Flash News

കേരള ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് നീതി നിര്‍വഹിക്കപ്പെടണമെന്നു പ്രസിഡന്‍റ് കൂവള്ളൂര്‍

December 14, 2019 , പി.പി. ചെറിയാന്‍

kca2ഡാളസ് : അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിശ്രമജീവിതം നയിച്ചുവരുന്ന മലയാളി സമൂഹത്തിലെ മുതിര്‍ന്നവരുടെ ഭാവി ജീവിതം സുരക്ഷിതമാക്കുക , ജീവിത സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്ന മഹനീയ ലക്ഷ്യങ്ങളോടെ ടെക്സസ് ഡാലസിന് സമീപം സ്ഥിതി ചെയുന്ന റോയിസ് സിറ്റി കേ??മ്രായി 2005 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് (കെ.സി.എ.എച്ച്) എന്ന കമ്പനി യഥാര്‍ത്ഥ ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ചിരിക്കുന്നുവെന്നും അംഗങ്ങള്‍ക്കു നീതി ലഭിക്കണമെന്നും ആവശ്യപെട്ട് ബോര്‍ഡ് പ്രസിഡന്‍റ് തോമസ് കൂവളളൂരിന്‍റെ നേത്രത്വത്തില്‍ അംഗങ്ങള്‍ രംഗത്ത്.

2017 ഡിസംബര്‍ 2ന് മുന്‍ ഭരണസമിതി പ്രസിഡന്‍റ് റവ. ഫാ. ഗീവര്‍ഗീസ് പുത്തൂര്‍കുടിലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ഭൂരിപക്ഷത്തിന്‍റെ ആവശ്യപ്രകാരം മുന്‍ ഭരണസമിതി ഒന്നടങ്കം രാജിവെയ്ക്കുകയും ന്യൂയോര്‍ക്കിലുള്ള അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും , ആക്ടിവിസ്റ്റും , എഴുത്തുകാരനും നീതിക്കുവേണ്ടിയുള്ള വിജയകരമായി നിരവധി പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കുകയും , ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന പ്രസ്ഥാനത്തിന്‍റെ സ്ഥാപക ചെയര്‍മാനുമായ തോമസ് കൂവള്ളൂര്‍ പ്രസിഡന്‍റ് ആയി പുതിയ ഭരണസമിതി ചുമതലയേല്‍ക്കുകയും ചെയ്തു . തുടര്‍ന്നു പുതിയ ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ 432 ഏക്കര്‍ സ്ഥലവും, 700 വീട് വയ്ക്കാനുള്ള എല്ലാ സൗകര്യങ്ങളും കമ്പനി നിയമങ്ങളെ മറികടന്ന് ഭരണ ചുമതല വഹിച്ചിരുന്ന മുന്‍ ഭരണസിമിതി മറ്റു അംഗങ്ങളെ അറിയിക്കാതെ ചില മെമ്പര്‍മാര്‍ക്കു രജിസ്റ്റര്‍ ചെയ്തു നല്‍കിയതായി കണ്ടെത്തി. കമ്പനിയുടെ ഡയറക്മാരില്‍ ഒരാള്‍ പണം കൊടുത്ത് സ്വന്തം പേരില്‍ 177 ഏക്കര്‍ സ്ഥലം എഴുതി വാങ്ങി എന്നുള്ളത് കേരളത്തില്‍ നടക്കുന്ന ഭൂമി കുംഭകോണത്തിന്‍റെ തനിപ്പകര്‍പ്പ് അമേരിക്കയിലും അരങ്ങേറുന്നു എന്നതിന് അടിവരയിടുന്നതാണെന്നു പ്രസിഡന്‍റ് പറഞ്ഞു

