Flash News

താക്കോലില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍

December 7, 2019

thakolസിനിമ തന്നെ ഒരു താക്കോലായി മാറുന്ന തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് താക്കോല്‍ എന്ന സിനിമ സമ്മാനിക്കുന്നത്. സിനിമയിലെ ഓരോ സന്ദര്‍ഭങ്ങളിലും സംഭാഷണങ്ങളിലും ഓരോ ഷോട്ടുകളിലും വരെ നിരവധി അര്‍ത്ഥ തലങ്ങളെ സന്നിവേശിപ്പിച്ചിരിക്കുകയാണ്.

മുരളി ഗോപി അവതരിപ്പിക്കുന്ന മോണ്‍സിഞ്ഞോര്‍ മാങ്കുന്നത്ത് പൈലി എന്ന പുരോഹിതന്റെയും അദ്ദേഹം അടിമയോ മകനോ എന്ന് നിശ്ചയമില്ലാത്തവണ്ണം വളര്‍ത്തി ഒരു പുരോഹിതനാക്കുന്ന ആംബ്രോസ് വാസ് പൊഞ്ഞമ്പള്ളിയുടെയും കഥയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. വ്യത്യസ്തമായ ആഖ്യാനമാണ് സിനിമയുടേത്. സൈക്കോളജിയും മിസ്റ്ററിയും ഫിലോസഫിയും എല്ലാം ഇവിടെ വ്യത്യസ്തമോ വിചിത്രമോ ആയ രീതിയില്‍ സമ്മേളിക്കുന്നു. സിനിമയുടെ ഓരോ രംഗങ്ങളിലും അടക്കം ചെയ്തിരിക്കുന്ന അര്‍ത്ഥങ്ങളെ കണ്ടെത്തുക എന്ന ഭാരിച്ച ജോലിയിലാണ് ഈ സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് ഏര്‍പ്പെടേണ്ടത്.

എന്തുകൊണ്ടാണ് മാങ്കുന്നത്ത് പൈലി എന്ന പുരോഹിതന്‍ ഡ്യൂഡി എന്ന് വിളിക്കുന്ന ആംബ്രോസ് എന്ന ബാലനോട് ക്രൂരമായി പെരുമാറുന്നത്? എന്തുകൊണ്ടാണ് അവന്റെ ബാല്യകാല പ്രണയത്തെ തകര്‍ക്കുകയും ഇഷ്ടമില്ലാഞ്ഞിട്ടും നിര്‍ബന്ധിച്ചു പുരോഹിതനാക്കുകയും ചെയ്യുന്നത് ? എന്തുകൊണ്ടാണ് ഒരു പുരോഹിതനായിട്ടും അയാളെ സ്വാതന്ത്രനാക്കാതെ ഒരു അടിമയെ പോലെ കൂടെ കൊണ്ടു നടക്കുന്നത്? .. ഈ ചോദ്യങ്ങള്‍ക്കൊന്നും സിനിമ നേരിട്ട് ഉത്തരം തരുന്നില്ല. എന്നാല്‍ പല കഥാസന്ദര്‍ഭങ്ങളിലായി അതിനുള്ള ഉത്തരം ഒളിപ്പിച്ച് വെച്ചിരിക്കുകയാണ്. ഒരു നിധി വേട്ടക്കാരനെപ്പോലെ ഓരോ സൂചകളെയും കൂട്ടിയിണക്കി പ്രേക്ഷകന്‍ ആ ഉത്തരം കണ്ടെത്തണം.

