“പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഭാരതപ്പുഴയുടെ തീരത്ത്, തിരുന്നാവായ മണപ്പുറത്ത്, മലയാളക്കര കൊണ്ടാടിയിരുന്ന ലോകപ്രശസ്തമായ മഹാമേളയാണ് മാമാങ്കം. പതിനഞ്ചാം നൂറ്റാണ്ടോടെ യഥാര്‍ത്ഥ അവകാശികളായ വള്ളുനാട്ടിലെ വെള്ളാട്ടിരിയെ ചതിച്ച് തോല്‍പ്പിച്ച് കോഴിക്കോട്ടെ സാമൂതിരി, മാമാങ്കത്തിന്റെ രക്ഷാപുരുഷനായി. തോല്‍വി സമ്മതിയ്ക്കാതെ, അടിമക്കൊടി അയയ്ക്കാതെ വള്ളുവനാട്ട് രാജാവ്, ഓരോ മാമാങ്കത്തിനും തന്റെ മികച്ച യോദ്ധാക്കളെ ചാവേറുകളായി അയച്ചുകൊണ്ടിരുന്നു. സാമൂതിരിയുടെ സൈന്യത്തിന്റെ അംഗബലത്തിനും ആയുധ ശേഷിയ്ക്കും മുമ്പില്‍ ധീരമായി പോരാടിയ, വള്ളുവനാട്ടിലെ വീരന്മാര്, ആത്മബലി നടത്തി അമരത്വം നേടി. മൂന്നര നൂറ്റാണ്ടോളം വള്ളുവനാടും സാമൂതിരിയും തമ്മില്‍ തുടര്‍ന്ന കുടിപ്പക ചുമപ്പിച്ച ദേശത്തിന്റെയും ജനതകളുടെയും രേഖകളില്‍ 1695-ാം ആണ്ടില്‍ നടന്ന അപൂര്‍വ്വമായ ചരിത്ര സംഭവങ്ങളുടെ ഭാവനാപരമായ ചലച്ചിത്രാവിഷ്കാരം.” സിനിമയുടെ തുടക്കത്തിലെ ഈ വിവരണത്തില്‍ നിന്നും മാമാങ്കം സിനിമയെ ഒറ്റയടിക്ക് മനസ്സിലാക്കാം.
മഹാചക്രവര്ത്തിമാര്ക്ക് പകപോക്കാനും ചാവേറുകളുടെ കുല മര്യാദ കാക്കാനും പാണന്മാരുടെ പാട്ടിന് പകിട്ടേകാനുമായി മൂന്നര പതിറ്റാണ്ടോളം ജീവനും ജീവിതവും വിട്ടുകൊടുത്ത ചന്ദ്രോത്ത് എന്ന ചാവേറു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് മാമാങ്കം എന്ന സിനിമ കഥ പറയുന്നത്. തമ്പുരാക്കന്മാര്ക്കും അവരുടെ ആഢ്യത്വത്തിനും പ്രാധാന്യം കൊടുക്കാതെ, അവര്‍ പോലും ഉപേക്ഷേിച്ച പകയെ നൂറ്റാണ്ടുകളായി നെഞ്ചില്‍ കൊണ്ടുനടന്ന് ആത്മഹൂതി ചെയ്യുന്ന വള്ളുവനാട്ടിലെ നായന്മാരുടെയും അവര്‍ക്കൊപ്പം കൂടുന്ന ചില മാപ്പിളമാരുടെയും കഥയാണ് മാമാങ്കത്തിന് പറയാനുള്ളത്.