177 ഏക്കര്‍ സ്ഥലം 150 മെമ്പര്‍മാര്‍ക്ക് വീടുകളും, പ്രായമായവര്‍ക്കുവേണ്ടി ക്ലിനിക്കുകളും, ക്ലബ് ഹൗസ്, ഗസ്റ്റ് ഹൗസ്, ഷോപ്പിംഗ് സെന്‍റര്‍, ഗിഫ്റ്റ് ഹൗസ്, ഹെര്‍ബല്‍ മസാജ് പാര്‍ലര്‍, ഔട്ട് ഡോര്‍ സ്വിമ്മിംഗ് പൂള്‍, ജോഗിംഗ് ട്രാക്സ്, റെസ്റ്റോറന്‍റുകള്‍, അസിസ്റ്റഡ് ലിവിംഗ് ഫെസിലിറ്റി, ബാങ്ക്വറ്റ് ഹാള്‍, നഴ്സിംഗ് ഹോം തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉണ്ടാക്കുമെന്ന ഉറപ്പിന്മേല്‍ മാറ്റിയിട്ട സ്ഥലമായിരുന്നു. പ്രസ്തുത സ്ഥലത്ത് വെള്ളം, വൈദ്യുതി, പൈപ്പ് ലൈനുകള്‍, വഴികള്‍ എല്ലാം സജ്ജമാക്കിയിരുന്നു . എന്നാല്‍ ഒരു ഡയറക്ടര്‍ സ്വയം റോയിസ് ലാന്‍ഡ് ഹോള്‍ഡിംഗ് എല്‍ എല്‍ സി എന്ന പേരില്‍ ഒരു കമ്പനി രൂപീകരിച്ച് പ്രസ്തുത കമ്പനിയിലേക്ക് സ്ഥലം മുഴുവന്‍ ട്രാന്‍സ്ഫര്‍ ചെയ്തു എന്നത് ഒരു കടങ്കഥ പോലെയെന്നാണ് തോന്നുന്നതെന്നു പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു

883884_10152190838218371_99669441446740175_oതോമസ് കൂവള്ളൂരിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഡയറക്ടര്‍ ബോര്‍ഡ് അധികാരമേറ്റയുടനെ ആദ്യമായി ഒരു അറ്റോര്‍ണിയുമായി ബന്ധപെട്ടു ഭൂമി കെവശപ്പെടുത്തിയ ഡയറക്ടര്‍ക്കെതിരേ കോടതിയില്‍ സ്റ്റേ ഓര്‍ഡര്‍ വാങ്ങുക എന്നുള്ളതായിരുന്നു. പിന്നീട് വക്കീലിന്‍റെ സഹായത്താല്‍ വസ്തുതകള്‍ വിശദമായി പഠിച്ച് രമ്യമായി പരിഹരിക്കുന്നതിന് കോടതി മുഖേന ഒരു റിസീവറെ ഏര്‍പ്പെടുത്തുകയും ചെയ്തു. റിസീവറുടെ അന്വേഷണത്തില്‍ മുന്‍ ഭരണസമിതി നിരവധി ക്രമക്കേടുകളും, തട്ടിപ്പും നടത്തിയതു കണ്ടെത്തുകയും അത് അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപെടുത്തി കോടതിയില്‍സമര്‍പ്പിക്കുകയും ചെയ്തു.

സ്ഥലം കെവശപ്പെടുത്തിയ സമ്പന്നനായ ഡയറക്ടര്‍ ടെക്സസിലെ പ്രഗത്ഭരായ വക്കീലന്മാരെ വച്ച് താന്‍ കമ്പനിക്ക് പണം കൊടുത്തിട്ടാണ് സ്ഥലം വാങ്ങിയതെന്നു കോടതിയില്‍ വാദിച്ചു . പക്ഷെ പ്രസ്തുത സ്ഥലം 150 പേര്‍ക്ക് തുല്യ അവകാശം ഉള്ളതാണെന്നുള്ള കാര്യം അദ്ദേഹം അപ്പാടെ മറന്നുകളഞ്ഞുകളഞ്ഞതായും ഇത്തരത്തില്‍ സ്ഥലം കൈക്കലാക്കുമ്പോള്‍ മറ്റുള്ളവരുടെ പണത്തിന് യാതൊരു മൂല്യവും കല്‍പ്പിക്കാന്‍ അദ്ദേഹം കൂട്ടാക്കാത്തത് മനുഷ്യ മനസാക്ഷിയെപോലും ഞെട്ടിക്കുന്നതാണെന്നും കൂവള്ളൂര്‍ പറഞ്ഞു.

കമ്പനി തുടങ്ങിയത് 150 പേര്‍ക്കും തുല്യ അവകാശം ഉണ്ടായിരിക്കും എന്ന ഉറപ്പിന്മേല്‍ ആണ്. പ്രസ്തുത ഡയറക്ടറും 150ല്‍ ഒരാളാണ്.150 മെമ്പര്‍മാര്‍ 25,000 (ഇരുപത്തി അയ്യായിരം) വീതം മൊത്തം 3.75 മില്യന്‍ ഡോളര്‍ സമാഹരിച്ചതില്‍, 2.75 മില്യന്‍ ഡോളര്‍ മുതല്‍മുടക്കിയാണ് 432 ഏക്കര്‍ സ്ഥലം ലോണ്‍ പോലുമില്ലാതെ സ്വന്തമാക്കിയത്. സ്ഥലം വാങ്ങിയശേഷം ഒരു മില്യനിലധികം ഡോളര്‍ മിച്ചം ബാങ്കിലുമുണ്ടായിരുന്നതായും കൂവള്ളൂര്‍ ചൂണ്ടിക്കാട്ടി.

