അര്‍ദ്ധരാത്രിയെ ഭയപ്പെടുന്ന ജനത

artharathriyeഅര്‍ദ്ധരാത്രിയെ ഭയപ്പെടുന്ന ജനതയാണ് ഇന്ത്യയിലേതെന്ന് ഇപ്പോള്‍ പറയേണ്ട അവസ്ഥയാണ്. എന്നാല്‍ നേരെ മറിച്ചാണ് ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക്, അവര്‍ അര്‍ദ്ധരാത്രിയെ ഇഷ്ടപ്പെടുന്നവരാണ്. ജനങ്ങള്‍ ഉറങ്ങുമ്പോള്‍ ജനത്തെ അടിച്ചമര്‍ത്താനുള്ള നിയമ നിര്‍മ്മാണത്തിനും ഭരണഘടനയെ ഇരുട്ടിന്‍റെ മറവില്‍ വളച്ചൊടിക്കാനും കഴി യുന്നതുകൊണ്ടാണ് ജനാധിപത്യ ഇന്ത്യയിലെ ഭരണകര്‍ത്താക്കള്‍ അര്‍ദ്ധരാത്രി ഇഷ്ടപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയ്ക്ക് മുന്‍പ് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരും അര്‍ദ്ധരാത്രിയെ ഇഷ്ടപ്പെട്ടിരുന്നുയെന്നു വേണം കരുതാന്‍. അതുകൊണ്ടായിരിക്കാം പകല്‍ സ്വാതന്ത്ര്യം നല്‍കാതെ രാത്രിയില്‍ സ്വാതന്ത്ര്യം നല്‍കിയത്. സ്വാതന്ത്ര്യമെന്ന ഇന്ത്യന്‍ ജനതയുടെ ആവശ്യത്തിനു മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്ന കാഴ്ച ഇന്ത്യന്‍ ജനത കാണരുതെന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന് നിര്‍ബന്ധമുണ്ടായിരുന്നുയെന്നു വേണം അതിനെ കരുതാന്‍. അരമനയിലെ രഹസ്യം അങ്ങാടി പാട്ടാണെന്നതുപോലെ മറ്റൊരു രഹസ്യവും അതില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്ത്യാ പാക്ക് അതിര്‍ത്തി നിര്‍ണ്ണയിച്ച് റാഡ്‌ക്ലീഫ് താന്‍ ഇന്ത്യ വിട്ടതിനുശേഷമെ സ്വാതന്ത്ര്യം ഇന്ത്യയ്ക്ക് നല്‍കാവുയെന്ന് നിര്‍ദ്ദേശിച്ചുവത്രേ. കാരണം ഇന്ത്യന്‍ ജനതയുടെ പ്രതിഷേധം എത്ര വലുതാകുമെന്ന് അദ്ദേഹത്തിന് ഊഹമുണ്ടായിരുന്നു. അദ്ദേഹം ഇന്ത്യ വിട്ടത് അര്‍ദ്ധരാത്രിയിലായിരുന്നത്രെ.

സ്വതന്ത്ര ഇന്ത്യയില്‍ അര്‍ദ്ധരാത്രികള്‍ പലതും ഭരണകര്‍ത്താക്കള്‍ക്ക് ഹരവും ജനങ്ങള്‍ക്ക് ഭയവുമായിരുന്നുയെന്നുവേണം പറയാന്‍. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥയെന്ന ദുരവസ്ഥയും ഒരു അര്‍ദ്ധരാത്രിയില്‍ ജനം ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു. അര്‍ദ്ധരാത്രിയെ ജനം ഭയപ്പെടാന്‍ തുടങ്ങിയതും അന്നു മുതല്‍ക്കാണെന്ന് പറയാം. അടിയന്തരാവസ്ഥയെന്താണെന്നും അതിന്‍റെ ദൂഷ്യഫലങ്ങള്‍ എന്താണെന്നും ഇന്ത്യന്‍ ജനത അറിയുന്നതും അനുഭവിച്ചതും ആ അര്‍ദ്ധരാത്രിയ്ക്കുശേഷമായിരുന്നു. രാത്രിയില്‍ കിടന്നുറങ്ങിയ ജനം രാവിലെ ഉണര്‍ന്നത് അടിച്ചമര്‍ത്തപ്പെട്ടവരായിട്ടായിരുന്നു എന്നുവേണം പറയാന്‍. സ്വതന്ത്രമായി കിടന്നുറങ്ങിയ ജനം രാവിലെ ഉണര്‍ന്നപ്പോഴാണ് അറിയുന്നത് തങ്ങള്‍ അപ്രഖ്യാപിത അടിമച്ചങ്ങലകൊണ്ട് വരിഞ്ഞുമുറുക്കിയിരിക്കുകയാണെന്ന്.

