ഹൈദരാബാദ്: ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികളെ വിചാരണയ്ക്ക് പോലും കാത്ത് നില്‍ക്കാതെ വെടിവെച്ച് കൊന്ന പൊലീസ് നടപടിക്കെതിരെ പ്രതിഷേധമുയരുന്നുണ്ടെങ്കിലും ഈ നടപടിയെ സ്വാഗതം ചെയ്യുകയാണ് പൊതുജനം. പോലീസിന് മുദ്രാവാക്യം വിളിക്കുന്ന ജനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. പ്രദേശത്ത് കൂടി കടന്ന് പോകുകയായിരുന്ന കോളേജ് ബസില്‍ നിന്ന് വിദ്യാര്‍ത്ഥിനികള്‍ പോലീസിന് ജയ് വിളിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
സംഭവ സ്ഥലത്ത് തടിച്ച് കൂടിയ ജനക്കൂട്ടം പോലീസിനെ വാഴ്ത്തി ആഹ്ളാദപ്രകടനം നടത്തി. പോലീസിനെ തോളിലേറ്റി മധുരം വിളമ്പിയാണ് ജനം ആഹ്ളാദ പ്രകടനം നടത്തിയത്. പ്രതികളെ വെടിവെച്ച് കൊന്ന അതേ സ്ഥലത്ത് വെച്ച് പോലീസുകാര്‍ക്ക് മേല്‍ ജനം പുഷ്പവൃഷ്ടി നടത്തി. പോലീസുകാരെ തോളിലേറ്റി മുദ്രാവാക്യം വിളിച്ചു. ഡോക്ടറുടെ അയല്‍വാസികളായ സ്ത്രീകളെത്തി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മധുരം നല്കി. രാഖി കെട്ടിക്കൊടുത്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 നാണ് കേസിലെ നാല് പ്രതികളേയും പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവം പുനരാവിഷ്കരിക്കുന്നതിനിടെ നാല് പ്രതികളും രക്ഷപ്പെടാന്‍ ശ്രമിക്കവേ വെടിവെച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സ്ഥലത്ത് വെച്ച് തന്നെയായിരുന്നു സംഭവം.
സംഭവത്തിൽ ജനരോഷം കത്തി നില്‍ക്കുന്നതിനിടെയായിരുന്നു പ്രതികൾ കൊല്ലപ്പെട്ടത്.
അതേസമയം തോക്കിന് കുഴലിലൂടെ നീതി നടപ്പാക്കുന്ന പൊലീസിനെതിരെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. മനേകാ ഗാന്ധി, ശശിതരൂർ തുടങ്ങിയ പ്രമുഖര്‍ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയർത്തി.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news