പ്രഗല്‍ഭരായ വക്കീലന്മാരുടെ സഹായത്താല്‍ മെമ്പര്‍മാര്‍ക്കുവേണ്ടി നിയോഗിച്ച വക്കീലന്മാരെ മാറ്റണമെന്ന വാദം കോടതി അംഗീകരിച്ചു. അങ്ങനെ ഭൂരിപക്ഷത്തിന് വക്കീലന്മാര്‍ ഇല്ലാതെയായി. ഈ സാഹചര്യത്തില്‍ റിസീവര്‍ തന്‍റെ സ്ഥാപനത്തിലെ വക്കീലന്മാരെ വെച്ച് കേസ് കൈകാര്യം ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മുന്‍ പ്രസിഡന്‍റിനേയും, സ്ഥലം കെമാറ്റം ചെയ്യാന്‍ കൂട്ടുനിന്നവരേയും വാദിഭാഗത്തിന്‍റെ വക്കീലന്മാരും, രിസീവറുടെ വക്കീലന്മാരും ചോദ്യം ചെയ്തപ്പോള്‍ എല്ലാം കമ്പനി നിയമപ്രകാരം, മെമ്പര്‍മാരുടെ പൂര്‍ണ്ണ അധികാരത്തോടുകൂടിയാണ് ചെയ്തതെന്ന് അവര്‍ മൊഴിയും നല്‍കി. ഭൂരിപക്ഷം വരുന്ന മെമ്പര്‍മാരെ പ്രതിനിധീകരിക്കാന്‍ വക്കീല്‍ ഇല്ലെന്നുള്ള സത്യം അപ്പോള്‍ മാത്രമാണ് അറിയുന്നത്. വക്കീലിന്‍റെ അഭാവത്തില്‍ പരാതിക്കാരായ മെമ്പര്‍മാരില്‍ ആരുടേയും മൊഴിയെടുക്കാതെ ഒടുവില്‍ റിസീവറുടെ വക്കീലന്മാരും, സ്ഥലം കൈക്കലാക്കിയ ഡയറക്ടറുടെ വക്കീലന്മാരും തമ്മില്‍ ഒരു ധാരണയുണ്ടാക്കിയതായി ഇക്കഴിഞ്ഞ ഒക്ടോബര്‍ 2നാണു തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിനോടും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോടും റിസീവറിന്‍റെ അറ്റോര്‍ണി വെളിപ്പെടുത്തിയതെന്നു അദ്ദേഹം പറഞ്ഞു

സ്ഥലം കൈവശം വച്ചിരിക്കുന്ന ഡയറക്ടറുടെ വക്കീലന്മാരും റിസീവറുടെ വക്കീലന്മാരും തമ്മിലുണ്ടാക്കിയ കരാര്‍ എന്താണെന്ന് റിസീവര്‍ വ്യക്തമായിട്ടില്ല .ഒടുവില്‍ നവംബര്‍ 22ന് എല്ലാ മെമ്പര്‍മാര്‍ക്കും ഒരു നോട്ടീസ് വന്നപ്പോള്‍ മാത്രമാണ് എന്തായിരുന്നു അവരുണ്ടാക്കിയ കരാര്‍ എന്നുള്ള വിവരം മെമ്പര്‍മാര്‍ അറിയുന്നത്.

kca1പ്രസ്തുത നോട്ടീസ് അയച്ചത് താങ്ക്സ് ഗിവിങ്ങിന്‍റെ മധ്യേ ആയിരുന്നു .മിക്ക മെമ്പര്‍മാരും അവധിയെടുത്ത് വെക്കേഷനു പോകുന്ന അവസരം. പ്രസ്തുത നോട്ടീസില്‍ കേരള ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസ് വക 400ല്‍പ്പരം ഏക്കര്‍ സ്ഥലം വില്‍ക്കുന്നതിനുള്ള അധികാരം റിസീവര്‍ക്ക് കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ റിസീവര്‍ ഒരു അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിന്‍റെ ഹിയറിംഗ് ഡിസംബര്‍ ആറാം തീയതി രാവിലെ 10 മണിക്ക് ടെക്സസിലെ കോളിന്‍ കൗണ്ടിയിലുള്ള 471ാം ജുഡീഷ്യല്‍ ഡിസ്ട്രിക്ട് കോര്‍ട്ടില്‍ നടക്കുന്നുണ്ടെന്നും, അതിന് എതിരുള്ളവര്‍ ജഡ്ജിയെ വിവരം അറിയിക്കണമെന്നും, അതോടൊപ്പം ഒരു കോപ്പി റിസീവറുടെ അറ്റോര്‍ണിക്കും, ഒരു കോപ്പി ഭൂമി കൈക്കാലാക്കിയ ഡയറക്ടറുടെ അറ്റോര്‍ണിക്കും കൊടുത്തിരിക്കണം എന്നാണ് സൂചിപ്പിച്ചിരുന്നത് .

