ജന്മാവകാശ പൗരത്വത്തിന് ശാശ്വത പരിഹാരം ആവശ്യമാണ് (എഡിറ്റോറിയല്‍)

citizenshipജന്മാവകാശ പൗരത്വത്തില്‍ ഭേദഗതി വരുത്താന്‍ പ്രസിഡന്‍റ് ട്രംപ് പദ്ധതിയിടുന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകനോട് അദ്ദേഹം നടത്തിയ അഭിപ്രായം ചിലരിലെങ്കിലും പരിഭ്രാന്തി പരത്തുകയും ചെയ്തു. ചിലരാകട്ടേ ഭരണഘടനാപരവും നിയമപരവുമായ എതിര്‍പ്പുകള്‍ ഉന്നയിക്കുകയും ചെയ്തു. ഹൗസ് സ്പീക്കര്‍ പോള്‍ റയാന്‍ സൂചിപ്പിച്ചതുപോലെ, ‘എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ കഴിയില്ല,’ യുഎസില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഭരണഘടനാപരമായി പൗരത്വത്തിന് അര്‍ഹതയുണ്ടെന്ന് നിര്‍ദ്ദേശിക്കുന്നു.

എന്നാല്‍ ഡെമോക്രാറ്റുകളും അവരുടെ മാധ്യമ സഖ്യകക്ഷികളും ഈ വിഷയത്തില്‍ തങ്ങളുടെ തികഞ്ഞ വീക്ഷണത്തോട് പൊതുജനം യോജിക്കുന്നുവെന്ന് കരുതുന്നുവെങ്കില്‍ അതിരുകടന്നേക്കാം. ഇവിടെ ജനിക്കുന്ന ഓരോ കുഞ്ഞിനും പൗരത്വം നല്‍കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. അനധികൃത കുടിയേറ്റക്കാര്‍ക്കും നിയമപരമായി കുടിയേറിയവര്‍ക്കും ഇവിടെ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വമേധയാ പൗരത്വം ലഭിക്കരുതെന്ന് ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതോടൊപ്പം തന്നെ നിയമപരമായ സ്ഥിര താമസക്കാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് അത് വേണമെന്നും ശഠിക്കുന്നു.

ജന്മാവകാശ പൗരത്വം എന്നത് അമേരിക്ക സ്ഥാപിതമായ കാലം മുതല്‍ തന്നെ നിയമപരമായി നിലവിലുണ്ടായിരുന്നതും
14-ാം ഭേദഗതിയില്‍ ഭരണഘടനയില്‍ ചേര്‍ത്തിട്ടുള്ളതുമായ ഒരു ആശയമാണ്, മുന്‍ അടിമകള്‍ക്ക് പൗരത്വം നല്‍കുക എന്നതായിരുന്നു ഇതിന്‍റെ ഉദ്ദേശ്യം.

ഇത് അമേരിക്കന്‍ അസാധാരണതയുടെ ഒരു ഉദാഹരണമാണ്. തനിക്ക് ലഭിച്ച ഒരു കത്തിനെ ഉദ്ധരിച്ച് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ ഒരിക്കല്‍ പറഞ്ഞു ‘നിങ്ങള്‍ക്ക് ഫ്രാന്‍സിലേക്ക് പോകാം, ഫ്രഞ്ചുകാരനാകരുത്,’ ‘നിങ്ങള്‍ക്ക് ജര്‍മ്മനിയിലോ തുര്‍ക്കിയിലോ താമസിക്കാന്‍ പോകാം, പക്ഷെ നിങ്ങള്‍ ഒരു ജര്‍മ്മനോ തുര്‍ക്കിയോ ആകില്ല.’

കുടിയേറ്റക്കാരെ സ്വാംശീകരിക്കാത്തതിനാല്‍ യൂറോപ്പ് രാഷ്ട്രീയമായും സാംസ്കാരികമായും വിച്ഛേദിക്കപ്പെടുകയാണ്. കുടിയേറ്റക്കാര്‍ ഇല്ലാത്തതിനാല്‍ ജപ്പാന്‍ മരിച്ചുകൊണ്ടിരിക്കുന്നു, കുടിയേറ്റക്കാര്‍ക്ക് അവിടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അവിടത്തെ പൗരനാകാന്‍ സാധ്യമല്ല. ഫ്രാന്‍സിലും യൂറോപ്പിലെ മിക്കയിടങ്ങളിലും, വിഭജിക്കപ്പെട്ട ഒരു സമൂഹവും കുടിയേറ്റക്കാരുടെയും അവരുടെ കുട്ടികളുടെയും ആവാസസ്ഥലവുമാണ്.