ചിത്രത്തില്‍ ചന്ദ്രോത്ത് വല്യ പണിക്കര്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നതുപോലെ ചോദ്യം ചെയ്യപ്പെടാത്ത മിഥ്യയ്ക്ക് വേണ്ടി തങ്ങളുടെ കുടുംബത്തിലെ ഉണ്ണികളെപ്പോലും ബലി കൊടുക്കാന്‍ തയ്യാറാകുന്ന ചാവേറുകളുടെ കഥയാണ് മാമാങ്കം സിനിമ കാണിച്ചു തരുന്നത്. അതുകൊണ്ട് വീരത്വത്തിന്റെ പ്രഘോഷണത്തോടൊപ്പം ആ വീരത്വത്തിലെ ഭീരുത്വവും വെളിപ്പെടുത്തുന്നു എന്നതിലാണ് മാമാങ്കം വേറിട്ട് നില്‍ക്കുന്നത്. പാണാന്‍ പാടുന്ന ചാവേറുകളുടെ വീരകഥകളില്‍ ഒഴിവാക്കപ്പെട്ടിരിക്കുന്ന ചാവേറുകളും അവരുടെ കുടുംബത്തിലെ പെണ്ണുങ്ങളും അനുഭവിക്കുന്ന ആത്മസംഘര്ഷങ്ങളിലേക്ക് കൂടി സിനിമ കടന്നു ചെല്ലുന്നു.
തമ്പുരാക്കന്മാരുടെ ജീവിതത്തിലേക്ക് സിനിമ കടക്കുന്നതേയില്ല. മറിച്ച് ചന്ദ്രോത്ത് പണിക്കരും (ഉണ്ണി മുകുന്ദന്), ചന്ദ്രോത്ത് ചാത്തുണ്ണി മേനോന് എന്ന ബാലനും (അച്യുതന്) ചാവേറായി പോകുന്നതും തുടര്‍ന്ന് ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിലൂടെ വളര്‍ന്ന് വികസിക്കുന്നതുമാണ് മാമാങ്കത്തിന്റെ കഥാശൈലി. ത്രില്ലര്‍ സ്വഭാവത്തോടെ മുന്നേറുന്ന ഈ ആവിഷ്കാര രീതി തന്നെയാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്.
പ്രേക്ഷകരെ സിനിമ ആദ്യമേ തന്നെ മാമാങ്കത്തിലേക്ക് ക്ഷണിക്കുകയാണ്. ഗംഭീരമായ സെറ്റാണ് മാമാങ്കത്തിനായി തയ്യാറാക്കിയിരിക്കുന്നതെന്ന ഖ്യാതി സത്യമാണെന്ന് സിനിമ കാണുന്നവര്‍ക്ക് വ്യക്തമാകും. ആള്‍ക്കൂട്ടവും കച്ചവടത്തിരക്കും ദീപാലങ്കാരങ്ങളും ചെണ്ടമേളവും വാദ്യങ്ങളുമൊക്കെയായി ഒരു പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു ഉത്സവപ്പറമ്പിലേക്കാണ് സിനിമ പ്രേക്ഷകരെ ക്ഷണിക്കുന്നത്.
ഗംഭീരമായ ആക്ഷന്‍ സീനുകളാണ് ചിത്രത്തില്‍. വാളും പരിചയും ചുരികയും ഉറുമിയും മലക്കവും പെരുമലക്കവും മെയ്യടവുകളുമായി ത്രസിപ്പിക്കുന്ന ഫൈറ്റ് സീനുകള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മാമാങ്കത്തിനായുള്ള സാമൂതിയുടെ എഴുന്നെള്ളത്തും തുടര്‍ന്നുള്ള രീതികളും അതീവ പ്രൗഢി നിറഞ്ഞ അന്തരീക്ഷവുമെല്ലാം നവ്യമായ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്.
ചന്ദ്രോത്ത് വലിയ പണിക്കരും ചാവേറുകളും സാമൂതിരിയെ വകവരുത്താന്‍ സാമൂതിരിയുടെ വന്‍ സൈനികപ്പടയോട് നടത്തുന്ന അങ്കത്തോടെയാണ് ചിത്രം തുടങ്ങുന്നത്. വാളും പരിചയും ചുരികയും ഉറുമിയും കത്തിയും കൂടാതെ കായിക ബലവും ഉപയോഗിച്ച് നടത്തുന്ന ആ അങ്കം ത്രസിപ്പിക്കുന്നതാണ്. കളരിവിദ്യകളെല്ലാം ശരിക്കും വിസ്മയിപ്പിച്ചു. അങ്കത്തിനിടയില്‍, പ്രത്യേകിച്ച് ചന്ദ്രോത്ത് പണിക്കര്‍ ഉറുമി പ്രയോഗിക്കുന്നിടത്ത് ഉള്‍ക്കൊള്ളിച്ച മാമാങ്കം എന്ന പാട്ടു കൂടിയായപ്പോള്‍ ശരിയ്ക്കും ത്രില്ലടിച്ചു.ശ്യാം കൗശലാണ് ആക്ഷന്‍ ഡയറക്ടര്‍. ചില മലക്കം മറിച്ചിലുകളും പെരുമലക്കങ്ങളും പറക്കലുകളുമെല്ലാം അതിഭാവുകത്വം നിറഞ്ഞതായി തോന്നിപ്പിക്കുമെങ്കിലും സിനിമയുടെ അവസാന ഭാഗത്ത് അതിന് കൃത്യമായ വിശദീകരണം നല്കാന് കഴിഞ്ഞിട്ടുണ്ട്.
