ്ണാണ് മഹാരാഷ്ട്രയുടേത്. അതിനുമേല്‍ സംഘ് പരിവാറിന്റെ ഹിന്ദുത്വ വര്‍ഗീയ – സവര്‍ണ്ണ രാഷ്ട്രീയ മേധാവിത്വത്തിന് വേരോട്ടമുണ്ടാക്കാനായിട്ടില്ല. മറാത്ത് വാഡ സംസ്‌ക്കാരത്തിന്റെ സവിശേഷത പല രൂപത്തില്‍ ഉള്‍ക്കൊണ്ട പാര്‍ട്ടികളാണ് കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനപോലും.

ഈ ദേശീയതയുടെയും കോളനി വാഴ്ചയുടെ തുടക്കത്തില്‍ മുംബൈയില്‍ രൂപപ്പെട്ട തൊഴിലാളിവര്‍ഗ സംഘബോധത്തിന്റെയും, മുംബൈയെ മാത്രമല്ല ഇന്ത്യയെതന്നെ തീറ്റിപ്പോറ്റുന്ന കൃഷിക്കാരുടെയും അവരുടെ സഹകരണ ശക്തിയുടെയും സവിശേഷതകള്‍കൂടി ഉള്‍ക്കൊള്ളുന്ന ഒരു ജനതയുടെ വികാരത്തിനുമേല്‍ ഹിന്ദുത്വ ദേശീയത അടിച്ചേല്‍പ്പിക്കാമെന്ന വ്യാമോഹമാണ് ബി.ജെ.പിക്കു പിഴച്ചത്. ‘ഇതു മഹാരാഷ്ട്രയാണ് മറക്കേണ്ട’ എന്ന ഉദ്ധവ് രാജ് താക്കറെയുടെ ബി.ജി.പിക്കുള്ള ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളും, കൂറുമാറ്റത്തിന്റെ ചാക്കില്‍ കുടുങ്ങി ഡല്‍ഹിക്കു പറക്കാന്‍ വിമാനത്താവളത്തിലെത്തിയവരും ഹരിയാനയില്‍ റിസോര്‍ട്ടുകളില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പാര്‍പ്പിക്കപ്പെട്ട വരുമായ എന്‍.സി.പി എം.എല്‍.എമാരും പവാര്‍ ക്യാമ്പിലേക്ക് മടങ്ങിയെത്തിയതും യഥാര്‍ത്ഥത്തില്‍ മഹാരാഷ്ട്രയ്ക്കുമേല്‍ മോദി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച അപമാനത്തിന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് സുപ്രിംകോടതി ഉത്തരവിന് സമാന്തരമായി അഘാഡ മുന്നണിയെ അധികാരത്തില്‍ എത്തിച്ചത്.

മുഖ്യമന്ത്രിപദമടക്കം അധികാരത്തില്‍ തുല്യ പങ്കാളിത്തം നല്‍കാമെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ തെരഞ്ഞെടുപ്പിനു മുമ്പുനല്‍കിയ ഉറപ്പു ബി.ജെ.പി പാലിക്കാതിരുന്നപ്പോഴാണ് താക്കറെമാര്‍ വാക്കുമാറ്റാറില്ലെന്ന പ്രഖ്യാപനവുമായി ഉദ്ധവ് താക്കറെ ബി.ജെ.പിയെ പാഠം പഠിപ്പിക്കാനൊരുങ്ങിയത്. ഭരണഘടനയടക്കം ചവിട്ടിമെതിച്ച്, കേന്ദ്ര അധികാരത്തിന്റെ സര്‍വ്വവിധ പിന്‍ബലവും ഉപയോഗിച്ച് ഭരണം കൈപ്പിടിയിലൊതുക്കാനുള്ള മോദിയുടെ നീക്കങ്ങള്‍ ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ ശിവസേനയേയും കോണ്‍ഗ്രസിനേയും എന്‍.സി.പിയേയും അതിവേഗം ഒന്നിപ്പിച്ചു. ശിവസേനയും മതനിരപേക്ഷ പാര്‍ട്ടികളും തമ്മില്‍ അവിടെ പതിറ്റാണ്ടായി നിലനില്ക്കുന്ന വൈരുദ്ധ്യം ജനങ്ങള്‍ തല്ക്കാലം വിസ്മരിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ ഈ പുതിയ രാഷ്ട്രീയ പരീക്ഷണം അവരുടെ പൊതുമിനിമം പരിപാടിയിലെ രണ്ടു ഘടകങ്ങളും നടപ്പില്‍ വരുത്തുന്നതിനോടു കാണിക്കുന്ന പ്രതിബദ്ധതയെയാണ് ആശ്രയിക്കുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പൊതുമിനിമം പരിപാടിയിലെ പ്രഖ്യാപനമാണ് ഒന്ന്. മതനിരപേക്ഷതയെ ബാധിക്കുന്ന ദേശീയവും പ്രാദേശികവുമായ തര്‍ക്ക വിഷയങ്ങളില്‍ മൂന്നു പാര്‍ട്ടികളും ചര്‍ച്ചചെയ്ത് പൊതു തീരുമാനത്തിലെത്തുമെന്ന് പരിപാടി ഉറപ്പുനല്‍കുന്നു. അതുപോലെ മിനി ഇന്ത്യ എന്നറിയപ്പെടുന്ന മുംബൈ ഉള്‍ക്കൊള്ളുന്ന സംസ്ഥാനത്ത് ജാതി-മത-ഭാഷ-ദേശ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നും.

ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടശേഷം ആയിരകണക്കില്‍ മുസ്ലിംങ്ങള്‍ കൊല്ലപ്പെട്ട മുംബൈയില്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പുതിയൊരു മുഖം ശിവസേനയ്ക്ക് രൂപപ്പെടുത്തേണ്ടതുണ്ട്. ന്യൂനപക്ഷങ്ങളുടെ വിവിധ പിന്നോക്കാവസ്ഥ പരിഹരിക്കുമെന്നുള്ള മിനിമം പരിപാടിയിലെ ഉറപ്പും മറാത്തികളും 15 വര്‍ഷമായി സംസ്ഥാനത്ത് കഴിയുന്നവരുമായ യുവാക്കള്‍ക്ക് 80ശതമാനം തൊഴില്‍ സംവരണം ഏര്‍പ്പെടുത്തും എന്ന പ്രഖ്യാപനവും പ്രയോഗത്തില്‍ വരേണ്ടതുണ്ട്. ദുരിതം പേറുന്ന കാര്‍ഷികമേഖലയ്ക്ക് ഉത്തേജനം നല്‍കാന്‍ പ്രഖ്യാപിക്കാന്‍ പോകുന്ന നടപടികള്‍, 10 രൂപയ്ക്ക് ഗുണമേന്മയുള്ള ഭക്ഷണം പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കുമെന്ന പ്രഖ്യാപനവും. പൊതു മിനിമം പരിപാടിയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ മൂന്നു പാര്‍ട്ടികളും ശ്രമിക്കുമെന്ന് ആത്മവശ്വാസമുണ്ടെന്ന മുഖ്യമന്ത്രി ഉദ്ധവിനുള്ള സോണിയാ ഗാന്ധിയുടെ കത്തിലെ പരാമര്‍ശം ശ്രദ്ധേയമാണ്. ഉത്തരവാദിത്വത്തോടെയും വ്യക്തമായ ലക്ഷ്യബോധത്തോടെയും പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിനെയാണ് മഹാരാഷ്ട്രയിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന കത്തിലെ സൂചനയും.