പള്ളിയിലെ വീഞ്ഞ് മോഷ്ടിക്കുന്നവനായിട്ടാണ് ആംബ്രോസ് എന്ന ബാലനെ (റൂഷിന്‍ എസ് കൈലാസ്) ആദ്യം കാണുന്നത്. വേദപാഠ ക്ലാസില്‍ നിന്നും മുങ്ങിയിട്ടാണ് അവന്‍ ഈ കുരുത്തക്കേട് കാണിക്കുന്നത്. ഇത് കയ്യോടെ പിടിക്കുന്ന പൈലി അച്ചന്‍ അവനെ മറ്റു കുട്ടികളുടെ മുന്‍പില്‍ വെച്ച് ചോദ്യം ചോദിച്ചു ഭയപ്പെടുത്തുന്നു. ഇത്തരത്തില്‍ ഭയപ്പെടുത്തുന്ന പേടിപ്പിക്കുന്ന ഒരു രൂപമായി ജീവിതത്തിലും സ്വപ്‌നത്തിലും പോലും മാങ്കുന്നത്തച്ചന്‍, ആംബ്രോസച്ചനോടൊപ്പമുണ്ട്.

സിനിമയുടെ സമര്‍പ്പണം… ” നന്‍മയെന്ന് കരുതി ചെയ്യുന്ന എല്ലാ ക്രൂരകൃത്യങ്ങള്‍ക്കും” എന്നതാണ്. ആദ്യമേ തന്നെ ഇക്കാര്യം പറഞ്ഞതിലൂടെ മാങ്കുന്നത്തച്ചന്റെയും ആംബ്രോസച്ചന്റെയും ബന്ധത്തെ മനസ്സിലാക്കാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുന്നുണ്ട്. ഒഴിമുറി എന്ന സിനിമയിലെ അച്ഛനെ മാങ്കുന്നത്ത് അച്ചനില്‍ കാണാന്‍ സാധിച്ചാല്‍ ആ ഭാഗം കൂടുതല്‍ വ്യക്തമാകും. അപ്പോള്‍ ‘എന്തുകൊണ്ട് അങ്ങിനെ’ എന്ന ചോദ്യത്തിനുള്ള ഉത്തരം അന്വേഷിച്ച് പോകലാണ് ഈ സിനിമയെന്ന് തോന്നുന്നു.

ആംബ്രോസ് അച്ചനെയും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള കഥാപാത്രങ്ങളിലൂടെയുമാണ് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത്. ഇതിലേക്ക് വഴി കാട്ടുന്നത് കുഴിമറ്റത്ത് ക്ലെമന്റ്‌ (രഞ്ജി പണിക്കര്‍) എന്ന കച്ചവടക്കാരനാണ്. ഇദ്ദേഹം ആംബ്രോസിന്റെ സമ്മതം ചോദിക്കാതെ തന്നെ, അരമനയില്‍ ചെന്ന് തിരുമേനിയോട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തി, മാങ്കുന്നത്തച്ചന്റെ അധികാരത്തില്‍ നിന്നും ആംബ്രോസിനെ രക്ഷിച്ചെടുത്ത്, ആംബ്രോസ് ജനിച്ചുവളര്‍ന്ന സ്വന്തം ഇടവകയില്‍ വികാരിയാക്കുകയാണ്. എന്തിന് അദ്ദേഹം ഇങ്ങിനെ ചെയ്യണമെന്ന ചോദ്യം ആംബ്രോസിനെപ്പോലെ പ്രേക്ഷകരിലും ഉണ്ടാകുന്നു. അതിന്റെ ഉത്തരം പറയാന്‍  ക്ലെമന്റപ്പാപ്പനെ വിധി അനുവദിക്കുന്നില്ല. പകരം ഉത്തരമായി ഒരു താക്കോല്‍ ആംബ്രോസിന്റെ കയ്യിലേക്ക് എത്തിപ്പെടുന്നു. എന്തുകൊണ്ട് ചിലര്‍ തന്നെ സ്‌നേഹിക്കുന്നു, മറ്റു ചിലര്‍  ദ്രോഹിക്കുന്നു തുടങ്ങിയ പലതിലേക്കും വിരല്‍ ചൂണ്ടുന്ന താക്കോലാണതെന്ന് വഴിയേ ആംബ്രോസിനെപ്പോലെ നമ്മുക്കും മനസ്സിലാകുന്നു.

