ഡല്‍ഹി: ഉന്നാവില്‍ ബലാത്സംഗത്തിനിരയാകുകയും പിന്നീട് പ്രതികള്‍ പൊള്ളലേറ്റ് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ”എനിക്ക് മരിക്കണ്ട, എന്നെ രക്ഷിക്കണം. എന്നെ ഈ നിലയിലാക്കിയവര്ക്ക് വധശിക്ഷ ലഭിക്കുന്നത് എനിക്ക് കാണണം” എന്നാണ് മരണത്തിനു മുന്‍പ് യുവതി പറഞ്ഞ വാക്കുകള്‍. സഹോദരനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
തൊണ്ണൂറ് ശതമാനം പൊളളലേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെയാണ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിച്ചത്. രാത്രി 11.10ഓടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രാഥമിക ചികിത്സ ലഭ്യമാകാന്‍ വൈകിയതും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കു 90% പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പെണ്‍കുട്ടിയെ തീകൊളുത്തിയിട്ടും പ്രതികളുടെ വൈരാഗ്യം തീര്‍ന്നിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് നേരെ വധഭീഷണിയുണ്ട്. കേസുമായി മുന്നോട്ടുപോയാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ഭീഷണിസ്വരങ്ങള്‍.
ശുക്ലഗഞ്ചില്‍ വാടകയ്ക്കു താമസിക്കുന്ന പെണ്‍കുട്ടിയുടെ അമ്മാവനു നേര്‍ക്കാണ് ഭീഷണിമുഴക്കിയത്. കട നടത്തി ഉപജീവനം കണ്ടെത്തുന്ന ഇയാളുടെ കട കത്തിക്കുമെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞാണ് ഭീഷണി. പ്രതികളിലൊരാളായ ശിവം എന്നയാളുടെ ബന്ധുവാണ് ഫോണ്‍ വഴി ഭീഷണിപ്പെടുത്തിയത്.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ നല്‍കുമെന്ന് ഉന്നാവ് എസ്പി വിക്രാന്ത് വീര്‍ അറിയിച്ചു. പെണ്‍കുട്ടിയെ തീ കൊളുത്തിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പെണ്‍കുട്ടിയുടെ സഹോദരി ആരോപിച്ചു. പെണ്‍കുട്ടിയും സഹോദരനും അച്ഛനും പലരുടെയും നോട്ടപ്പുള്ളിയായതാണ് സംശയങ്ങള്‍ക്കു കാരണം.
പെണ്‍കുട്ടിയുടെ അമ്മ പഞ്ചായത്ത് അധ്യക്ഷയാണ്. ആശങ്കകള്‍ പങ്കിട്ടു പെണ്‍കുട്ടിയുടെ സഹോദരി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
വിവാഹ വാഗ്ദാനം നല്കിയ ആള് കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നല്കിയ പെണ്‍കുട്ടിയെയാണ് പ്രതികളടക്കം അഞ്ചു പേര് ചേര്‍ന്നു തീ കൊളുത്തിയത്. ഉന്നാവ് ഗ്രാമത്തില്‍ നിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകാന്‍ തുടങ്ങവേ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അതീവ ഗുരുതരവസ്ഥയിലായ പെണ്‍കുട്ടിയെ ലക്നൗവിലെ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികില്‍സയ്ക്കായി ഡല്‍ഹിയിലേക്കു മാറ്റുകയായിരുന്നു.
കേസില്‍ ആദ്യം 2 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ദൃക്സാക്ഷികള്‍ പേരു പറഞ്ഞിട്ടും പെണ്‍കുട്ടി വ്യക്തമായ മൊഴി നല്കിയതു കൊണ്ടു മാത്രമാണ് ശേഷിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. ക്രൂരതയ്ക്ക് ഇരയായ പെണ്‍കുട്ടിയുടെ സഹോദരനെ നേരത്തെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതു വ്യാജ കേസായിരുന്നു എന്നാണ് സഹോദരിയുടെ വെളിപ്പെടുത്തല്‍.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news