Flash News

രാജ്യസഭയില്‍ ചരിത്ര നിമിഷം; 105നെതിരെ 125 വോട്ടുകള്‍ക്ക് പൗരത്വ ഭേദഗതി ബില്‍ പാസ്സായി

December 11, 2019

rtibillpassedinrajyasabha-1000_6ന്യൂഡല്‍ഹി: ചരിത്രത്തിലെ നിര്‍ണ്ണായകമായ നിമിഷങ്ങളായിരുന്നു പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ഈ ബില്‍ 125 വോട്ടുകള്‍ക്ക് രാജ്യസഭയില്‍ പാസ്സായത്. ശിവസേന അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. 105 പേരാണ് ബില്ലിനെ എതിർത്തത്.

കഴിഞ്ഞ ദിവസമാണ് ലോക്‌സഭ ബില്‍ പാസ്സാക്കിയത്. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും. 105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസാക്കിയത്. ഇന്ത്യയുടെ ചിത്രത്തിലെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

പൗരത്വ നിയമ ഭേദഗതി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടെടുപ്പിനിട്ട് സഭ തള്ളിയിരുന്നു. 44 ഭേദഗതി നിര്‍ദേശങ്ങളാണ് ബില്ലിന്‍മേല്‍ വന്നത്. എന്നാല്‍ ഇവയെല്ലാം രാജ്യസഭ വോട്ടിനിട്ട് തള്ളി.

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

നേരത്തെ ശിവസേന വോട്ടെടുപ്പ് ബഹിഷ്കരിച്ച്‌ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

അതേസമയം നരേന്ദ്രമോദി അധികാരത്തിലെത്തിയത് രാജ്യത്ത് പല തിരുത്തലുകളും നടത്താന്‍ കൂടിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു. വിവാദങ്ങളെ പേടിച്ച്‌ ശക്തമായ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ല. പൗരത്വ ഭേദഗതി ബില്‍ പാസായ ശേഷം അഭയാര്‍ത്ഥികളുടെ യഥാര്‍ത്ഥ എണ്ണം വ്യക്തമാകുമെന്നും അപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ പൗരത്വത്തിന് അപേക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്ത് വിഭജനം നടന്നത് കൊണ്ടാണ് ഈ ബില്ല് കൊണ്ടു വരേണ്ടി വന്നത്. അന്‍പത് വര്‍ഷം മുന്‍പേ ഈ ബില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ പ്രശ്നങ്ങള്‍ ഇത്രയ്ക്ക് വഷളാവില്ലാരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച തുടരുമ്പോൾ തന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം കൂടുതല്‍ശക്തിപ്പെടുകയാണ്. പ്രതിഷേധത്തെതുടര്‍ന്ന് അസമിലും ത്രിപുരയിലും കരസേന രംഗത്തിറങ്ങി. അസമില്‍ ഉള്‍ഫ നാളെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ത്രിപുരയിലും അസമിലും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതില്‍ സന്തോഷം അറിയിച്ച് നരേന്ദ്രമോദി

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതില്‍ സന്തോഷം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിനമാണിന്ന്. ബില്‍ രാജ്യസഭയില്‍ പാസാക്കിയതില്‍ സന്തോഷമുണ്ട്. ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ എല്ലാ എംപിമാര്‍ക്കും നന്ദി അറിയിക്കുന്നു. വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന നിരവധി പേരുടെ കഷ്ടപ്പാടുകള്‍ ശമിപ്പിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

എന്താണ് പൗരത്വ (ഭേദഗതി) ബില്‍, 2019?

1955ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്‍. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍. എന്നാല്‍, ബില്ലില്‍ പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും മുസ്ലിങ്ങള്‍ക്ക് ഈ പരിഗണനയില്ല.

ആരാണ് പൗരത്വത്തിന് അര്‍ഹരാകുന്നത് ? എന്നാണ് അവസാന തിയതി

2014 ഡിസംബര്‍ 31നു മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക. നേരത്തെ, 11 വര്‍ഷം ഇന്ത്യയില്‍ താമസിച്ചാലേ പൗരത്വത്തിന് അര്‍ഹതയുണ്ടാകൂ. പുതിയ ബില്ലില്‍ അത് അഞ്ച് വര്‍ഷം വരെ എന്നാക്കി കുറച്ചു. ആര്‍ക്കെങ്കിലുമെതിരെ അനധികൃത താമസത്തിനു കേസുണ്ടെങ്കില്‍ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും.

എന്താണ് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) ?

കേന്ദ്ര സര്‍ക്കാര്‍ അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഇന്ത്യന്‍ പൗരന്‍മാരുടെ പട്ടിക ഉണ്ടാക്കുന്നതിനെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നു പറയുന്നത്. ആദ്യം അസമിലാണ് പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കിയത്. എന്നാല്‍, രാജ്യം മുഴുവനായും പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നവംബര്‍ 20ന് പറഞ്ഞിരുന്നു.

പൗരത്വ (ഭേദഗതി) ബില്ലും പൗരത്വ രജിസ്റ്ററും തമ്മിലുള്ള ബന്ധം എന്താണ് ?

ഓഗസ്റ്റ് 31ന് അന്തിമ പൗരത്വ രജിസ്റ്റര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. അര്‍ഹതയുള്ളവര്‍ പോലും പട്ടികയില്‍ നിന്ന് പുറത്തു പോയെന്നായിരുന്നു പ്രധാന ആരോപണം. ബംഗാളി ഹിന്ദുക്കള്‍ ആയിരുന്നു ഇങ്ങനെ പട്ടികയില്‍ നിന്ന് പുറത്തു പോയത്.

അതേസമയം, ബംഗാളില്‍ ഇത് രാഷ്ട്രീയപരമായി ബി.ജെ.പിക്ക് വന്‍ തിരിച്ചടി ആയിരുന്നു. എന്നാല്‍, പൗരത്വ (ഭേദഗതി) ബില്‍ വരുമ്പോള്‍ ഒരു ബംഗാളി ഹിന്ദുവിന് പോലും പുറത്തു പോകേണ്ടി വരില്ലെന്ന് ബി ജെ പി വ്യക്തമാക്കി.

പൗരത്വവും പൗരത്വം നല്‍കലും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത് ?

പൗരത്വത്തിനുള്ള ആവശ്യകതകള്‍ സ്വാഭാവികവല്‍ക്കരണത്തിലൂടെ ബില്‍ ഇളവ് ചെയ്തിട്ടുണ്ട്. അനധികൃത ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍,ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ ആറ് മതങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യയില്‍ താമസിക്കേണ്ട കാലാവധി ആറ് വര്‍ഷമായി ബില്‍ കുറച്ചിട്ടുണ്ട്.

എന്താണ് ഒ സി ഐ രജിസ്‌ട്രേഷന്‍? അഥവാ വിദേശീയരായ ഇന്ത്യന്‍ പൗരന്‍മാരുടെ രജിസ്‌ട്രേഷന്‍?

പൗരത്വ നിയമം ലംഘിച്ചാല്‍ വിദേശിയരായ ഇന്ത്യന്‍ പൗരന്‍മാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉന്നയിക്കുന്ന ന്യായം എന്താണ്?

ഇത് തികച്ചും മനുഷ്യത്വപരമാണെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ന്യൂനപക്ഷങ്ങളെ ഇത് സഹായിക്കുമെന്നും സര്‍ക്കാര്‍ വാദിക്കുന്നുണ്ട്.

എന്താണ് വിവാദം ?

എന്നാല്‍ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മതവിവേചനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുസ്ലിം വിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top