എങ്കിലും ഒരു തവണ മാത്രം ഈ സിനിമ കാണുന്ന ഒരാള്‍ക്ക് സിനിമ പൂര്‍ണമായും പിടികിട്ടുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് സങ്കീര്‍ണവും കെട്ടുപിടണഞ്ഞതുമാണ് ഇതിന്റെ കഥ. താക്കോല്‍ എന്നത് പുരുഷനും താഴ് സ്ത്രീയുമാണെന്നു കഥയുടെ പോക്കില്‍ ഒരിടത്തു നെടുമുടി വേണുവിന്റെ കഥാപാത്രം പറയുന്നുണ്ട്. ആ ആശയത്തെ നേരത്തെ പറഞ്ഞ ‘ഉത്തരവു’മായി ബന്ധിപ്പിക്കാമെന്ന് തോന്നുന്നു. അതിന് ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ വിശകലനം ചെയ്യേണ്ടി വരും.

ആംബ്രോസിന്റെ അമ്മയില്‍ (മീര വാസുദേവ്) നിന്ന് തുടങ്ങാം. ആംബ്രോസ് ബാലനായിരിക്കുമ്പോള്‍ മാങ്കുന്നത്ത് അച്ഛനെ അവര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി, ദാരിദ്ര്യത്തിനിടയിലും വിഭവ സമൃദ്ധമായ വിരുന്നു നല്‍കുന്നുണ്ട് (ആംബ്രോസിന്റെ അപ്പനെ കാണുന്നില്ല). അച്ചനോടുള്ള അമ്മയുടെ പെരുമാറ്റത്തില്‍ കാമത്തിന്റെ ആവേശം നിഴലിക്കുന്നുണ്ടോയെന്ന് തോന്നിപ്പോകും. അത് ഡ്യൂഡി കാണുന്നുമുണ്ട്. പിന്നീട് അമ്മയുടെ മരണത്തിന് ശേഷം മാങ്കുന്നത്ത് അച്ചന്‍, ഡ്യൂഡിയെ ‘സ്വന്തമാക്കുകയാണ്’.

രണ്ടാമത്തെ സ്ത്രീ കഥാപാത്രം, ഇനിയ അവതരിപ്പിക്കുന്ന സാറയാണ്. അംബ്രോസിന്റെ ബാല്യകാല പ്രണയമാണ് സാറ. ആംബ്രോസ് സെമിനാരിയില്‍ ചേര്‍ന്നതോടെ സാറ വീട്ടുകാരെയെല്ലാം വേദനിപ്പിച്ചു ഒരുത്തന്റെ കൂടെ ഒളിച്ചോടി. അവര്‍ക്ക് സ്റ്റാന്‍ലി ജനിച്ചു. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം സാറ പിഴച്ചവളായി. ഇതോടെ സ്റ്റാന്‍ലി (സ്വരാജ് ഗ്രാമിക) ഒരു തെമ്മാടി ചെക്കനായി മാറി. മറ്റു കഥാപാത്രങ്ങളുടെ സംഭാഷണത്തിലൂടെയാണ് ഇത്രയും അറിയാന്‍ സാധിക്കുന്നത്.

മറ്റൊരു സ്ത്രീ കഥാപാത്രം, നെടുമുടിയുടെ കഥാപാത്രത്തിന്റെ ഭാര്യയാണ്. ഈ മൂന്ന് സ്ത്രീകള്‍ക്കും താക്കോലിന്റെ രഹസ്യത്തിലേക്ക് വിരല്‍ ചൂണ്ടാന്‍ സാധിക്കുമെന്നാണ് തോന്നുന്നത്.