ബ്രിട്ടീഷ് അടിമത്വത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിന്‍റെ മധുരം നുണഞ്ഞു തീരുന്നതിനു മുന്‍പ് അടിയന്തരാവസ്ഥയെന്ന അടിമച്ചങ്ങലകള്‍കൊണ്ട് വീണ്ടും അടിമത്വം ഏല്‍ക്കേണ്ടിവന്ന ഗതികേടാണ് അന്ന് ഇന്ത്യന്‍ ജനതയ്ക്കുമേല്‍ അനുഭവിക്കേണ്ടി വന്നത്. അതും ഇന്ത്യന്‍ ഭരണാധികാരികളില്‍ നിന്ന്. എന്നാല്‍ അടിയന്തരാവസ്ഥ ഇന്ത്യയില്‍ നടപ്പാക്കുന്നുയെന്ന് അറിയാന്‍ ഭാഗ്യം ലഭിച്ചവര്‍ ഇന്ദിരയ്ക്കൊപ്പമുണ്ടായിരുന്ന ചുരുക്കം ചിലര്‍ മാത്രമായിരുന്നു. സ്വാമി ധീരേന്ദ്ര ബ്രഹ്മചാരി സഞ്ജയ് ഗാന്ധി, ആര്‍.കെ. ധവാന്‍ അങ്ങനെ വിരലിലെണ്ണാവുന്നവര്‍ മാത്രം.

ഇന്ത്യയില്‍ നടന്ന ഏറ്റവും സുപ്രധാനമായ ഒരു നടപടിക്രമം ആദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതു കേന്ദ്ര മന്ത്രിസഭയിലാണെങ്കിലും അവരതറിയുന്നത് പിറ്റെ ദിവസം ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്തയില്‍ക്കൂടിയായിരുന്നു. അതിനും കാരണമുണ്ട് ഹിന്ദു പത്രത്തില്‍ മാത്രമേ ആ വാര്‍ത്ത വന്നിരുന്നുള്ളു. അന്ന് ഇന്ദിരാഗാന്ധിയുടെ മുഖപത്രമായിരുന്നു ഹിന്ദു. അപ്പോള്‍ ഇന്ത്യയില്‍ ഹിന്ദു പത്രമൊഴികെ ആരും ആ വിവരം അറിഞ്ഞിരുന്നില്ലായെന്നതായിരുന്നു അന്ന് ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് സംഭവിച്ചത്. അന്ന് പകല്‍ തുടങ്ങുമ്പോള്‍ മുതല്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടത് സെന്‍സറിംഗ് എന്ന പൂട്ടു കൊണ്ടായിരുന്നതുകൊണ്ട് അടിയന്തരാവസ്ഥ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയതു മാത്രമെ വാര്‍ത്തയായി പുറത്തുവിടാന്‍ മറ്റു മാധ്യമങ്ങള്‍ക്ക് പിറ്റെ ദിവസം കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ ഇന്ത്യയിലെ നിയമം ബാധകമാകാതിരുന്ന ബി.ബി.സി.ക്ക് അതിന്‍റെ പൂര്‍ണ്ണരൂപം പുറത്തുവിടാന്‍ കഴിഞ്ഞതുകൊണ്ട് അതില്‍ക്കൂടി ഇന്ത്യന്‍ ജനതക്ക് അതിന്‍റെ രൂക്ഷവശങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. പിന്നീട് ഇന്ത്യന്‍ ജനത കണ്ടത് കരിനിയമത്തിന്‍റെ അടിച്ചമര്‍ത്തലുകള്‍ ആയിരുന്നു. ഇന്നും അടിയന്തരാവസ്ഥ എന്ന് കേള്‍ക്കുമ്പോള്‍ അതിന്‍റെ തിക്ത ഫലങ്ങള്‍ അനുഭവിച്ചവര്‍ക്ക് ഭയപ്പാടുണ്ടെന്നു തന്നെ പറയാം. ഇനിയൊരിക്കലും അടിയന്തരാവസ്ഥ വേണ്ടായെന്ന് ഇന്ത്യന്‍ ജനത ഉറക്കെ പറഞ്ഞതും അതുകൊണ്ടാണ്.
അടിയന്തരവാസ്ഥയ്ക്ക് ഒപ്പിട്ട രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് പോലും താന്‍ ഒപ്പിട്ട ഉത്തരവ് അടിയന്തരാവസ്ഥ നടപ്പാക്കികൊണ്ടുള്ള പേപ്പറിലായിരുന്നുയെന്ന് അറിയുന്നതു പോലെ പിറ്റെ ദിവസത്തെ വാര്‍ത്തിയില്‍ക്കൂടിയായിരുന്നു എന്നുപോലും പറയപ്പെട്ടിരുന്നു. എന്തായിരുന്നാലും അടിയന്തരാവസ്ഥ ഇന്ത്യയുടെ കറുത്ത ദിനങ്ങളായിരുന്നുയെന്നു തന്നെ പറയാം.