കനത്ത മഴയത്ത് ചന്ദ്രോത്ത് പണിക്കര്‍ വാള് ചുഴറ്റി മൂന്ന് നാഴിക നടക്കുകയും കൂടെയുണ്ടായിരുന്നയാളുടെ ദേഹത്ത് ഒരു തുള്ളി പോലും മഴവെള്ളം വീണില്ലെന്നും ചാത്തുണ്ണി കുറുപ്പച്ഛനോട് പറയുന്നുണ്ട്. ഇതിന് കുറപ്പച്ഛന് ‘ഇതൊക്കെ സാധ്യമാണോയെന്ന്’ ചോദിക്കുന്നു. അപ്പോള്‍ ചാത്തുണ്ണി കൊടുക്കുന്ന മറുപടി, ” പയറ്റ് എല്ലാവര്ക്കും നല്ലപോലെ വഴങ്ങിയിട്ടില്ല എന്നല്ലേയുള്ളൂ” എന്നാണ്. ചിത്രത്തിലെ പറക്കല്‍ രംഗങ്ങള്‍ക്കും ശക്തിമാനെപ്പോലെ ഉയര്‍ന്നു പൊങ്ങുന്ന രംഗങ്ങള്ക്കുമെല്ലാമുള്ള മറുപടി കൂടിയാണ് ഈ വാക്കുകള്‍. എങ്ങിനെയാണ് ഭൂഗുരുത്വാകര്‍ഷണത്തിന് എതിരായി പറന്നുയരാന്‍ കഴിയുന്നതെന്ന് ചന്ദ്രോത്ത് വലിയ പണിക്കര്‍, ചാത്തുണ്ണിയെ പഠിപ്പിച്ചും കൊടുക്കുന്നുണ്ട്. ദേഹത്ത് വാളും കത്തിയും കുത്തിയിറക്കുന്ന രംഗങ്ങളില്‍ മാത്രമാണ് കൃത്രിമത്വം അനുഭവപ്പെട്ടത്.
ചരിത്രത്തിലെ യോദ്ധാക്കളുടെയും പോരാളികളുടെയും കഥ പറയുമ്പോള്‍ ആ വ്യക്തിയെ ആവുന്നത്രെ പുകഴ്ത്തുവാനും വീരനായി വാഴ്ത്താനുമുള്ള ശ്രമങ്ങള്‍ സാധാരണ സിനിമകള്‍ സ്വീകരിക്കാറുണ്ട്. അപ്പോള്‍ പലപ്പോഴും കഥയെ കവച്ചുവെച്ച് കഥാപാത്രം ഒന്നാം സ്ഥാനം നേടും. എന്നാല്‍ മാമാങ്കം, കഥയ്ക്ക് തന്നെയാണ് പ്രധാന്യം നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ചന്ദ്രോത്ത് വല്യ പണിക്കര്‍ എന്ന കഥാപാത്രത്തിന് കഥയേക്കാളോ ഉണ്ണി മുകുന്ദന്റെയും അച്യുതന്റെയും കഥാപാത്രത്തേക്കാളോ പ്രാധാന്യം സിനിമ നല്‍കുന്നില്ല. കഥാപാത്രങ്ങള്‍ക്കെല്ലാം തുല്യ പ്രാധാന്യം നല്കിയിരിക്കുന്നു. ആരാണ് ഈ സിനിമയിലെ നായകന് എന്ന് ചോദിച്ചാല്‍ കഥ തന്നെ എന്നതാണ് വാസ്തവം.