തന്റെ അമ്മയുടെ വ്യഭിചാരം കാണുന്ന സ്റ്റാന്‍ലിയുടെ രംഗം സിനിമ കാണിച്ചു തരുന്നു. തുടര്‍ന്ന് അമ്മയുമായി വ്യഭിചാരം ചെയ്യുന്നയാളെ സ്റ്റാന്‍ലി ആക്രമിക്കുകയും അവനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമാണ്.  ഇതില്‍ മനം നൊന്ത സാറ അംബ്രോസിന്റെ പക്കല്‍ കുമ്പസാരിക്കുന്നു. അന്ന് രാത്രിയില്‍ ആംബ്രോസ് അച്ചന്‍ കണ്ട സ്വപ്നത്തില്‍ തന്റെ അമ്മയും സാറായും ഒന്നാവുകയാണ്. പള്ളിയ്ക്കുള്ളില്‍ വെച്ച് അമ്മയെ പെടുന്നനെ കാണാതാവുകയും അമ്മ തന്റെ തക്കോല്‍ അള്‍ത്താരയ്ക്ക് സമീപം തപ്പുന്നതുമെല്ലാം സ്വപ്‌നത്തിലെ മായക്കാഴ്ചയായി ആംബ്രോസിന്റെ മുമ്പിലെത്തുന്നു. ഇവിടെ താക്കോലിന്റെ രഹസ്യം ആംബ്രോസിനു പിടികിട്ടുന്നതായി പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാം.

സാറയുടെ മരണത്തില്‍ സ്റ്റാന്‍ലിയെ കുറ്റപ്പെടുത്തുന്ന ആംബ്രോസ് അതിന് ശേഷം തനിക്ക് ദാവീദിന്റെ ജ്ഞാനത്തിന്റെ താക്കോല്‍ കിട്ടിയതായി കൂട്ടുകാരന്‍ സില്‍വിച്ചനോട് (സുദേവ് നായര്‍) പറയുന്നുണ്ട്. തന്റെ തന്നെ ജീവിതത്തെ ആകാം ആംബ്രോസ് സ്റ്റാന്‍ലിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാങ്കുന്നത്ത് അച്ചന്‍ തന്നെ ഏറ്റെടുത്തതുപോലെ സ്റ്റാന്‍ലിയെ അംബ്രോസും ഏറ്റെടുക്കുന്നു. സങ്കടം പറയേണ്ടത് മനുഷ്യരോടല്ല കര്‍ത്താവിനോടാണെന്ന മാങ്കുന്നത്തച്ചന്റെ വാക്കുകള്‍ ഉച്ചരിച്ചു അച്ചന്‍ തന്ന കുരിശ് മാല ആംബ്രോസ്, സ്റ്റാന്‍ലിക്ക് നല്‍കുന്നു. മാങ്കുന്നത്ത് അച്ചന്‍ ‘എന്തുകൊണ്ട് തന്നോട് ഇങ്ങിനെ പെരുമാറുന്നു’ എന്ന ചോദ്യത്തിന് ആംബ്രോസിന് ആദ്യമായി ഇവിടെ ഉത്തരം ലഭിക്കുകയാണ്.

സ്വന്തം ഇടവകയില്‍ വികാരിയായി എത്തിയ ആംബ്രോസ് ആദ്യം ചെയ്യുന്നത് സാറയെ കാണാന്‍ പോവുകയാണ്. അവള്‍ ചീത്ത പേര് വീണവളാണെന്നും താന്‍ പുരോഹിതനാണെന്നും അറിഞ്ഞിട്ടു കൂടി രാത്രിയില്‍ ആംബ്രോസ് സാറയുടെ വീട്ടില്‍ കയറി ചെല്ലുന്നു. നീ പഴയ സാറയും ഞാന്‍ പഴയ ഡ്യൂഡിയുമാണെന്നും പറയുന്നു. പിന്നീട് മാത്തച്ചന്റെ ഭാര്യയുടെ പ്രലോഭനത്തില്‍ നിന്നും കുതറിമാറാന്‍ പണിപെടുന്ന ആംബ്രോസ് അച്ഛനെയും ചിത്രം കാണിച്ചു തരുന്നു. ഇതെല്ലാം മാങ്കുന്നത്തച്ചനിലേക്ക് കൂടിയാണോ വിരല്‍ ചൂണ്ടുന്നതെന്ന് അറിയില്ല. മാങ്കുന്നത്തച്ചന്റെയും ആംബ്രോസ് അച്ചന്റെയും താദാത്മ്യം പ്രാപിക്കലിലാണ് സിനിമ ചെന്നെത്തുന്നത്. ആ വഴിയില്‍ ഇത്തരത്തിലൊരു താദാത്മ്യത്തിനും പ്രസക്തിയുണ്ടായേക്കാം.