ഖാലിസ്ഥാന്‍ മുദ്രാവാക്യവുമായി ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദികള്‍ ഒളിപ്പോരു നടത്തിയ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നിന്ന് അവരെ ഒഴിപ്പിച്ച് തീവ്രവാദികളെ ഉന്മൂലനം ചെയ്യാന്‍ പട്ടാളത്തെ അയച്ചുകൊണ്ട് ഉത്തരവിറക്കിയതും ഒരു അര്‍ദ്ധരാത്രിയിലായിരുന്നു. അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയില്‍ സിംങ് പ്രധാനമന്ത്രി ഇന്ദിര നല്‍കിയ ഉത്തരവ് വായിച്ചുപോലും നോക്കാതെ ഒപ്പിടുകയാണെന്ന് അങ്ങാടിപ്പാട്ടായിരുന്നു. തീവ്രവാദികളെ ഉന്മൂലനം ചെയ്യുകയെന്ന മഹത്തായ ഉദ്ദേശം അതിനു പിന്നിലുണ്ടായിരുന്നെങ്കിലും അത് സിഖ് മതവികാരത്തെ വൃണപ്പെടുത്തിയെന്നതായിരുന്നു ഒരു വിമര്‍ശനം. പട്ടാളം തീവ്രവാദികളെ അടിച്ചമര്‍ത്തിയപ്പോള്‍ സാധാരണക്കാരായ ജനങ്ങളെയും സുവര്‍ണ്ണക്ഷേത്രത്തിന്‍റെ പരിപാവനതയേയും ഹനിച്ചുയെന്നാണ് പറയപ്പെടുന്നത്. അതിന്‍റെ പ്രായശ്ചിത്തമായി പിന്നീട് ആഭ്യന്ത രമന്ത്രിയായിരുന്നു ഭൂട്ടാ സിംങ്ങിനെക്കൊണ്ട് സിഖ് ക്ഷേത്രത്തിലെ ചെരുപ്പുകള്‍ തുടപ്പിക്കുക വരെ ചെയ്തത് ഏറെ വിവാദമായിരുന്നു.