മഹാരാഷ്ട്രയില്‍ മോദിക്കു കൈപൊള്ളിയതിനെ ‘ബി.ജെ.പി കിതച്ചുതുടങ്ങി’ എന്ന് ചില മാധ്യമങ്ങളെങ്കിലും ഇപ്പോള്‍ വിലയിരുത്താന്‍ തയാറായിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്ര, ഹരിയാന നിയമസഭകളുടേയും 51 ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം കഴിഞ്ഞ ഒക്‌ടോബര്‍ 24ന് പുറത്തുവന്നപ്പോള്‍ ഈ പംക്തിയില്‍ ഈ ലേഖകന്‍ എഴുതിയ വിശകലനത്തിന്റെ തലക്കെട്ട് ‘ബി.ജെ.പി കിതച്ചുതുടങ്ങി’ എന്നായിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പിലെ വന്‍ കുതിപ്പിനു പിറകെ അതിവേഗം വന്ന ഈ മാറ്റത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഹിന്ദുത്വ ദേശീയതയും പാക് ഭീകരതയും ഏശിയില്ലെന്നുകൂടി വിലയിരുത്തി: മാത്രമല്ല ജമ്മു-കശ്മീര്‍ വെട്ടിമുറിച്ച് ഫെഡറലിസം തകര്‍ത്തതിനെതിരായ ശക്തമായ മൗന പ്രതികരണവും ജനവിധിയിലുണ്ടെന്നും.

ഹരിയാനയില്‍ ബി.ജെ.പിയെ എതിര്‍ത്ത് പത്തുസീറ്റില്‍ വിജയിച്ച ദേവീലാല്‍ തറവാട്ടിലെ യുവനേതാവ് ദുഷ്യന്ത് ചൗട്ടാലയുടെ ജെ.ജെ.പിയുമായി സഖ്യമുണ്ടാക്കിയാണ് ബി.ജെ.പി ഭരണത്തില്‍ തുടരുന്നത്. മഹാരാഷ്ട്രയിലാകട്ടെ ഭരണനേതൃത്വം കൈവിട്ടു കൊടുക്കില്ലെന്ന ബി.ജെ.പിയുടെ കടുംപിടുത്തം പൊയ്ക്കാലില്‍ ഒരു ബി.ജെ.പി ഭരണം സൃഷ്ടിക്കാനുള്ള ശ്രമവും തകര്‍ന്നു. ഈ സംഭവവികാസം മോദി സര്‍ക്കാറിന്റെ ഏകാധിപത്യ നീക്കങ്ങള്‍ക്കെതിരായ പുതിയൊരു ജനകീയ പ്രതിരോധ നിരയ്ക്ക് സംസ്ഥാനത്ത് രൂപംനല്‍കി.

ഇത് മഹാരാഷ്ട്രയില്‍ മാത്രം ഒതുങ്ങുന്ന ജനവികാരമല്ലെന്ന് പശ്ചിമബംഗാളില്‍ വ്യാഴാഴ്ച പുറത്തുവന്ന മൂന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ എന്ന ഹിന്ദുത്വ അജണ്ട മുഖ്യ ആയുധമാക്കി നീങ്ങിയിട്ടും മൂന്നുസീറ്റിലും ബി.ജെ.പിയെ വന്‍ ഭൂരിപക്ഷത്തില്‍ തോല്പിക്കാന്‍ മമതാ ബാനര്‍ജിയുടെ തൃണമൂലിനു കഴിഞ്ഞു. ഇടത് ഗവണ്മെന്റിന്റെ ഭരണക്കെടുതികളോട് ബംഗാളിലെ ജനങ്ങള്‍ ഇനിയും പൊറുത്തിട്ടില്ലെന്നാണ് സി.പി.എമ്മും കോണ്‍ഗ്രസും ചേര്‍ന്നു നിര്‍ത്തിയ മൂന്നു സ്ഥാനാര്‍ത്ഥികളെയും മൂന്നാം സ്ഥാനത്തേക്ക് ജനങ്ങള്‍ തള്ളിയതില്‍നിന്നു ഉള്‍ക്കൊള്ളേണ്ട പാഠം.

നവംബര്‍ 30ന് ഒന്നാംഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന, ബി.ജെ.പി ഭരിക്കുന്ന ഝാര്‍ഖണ്ഡിലും ഈ ദേശീയ സംഭവങ്ങള്‍ ബി.ജെ.പിയുടെ അപ്രമാദിത്വത്തിന് പ്രഹരമാകുമെന്ന് പ്രതീക്ഷിക്കണം. മോദി – അമിത് ഷാ രാഷ്ട്രീയ ദ്വന്ദം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബാലികേറാ മലയാണെന്ന ബി.ജെ.പിയുടെ അവകാശവാദത്തിന്റെ അടി ഇളകുകയാണ്.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top