2020 ലെ തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിക്കരുതെന്ന് ട്രംപ് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കി

522640_37118232വാഷിംഗ്ടണ്‍: അടുത്ത വര്‍ഷം നടക്കുന്ന യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതിനെതിരെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മോസ്കോയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായി വൈറ്റ് ഹൗസ് ചൊവ്വാഴ്ച അറിയിച്ചു. എന്നാല്‍ റഷ്യന്‍ വിദേശകാര്യമന്ത്രി അത് നിഷേധിച്ചു.

തെരഞ്ഞെടുപ്പ് ഇടപെടലുമായി ബന്ധപ്പെട്ട് ട്രംപിനെതിരായ ഇംപീച്ച്മെന്റ് വിവരങ്ങള്‍ ഹൗസ് ഡെമോക്രാറ്റുകള്‍ അനാവരണം ചെയ്ത ദിവസം തന്നെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും ട്രം‌പും വൈറ്റ് ഹൗസില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള റഷ്യന്‍ ശ്രമങ്ങള്‍ക്കെതിരെ ട്രംപ് മുന്നറിയിപ്പ് നല്‍കിയതായും, റഷ്യയുമായുള്ള പോരാട്ടം പരിഹരിക്കാന്‍ ഉക്രയിനുമായി ബന്ധപ്പെടാന്‍ റഷ്യയെ പ്രേരിപ്പിച്ചതായും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

ട്രം‌പുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് നിമിഷങ്ങള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ലാവ്‌റോവ്, വൈറ്റ് ഹൗസില്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പറഞ്ഞു.  ട്രംപിന് അനുകൂലമായി 2016 ലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യ സോഷ്യല്‍ മീഡിയയില്‍ കൃത്രിമം നടത്തിയതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

ധനാഢ്യനായ പ്രസിഡന്‍റ് റഷ്യന്‍ ഇടപെടലിനെ അപലപിക്കുന്നുണ്ടെങ്കിലും യുഎസ് രഹസ്യാന്വേഷണ വിഭാഗം അത് നിരാകരിച്ചു. ഉക്രെയിന്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടു എന്നു തന്നെയാണ് അവരുടെ പക്ഷം. നേരത്തെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി വാര്‍ത്താ സമ്മേളനം നടത്തിയ ലാവ്‌റോവ്, ഉക്രേനിയന്‍ ഗൂഢാലോചനയുടെ ആശയത്തെ അപലപിക്കുകയും ആരോപണങ്ങള്‍ അസംബന്ധമെന്നും പറഞ്ഞിരുന്നു. നമ്മുടെ തിരഞ്ഞെടുപ്പുകളുടെ സമഗ്രത സംരക്ഷിക്കാന്‍ ട്രംപ് ഭരണകൂടം എല്ലായ്പ്പോഴും ബാദ്ധ്യസ്ഥരാണെന്ന് പോംപിയോ പറഞ്ഞു.

‘റഷ്യയോ ഏതെങ്കിലും വിദേശ രാജ്യമോ നമ്മുടെ ജനാധിപത്യ പ്രക്രിയകളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നടപടിയെടുക്കും’ – പോം‌പിയോ സൂചിപ്പിച്ചു.

റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളുമായി പോരാടുന്ന ഉക്രെയിനിലേക്ക് വൈറ്റ് ഹൗസ് 400 മില്യണ്‍ ഡോളര്‍ സഹായം വൈകിപ്പിച്ചതിനെ തുടര്‍ന്നാണ് ട്രംപ് ഇംപീച്ച്മെന്‍റ് നേരിടുന്നത്. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുന്‍ യു.എസ് വൈസ് പ്രസിഡന്റ് ജോ ബിഡനെതിരെ അന്വേഷണം നടത്തണമെന്ന് ഉക്രൈന്‍ പ്രസിഡന്റ് കീവിനോട് ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ആരോപണം. ഇതിനായി 391 മില്യന്‍ ഡോളറിന്റെ സൈനിക സഹായം ഉക്രൈനിന് വാഗ്ദാനം ചെയ്തുവെന്നും പറയുന്നു.