അതിനേക്കാളുമൊക്കെ ഉപരി നിരപരാധികളായിരുന്ന നിരവധി ആളുകളുടെ ജീവനും ജീവിതവുമെടുത്ത ഗുജറാത്ത് കലാപത്തിന് കലാപകാരികള്‍ക്ക് ഭരണകൂടം മൗനാനുവാദം നല്‍കിയത് ഒരു രാത്രിയിലായിരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കലാപം നടന്ന രാത്രിയില്‍ അത് അടിച്ചമര്‍ത്താന്‍ സേനയെ ഇറക്കാതെ ഭരണാധികാരികള്‍ മൗനം പാലിച്ചത് രാത്രിയില്‍ ഉറങ്ങിപ്പോയിയെന്ന കാരണത്താലായിരുന്നു. ഗുജറാത്തിലെ സാധാരണക്കാരായ ജനങ്ങള്‍ ഇന്നും ഭയപ്പാടോടെ ഓര്‍ക്കുന്ന സംഭവമാണ് ഭരണാധികാരികളുടെ മൗനാനുവാദത്തോടുകൂടി രാത്രിയില്‍ അരങ്ങേറിയ ഗുജറാത്ത് കലാപം. നിയമത്തേയും നിയമ വ്യവസ്ഥയേയും നോക്കുകുത്തിയാക്കിയതായിരുന്നു അര്‍ദ്ധരാത്രിയുടെ മറവില്‍ നടന്ന ആ കലാപം.

അതിനുശേഷം ഭാരതത്തിലെ ജനത ഒന്നടങ്കം നേരിട്ട കഷ്ടതയെന്ന് വിശേഷിപ്പിക്കാവുന്ന നോട്ടുനിരോധനവും ഒരു അര്‍ദ്ധരാത്രിയിലായിരുന്നു. കഷ്ടപ്പെട്ട് സ്വരൂപിച്ചുണ്ടാക്കിയ നോട്ടുകളെല്ലാം നേരം വെളുത്തപ്പോള്‍ കടലാസിന്‍റെ വിലപോലുമില്ലാതായ ഒരു ദുരന്തമായിരുന്നു നോട്ടു നിരോധനമെന്ന അര്‍ദ്ധരാത്രിയിലെ അത്ഭുതം. കള്ളപ്പണം കണ്ടുപിടിക്കാന്‍ കണ്ടുപിടിച്ച നോട്ടുനിരോധനം ജനത്തെ എത്രമാത്രം ദ്രോഹിച്ചുയെന്ന് അതനുഭവിച്ചവര്‍ക്കെ അറിയൂ. നോട്ടുനിരോധനം എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും ഭയപ്പാടോടു കൂടി മാത്രമെ അത് ശ്രവിക്കൂയെന്ന് പറയുമ്പോള്‍ അത് എത്രമാത്രമെന്ന് അറിയാം.

അര്‍ദ്ധരാത്രിയുടെ മറവില്‍ മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കശക്കിയെറിയാന്‍ ബി.ജെ.പി.യും കേന്ദ്രവും ശ്രമിച്ചതാണ് അതിന്‍റെ ഒടുവിലത്തെ ഉദാഹരണം. രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയ മഹാരാഷ്ട്രയില്‍ അത് പിന്‍വലിച്ച് സംസ്ഥാനത്ത് മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞതായും അര്‍ദ്ധരാത്രിയില്‍ എന്നത് ഏറെ വിരോധാഭാസം തന്നെ. രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ തീരുമാനമെടുക്കേണ്ട കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങള്‍ തങ്ങളുടെ തീരുമാനമറിയുന്നത് അടിയന്തരാവസ്ഥയിലെ മന്ത്രിസഭാംഗങ്ങള്‍ അറിഞ്ഞപോലെ നേരം പുലര്‍ന്നപ്പോള്‍ മാത്രമാണ്.