ആംബ്രോസിന്റെയും സ്റ്റാന്‍ലിയുടെയും താദാത്മ്യം പ്രാപിക്കലും സിനിമയില്‍ നിന്ന് കണ്ടെടുക്കാം. ബാലനായ ആംബ്രോസ് വീഞ്ഞ് മോഷ്ടിക്കാനൊരുങ്ങുമ്പോള്‍ മാങ്കുന്നത്ത് അച്ചന്‍ കയ്യോടെ പിടികൂടുന്നത് മുമ്പ് സൂചിപ്പിച്ചല്ലോ. അതുപോലെ സ്റ്റാന്‍ലി ഒരു മോഷണം നടത്തുന്നത് ആംബ്രോസ് അച്ചനും പിടികൂടുന്നുണ്ട്.

ഒരു പ്രാവശ്യം മാത്രം കണ്ടുകൊണ്ട് മനസ്സിലാക്കാന്‍ പറ്റാത്ത നിരവധി സന്ദര്‍ഭങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സിനിമയാണ് താക്കോല്‍. ചിത്രത്തിലെ താക്കോലിന് പതിനേഴു തിരിവുണ്ടെന്ന് പറയുന്നുണ്ട്.  ഒരു പക്ഷേ അത്രത്തോളം കഥാ സന്ദര്‍ഭങ്ങളെ തിരിച്ചും മറിച്ചും പരിശോധിച്ചാല്‍ മാത്രമേ താക്കോല്‍ എന്ന സിനിമയെ മനസ്സിലാക്കാന്‍ സാധാരണ പ്രേക്ഷകര്‍ക്ക് സാധിക്കൂ.

ഒരുപാട് സന്ദര്‍ഭങ്ങള്‍ക്ക് ഇനിയും അര്‍ത്ഥം കണ്ടെത്തേണ്ടിയിരിക്കുന്നു. താക്കോലില്‍ 13 എന്ന അക്കം രേഖപ്പെടുത്തിയിട്ടുണ്ട്. യേശുവും 11 ശിഷ്യന്മാരും ചേര്‍ന്നാല്‍ 12. അപ്പോള്‍ 13 കാരന്‍ ഒറ്റുകാരനാണ്.  ഈ താക്കോല്‍ ഒറ്റുകാരന്റേതാണെന്നു മലയാറ്റൂര്‍ രാമകൃഷ്ണപിള്ള എന്ന മുങ്ങാംകുഴി മാത്തന്‍ (സുധീര്‍ കരമന) പറയുന്നു. ഈ താക്കോല്‍ പല കഥാപാത്രങ്ങളും ആംബ്രോസ് അച്ചന് തന്നെ വെച്ചു നീട്ടുന്നതായും കാണിക്കുന്നു.

തന്റെ മനസ്സില്‍ തോന്നുന്നതിനെ ഒരു നോവലിന്റെ ചാരുതയോടെ ഡയറിയില്‍ എഴുതി സൂക്ഷിക്കുന്നത് ആംബ്രോസ് അച്ചന്റെ ശീലമാണ്. ഒരു രാത്രിയില്‍ സഹായി അച്ചനോട് ”രാത്രിയില്‍ അച്ചനെന്താ ഈ എഴുതിക്കൊണ്ടിരിക്കുന്നത്’ എന്ന് ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി തന്റെ അപ്പന് തന്നോട് പറയാനുണ്ടായിരുന്നത് ഓര്‍ത്ത് നോക്കുകയായിരുന്നുവെന്നാണ് പറയുന്നത്. അപ്പോള്‍ തൊട്ടുമുമ്പ് എഴുതിയതിനും അച്ചന്റെ ഈ മറുപടിയ്ക്കും തമ്മില്‍ എന്തോ ബന്ധമുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നിപ്പോകുന്നു.