വെറും നാലു ദിവസത്തിനുള്ളില്‍ ജനങ്ങളെ സംഘടിപ്പിക്കുകയും ബോധവാന്മാരാക്കുകയും ചെയ്യുക എന്നുള്ള ശ്രമകരമായ ജോലി തോമസ് കൂവള്ളൂര്‍ തന്നെ ഏറ്റെടുക്കുകയായിരുന്നു .ഇതെപ്പറ്റി അദ്ദേഹം പറഞ്ഞത് റിസീവറുടെ നോട്ടീസ് കിട്ടിയ ഉടന്‍ എക്സ്പ്രസ് മെയിലില്‍ ജഡ്ജിക്ക്, റിസീവറുടെ ഒത്തുതീര്‍പ്പിനോട് സമ്മതമല്ല എന്നറിയിച്ചുകൊണ്ട് കാര്യ കാരണസഹിതം കത്തെഴുതി എന്നാണ്. റിസീവറുടെ അന്വേഷണത്തില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍ ക്രിമിനല്‍ നടപടികള്‍ നടത്തിയിട്ടുള്ളതായി വളരെ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. അങ്ങനെയുള്ള ഒരു ഡയറക്ടര്‍ ഭൂമി കൈക്കലാക്കിയത് എന്തുകൊണ്ട് അധികാരികളെ അറിയിക്കാതെ, ആ ഡയറക്ടമാരുടെ വക്കീലന്മാരുമായി ഒത്തുതീര്‍പ്പുണ്ടാക്കി? അതും മെമ്പര്‍മാരെ പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് പ്രസിഡന്‍റ് ചോദിച്ചു .

2005ല്‍ 25,000 ഡോളര്‍ ഭൂമിയില്‍ നിക്ഷേപിച്ച മെമ്പര്‍മാര്‍ക്ക് വാസ്തവത്തില്‍ അതിന്‍റെ ഇരട്ടിയിലധികം ഇപ്പോഴത്തെ വിലയനുസരിച്ച് കിട്ടേണ്ടതാണ്. അങ്ങനെയുള്ള ഡയറക്ടര്‍മാര്‍ക്ക് റിസീവര്‍ ഉണ്ടാക്കിയിരിക്കുന്ന കരാര്‍ അനുസരിച്ച് ഒരു ഡോളര്‍ പോലും കിട്ടുമെന്ന് റിസീവര്‍ ഉറപ്പുപറഞ്ഞിട്ടില്ല. അത്തരത്തിലുള്ള ഒരു ഒത്തുതീര്‍പ്പിനെ നഖശിഖാന്തം എതിര്‍ത്ത്, തുല്യനീതി എല്ലാവര്‍ക്കും ലഭിക്കുക എന്നുള്ളതാണ് തന്‍റെ പക്ഷം എന്ന് തോമസ് കൂവള്ളൂര്‍ പറഞ്ഞു