അമേരിക്കക്കാരാകാനും ഇവിടെ താമസിക്കാനും ദമ്പതികള്‍ നിയമപരമായി ഇവിടെ കുടിയേറുകയാണെങ്കില്‍, ഇവിടെ ജനിക്കുന്ന അവരുടെ മക്കളെയും അമേരിക്കക്കാരായി കണക്കാക്കേണ്ടത് അമേരിക്കയുടെ ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. നിയമപരമായ സ്ഥിര താമസക്കാരുടെ മക്കളെ അവര്‍ ജനിച്ച ദിവസം മുതല്‍ പൗരന്മാരുടെ മക്കളെപ്പോലെ തന്നെ പരിഗണിക്കണം. അതാണ് എളുപ്പ മാര്‍ഗം. അല്ലാതെ അത് ഭരണഘടനാപരമായ ഒന്നല്ല, മറിച്ച് നയപരമായ കാര്യമെന്ന നിലയില്‍ ജന്മാവകാശ പൗരത്വം നിഷേധിക്കുന്നത് നിലനില്‍ക്കാത്ത കേസാണ്.

അമേരിക്ക സന്ദര്‍ശിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്ക് ഇവിടെ കുട്ടി ജനിച്ചതുകൊണ്ട് ആ കുട്ടിക്ക് പൗരത്വം നല്‍കേണ്ട ആവശ്യകതയില്ല. അങ്ങനെയൊരു നിയമം ടൂറിസത്തിന്റെ മറവില്‍ അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

ടൂറിസ്റ്റ് വിസയിലോ അല്ലെങ്കില്‍ സ്റ്റുഡന്‍റ് വിസയിലോ അമേരിക്കയില്‍ വരുന്ന ഒരു അമ്മയ്ക്ക് ഇവിടെ വന്നതിനുശേഷം ഒരു കുഞ്ഞ് ജനിക്കുകയാണെങ്കില്‍, തന്‍റെ കുട്ടിക്ക് അമേരിക്കന്‍ പൗരത്വം നേടാമെന്നും തുടര്‍ന്ന് തനിക്കുവേണ്ടി തന്‍റെ കുട്ടി വഴി, ആ അമ്മയ്ക്ക് നിയമപരമായി പൗരത്വം നേടിയെടുക്കാം. പക്ഷെ, കുട്ടിയുടെ ജനനം പൗരത്വ നിയമത്തെ മറികടക്കാനാണ് ഉദ്ദേശിച്ചതെങ്കില്‍, അതുമല്ലെങ്കില്‍ ടൂറിസ്റ്റ്/സ്റ്റുഡന്റ് വിസയുടെ മറവില്‍ സ്വന്തം നിലനില്പാണ് ലക്ഷ്യം വെച്ചതെങ്കില്‍ അതിന് യാതൊരു പരിഗണനയോ ഒഴിവുകഴിവോ നല്‍കേണ്ടതില്ല.

അനധികൃതമായി അമേരിക്കന്‍ പൗരത്വം നേടിക്കൊടുക്കാന്‍ ചൈനീസ് എന്‍‌ക്ലേവുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലോസ് ഏഞ്ചല്‍സ് ടൈംസ് 2016-ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. ചൈനീസ് മിഡ്‌വൈഫുകള്‍, ഡ്രൈവര്‍മാര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ കുടില്‍ വ്യവസായം പോലെ ഗര്‍ഭിണികളായ ചൈനീസ് യുവതികളെ അവരുടെ സങ്കേതങ്ങളില്‍ പാര്‍പ്പിച്ച് പ്രസവശേഷം കുട്ടിക്ക് അമേരിക്കന്‍ പൗരത്വത്തിനുള്ള ശ്രമം തുടങ്ങുകയും തദ്വാരാ അമ്മയ്ക്കും പൗരത്വം ലഭ്യമാക്കുകയും ചെയ്യുമെന്നാണ് ലേഖനത്തിന്റെ ചുരുക്കം. തീര്‍ച്ചയായും ഇത്തരക്കാര്‍ക്ക് യാതൊരു കാരണവശാലും പൗരത്വം അനുവദിച്ചുകൊടുക്കരുത്.

അമേരിക്കയിലേക്കുള്ള മറ്റ് സന്ദര്‍ശകര്‍ക്ക് ജനിക്കുന്ന കുട്ടികളുടെ സങ്കീര്‍ണ്ണമായ ഭരണഘടനാ പ്രശ്നങ്ങള്‍ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പ്രസിഡന്‍റിന് പരിഹരിക്കാനാവില്ല. നയത്തിന്‍റെ കാര്യത്തില്‍, യുഎസിന് ഇപ്പോഴുള്ളതിനേക്കാള്‍ വിവേകപൂര്‍ണ്ണമായ ഒരു സമീപനം ഉണ്ടായിരിക്കണം.

ചീഫ് എഡിറ്റര്‍


Print Friendly, PDF & Email

Related News

Leave a Comment