സ്ത്രൈണത കലര്‍ന്ന കുറുപ്പച്ഛന് എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചത് ഗംഭീരമായിരുന്നു. പ്രത്യേകിച്ച് നൃത്ത രംഗങ്ങളിലെല്ലാം മമ്മൂട്ടി കസറി. ചിത്രത്തില്‍ അച്യുതന് എന്ന കുട്ടിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. സിനിമയുടെ അവസാന രംഗങ്ങളിലെല്ലാം ചിത്രത്തിലെ പ്രമുഖ നടന്മാരോടൊപ്പം നില്ക്കുന്ന പ്രകടനമാണ് അച്യുതന് കാഴ്ച വെച്ചത്. ചാത്തുണ്ണിയെന്ന കഥാപാത്രത്തിന് സിനിമ നല്‍കിയിരിക്കുന്ന പ്രാധാന്യത്തെ ഉള്‍ക്കൊണ്ടുള്ള പ്രകടനം തന്നെയായിരുന്നു അച്യുതന്റേത്. തലച്ചന്നൂരായി സിദ്ദിഖും ഉണ്ണിമായയായി പ്രാചി ടെഹ്ലാനും ഉണ്ണുനീലിയായി ഇനിയയും മികച്ച പ്രകടനം കാഴ്ചവെച്ചു. കനിഹ, അനു സിത്താര, മാല പാര്‍വ്വതി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ ശക്തമായി അവതരിപ്പിച്ചു.
ഗംഭീരമായ പശ്ചാത്തല സംഗീതമാണ് ചിത്രത്തിലേത്. ഓരോ രംഗത്തിന്റെയും വികാരങ്ങള്‍ കൃത്യമായി പ്രേക്ഷകനില്‍ ഉണര്‍ത്താന്‍ റസൂല്‍ പൂക്കുട്ടിയുടെ പശ്ചാത്തല സംഗീതത്തിന് കഴിഞ്ഞു. പ്രൗഢ ഗംഭീരമാണ് ശബ്ദ വിന്യാസം. ചിത്രത്തിലെ രംഗങ്ങളില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന നിറങ്ങളുടെ വിന്യാസവും എടുത്തു പറയേണ്ടതാണ്. ഓരോ രംഗത്തിനും അനുയോജിച്ച നിറച്ചാര്‍ത്ത് കഥാകഥനത്തിന് പുതിയൊരു തലം നല്കി. ഛായാഗ്രഹണത്തിലും സിനിമ മികച്ചു നിന്നു. കാടും മേടുമെല്ലാം മനോഹരമായി ചിത്രീകരിച്ചു. ആട്ടക്കാരി ഉണ്ണിമായുടെ മാളികയും അവിടുത്തെ ദീപാലങ്കാരങ്ങളുമെല്ലാം ഗംഭീരമായി ഒരുക്കിയിട്ടുണ്ട്. ചിത്രത്തിന് വേണ്ടി കലാ സംവിധാനം ചെയ്ത മോഹന്‍ദാസിന്റെ കഴിവ് കൃത്യമായി ഓരോ രംഗങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു ആക്ഷന്‍ സിനിമ, ചരിത്ര സിനിമ എന്നീ വിശേഷണങ്ങള്‍ക്കൊപ്പം തന്നെ ഒരു ഇമോഷണല്‍ ഡ്രാമയായി കൂടി മാമാങ്കം മാറുന്നു എന്നതിലാണ്, സിനിമ പ്രേക്ഷകര്‍ക്ക് സ്വീകാര്യമാകുന്നത്. ചാവേറുകളുടെ വികാര തലങ്ങളിലൂടെയും തിരിച്ചറിവുകളിലൂടെയും കൂടി സിനിമ സഞ്ചരിക്കുന്നുവെന്നതിനാല് വ്യത്യസ്തമായ അനുഭവം മാമാങ്കം സമ്മാനിക്കുന്നുണ്ട്.