വെറും 2 ദിവസംകൊണ്ട് ഏതാനും മെമ്പര്‍മാരെ ഫോണിലൂടെ വിളിപ്പിച്ച് അവരെ ബോധവത്കരിച്ചശേഷം അദ്ദേഹം ഉടന്‍ തന്നെ 10ല്‍പ്പരം മെമ്പര്‍മാരെ വിളിച്ചുകൂട്ടി ന്യൂയോര്‍ക്കില്‍ ഒരു മീറ്റിംഗും സംഘടിപ്പിച്ചു എന്നുള്ളതാണ് ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടനയുടെ നേതൃത്വപാടവം. അത് തോമസ് കൂവള്ളൂര്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുകയും ചെയ്തു. നിമിഷനേരം കൊണ്ട് ടെക്സസിലുള്ള ഒരു അറ്റോര്‍ണിയെ ബന്ധപ്പെട്ട് റിസീവറുടെ ഒത്തുതീര്‍പ്പ് ശ്രമത്തിനു തടയിടാനും, കുറഞ്ഞത് 2 മാസത്തേക്ക് മാറ്റിവയ്ക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. ടെക്സസിലെ പ്രഗത്ഭരായ വക്കീലന്മാരോട് ഏറ്റുമുട്ടണമെങ്കില്‍ എത്രമാത്രം ഡോളര്‍ വക്കീലിന് കൊടുക്കേണ്ടിവരും എന്നു സാമാന്യ ജനങ്ങള്‍ക്ക് ഊഹിക്കാമല്ലൊ എന്നുതന്നെയല്ല ഡിസംബര്‍ ആറാം തീയതി രാവിലെ 10 മണിക്ക് മുമ്പ് തന്നെ അദ്ദേഹം കോടതിയില്‍ എത്തുകയും ചെയ്തു. അതും ന്യൂയോര്‍ക്കില്‍ നിന്നും ടെക്സസില്‍ പാഞ്ഞെത്തി . എത്രമാത്രം സാഹസികമായ ഒരു സംരംഭമായിരുന്നു അതെന്ന് പ്രസിഡന്‍റ് പറഞ്ഞു.

kca3കോടതിയില്‍ റിസീവറുടെ അറ്റോര്‍ണിമാരും, പ്രതിഭാഗത്തിന്‍റെ അറ്റോര്‍ണിമാരും ഉള്‍പ്പടെ മൊത്തം പ്രഗത്ഭരായ 7ഓളം അറ്റോര്‍ണിമാര്‍ എത്തിയിരുന്നു. തോമസ് കൂവള്ളൂരിന്‍റെ സുഹൃത്തുക്കളായ ടെക്സസില്‍ നിന്നുള്ള ഏതാനും മെമ്പര്‍മാരും അദ്ദേഹത്തൊടൊപ്പം കോടതിയില്‍ ഹാജരായിരുന്നു.

ചുരുക്കത്തില്‍ തോമസ് കൂവള്ളൂര്‍ പറഞ്ഞതുപോലെ തന്നെ അദ്ദേഹത്തെ പ്രതിനിധാനം ചെയ്ത വക്കീല്‍ കോടതിയില്‍ ശക്തമായി വാദിച്ചു. തന്‍റെ കക്ഷികള്‍ക്ക് റിസീവറുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും, ചുരുക്കം പേര്‍ക്കു മാത്രമേ കിട്ടിയിട്ടുള്ളു എന്നും, കേസിനെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ കുറഞ്ഞത് 2 മാസം വേണമെന്നും, അതിനാല്‍ ഹിയറിംഗ് മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു. റിസീവറുടെ വക്കീല്‍ എത്ര ശക്തമായി വാദിച്ചിട്ടും പ്രയോജനമുണ്ടായില്ല.

ഇതില്‍ നിന്നും മനസിലാക്കേണ്ടത് കമ്പനിയിലെ ഭൂരിപക്ഷം വരുന്ന മെമ്പര്‍മാര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നപക്ഷം അവര്‍ക്കേ വിജയം ഉണ്ടാവുകയുള്ളു, വളഞ്ഞ വഴികളും, കൃത്രിമ മാര്‍ഗ്ഗങ്ങളുമുപയോഗിക്കുന്നവര്‍ അവസാനം എത്ര പണം മുടക്കിയാലും ഒടുവില്‍ പരാജയപ്പാടാനാണ് സധ്യത. 2 മാസത്തിനുള്ളില്‍ മെമ്പര്‍മാരെ സംഘടിപ്പിച്ചെടുക്കാനുള്ള വലിയ സംരംഭത്തിലാണ് തോമസ് കൂവള്ളൂര്‍ ഇപ്പോള്‍ മുഴുകിയിരിക്കുന്നത്.

കോടതി വിധി കഴിഞ്ഞ് ഡിസംബര്‍ ഏഴാം തീയതി ന്യൂയോര്‍ക്കിലെത്തിയ അദ്ദേഹം ഒമ്പതാം തീയതി ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നിവടങ്ങില്‍ നിന്നുള്ള മെമ്പര്‍മാരെ വിളിച്ചുകൂട്ടി പണം നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി ശക്തമായ ഒരു കൂട്ടായ്മ കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലാണ്.

നമ്മുടെ സമൂഹത്തിലെ പ്രായമായവരും, ശബ്ദമില്ലാത്തവരുമായ വൃദ്ധജനങ്ങള്‍ക്കുവേണ്ടി പോരാടുന്നതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് ‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ എന്നറിയപ്പെടുന്ന ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടനയുടെ സ്ഥാപക ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പറഞ്ഞു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top