ന്യൂദല്‍ഹി: ഹൈദരാബാദില്‍ 26-കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ 4 പ്രതികളെ ഡിസംബര്‍ 6-ന് പൊലീസ് ഏറ്റുമുട്ടലില്‍ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി.എസ്.സിര്‍പുര്‍കര്‍ തലവനായ മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് രേഖ ബല്‍ദോത്ത, സിബിഐ മുന്‍ ഡയറക്ടര്‍ ഡി.ആര് കാര്ത്തികേയന് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
സുപ്രീം കോടതിയുടെ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മറ്റൊരു കോടതിയും ഇക്കാര്യം പരിഗണിക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസ് തെലങ്കാന ഹൈക്കോടതിയിലും ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ഉണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഏറ്റുമുട്ടല്‍ സംബന്ധിച്ച് വസ്തുനിഷ്ഠമായ അന്വേഷണം ആവശ്യമാണെന്നും ജനങ്ങള്‍ വസ്തുതകള്‍ അറിയണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പോലീസ് ഏറ്റുമുട്ടലില്‍ നാല് പ്രതികള്‍ കൊല്ലപ്പെടാന്‍ സാഹചര്യമൊരുക്കിയ തെലങ്കാന സര്‍ക്കാരിനെതിരെ കോടതി രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്ത്തഗിയാണ് തെലങ്കാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവക്കേണ്ടിവന്നതെന്ന് മുകുള്‍ റോഹ്ത്തഗി വാദിച്ചു. പ്രതികള്‍ക്ക് തോക്ക് കിട്ടിയത് എവിടെ നിന്നാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. പ്രതികള്‍ പോലീസിന് നേരെ വെടിവച്ചപ്പോള്‍ ആര്‍ക്കെങ്കിലും പരിക്കേറ്റോ എന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് രണ്ടുപേര്‍ക്ക് പരിക്കേറ്റെന്നായിരുന്നു തെലങ്കാന സര്‍ക്കാരിന്റെ മറുപടി.
“കൊല്ലപ്പെട്ട പ്രതികള്‍ പൊലീസില്‍ നിന്ന് തോക്ക് തട്ടിയെടുക്കുകയും പോലീസുകാര്‍ക്കെതിരെ കല്ലേറ് നടത്തുകയും ചെയ്തു. സ്വയം രക്ഷക്ക് വേണ്ടിയാണ് പൊലീസ് വെടിവെപ്പ് നടത്തിയത്. സ്വതന്ത്രമായ അന്വേഷണത്തെ തെലങ്കാന സര്‍ക്കാര്‍ എതിര്‍ക്കുന്നില്ല. ഹൈക്കോടതിയിലും മനുഷ്യവകാശ കമ്മീഷനിലും നിലവില്‍ ഈ കേസില്‍ അന്വേഷണം നടത്തുന്നുണ്ട്”- മുകുള്‍ റോഹ്തഗി ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ക്ക് സത്യം അറിയേണ്ടതുണ്ട്. ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ തെലങ്കാന സര്‍ക്കാര്‍ നിയമപരമായ നടപടി എടുത്താല്‍ സുപ്രീം കോടതി ഇടപെടില്ലെന്നും അല്ലെങ്കില്‍ ഇടപെടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, കുറ്റക്കാരല്ലാത്തവര്‍ക്കെതിരെ നടപടി എടുക്കാനാകില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. പോലീസ് വീഴ്ചയെ കുറിച്ച് അന്വേഷണം കൂടിയേ തീരൂ എന്നും ഇത് വിശ്വാസ്യതയുടെ പ്രശ്നമാണെന്നും വിലയിരുത്തിയ കോടതി തെലങ്കാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.
കൊല്ലപ്പെട്ടവര്‍ പ്രതികളാണെന്നതിന് തെളിവുണ്ടോ എന്ന ചോദ്യത്തിന് സിസിടിവി ദൃശ്യങ്ങളുണ്ടെന്ന മറുപടിയും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതാണ് സ്ഥിതിയെങ്കില്‍ വിചാരണകള്‍ അപഹാസ്യമാകുമെന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു. സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിക്കുകയാണെങ്കില്‍ ഹെക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നടത്തുന്ന അന്വേഷണം നിര്‍ത്തിവെക്കണം എന്നും തെലങ്കാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
വെടിവെപ്പ് സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് ജി.എസ്.മണി, പ്രദീപ് കുമാര്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news