ഹൈദാരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ ജനങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തുമ്പോള്‍ തന്നെ പ്രതികള്‍ ഇത്തരത്തില്‍ കൊല്ലപ്പെടരുതായിരുന്നുവെന്ന് ഒരു വിഭാഗം. പ്രതികള്‍ കൊല്ലപ്പെട്ടത് ഏറ്റമുട്ടലിലല്ല, അവരെ വെടിവെച്ച് കൊല്ലുക തന്നെയായിരുന്നുവെന്നും ഇത്തരത്തിലുള്ള ശിക്ഷ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് യോജിക്കുന്നതല്ലെന്നുമാണ് ജസ്റ്റിസ് കമാല്‍ പാഷ പറയുന്നത്. ചോദ്യം ചെയ്യലിനിടെ ആക്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്ക് വെടിവെച്ചുവെന്ന് പറയുന്നത് വിശ്വാസ യോഗ്യമല്ല. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാലും കൊല്ലുകയല്ലായിരുന്നു വേണ്ടത്. പ്രതികള്‍ നിര്‍ദാക്ഷിണ്യം വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെടണമായിരുന്നുവെന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു.
പ്രതികളെ വെടിവെച്ചു കൊന്ന സംഭവം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിടി ബല്‍റാം എംഎല്‍എ. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്ഹിക്കുന്നുണ്ടായിരിക്കും. എന്നാല്‍ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പൊലീസല്ല, നീതിപീഠമാണ്. അതില്‍ ഡിലേ ഉണ്ടായേക്കാം, ശക്തമായ തെളിവുകള്‍ വേണമെന്ന ശാഠ്യമുണ്ടായേക്കാം, അത് വേറെ വിഷയം. സിസ്റ്റത്തിന്റെ പോരായ്മകള്‍ക്ക് പരിഹാരം കാണേണ്ടത് കയ്യില്‍ കിട്ടിയവരെ വെടിവെച്ചുകൊന്നിട്ടല്ലെന്നും വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ഇപ്പോള്‍ നടന്നത് പോലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകമാണെന്നത് സ്വാഭാവികമായും സംശയിക്കാം, കാരണം അതാണ് ഇന്ത്യന്‍ പൊലീസ്. പലരും കരുതുന്നത് പോലെ ക്രൂരമായി പീഡനത്തിന് ഇരയാക്കപ്പെട്ട ആ യുവതിയ്ക്ക് നീതിയല്ല ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കയ്യില്‍ കിട്ടിയ നാല് പ്രതികളെയും ഒറ്റയടിയ്ക്ക് കൊന്നുകളയുന്നതിലൂടെ കേസിന്റെ തുടരന്വേഷണ സാധ്യതകളാണ് യഥാര്‍ത്ഥത്തില്‍ ഇല്ലാതാകുന്നത്. മറ്റേന്തെങ്കിലും വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഈ വാര്‍ത്ത കേട്ട് ആവേശഭരിതരായി കമന്റിടുന്ന ആള്‍ക്കൂട്ടം ഒരു ജനാധിപത്യമെന്ന നിലയില്‍ ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ ആള്‍ക്കൂട്ടം അര്‍ഹിക്കുന്നത് ഒരു പൊലീസ് സ്റ്റേറ്റാണ്, ഫാസിസമാണ്.
സംഭവം വിവാദമായതിന് പിന്നാലെ ഉന്നത ഉദ്യേഗസ്ഥര്‍ സംഭവ സ്ഥലം പരിശോധിച്ചു. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവെയ്ക്കേണ്ടി വന്നതെന്നാണ് പൊലീസ് പറയുന്നത്. നാല് പേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഇതില്‍ സംശയവും ആരോപണവും ഉയരുന്ന സാഹചര്യത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്. ഏറ്റുമുട്ടല്‍ നടക്കാന്‍ സാധ്യതയില്ലെന്നും ഇത് പൊലീസിന്റെ നാടകമാണെന്നുമാണ് ആരോപണം. രാജ്യം മുഴുവന്‍ വിവാദമായ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ട സംഭവം അതീവ ഗൗരവമുള്ളതാണ്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news