അങ്ങനെ അര്‍ദ്ധരാത്രികള്‍ ഇന്ത്യയില്‍ പല സംഭവവികാസങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ജനാധിപത്യവിരുദ്ധ പ്രവര്‍ത്തികളെല്ലാം നടത്താന്‍ ഇന്ത്യയിലെ ഭരണാധികാരികള്‍ എടുക്കുന്നത് അര്‍ദ്ധരാത്രിയാണെങ്കില്‍ അതിന്‍റെ രഹസ്യമെന്താണ്. ഒരു കാര്യം ഉറപ്പിച്ചു പറയാം വെളിച്ചത്തു ചെയ്യാന്‍ മടിക്കുന്നവര്‍ക്ക് രാത്രി ഒരു അനുഗ്രഹമാണ്. ഗാഢനിദ്രയില്‍ നിന്ന് ജനം ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴേക്കും തങ്ങള്‍ക്ക് തങ്ങളുടെ ലക്ഷ്യം നിറവേറ്റാന്‍ കഴിഞ്ഞിരിക്കും. അപ്പോഴേക്കും അവരുടെ പ്രതികരണശേഷിക്ക് ശക്തി കുറയും. ഇനിയും രാത്രികള്‍ ഉള്ളതുകൊ ണ്ടും ഭരണഘടനയും ജനദ്രോഹ പ്രവര്‍ത്തികള്‍ ചെയ്യാന്‍ മടിയില്ലാത്ത വ്യക്തികള്‍ ഭരണ ചക്രം തിരിക്കുമ്പോഴും അര്‍ദ്ധ രാത്രിയില്‍ ഇതുപോലെ പല പ്രവര്‍ത്തികളും അവരില്‍ നിന്നുണ്ടാകാം.

ജനം പ്രതികരിക്കാത്ത കാലത്തോളം ഈ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടേയിരിക്കും. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ത്യയില്‍ വീണ്ടും അടിയന്തരാവസ്ഥ വരാതിരിക്കാന്‍ കാരണം ഇന്ദിരാഗാന്ധിയ്ക്കും കോണ്‍ഗ്രസ്സിനും അതിനുശേഷം ജനം നല്‍കിയ പ്രഹരമായിരുന്നു. അടിയന്തരാവസ്ഥക്കുശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പരാജയത്തിന്‍റെ പടുകുഴിയില്‍ എറിഞ്ഞുകൊണ്ട് ജനം പ്രതികരിച്ചപ്പോള്‍ ഇന്ദിരപോലും അതില്‍ കട പുഴകി വീണു. വീണ്ടും അവര്‍ അധികാരത്തില്‍ വന്നത് ജനത ഗവണ്‍മെന്‍റിന്‍റെ തമ്മില്‍തല്ലു മാത്രമാണ്. പിന്നീട് വന്ന സര്‍ക്കാരുകളൊന്നും അടിയന്തരാവസ്ഥയെക്കുറിച്ച് ചിന്തിക്കാത്തത് ആ പ്രഹരം ഭയന്നിട്ടെന്നതു ഒരു വസ്തുതയാണ്.

എന്നാല്‍ അത്തരത്തിലൊരു പ്രഹരം മറ്റൊരര്‍ദ്ധരാത്രിയുടെ ശില്‍പികള്‍ക്ക് ജനം കൊടുക്കാത്തതുകൊണ്ട് ഈ പ്രവര്‍ത്തി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ജനാധിപത്യത്തെ വളച്ചൊടിക്കുകയും ജനാധിപത്യ മര്യാദകളെ ചവിട്ടിമെ തിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ എത്ര നടന്നിട്ടും ജനം വീണ്ടും അധികാരത്തിലെത്തിച്ചാല്‍ അവര്‍ക്ക് അതില്‍ ശക്തിയുക്തം ചെയ്യാന്‍ യാതൊരു മടിയുമില്ല. ആ പ്രവര്‍ത്തിക്ക് ജനം മറുപടി കൊടുത്തേ മതിയാകൂ. അല്ലെങ്കില്‍ ഇന്ത്യയുടെ മഹത്തായ ജനാധിപത്യം മറ്റു പല വഴിയിലേക്കും ഒഴുകി മലീമസ്സമാകും. മഹാരാഷ്ട്ര സംഭവം ഒരു അന്ത്യമാകട്ടെയെന്ന് പ്രത്യാശിക്കാം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment