Flash News

ആവേശം കെട്ടടങ്ങാതെ കരിമ്പനക്കാടിന്റെ നാട്; സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പാലക്കാട് കിരീടമണിഞ്ഞു

December 2, 2019

imageസംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ അറുപതാമത്തെ എഡിഷനില്‍ കിരീടധാരണം നടത്തി പാലക്കാട് ജില്ല. ഒന്നിനു പുറകേ ഒന്നായി പുരസ്കാരിതയാകുന്ന, നിളയുടെ തീരത്തെ കരിമ്പനക്കാടിന്‍റെ നാടായ പാലക്കാടിനെക്കുറിച്ചു സാംസ്കാരിക കേരളം ഒന്നാകെ ഇപ്പോള്‍ പാടിപ്പുകഴ്ത്തുകയാണ്.

എന്നാല്‍ ഈ ഫലം വരുമ്പോഴേക്കും പാലക്കാടന്‍ വീരഗാഥ ഹിമവല്‍ഗിരിശൃംഗങ്ങളോളം ഉയര്‍ത്തിയ മറ്റൊരു മഹാകുസുമത്തിന്‍റെ സുഗന്ധ പരിലയത്തിലായിരുന്നു ഈ മണ്ണ്. ഭാരതീയ സംസ്കൃതിയുടെ കാവ്യസൗഭഗങ്ങളെല്ലാം ചാലിച്ചെഴുതിയ മലയാണ്മയുടെ മനോജ്ഞ ഭാവനയ്ക്ക് ജ്ഞാനപീഠം കിട്ടിയതിന്‍റെ വര്‍ണോത്സവം. കുമരനല്ലൂര്‍ അക്കിത്തം മനയുടെ പൂമുഖത്ത്, അച്യുതന്‍ നമ്പൂതിരിപ്പാടെന്ന മഹാകവിയുടെ തിരുമുമ്പില്‍ ഒരിക്കലും കെടാത്ത നെയ്‌വിളക്കായി തെളിയാന്‍ ജ്ഞാനപീഠമെത്തിയതിന്‍റെ അണ പൊട്ടിയ സന്തോഷം. ഈ മഹാപ്രഭയില്‍ സ്വര്‍ണ വര്‍ണം പൂണ്ട് തിളങ്ങുകയാണു ശ്രേഷ്ഠം മലയാളം.

കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള കാസര്‍ഗോഡ് നഗരത്തിന്‍റെ വിവിധ വേദികളില്‍ ഇന്നലെ സമാപിച്ച സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ അറുപതാമത്തെ എഡിഷനില്‍ കിരീടധാരണം നടത്തിയ പാലക്കാട് ജില്ല, അതിലും വലിയ ആഘോഷത്തിന്‍റെ കൊടുമുടിയിലായിരുന്നു എന്നതു നേര്. പക്ഷേ, മിനിറ്റുകള്‍ക്കു മുന്‍പു വരെ കഷ്ടിച്ചു രണ്ടു പോയിന്‍റുകള്‍ക്ക് ഒപ്പത്തിനൊപ്പം നിന്ന കോഴിക്കോടിനെയും കണ്ണൂരിനെയും പിന്തള്ളി 951 പോയിന്‍റുകളുമായി ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തിയത് എങ്ങനെ ആഘോഷിക്കാതിരിക്കും ഈ നാട്. ഇന്നലെ വൈകുന്നേരം തുടങ്ങിയ ആഘോഷങ്ങള്‍ ഇപ്പോഴും തുടരുകയാണ്. 949 പോയിന്‍റുകളുമായി കോഴിക്കോടും കണ്ണൂരുമാണ് രണ്ടാമത്. 940 പോയിന്‍റുകളുള്ള തൃശൂര്‍ മൂന്നാം സ്ഥാനത്തും.

ഒട്ടേറെ പ്രതിബന്ധങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും നടുവിലാണ് ഈ വര്‍ഷത്തെ സ്കൂള്‍ കായിക, കലോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. തുടര്‍ച്ചയായുണ്ടായ പ്രളയക്കെടുതികള്‍ക്കു നടുവില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന് ഉത്സവങ്ങളും ആര്‍ഭാടങ്ങളും ഒരു തരത്തിലും താങ്ങാന്‍ കഴിയുന്നതല്ല. എന്നു കരുതി, അതിന്‍റെ പേരില്‍ ഒരു തലമുറയുടെ പ്രസാദാത്മകമായ സര്‍ഗ വൈഭവങ്ങളുടെ കൂമ്പടയ്ക്കാനും കഴിയില്ല. അതുകൊണ്ടു തന്നെ പോരായ്മകളെല്ലാം തൃണവല്‍ക്കരിച്ച് കാസര്‍ഗോട്ടെ ജനങ്ങളും മുപ്പത്തഞ്ചു ലക്ഷത്തില്‍പ്പരം വരുന്ന വിദ്യാര്‍ഥികളും അഞ്ചു ലക്ഷത്തിലധികം വരുന്ന അധ്യാപകരും പൊതു വിദ്യാഭ്യാസ വകുപ്പും ഒക്കെക്കൂടി ചേര്‍ന്ന് കാസര്‍ഗോഡ് കലോത്സവം സാംസ്കാരിക കേരളത്തിന്‍റെ മഹോത്സവമാക്കി.

ഒഴിവാക്കപ്പെടാവുന്ന മറ്റ് ആര്‍ഭാടങ്ങളൊക്കെ ഒഴിവാക്കി, സ്കൂള്‍ കലോത്സവങ്ങള്‍ വര്‍ണാഭമാക്കേണ്ടതു തന്നെ. കാരണം, കാസര്‍ഗോഡ് കലോത്സവത്തില്‍ കിരീടധാരണം നടത്തിയ ഓരോ പ്രതിഭയിലും ഒരുവേള അക്കിത്തം അച്യുതന്‍ നമ്പൂതിരിയെപ്പോലൊരു നെയ്നാളം തെളിഞ്ഞു കത്തുന്നുണ്ടാകും. അതിന്‍റെ സ്വര്‍ണപ്രഭയില്‍ ജ്വലിച്ചു നില്‍ക്കുന്ന കുമരനല്ലൂര്‍ ഗവണ്മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെപ്പോലെ പല തലയെടുപ്പുകളുണ്ടാകും. കുമരനല്ലൂരില്‍ ജനിച്ച അച്യുതനെയും കൂടല്ലൂരില്‍ ജനിച്ച വാസുവിനെയും ഒരേ സ്കൂള്‍ മുറ്റത്ത് കൂട്ടിയിണങ്ങിയ ഉരുക്കു കണ്ണികളുണ്ടാകും. കഥയെഴുതിത്തുടങ്ങിയ അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ കാവ്യലോകത്തേക്കും കവിതയെഴുതിത്തുടങ്ങിയ എം.ടി. വാസുദേവന്‍ നായരെ കഥാലോകത്തേക്കും വഴിതിരിച്ചുവിടാനുള്ള ശക്തമായ സൗഹൃദങ്ങളുടെ ഇടപെടലുകളുമുണ്ടാകും.

ഇതിഹാസ തുല്യമായ സാഹതീ സമര്‍പ്പണത്തിന്‍റെ ആറാമൂഴമാണു മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ശ്രേഷ്ഠം മലയാളത്തിനു സമര്‍പ്പിച്ചിരിക്കുന്നത്. മഹാകവി ജി. ശങ്കരക്കുറുപ്പ്, എസ്.കെ. പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവന്‍ നായര്‍, ഒ.എന്‍.വി കുറുപ്പ് എന്നിവരാണു ജ്ഞാനപീഠ പുരസ്കാരങ്ങള്‍ ഇതിനു മുന്‍പ് സഹ്യന്‍റെ മടിത്തട്ടിലെത്തിച്ച മഹാജ്ഞാനികള്‍. ഒരു തരത്തിലല്ലെങ്കില്‍ മറ്റു തരത്തില്‍ നമ്മുടെ ഭാഷയ്ക്കു ശ്രേഷ്ഠ പദവി നേടിത്തന്നതില്‍ വലിയ പങ്ക് വഹിച്ചവരാണ് ഇവരെല്ലാം. ഇന്ത്യയുടെ ആധുനിക സാഹിത്യ ചരിത്രത്തിലെ ഏറ്റവും പ്രൗഢമായ ജ്ഞാനപീഠം ആദ്യമായി കടന്നുവന്നതും ജി. ശങ്കരക്കുറുപ്പിലൂടെ മലയാളത്തിലേക്കാണെന്നത് ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം. എന്നിട്ടും നമ്മുടെ ഭാഷ ഇന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നിരയില്‍ത്തന്നെയെന്നതാണ് ഈ സന്തോഷ വേളയിലും നമ്മെ നൊമ്പരപ്പെടുത്തുന്നത്.

ഔദ്യോഗിക ഭരണഭാഷയായി പ്രഖ്യാപിക്കപ്പെട്ട് പതിറ്റാണ്ടു പിന്നിട്ടിട്ടും സുപ്രധാനമായ സര്‍ക്കാര്‍ ഉത്തരവുകളും കോടതി ഉത്തരവുകളും ഇപ്പോഴും പുറത്തു വരുന്നത് മലയാളത്തിലല്ല. മറ്റു പല സംസ്ഥാനങ്ങളിലും അവരുടെ കുട്ടികള്‍ മാതൃഭാഷയില്‍ പിഎസ്‌സി പോലുള്ള മത്സരപ്പരീക്ഷകള്‍ക്കു യോഗ്യത നേടിയപ്പോള്‍ നമ്മുടെ യുവാക്കള്‍ ഇംഗ്ലിഷ് ഭാഷയില്‍ മാത്രം പരീക്ഷ എഴുതാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ കലോത്സവ വേദികളില്‍ ഇതിനെതിരേ ശക്തമായ പ്രതികരണങ്ങളുണ്ടാകണം. “മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍, മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാൻ’ എന്ന മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍റെ ഈരടികളാണ് അമ്മമലയാളത്തിന്‍റെ ഹൃദയത്തില്‍ ഇപ്പോള്‍ തുടി കൊട്ടുന്നത്.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top