മരീബായിലെ ജലത്തെക്കുറിച്ച് ചിത്രം പരാമര്‍ശിക്കുന്നു. മരീബായിലെ ജലത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ബൈബിളിലെ സംഖ്യാ പുസ്തകത്തിലെ 20-ാം അധ്യായം തിരിച്ചും മറിച്ചും വായിച്ചിട്ടും ഇതിന് കഥാ സന്ദര്‍ഭവുമായുള്ള ബന്ധം മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നത് ഖേദപൂര്‍വ്വം പറയട്ടെ. പലപ്പോഴും ബൈബിളിന്റെ സാഹിത്യ ഭാഷയെ അതേപടി സിനിമയില്‍ ഉപയോഗിച്ചിരിക്കുകയാണ്. എന്നാല്‍ അതിനൊന്നും ഒരു വിശദീകരണവും നല്‍കുന്നില്ല. ബൈബിളിലെ ലേഖന ഭാഗത്തു നിന്നും ആത്മപ്രശംസയെക്കുറിച്ച് പറയുന്ന ഭാഗം രോഗാവസ്ഥയില്‍ തന്നെ കാണാന്‍ വരുന്ന ആംബ്രോസിനെ കേള്‍പ്പിക്കാന്‍ സില്‍വിച്ചനെക്കൊണ്ട് മാങ്കുന്നത്തച്ചന്‍ വായിപ്പിക്കുന്നുണ്ട്. ഇതിനും ആ സന്ദര്‍ഭവുമായുള്ള ബന്ധം മനസ്സിലാക്കാന്‍ ആദ്യ കാഴ്ചയില്‍ സാധിച്ചില്ല. മൂലക്കുരുവും ചിത്രത്തില്‍ പ്രധാന വിഷയമായി വരുന്നുണ്ട്. വൈദ്യന്റെ വാക്കുകളില്‍ അതിന്റെ പൊരുള്‍ കണ്ടെത്താമെന്ന് തോന്നുന്നു. എന്നാല്‍ അദ്ദേഹം പറയുന്നത് എന്താണെന്ന് ഒറ്റയടിയ്ക്ക് വ്യക്തമാകുന്നതേയില്ല. ഇത്തരത്തില്‍ ഒറ്റവായനകൊണ്ട് അടച്ചു മാറ്റിവെയ്ക്കാവുന്ന ഒരു പുസ്തകം പോലെയല്ല, താക്കോല്‍ എന്ന സിനിമ. അത് വീണ്ടും വീണ്ടും പഠനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു.

അഭിനേതാക്കളെ മറന്നു കഥാപാത്രങ്ങള്‍ മാത്രമായി അവരെ കാണാന്‍ കഴിഞ്ഞെങ്കില്‍ അത് അത്ര മികച്ച പ്രകടനം അവര്‍ കാഴ്ച്ച വെച്ചത് കൊണ്ടാണെന്നു വ്യക്തമാണല്ലോ.. കഴിവുള്ള നടനാണെന്ന വിശേഷണം ലഭിച്ചിട്ടും അതിനൊത്തു ഉയരാന്‍ കഴിയാത്ത ഇന്ദ്രജിത് എന്ന നടന്റെ നടന സൗകുമാര്യം താക്കോല്‍ പ്രദര്‍ശിപ്പിക്കുന്നു. മുരളി ഗോപി, നെടുമുടി വേണു, ഇനിയ, ലാല്‍, സുദേവ് നായര്‍, രഞ്ജി പണിക്കര്‍, മീര വാസുദേവ്, സുധീര്‍ കരമന, വാസുദേവ് സനല്‍, സ്വരാജ് ഗ്രാമിക, റോണി ഡേവിഡ് രാജ്, റൂഷിന്‍ എസ് കൈലാസ് എന്നിവരെയൊന്നും കഥാപാത്രങ്ങളല്ലാതെ ചിന്തിയ്ക്കാന്‍ കഴിയില്ല.

മനോഹരമാണ് സിനിമയുടെ രംഗ പശ്ചാത്തലങ്ങള്‍. ഛായാഗ്രാഹകന്‍ ആല്‍ബി ആന്റണി സംവിധായകന്റെ മനസ്സിന് ഇണങ്ങിയ രീതിയില്‍, കഥയ്ക്ക് ഊഷ്മളത നല്‍കുന്ന രീതിയില്‍ തന്നെ ക്യാമറ ചലിപ്പിച്ചു. കലാസംവിധാനം ചെയ്ത ബോബനും ജിതു സെബാസ്റ്റിയനും അഭിനന്ദനം അര്‍ഹിക്കുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലറില്‍ എഡിറ്റിങ്ങിന്റെ ചില പ്രശ്‌നങ്ങള്‍ ഉള്ളതുപോലെ തോന്നിയിരുന്നു. ഒരു സസ്‌പെന്‍സ് ത്രില്ലറിന്റെ മോഡിലായിരുന്നു ട്രെയിലര്‍. സിനിമയാകട്ടെ മറ്റൊരു തലത്തിലാണ് സഞ്ചരിക്കുന്നത്.. ആ വ്യത്യാസമാകാം ട്രെയ്‌ലറിന്റെ എഡിറ്റിങ്ങില്‍ ദൃശ്യമായത്. എന്നാല്‍ സിനിമയുടെ എഡിറ്റിങ് പാളിച്ചകള്‍ ഇല്ലാത്തതായിരുന്നു.

ചിത്രത്തില്‍ പാട്ടുകള്‍ ഉള്‍ക്കൊള്ളിച്ച വിധവും പാട്ടിലെ വരികളും എടുത്തു പറയേണ്ടതാണ്. ക്ലെമന്റ്‌ അപ്പാപ്പന്റെ ശവസംസ്‌കാര ചടങ്ങുകളിലെ ആ പ്രാര്‍ത്ഥന ഗാനം ഹൃദയ സ്പര്ശിയായിരുന്നു.   ആ ഗാനം മരിച്ച വീട്ടില്‍ നിന്ന് കേട്ടു തുടങ്ങി അംബ്രോസിനൊപ്പം കുറച്ചു രംഗങ്ങളിലേക്ക് കൂടി നീളുന്നു. എം ജയചന്ദ്രന്‍ ഈണമിട്ട മരീബായിലെ ജലം എന്ന പാട്ടും നല്ലിടയാ എന്ന് തുടങ്ങുന്ന പാട്ടുമെല്ലാം പ്രത്യേക ഫീല്‍ ഉള്ളതും കഥാസന്ദര്‍ഭത്തിന് ഇണങ്ങിയതുമായിരുന്നു.

ചിത്രം സംവിധാനം ചെയ്ത കിരണ്‍ പ്രഭാകരന്‍ തന്നെയാണ് രചനയും നിര്‍വഹിച്ചിരിക്കുന്നത്. രചനയിലും സംവിധാനത്തിലും അസാമാന്യ മികവാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്ന് നിസംശയം പറയാം. കഥാ സന്ദര്‍ഭങ്ങളിലും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലും വരെ അദ്ദേഹം രഹസ്യങ്ങളെ പൂട്ടിവെച്ചു. അംബ്രോസിനു നല്‍കപ്പെട്ട ആ താക്കോല്‍ പ്രേക്ഷകന് കൂടിയാണ് വെച്ചു നീട്ടിയത്.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top