പ്രോട്ടോക്കോള്‍ അനുസരിച്ച് ഒരു വിദേശമന്ത്രിയെ അപൂര്‍വ്വമായി മാത്രമേ ട്രം‌പ് കാണാറുള്ളൂ, എന്നാല്‍ ലാവ്‌റോവിന്റെ സന്ദര്‍ശനം ട്രം‌പിനെതിരെയുള്ള സംശയങ്ങള്‍ ബലപ്പെടുകയായിരുന്നുവെന്നാണ് ഡെമോക്രാറ്റുകളുടെ വാദം.

ട്രംപ് ‘സ്വേച്ഛാധിപതികളുമായി സഹകരിക്കുന്നു’ എന്ന് ആരോപിച്ച ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ പ്രതിനിധി എലിയറ്റ് ഏംഗല്‍, രഹസ്യ കൂടിക്കാഴ്ചയുടെ പൂര്‍ണ്ണ വിവരം ആവശ്യപ്പെട്ടിട്ടുണ്ട്. ‘റഷ്യക്കാരുമായുള്ള സംഭാഷണം പ്രധാനമാണ്, പ്രത്യേകിച്ചും തന്ത്രപരമായ സ്ഥിരതയ്ക്കും ആയുധ നിയന്ത്രണത്തിന്‍റെ ഭാവിക്കും. പക്ഷെ ട്രം‌പിന്റെ കാര്യത്തില്‍ അത്ര വിശ്വാസം പോര,’ ഏംഗല്‍ പറഞ്ഞു.

ഇംപീച്ച്മെന്‍റ് ഹിയറിംഗിന് നേതൃത്വം നല്‍കിയ പ്രതിനിധി ആദം ഷിഫ്, റഷ്യന്‍ തെരഞ്ഞെടുപ്പ് ഇടപെടലിനെക്കുറിച്ച് അന്വേഷിച്ച എഫ്ബിഐ മേധാവിയെ പുറത്താക്കിയ ട്രംപ് ലാവ്‌റോവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കാര്യം ഓര്‍മ്മിപ്പിച്ചു.

2017 മെയ് മാസത്തില്‍ വാഷിംഗ്ടണില്‍ അവസാനമായി നടത്തിയ സന്ദര്‍ശനവേളയില്‍ ലാവ്‌റോവിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങള്‍ ട്രംപ്പ് റഷ്യയുമായി പങ്കുവെച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

പാരീസില്‍ ഉക്രെയിന്‍ പ്രസിഡന്‍റ് വോലോഡെമര്‍ സെലെന്‍സ്കിയുമായി പുടിന്‍ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് വാഷിംഗ്ടണിലെ ചര്‍ച്ചകള്‍ നടന്നത്.

ഇന്‍റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്സ് ഉടമ്പടി ഈ വര്‍ഷം അവസാനിച്ചതിനുശേഷം അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാനത്തെ പ്രധാന ആയുധ ഉടമ്പടിയായ ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടി വേഗത്തില്‍ പുതുക്കണമെന്ന് ലാവ്‌റോവ് പോംപിയോയെ നിര്‍ബന്ധിച്ചു.

ട്രംപിന്‍റെ മുന്‍ഗാമിയായ ബരാക് ഒബാമയുടെ കീഴില്‍ നടന്ന ചര്‍ച്ച, 2021 ഫെബ്രുവരിയില്‍ അവസാനിക്കുന്ന ന്യൂ സ്റ്റാര്‍ട്ട്, തന്ത്രപ്രധാനമായ ന്യൂക്ലിയര്‍ മിസൈല്‍ ലോഞ്ചറുകളുടെ ആയുധശേഖരങ്ങള്‍ പകുതിയായി കുറയ്ക്കാന്‍ രണ്ട് ശക്തികളെയും നിര്‍ബന്ധിക്കുന്നു. റഷ്യയെയും അമേരിക്കയെയും അപേക്ഷിച്ച് അതിവേഗം വളരുന്നതും എന്നാല്‍ വളരെ ചെറുതുമായ ആയുധശേഖരമുള്ള ചൈനയെ ഉള്‍പ്പെടുത്താന്‍ പുതിയ ഉടമ്പടി ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നുണ്ട്.


Print Friendly, PDF & Email

Related News

Leave a Comment